Image

സ്ത്രീ: ഇന്നിന്‍റെ മുഖങ്ങള്‍ (സ്വപ്ന അനു ബി ജോര്‍ജ്)

Published on 05 September, 2026
സ്ത്രീ: ഇന്നിന്‍റെ മുഖങ്ങള്‍ (സ്വപ്ന അനു ബി ജോര്‍ജ്)

ഇന്നത്തെയും പഴയകാലത്തെയും സ്ത്രീകൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടോ?എങ്കിൽ ആ വ്യത്യാസങ്ങൾ എങ്ങനെയുണ്ടായി, അവർ തമ്മിൽ പല മേഖലകളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ടാവാം.നമ്മുടെ അമ്മച്ചിമാരുടെയും മുത്തശ്ശിമാരുടെയും ഉമ്മുമ്മമാരുടെയും പ്രധാന ഉത്തരവാദിത്വം കുടുംബപരിപാലനത്തിലും ഗൃഹകാര്യങ്ങളിലും മാത്രമായിരുന്നു.വിദ്യാഭ്യാസം, തൊഴിൽ,സാമൂഹികയിടപെടൽ എന്നിവയിൽ അവർ കൈകടത്താറെ ഇല്ലായിരുന്നു,അതിനുള്ള സമയമില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനകാരണം.പിന്നെ മുതിർന്നവരും കുടുംബനാഥന്മാരും അതിനുള്ള അവസരങ്ങൾ കൊടുത്തിരുന്നില്ല,അഥവാ ഉണ്ടങ്കിൽത്തന്നെ അവ വളരെ പരിമിതമായിരുന്നു.

എന്നാൽ 21-ആം നൂറ്റാണ്ടിൽ സ്ത്രീകൾ വിദ്യാഭ്യാസം,തൊഴിൽ,ശാസ്ത്രം,സാങ്കേതികവിദ്യ,രാഷ്ട്രീയം, കായികം,സംരംഭങ്ങൾ തുടങ്ങിയ ധാരാളം മേഖലകളിൽ മികച്ച നേട്ടങ്ങൾ നേടിയിരിക്കുന്നു.സ്വന്തം കഴിവുകൾ വികസിപ്പിക്കാനും സാമ്പത്തികസ്വതന്ത്ര്യം നേടാനും സ്വയം തീരുമാനങ്ങൾ എടുക്കാനും സ്ത്രീകൾക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.ഈ മാറ്റങ്ങൾക്ക് പ്രധാനകാരണങ്ങൾ വിദ്യാഭ്യാസം,നിയമങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ച,സാമൂഹികസാമ്പത്തിക ബോധവൽകരണം,സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച് സമൂഹത്തിൽ വന്ന വ്യത്യസ്തമായ കാഴ്ചപ്പാട് എന്നിവയാണ്.കൂടാതെ അവരവരുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ഈ മാറ്റത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.എന്നാൽ,21-ആം നൂറ്റാണ്ടിലെ സ്ത്രീകൾക്ക് പഴയകാലത്തെക്കാൾ കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ഉത്തരവാദിത്വങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ മേഖലകളിലും ഇന്നും പൂർണമായ സമത്വം കൈവരിക്കാൻ സാധിച്ചിട്ടില്ല,തീർച്ച!ഇന്നത്തെ സ്ത്രീകൾ വിദ്യാഭ്യാസം,തൊഴിൽ, നേതൃസ്ഥാനങ്ങൾ എന്നീ മേഖലകളിൽ പ്രശംസനീയമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.പഴയകാലങ്ങളെ അപേക്ഷിച്ച് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരും തീരുമാനങ്ങൾ എടുക്കാൻ ഉത്സുകരും ധൈര്യശാലികളുമാണ് ഇന്നത്തെ തലമുറ.

മികച്ച പോസിറ്റീവ് സ്വഭാവഘടകങ്ങൾ

സ്ത്രീകൾക്ക് ജൈവികമായും മാനസികമായും പുരുഷന്മാരെക്കാൾ നിരവധി അന്തർലീനമായ  പോസിറ്റീവ് വ്യത്യാസങ്ങളുണ്ട്.ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായ പഠനങ്ങൾ  ഇതിനെക്കുറിച്ച് തെളിയിക്കപ്പെട്ടുകഴിഞ്ഞു.അവയിൽ  പ്രധാനഗുണങ്ങൾ ഇവയാണ്...................

