Image

ഭഗവൽപാദമുദ്രകൾ (കവിത: മാത്യു കോശി, അറ്റ്ലാൻറ)

Published on 05 September, 2026
ഭഗവൽപാദമുദ്രകൾ (കവിത: മാത്യു കോശി, അറ്റ്ലാൻറ)

കാണുവാനെനിക്കാകുമോ
സ്നേഹരൂപനെ,
മാനവപാപം പരിഹൃതമാക്കുന്ന പുണ്യമൂർത്തിയെ.
അകൃത്യങ്ങൾ ചെയ്തു സമ്പന്നനായി ഞാൻ,
ചതിവേകി ജനത്തിനെൻ മോഹങ്ങൾ നേടുവാൻ.

പാതകി ഞാനെങ്ങനെത്തീടും തൽസവിധത്തിലായ്,
തള്ളിക്കളഞ്ഞീടുമോ ഭവാൻ
കോപസാഗരത്തിൽ!
ലജ്ജിതനായിത്തീരുമോയെൻ
ലംഘനസമൃദ്ധിയാൽ?
വിഭ്രമിച്ചീടുന്നെൻ മനം കാലുഷ്യമേറും
ചിന്താകുലങ്ങളാൽ.

കാത്തിരിക്കുന്നു മരക്കൊമ്പിലേകനായ്,
ആരുമറിയാതെ കാണുവാനാ പവിത്രരൂപനെ.
അരവങ്ങളിൽ മുങ്ങാത്തൊരു നാദം മുഴങ്ങുന്നു—
ഇറങ്ങിവരിക, മകനേ!
വസിപ്പു ഞാനിന്നു
നിൻ സദനത്തിലാണെന്നു നിശ്ചയം.

വാക്കുകളില്ലെനിക്കെൻ ഹൃദയം പകരുവാൻ,
ഭയമാകവേ പുണർന്നിരിക്കുന്നെൻ മനമാകവേ.
എങ്ങനെയൊരുക്കിടും ചേലോടൊത്തെൻ ഭവനാങ്കണം,
ഉള്ളിലേറ്റിയാ പരമാത്മനായൊരു
വിരുന്നൊരുക്കിടാൻ?

പരിജനവൃന്ദത്താലെത്തി ജഗൽപതിയെൻ ഗേഹത്തിലാദ്രമായ്,
സായൂജ്യമാർന്നെൻ ഉയിരുംമനവും 
ഭഗവൽപാദമുദ്രകളാൽ.
ദാനമേകുമഗതികൾക്കായ് പകുതിയാകും സമ്പത്തൊക്കെയും.
ഏകുന്നു തിരികെ നാലിരട്ടിയായ്
അന്യായമായാർന്നതൊക്കെയും, പ്രഭോ!

തിരുവായ് മൊഴിഞ്ഞോതിയാവിശ്വംഭരൻ
രക്ഷവന്നിരിക്കുന്നീനിലയത്തിലിന്നാദ്യമായ്,
അബ്രഹാമിൻസുതനാണിവനെന്നുള്ളതാൽ.
അനുതാപത്തിൻ ഫലമേറ്റിടുന്നോർക്കനിശം
അനുകൂലമാണീശനെന്നു സകലവുംസാരം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക