Image

എന്താ കണക്കിനോട് ഇത്ര വിരോധം ( വിചാരസീമകൾ : പി.സീമ )

Published on 06 September, 2026
എന്താ കണക്കിനോട് ഇത്ര വിരോധം ( വിചാരസീമകൾ : പി.സീമ )

"സർ ഈ കണക്കു ശരിയാണ് ഒരു മാർക്ക് കൂടി കിട്ടിയാൽ ഞാൻ ജയിക്കും " വർഷങ്ങൾക്കു മുൻപ് പെരുവ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ സുരേന്ദ്രൻ സാറിനോട് യാചിച്ചു.

"തരില്ല ഇത്തവണ നീ കണക്കിന് തോൽക്കണം. മറ്റുള്ള വിഷയങ്ങൾക്ക് ഉയർന്ന മാർക്ക്‌ മേടിക്കുന്ന നിനക്ക് എന്താ കണക്കിനോട് ഇത്ര വിരോധം " സർ ചോദിച്ചു. എന്താ കാരണം എന്ന് എനിക്കും അറിയില്ല. ആ തവണ എല്ലാ വിഷയങ്ങളിലും ജയിച്ചവർ ആരൊക്കെ എന്ന് ചോദിച്ചപ്പോൾ ഞാൻ എണീറ്റില്ല. "തനിക്കു എന്ത് പറ്റിയെടോ സീമാറാണി " എന്ന് പല അധ്യാപകരും ചോദിച്ചു. S. S. L. C മാർക്ക് വന്നപ്പോഴും കണക്കു സെക്കന്റ്‌ പേപ്പറിനു കിട്ടിയ മാർക്കിനെ ഫസ്റ്റ് പേപ്പർ വിഴുങ്ങി. 62 ശതമാനം ആക്കി തന്നു. ഡി. ബി കോളേജിലെ ഫിസിക്സ്‌ ത്രിവിക്രമൻ സാറും ചോദിച്ചു.. ഇത്ര നന്നായി ഉത്തരം എഴുതുന്ന കുട്ടി എന്താ ഈ കണക്ക് ഒക്കെ ഉഴപ്പി വിടുന്നതെന്ന്. ഞാൻ മൂകം നിശ്ചലം നിന്നു.

ഇപ്പോഴും എന്നോട് തന്നെ ഞാൻ ആ ചോദ്യം ചോദിക്കുന്നു എന്താ കണക്കിനോട് ഇത്ര വിരോധം. പട്ടികകൾ ഒക്കെ നന്നായി പഠി ച്ചിട്ടുള്ളതിനാൽ ഏത് കണക്കും വൈകാതെ കൂട്ടും.

അല്ലെങ്കിലും ജീവിതത്തിന്റെ കണക്കു പുസ്തകം കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കിയാലും ശിഷ്ടം പൂജ്യം... ഇന്ന് അദ്ധ്യാപകദിനം അല്ലെ.. ഓർമ്മയിലെ എല്ലാ ഗുരുനാഥന്മാർക്കും ആശംസകൾ. ഏത് ഗുരുനാഥനെ കണ്ടാലും ജോലി എന്തായിരുന്നു എന്ന് ചോദിച്ചാൽ എന്ത് പറയൂമെന്ന് പേ

ടിച്ച് ഇപ്പോഴും തല മൂടി ഓടുന്ന ഞാൻ. ഒപ്പം മാർക്കുള്ളവർ എല്ലാവരും തന്നെ 50000 പെൻഷൻ വാങ്ങുമ്പോൾ കുഴിയിൽ വീണു പോയ ഒരു കൈരേഖയെ വെറുതെ പഴിക്കാം. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടി കളിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക