Image

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയ്ക്ക് 700-ാം വാർഷികം; സപ്തശതാബ്ദി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം

Published on 06 September, 2026
ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയ്ക്ക് 700-ാം വാർഷികം; സപ്തശതാബ്ദി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം

​കൊല്ലം: ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാർഷികാഘോഷങ്ങൾക്ക് ഞായറാഴ്ച ഔപചാരിക തുടക്കമാകും. രാവിലെ എട്ടുമണിക്ക് രൂപതയുടെ കീഴിലുള്ള മുഴുവൻ ഇടവകകളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും ജൂബിലി പതാക ഉയർത്തും. ദൈവാലയങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും ചാപ്പലുകളിലും ജൂബിലി ലോഗോ ദീപാലങ്കാരങ്ങളാൽ പ്രകാശമാനമാകും. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി കൈമാറിയ മാർപാപ്പയുടെ പ്രത്യേക സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ഉദ്ഘാടന ദിവ്യബലിക്കിടെ ഔദ്യോഗിക ജൂബിലി വിളംബരം നടത്തും.

​വിശ്വാസസമൂഹത്തിലെ അൽമായരുടെയും യുവജനങ്ങളുടെയും പ്രതിനിധികൾ ജൂബിലി പ്രാർഥനകൾക്ക് നേതൃത്വം നൽകും. തുടർന്ന് ഓഗസ്റ്റ് ഒൻപതിന് കൊല്ലം പോർട്ട് ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ പള്ളിയിൽ ജൂബിലി പതാക ഉയർത്തി ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി രൂപതാതല ആത്മീയ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഓഗസ്റ്റ് പത്തിന് പട്ടത്താനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മൂന്ന് വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ജൂബിലി പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

​സപ്തശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 29 മുതൽ മൗണ്ട് കാർമ്മൽ മാതാവിന്റെ ചിത്രവും ജൂബിലി ദീപവും രൂപതയിലെ എല്ലാ ഭവനങ്ങളിലേക്കും എത്തിക്കുമെന്ന് രൂപതാ പി.ആർ.ഒ ഫാ. ലാസർ എസ്. പാട്ടക്കടവ് അറിയിച്ചു. ക്രൈസ്തവ ചരിത്രത്തിലെ അപൂർവ നാഴികക്കല്ലായ ഈ ചരിത്രമുഹൂർത്തത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കൊല്ലം രൂപതയിലെ വിശ്വാസി സമൂഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക