
കോഴിക്കോട്: മുൻനിലപാടിൽ മാറ്റമില്ലെന്നും ആരെതിർത്താലും മതനിയമങ്ങൾ തുടർന്നും പറയുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. മുഹമ്മദ് നബി പഠിപ്പിച്ചുതന്ന ശരീഅത്ത് ആരെതിർത്താലും ലോകാവസാനം വരെ പറയുമെന്നും, സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടന്ന മർക്കസ് മീലാദ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാന്തപുരം. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച വിമർശനങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ല.
നബിദിനാഘോഷങ്ങളിൽ അന്യപുരുഷന്മാർക്കിടയിലോ പൊതുവേദികളിലോ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ വലിയ വിവാദമായിരുന്നു. മതപരമായ പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നടത്താവൂ എന്നും, നിരത്തുകളിലും പൊതുവേദികളിലും യുവതികളെ പ്രദർശിപ്പിക്കുന്നതും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിച്ചേർക്കുന്നതും അനുവദിക്കാനാകില്ലെന്നും മഹല്ലുകൾക്കും മദ്റസകൾക്കും നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. നബിദിന റാലികളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടിയ പശ്ചാത്തലത്തിലായിരുന്നു ഈ നിർദേശം.
സർക്കുലറിനെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചൂടേറിയ ചർച്ചയായി. എന്നാൽ, നിലപാടിൽ കാന്തപുരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗും സമസ്ത ഇ.കെ. വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് നിലപാടിൽ തെല്ലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കാന്തപുരം വീണ്ടും പരസ്യപ്രതികരണം നടത്തിയത്.