
തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മുൻ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജൻ. മതനിരപേക്ഷ കേരളത്തിൻ്റെ ക്ഷമ പരിശോധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കിയാൽ വൻ പ്രക്ഷോഭമുയരുമെന്നും കെ രാജൻ പ്രതികരിച്ചു. പിഎം ശ്രീയും എസ്എസ്കെ ഫണ്ടും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് സിപിഐ നേതാവിൻ്റെ വിമർശനം.
മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി എം ശ്രീ. കേരളത്തിൻ്റെ പൊതുവികാരം മറികടന്ന് പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നത്. ഇത് നിർബന്ധപൂർവ്വം നടപ്പാക്കാൻ തീരുമാനിച്ചാൽ വലിയ ജനകീയ പ്രക്ഷോഭങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നും കെ രാജൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും യുഡിഎഫിനും മാത്രമായിരിക്കുമെന്നും കെ രാജൻ എംഎൽഎ പറഞ്ഞു. മുമ്പത്തേക്കാൾ എന്ത് അത്യാവശ്യമാണ് പി എം ശ്രീ ഇപ്പോൾ നടപ്പാക്കാൻ ഉള്ളത്. മെയ് അഞ്ചിന് കേന്ദ്രം അയച്ച കത്ത് പോലും അപേക്ഷയുടെ സ്വഭാവത്തിലുള്ളതാണ്. പി എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ എസ്എസ്കെ ഫണ്ട് തരില്ലെന്ന് കേന്ദ്രത്തിലെ ഏതെങ്കിലും മന്ത്രിമാരോ ഉദ്യോഗസ്ഥരോ കേരളത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
മതനിരപേക്ഷ കേരളത്തിൻ്റെ ക്ഷമ പരിശോധിക്കരുത്, ഇത് വാശിയോടെ നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ സമ്മർദ്ദം എന്താണെന്ന് അറിയണമെന്നും കെ രാജൻ ആവശ്യപ്പെട്ടു.