Image

'മര്യാദയ്ക്ക് സംസാരിക്കണം': കാന്തപുരം വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സമസ്‌ത മുഖപത്രം

Published on 06 September, 2026
'മര്യാദയ്ക്ക് സംസാരിക്കണം': കാന്തപുരം വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സമസ്‌ത മുഖപത്രം

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷമായ ആക്രമണവുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഔദ്യോഗിക മുഖപത്രമായ 'സുപ്രഭാതം'. കാന്തപുരത്തിൻ്റെ പ്രസ്‌താവനകളെ സതീശൻ വിമർശിച്ച പശ്ചാത്തലത്തിൽ, ഇസ്‌ലാമിലെ സ്ത്രീ സങ്കൽപ്പത്തെയും ചരിത്രത്തെയും സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പത്രം എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തുന്നു.

 തിരുവനന്തപുരം കായിക്കരയിലെ സംഭവങ്ങളും സമഗ്രമായ രാഷ്ട്രീയ പശ്ചാത്തലവും വിവരിച്ചുകൊണ്ടാണ് എഡിറ്റോറിയൽ സതീശൻ്റെ വിമർശനങ്ങൾക്കുള്ള മറുപടി നൽകുന്നത്.

പെണ്ണുങ്ങള്‍, പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത്, സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന, വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം കേന്ദ്രത്തില്‍ വച്ചാണ്. അവിടെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ട്. ഇതിനെതിരായ വിമര്‍ശനം എന്താണ് ഇസ്ലാമിലെ സ്ത്രീ സങ്കല്‍പ്പമെന്ന് മനസ്സിലാക്കാത്തതിന്റെ തകരാറില്‍ നിന്നുള്ളതാണ്. മുസ്ലിംകള്‍ക്കിടയിലെ തന്നെ ചിലര്‍ ഫീഡ് ചെയ്തു കൊടുത്ത, കുരുടന്‍ ആനയെ തൊട്ട അനുഭവവുമായാണ് വി ഡി സതീശന്‍ മറുപടി ഉണ്ടാക്കിയതെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് പോലും ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തയാളാണ് സതീശൻ. ഇതുകൂടി വച്ചാണ് ആഭ്യന്തരം ജമാഅത്തിന് കൊടുക്കുമോ എന്ന് സിപിഎമ്മിന്റെ വലിയ തന്ത്രജ്ഞൻ ആശങ്കപ്പെട്ടത്. പൊതു തെരഞ്ഞെടുപ്പിലായാലും ശേഷമുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിലായാലും സതീശനെ പിന്തുണച്ചതിന്റെ പാപഭാരം മുസ്‌ലിംകളുടെ മേൽ എതിരാളികളെങ്കിലും വച്ചുകെട്ടുന്നുണ്ട്. ഇതിൽനിന്ന് രക്ഷപ്പെടാനുള്ള 'കമൽ' യുദ്ധമാണോ സതീശന്റേത് എന്ന് ചിന്തിക്കുന്നവരും ഉണ്ടായേക്കുമെന്ന് ലേഖനം പറയുന്നു.

സതീശൻ ഉയർത്തുന്ന സ്ത്രീ സ്വാതന്ത്ര്യവാദവും നിലപാടുകളിലെ വൈരുധ്യവും മുഖപത്രത്തിൽ വിശദമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മുൻപ് ശബരിമല യുവതീപ്രവേശനത്തെ എതിർത്ത സതീശൻ ഇപ്പോൾ സ്ത്രീ സമത്വത്തെക്കുറിച്ച് വാചാലനാകുന്നത് സ്വാർത്ഥ രാഷ്ട്രീയത്തിനായാണെന്ന് പത്രം വിമർശിക്കുന്നു. കൂടാതെ വഖഫ് വിഷയത്തിലും പി എം ശ്രീ പദ്ധതിയിലുമുള്ള അദ്ദേഹത്തിൻ്റെ നിലപാടുകളും പരാമർശവിധേയമാകുന്നു. കോൺഗ്രസിനുള്ളിലെയും യു ഡി എഫിലെയും സതീശൻ്റെ രാഷ്ട്രീയ വളർച്ചയെയും മറ്റ് സാമുദായിക നേതാക്കളുമായുള്ള അദ്ദേഹത്തിൻ്റെ മുൻകാല ബന്ധങ്ങളെയുംചൂണ്ടിക്കാണിച്ചാണ് 'സുപ്രഭാതം' ഈ വിഷയത്തെ വിശകലനം ചെയ്യുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സിയുടെ പേര് ഉയർന്നുവന്നില്ലായിരുന്നെങ്കിൽ ചെന്നിത്തലയോ സതീശനോ എന്നാവുമായിരുന്നു ചോദ്യം. സമരസപ്പെടലിന്റെ മഹാഗോപുരമായ ചെന്നിത്തലക്ക് നറുക്ക് വീഴുകയും ചെയ്യുമായിരുന്നു. എഡിറ്റോറിയലിൽ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക