Image

'ആരാണ് ഡബ്ബ് ചെയ്തതെന്ന് അറിയത്തേയില്ല, പാവം; ഉര്‍വശിക്കെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

Published on 07 September, 2026
 'ആരാണ് ഡബ്ബ് ചെയ്തതെന്ന് അറിയത്തേയില്ല, പാവം; ഉര്‍വശിക്കെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

 

മലയാള സിനിമയിലെ പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടി ഉര്‍വശിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. പുതിയ ചിത്രം 'ആശ'യുടെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ ഡബ്ബിംഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ശബ്ദം നല്‍കിയ കലാകാരന്മാരെക്കുറിച്ച് സംസാരിക്കാതെ ഉര്‍വശി വിഷയം മാറ്റിയതാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്.

തന്റെ സിനിമകളില്‍ ശബ്ദം നല്‍കിയവരെക്കുറിച്ച് അഭിനേതാക്കള്‍ക്ക് അറിവില്ലാത്തതുപോലെയാണ് പെരുമാറുന്നതെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ''ഈ സിനിമയിലൊന്നും ആരാണ് ശബ്ദം നല്‍കിയതെന്ന് അവര്‍ക്ക് അറിയുകയേയില്ല, പാവം അല്ലേ... പേര് പറയരുത്. വിഷയം ഡൈവേര്‍ട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം.

ഇവിടെയാണ് മോഹന്‍ലാലിന്റെ വിസ്മയയെ ഞാന്‍ റെസ്പെക്ട് ചെയ്യുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല. ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും'', എന്നാണ് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ആദ്യ ചിത്രമായ 'തുടക്ക'ത്തിന്റെ പ്രൊമോഷനിടെ തനിക്ക് ശബ്ദം നല്‍കിയ ആദിത്യ ലക്ഷ്മിയുടെ പേരെടുത്തുപറഞ്ഞ് വിസ്മയ നന്ദി അറിയിച്ചിരുന്നു. കഥാപാത്രത്തിന്റെ പകുതി ക്രെഡിറ്റ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനാണെന്ന് തുറന്നുപറഞ്ഞ വിസ്മയയെ മാതൃകയാക്കണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. എല്ലാ ഡബ്ബിംഗ് കലാകാരന്മാര്‍ക്കും വേണ്ടിയാണ് താന്‍ ഈ വിഷയം ഉന്നയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക