Image

കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായവും നൽകില്ല

Published on 06 September, 2026
കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായവും നൽകില്ല

ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന കർശന നിലപാടിലുറച്ച് കുടുംബം. കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനോ കേസുമായി ബന്ധപ്പെട്ട് നിയമസഹായം നൽകാനോ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും പോലീസിനെ അറിയിച്ചു. ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോഴാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. പ്രതിയുമായി ഇനിയൊരു ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന കുടുംബത്തിന്റെ മൊഴി അന്വേഷണസംഘം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ സമർപ്പിക്കും.

​നാടിനെ നടുക്കിയ കൊലപാതകക്കേസിൽ ഉൾപ്പെട്ട പെൺകുട്ടി നിലവിൽ കോഴിക്കോട്ടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് ആൺകുട്ടികൾക്ക് നിലവിൽ സർക്കാർ അഭിഭാഷകരെ അനുവദിച്ചിട്ടുണ്ട്. കുടുംബം പിന്മാറിയ സാഹചര്യത്തിൽ, പതിമൂന്നുകാരിക്കും സർക്കാർ ചെലവിൽ ലീഗൽ സർവീസസ് അതോറിറ്റി വഴി അഭിഭാഷക സേവനം ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി.

​അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പോലീസ്. കൊലപാതകത്തിൽ പങ്കാളികളായ മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും അപേക്ഷ നൽകും. കുറ്റകൃത്യത്തിന്റെ ക്രൂരതയും ഗൗരവവും കണക്കിലെടുത്ത് പ്രതികൾക്ക് സാധാരണ ഇളവുകൾ അനുവദിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ജുവനൈൽ ജസ്റ്റിസ് ബോർഡിനോട് ആവശ്യപ്പെടും. നേരത്തെ പോലീസ് നൽകിയ അപേക്ഷ ബോർഡ് തള്ളിയിരുന്നെങ്കിലും, പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും സമീപിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക