Image

100 പോസിറ്റീവ് ടാബ്ലറ്റ്സ് (കുറിപ്പുകൾ) സോയ നായർ (പുസ്തക പരിചയം - 34: തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

Published on 07 September, 2026
100 പോസിറ്റീവ് ടാബ്ലറ്റ്സ് (കുറിപ്പുകൾ) സോയ നായർ  (പുസ്തക പരിചയം - 34: തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

പ്രപഞ്ചം ഓരോ വീടിൻ്റെയും നാലു ചുവരുകൾക്കുള്ളിലെ ഭീതികളിൽ കുടുങ്ങിക്കിടന്ന കോവിഡ് മഹാമാരിയുടെ നാളുകളിൽ, തുടർന്ന് ജീവിച്ചിരിക്കുന്നെങ്കിൽ വരുന്ന നൂറു ദിവസങ്ങൾ തുടർച്ചയായി ചെറിയ കുറിപ്പുകൾ എഴുതുകയെന്ന വെല്ലുവിളി സോയ നായർ എന്ന എഴുത്തുകാരി സ്വയം ഏറ്റെടുത്തതിൻ്റെ ബാക്കിപത്രമാണ് ഈ പുസ്തകം.

അന്നത്തെയത്രയും സങ്കടകരമായ ജീവിതത്തിൽ അനുവദിച്ചു കിട്ടിയ ഓരോ ദിനങ്ങളിലും പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനായി എഴുതിയതാണ് ഈ കുറിമാനങ്ങൾ. എത്ര ചെറുതാണീ നിസ്സാരജീവിതം. ഈ ജീവിതത്തെ, അതിനുള്ളിലെ സന്തോഷത്തെ വലുതാക്കാൻ ഈ കടുകുമണികളുടെ വായന സഹായിക്കും.        

മനസ്സിൽ വന്നടിഞ്ഞ നെഗറ്റീവ് എനർജിയെ ഒഴിവാക്കാനായി ഉപയോഗിച്ച ഫലപ്രദങ്ങളായ പോസിറ്റീവ് ചിന്തകളാണ് ഈ താളുകളിലുള്ളത്. പോസിറ്റീവ് ഊർജ്ജം നമ്മളിൽ നിറയുമ്പോൾ സ്വാഭാവികമായും ചുറ്റുമുള്ള നെഗറ്റീവ് ഒക്കെ മറക്കാൻ, നമ്മളെത്തന്നെ ശക്തരാക്കാൻ നമുക്കാകുമല്ലോ എന്ന ചിന്തയായിരുന്നു പ്രചോദനം. 

കൊറോണ എന്ന കുഞ്ഞു വൈറസ് ലോകത്തെ ഒന്നാകെ ഭയപ്പെടുത്തിയ കാലം. ആ ഭീതിയിൽ ജീവിച്ചിരുന്ന ഓരോ ദിനങ്ങളും മാസങ്ങളും വർഷങ്ങളും ഇന്ന് ആർക്കും ഓർക്കാൻ പോലും ഇഷ്ടമുണ്ടാവില്ല. നഷ്ടപ്പെടലിൻ്റെയും ഒറ്റപ്പെടലിൻ്റെയും ഒക്കെ ഭാവതലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ലോകം മുഴുവനും. അടുത്തുള്ള ഉറ്റവരെ കാണാനാവാതെ, മരണത്തെ പുൽകിയ ഉറ്റവർക്ക് യാത്രാമൊഴി ചൊല്ലാനാവാതെ, അവസാനമായി ഒന്നു കാണാൻ പോലുമാവാതെ പല കോണുകളിൽ ഇരുന്ന് വിഷമിക്കുന്നവരെ ഓർത്തപ്പോഴാണ് ജീവിതം ഇത്രയല്ലേ ഉള്ളൂ എല്ലാവർക്കുമെന്ന് തോന്നിയത്.  

എഴുത്തുകാരി അറിയപ്പെടുന്നൊരു കവിയാണ്. കവിതകളിൽ പ്രണയം പൂത്തുലഞ്ഞു നിൽക്കുന്നതു പോലെതന്നെ ഈ കുറിപ്പുകളും പ്രണായാർദ്രമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാളുണ്ടാവുകയെന്നത് വലിയൊരു ഭാഗ്യമാണ്. പക്ഷേ ആ സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നത് എത്ര സങ്കടകരമാണെന്ന് ഓർമ്മിപ്പിക്കുന്നു. മനസ്സു തുറന്ന് സ്നേഹിക്കുവാനായി, അറിഞ്ഞ് സ്നേഹം പ്രകടിപ്പിക്കുവാനായി ഈ വരികൾ ആഹ്വാനം ചെയ്യുന്നു. 

മരണം അടുത്തെത്തുമ്പോഴാണ് നമുക്കെല്ലാവർക്കും ജീവിക്കാൻ കൊതി തോന്നുക. അന്നുവരെ അടക്കി വച്ചിരുന്ന ആഗ്രഹങ്ങളൊക്കെ വേഗത്തിൽ സാധിക്കണമെന്ന് തോന്നും. എന്തിനാണ് നാം ആ അവസാന നിമിഷം വരെ അതിനായ് കാത്തിരിക്കുന്നത്. ഇന്നു ചെയ്യാവുന്നതൊക്കെ ഇന്നു തന്നെ ചെയ്തുതീർക്കുക. നാളെ എന്നൊരു ദിനം നാം ഉണ്ടാകും എന്നുള്ള കാര്യത്തിന് വല്ല ഉറപ്പും ഉണ്ടോ? എന്ന് ചോദിച്ച് ഇന്നിൽ ഊർജ്ജസ്വലതയോടുകൂടി ജീവിക്കുവാൻ എഴുത്തുകാരി ഈ വരികളിലൂടെ നമ്മെ പ്രചോദിപ്പിക്കുന്നു. 
പ്രത്യാശയാണു നിരാശയെ ഇല്ലാതാക്കാനുള്ള എളുപ്പവഴി. നിരാശ നമ്മളെ കൊല്ലും, ഇഞ്ചിഞ്ചായ് അതിങ്ങനെ നമ്മെ വേദനിപ്പിച്ചു കൊണ്ടിരിക്കും. ഒരിക്കലും അതിന് അവസരം കൊടുക്കരുത്. നിരാശ നമ്മളെ കൊല്ലുന്നതിനു മുന്നേ പ്രത്യാശയുടെ കൈപിടിക്കാനായുള്ള വഴികൾ സ്നേഹപൂർവ്വം എഴുത്തുകാരി കാട്ടിത്തരുന്നു.

ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതാണ്. ആ പരീക്ഷണങ്ങളെ മറികടക്കുവാൻ നല്ലതുപോലെ പരിശ്രമിക്കണം. ഒന്നും ചെയ്യാൻ കഴിയില്ലെന്ന മനോഭാവം കൊണ്ടിരുന്നാൽ ഒന്നിനെയും തരണം ചെയ്യാൻ കഴിയില്ല. ഒരു തുരങ്കത്തിനപ്പുറം വെളിച്ചമുണ്ട്. ആ വിശ്വാസം മാത്രം മതി വിജയത്തിലെത്തുവാൻ എന്നു പറഞ്ഞ് വായനക്കാർക്ക് വഴികാട്ടുന്നു. 

ഓരോ കുറിപ്പും വായിച്ചു കഴിയുമ്പോൾ അടുത്തത് വായിക്കാൻ ധൃതിയാവും. മഴുവൻ ഒറ്റയിരുപ്പിനുവായിച്ചു തീർക്കാൻ തോന്നും. നമ്മുടെ കൈയ്യെത്തും ദൂരത്ത് ഈ പുസ്തകത്തിൻ്റെ ഒരു കോപ്പി വെച്ച് ചിലപ്പോളോക്കെ എടുത്ത് മറിച്ചു നോക്കുന്നത് നല്ലതാണ്. ചിലപ്പോളല്ല. കൃത്യമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും എടുത്ത് വായിച്ചാൽ ഗുണമല്ലാതെ മറിച്ചൊന്നും പ്രതീക്ഷിക്കേണ്ട. 
'മരണം അത്രമേൽ സമീപസ്ഥമായിരുന്ന ആ കോവിഡ് മഹാമാരിയുടെ നാളുകളിൽ പ്രകാശം പരത്തുന്ന ചിന്തകളുമായി ഒരാൾ ഉറങ്ങാതിരിക്കുന്നുണ്ടായിരുന്നു എന്ന അറിവ് ലോകത്തോട് കൂടുതൽ സ്നേഹത്തോടെ പെരുമാറാൻ കെൽപ്പുള്ളവരാക്കി മനുഷ്യരെ പുതുക്കിപ്പണിയുന്നു. അങ്ങനെ ഈ പുസ്തകം ഒരു മൃത്യുഞ്ജയ മന്ത്രമായി മാറുന്നു' എന്ന് അവതാരികയിൽ ഇ. സന്തോഷ് കുമാർ പറഞ്ഞിരിക്കുന്നു.

'മനുഷ്യൻ പല തരത്തിലുള്ള പരിമിധികൾ അനുഭവിക്കുന്നവരാണ്. ആ പരിമിതികളെ അതിജീവിക്കാനുള്ള വഴികളും മനുഷ്യരിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ട്. അതിലേക്ക് നാമൊന്ന് ഉണർന്നെഴുന്നേൽക്കണമെന്നു മാത്രം.' ആ വെളിച്ചത്തിലേക്ക് ഉണരാനുള്ള വഴിവിളക്കായി ഈ പുസ്തകത്തെ എഴുത്തുകാരൻ ഷൗക്കത്ത് അവതാരികയിൽ വിശേഷിപ്പിച്ചിരിക്കുന്നു.
സോയ നായർ ഈ പുസ്തകം എഴുതാനുണ്ടായ സാഹചര്യം ആമുഖക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. എഴുത്തുകാരായ ഇ. സന്തോഷ് കുമാറും ഷൗക്കത്തും അവതാരിക എഴുതിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലുള്ള ഇതൾ ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 120 പേജുകളുള്ള 100 കുറിപ്പുകളുടെ ഈ സമാഹാരത്തിൻ്റെ വില 120 രൂപയാണ്.

സോയ നായർ

ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം സ്വദേശിനി. വേണാട്ട് ശിവൻകുട്ടിയും പ്രസന്നയുമാണ് മാതാപിതാക്കൾ. എരുമക്കുഴി എൽ. പി. സ്കൂൾ, പടനിലം ഹൈസ്കൂൾ, കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ, പുന്നപ്ര കാർമ്മൽ പോളിടെക്നിക്, അവിനാശി മഹാരാജ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ ഇലക്ട്രോണിക്സ് കമ്പനിയിൽ ക്വാളിറ്റി എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.  
ഇണനാഗങ്ങൾ (2013), യാർഡ് സെയിൽ (2017), കാമുകനെ ആവശ്യമുണ്ട് (2022), എന്നീ കവിതാസമാഹാരങ്ങളും പ്രണയവീഞ്ഞ് (2022), 100 പോസിറ്റീവ് ടാബ്ലറ്റുകൾ (2025) എന്നീ കുറിപ്പുകളും, ആ ഒരാൾക്കായ് (2026) എന്ന പ്രണയലേഖനങ്ങളൂം  പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും തുടർച്ചയായി എഴുതാറുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ സാഹിത്യ സാംസ്‌കാരിക സംഘടനകളിലും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോൾ അമേരിക്കയിലെ, ഫിലഡൽഫിയയിൽ കുടുംബ സമേതം താമസിക്കുന്നു. 
ഭർത്താവ് :- ബിനു നായർ, മക്കൾ :- അഭിനു, പ്രണയ.
email :- soyabinu@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക