
കാലിഫോര്‍ണിയ: ലിവര്‍മോര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി അംഗം ആന്‍ മേരി മാത്യുവിന്റെ (40) ദാരുണമായ കൊലപാതകത്തില്‍ നോര്‍ത്ത് അമേരിക്ക മലങ്കര അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ് യെല്‍ദോ അനുശോചിച്ചു. ആന്‍ മേരി മാത്യുവിന്റെ അപ്രതീക്ഷിതവും ദുഃഖകരവുമായ വിയോഗവാര്‍ത്ത അതീവ വേദനയോടെയാണ് പങ്കുവയ്ക്കുന്നതെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ അതിഭദ്രാസനവും സഭാംഗങ്ങളും പങ്കുചേരുന്നതായും മലങ്കര ആര്‍ച്ച് ഡയോസിസ് അറിയിച്ചു.
ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ് യെല്‍ദോയുടെ നേതൃത്വത്തില്‍ അതിഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും ആന്‍ മേരി മാത്യുവിന്റെ കുടുംബത്തിന് അനുശോചനവും പ്രാര്‍ത്ഥനകളും നേര്‍ന്നു. പ്രിയപ്പെട്ടവളുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ദൈവം ആശ്വാസവും ശക്തിയും നല്‍കട്ടെയെന്നും, ആന്‍ മേരി മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും അതിഭദ്രാസനം പ്രാര്‍ത്ഥിച്ചു.
കാലിഫോര്‍ണിയയിലെ ലിവര്‍മോര്‍ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ആന്‍ മേരി മാത്യുവിന്റെ വിയോഗം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഇടവക സമൂഹത്തിനും തീരാനഷ്ടമാണ്. അതേസമയം, ആന്‍ മേരി മാത്യുവിന്റെ (39) മെമ്മോറിയല്‍ സര്‍വീസ് സെപ്റ്റംബര്‍ 6-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 4 മണിവരെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. സംസ്‌കാര ശുശ്രൂഷ പിന്നീട് നാട്ടില്‍ കോട്ടയം പള്ളം സെന്റ് ഇഗ്ഗ്‌നേഷ്യസ് ജാക്കബറ്റ് സിറിയന്‍ ചര്‍ച്ചില്‍ (കല്ലൂപ്പറമ്പില്‍ പള്ളി) വച്ച് നടത്തുമെന്നാണ് വിവരം.
മില്‍പിറ്റസിലാണ് ആന്‍ മേരി മാത്യു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ അനില ബേബിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആന്‍ മേരിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി വെയ്ക്ക് സര്‍വീസിനായി ഫ്യൂണറല്‍ ഹോമില്‍ എത്തിക്കുകയുണ്ടായി. തിരുവനന്തപുരം കേശവദാസപുരം മറ്റത്ത് വീട്ടില്‍ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജിജി മാത്യുവിന്റെയും മകളും, കോട്ടയം ചിങ്ങവനം പള്ളത്രയില്‍ ജേക്കബ് ആന്‍ഡ്രൂവിന്റെ (മിഥുന്‍) ഭാര്യയുമാണ് ആന്‍ മേരി മാത്യു. ആന്‍ഡ്രീന (13), അലീസ (5) എന്നിവരാണ് മക്കള്‍. ആന്‍ മേരിയുടെ ഭര്‍ത്താവ് ജേക്കബിനും രണ്ട് മക്കള്‍ക്കും വേണ്ടി സുഹൃത്തുക്കള്‍ ആരംഭിച്ച ഗോ ഫണ്ട് മീ ധനസമാഹരണത്തിന് പിന്തുണയേറുന്നു.