സ്ത്രീകളുടെ ‘ശക്തമായ പ്രതിരോധശേഷിക്കു’ കാരണം അവരിലുള്ള X ക്രോമസോമിലുള്ള ‘മൈക്രോ ആർ.എൻ.എ’ എന്ന തന്മാത്ര ‘രോഗപ്രതിരോധശേഷിയെ’ കൂടുതൽ ശക്തമാക്കുന്നു.ഇവ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സ്ത്രീകളെ സഹായിക്കുന്നു.ലോകമെമ്പാടുമുള്ള കണക്കുകൾ കാണിക്കുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ ‘ആയുർദൈർഘ്യം’ സ്ത്രീകൾക്കുണ്ടെന്നാണ്.അതിനാൽ ഹൃദയസംബന്ധമാ‍യ രോഗങ്ങൾ വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കുറവാണ്.മറ്റുള്ളവരുടെ ‘വികാരങ്ങളെ അറിയാനും മനസ്സിലാക്കാനുമുള്ള’ കഴിവ് ധാരാളമുണ്ട്.അതിനാൽ അനുകമ്പ പ്രകടിപ്പിക്കാൻ സ്ത്രീകൾക്കുള്ള കഴിവ് കൂടുതലാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.ഈ ഒരു സ്വഭാവവിശേഷമാണ് മികച്ച സാമൂഹികബന്ധങ്ങൾ ഉണ്ടാക്കാൻ അവരെ സഹായിക്കുന്നത്. ‘സഹിഷ്ണുതയും,ഊർജ്ജവും’ സ്വതവേ സ്ത്രീകളിൽ കൂടുതലാണ്.വ്യത്യസ്തമായ ആശയങ്ങളോടും വിശ്വാസങ്ങളോടും അഭിപ്രായങ്ങളോടും യോജിക്കുന്നില്ലെങ്കിലും അവയെ ബഹുമാനിക്കാനും അതിലൂടെ സമാധാനപരമായ സഹവർത്തിത്വം നിലനിർത്താനും സഹായിക്കുന്നു.‘ശാരീരികമായി ഏതുതരം പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ശേഷി’ സ്ത്രീകളിൽ കൂടുതലുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ’കുറഞ്ഞ കലോറിയും വെള്ളവും’ ഉപയോഗിച്ച് കൂടുതൽ സമയം പിടിച്ചുനിൽക്കാൻ സ്ത്രീകളുടെ ശരീരത്തിന് പ്രത്യേകമായകഴിവുണ്ട്.അതുപോലെ എടുത്തു പറയാനുള്ളത് ‘നിറങ്ങളിലെ’ ചെറിയ വ്യത്യാസങ്ങൾ പോലും കൃത്യമായി തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്ക് കൂടുതലാണ്.പുരുഷന്മാരെ അപേക്ഷിച്ച് ‘സന്തോഷം’ ആസ്വദിക്കാനും പ്രകടിപ്പിക്കാനും സ്ത്രീകൾക്ക് കൂടുതൽ കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.സ്ത്രീകൾ പൊതുവെ പോസിറ്റീവായ ഗുണങ്ങൾ കാണുന്ന ഒരു സ്വാഭാവമുണ്ട്.ഇതിനെ 'വുമൺ-ആർ-വണ്ടർഫുൾ എഫക്ട്' എന്ന് വിളിക്കപ്പെടുന്നു.

ഇവയെല്ലാം പുരുഷന്മാരിൽനിന്ന് സ്ത്രീകൾക്കുള്ള പ്രത്യേകതകളാണ്.ഇനി ഇന്നത്തെ നൂറ്റാണ്ടിന്റെ വ്യത്യാസങ്ങളിലൂടെ സ്ത്രീകൾക്ക് കിട്ടിയ സവിശേഷമായ കഴിവുകൾ എന്തൊക്കെയാണെന്ന് നോക്കാം……………………………….

കാലാനുസൃതമായി വന്ന പോസിറ്റീവ് വ്യത്യാസങ്ങൾ

ഇന്ന് സ്തീകൾക്ക് വിദ്യാഭ്യാസം,പലതരം കോച്ചിംഗ്ക്ലാസ്സുകൾ,ആശയവിനിമയങ്ങൾക്കുള്ള അവസരങ്ങൾ വളരെ വലുതാണ്.വിവിധരാജ്യങ്ങളിലും മേഖലകളിലും ഉയർന്ന പഠനം നേടാൻ സാധിക്കുന്നു.പഴയ കാലത്ത് പെൺകുട്ടികൾ വളർന്നുവരുമ്പോളും വീട്ടിലുംവീട്ടുകാര്യങ്ങളിലും മാത്രമായിരുന്നു ഒതുങ്ങിക്കൂടിയിരുന്നത്. പ്രാഥമികവിദ്യാഭ്യാസംപോലും പലർക്കും ഉണ്ടായിരുന്നില്ല,എന്നു വേണം കരുതാൻ!ഇന്ന് അവർ വൈദ്യശാസ്ത്രം,സയൻസ്,സാങ്കേതികവിദ്യ,ബിസിനസ്, രാഷ്ട്രീയംതുടങ്ങിയ നിരവധി മേഖലകളിൽ വിദ്യാഭ്യാസം നേടുന്നു,ജോലി ചെയ്യുന്നു.

സാമ്പത്തികസ്വാതന്ത്ര്യം എന്താണെന്നുപോലും പലർക്കും അറിയില്ലായിരുന്നു എന്നുതന്നെ വേണം കരുതാൻ.ഇന്ന് സ്ത്രീകൾ സ്വന്തമായി വരുമാനം കണ്ടെത്തുകയും സാമ്പത്തികതീരുമാനങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും,പങ്കാളിത്തവും ഉറപ്പിക്കുന്നു.നിയമപരമായും സാമൂഹികമായും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഉൾബോധം എല്ലാവരിലും വന്നുചേർന്നിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. പലരും സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ മടികാണിക്കുന്നില്ല എന്നുമാത്രമല്ല അതിനുള്ള അവസരങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു.പണ്ട്കാലത്ത് സ്ത്രീകൾക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.ലോകവും ചിന്താഗതിയും വളർന്നുവെങ്കിലും ചില സമൂഹങ്ങളിൽ ഇന്നും വ്യക്തിപരമായ സ്വാതന്ത്രക്കുറവ് നിലനിൽക്കുന്നുണ്ടെങ്കിലും മാറ്റങ്ങൾ അനിവാര്യമാണ്.  

അതേസമയം,ചില കാര്യങ്ങൾക്ക് അന്നും ഇന്നും മാറ്റം വന്നിട്ടില്ല.................................

സ്നേഹം,കരുതൽ,കുടുംബബന്ധങ്ങളുടെ പ്രാധാന്യം തുടങ്ങിയ മാനുഷികഗുണങ്ങൾ കാലത്തിനനുസരിച്ച് മാറേണ്ടവയല്ല.പല സ്ത്രീകളും കുടുംബത്തിനും ജോലിക്കുമിടയിൽ സന്തുലിതാവസ്ഥ കണ്ടെത്തി വളരെ വിജയകരമായി ജീവിതം മുന്നൊട്ടു കൊണ്ടുപോകുന്നുണ്ട്,അന്നും ഇന്നും. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും അസമത്വവും വിവേചനവും നേരിടുന്നവർ ഇല്ലാതില്ല എന്ന് സോഷ്യൽമീഡിയ,വാർത്തകൾ എന്നിവയിലൂടെ നമുക്ക് അറിയാൻ സാധിക്കുന്നുണ്ട്.അതിനാൽ, വ്യത്യാസങ്ങൾ പ്രധാനമായും അവസരങ്ങളിലും സാമൂഹികവിവേചനങ്ങളിലുമാണ് ഉണ്ടാവേണ്ടത്. സ്ത്രീകളുടെ അടിസ്ഥാനമൂല്യങ്ങളിലോ വ്യക്തിത്വത്തിലോ അല്ല.ഓരോ വ്യക്തിയും വ്യത്യസ്തരാണ്. "പഴയകാലത്തെ സ്ത്രീകൾ ഇങ്ങനെയായിരുന്നു, ഇന്നത്തെ സ്ത്രീകൾ അങ്ങനെയാണ്" എന്ന തരത്തിലുള്ള പൊതുവായ നിഗമനങ്ങൾ എല്ലായ്പ്പോളും ശരിയാകണമെന്നില്ല,പറയാനും പാടില്ല.


ഉന്നത വിദ്യാഭ്യാസരംഗത്തും,തൊഴിൽ മേഖലയിലും പെൺകുട്ടികൾ തങ്ങളുടെ സാന്നിദ്ധ്യവും കഴിവും വ്യക്തമായി പ്രകടിപ്പിച്ചുകഴിഞ്ഞു.ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ്സ്, രാഷ്ട്രീയം, ബഹിരാകാശഗവേഷണം തുടങ്ങി ഒട്ടുമിക്കമേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു.സ്വന്തമായുള്ള സമ്പാദ്യം അവരെ സ്വാതന്ത്രമായി ചിന്തിക്കാനും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും പ്രവർത്തിക്കാനും ശക്തരാക്കുന്നു. സാമൂഹികമായ അനാചാരങ്ങളായ സ്ത്രീധനം, ലിംഗവിവേചനം തുടങ്ങിവക്കെതിരെ ശബ്ദമുയർത്താൻ ഇന്നത്തെ സ്ത്രീകൾ തയ്യാറാണ്. ലൈംഗികാതിക്രമങ്ങൾക്കെതിരെയും ലോകത്തെവിടെയും ‘മീ ടൂ’പോലുള്ളവ ഇതിന് ഉദാഹരണമാണ്.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച സ്ത്രീകളുടെ ജീവിതത്തെ കൂടുതൽ പ്രായോഗികമായ രീതികളിലെക്കെത്തിച്ചിട്ടുണ്ട്.സോഷ്യൽ പ്ലാറ്റ്‌ഫോമുകളുടെ സഹായത്താൽ,പുതിയ സംരംഭങ്ങൾ തുടങ്ങാനും, തങ്ങളുടെ ആശയങ്ങൾ കൂടുതൾപേരിലേക്ക് എത്തിക്കാനും,ഇന്ന് അനായാസം സാധിക്കുന്നു. ’കുടുംബശ്രീ’പോലുള്ള കൂട്ടായ്മകൾ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഇവക്കെല്ലാം പുറമേ നിയമപരമായ വനിതാസംവരബില്ലുകൾ പോലെയുള്ള അവകാശങ്ങൾ ഭരണത്തിലും രാഷ്ട്രീയത്തിലും സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ട്.
ധാരാളം പുരോഗതി കൈവരിച്ചെങ്കിലും ജോലിസ്ഥലങ്ങളിലെ അസമത്വം, സുരക്ഷിതത്വമില്ലായ്മ, ഗാർഹികപീഡനങ്ങൾ എന്നിവയെല്ലാം സ്ത്രീകൾക്ക് ഇപ്പോളും നേരിടുന്ന പ്രതിസന്ധികളാണ്.എങ്കിലും ഏതുതരം  പ്രതിസന്ധികളെയും തരണംചെയ്ത് തങ്ങളടങ്ങുന്ന സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ 21-ആം നൂറ്റാണ്ടിലെ സ്ത്രീകൾ ശക്തമായ പങ്ക് വഹിക്കുന്നുണ്ട് എന്നതിൽ സംശയം വേണ്ടാ.

സ്ത്രീകളുടെ പുരോഗതിയെ വളർച്ചയെ ഇങ്ങനെ വ്യാഖ്യാനിക്കാം,അടുക്കളയുടെ നാലുചുവരുകളിൽ തളച്ചിടപ്പെടാതെ, ശാസ്ത്രം, രാഷ്ട്രീയം, ബിസിനസ്സ്തുടങ്ങി എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിദ്ധ്യം പ്രകടിപ്പിച്ചുകഴിഞ്ഞു.വിദ്യാഭ്യാസം ,കരിയർ,സ്വന്തം വ്യക്തിത്വം എന്നിവയ്ക്ക് സ്ത്രീകൾ കൂടുതൽ പ്രാധാന്യം നൽകുന്നു.പരമ്പരാഗതമായ അതിർവരമ്പുകൾ മറികടന്ന് എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.

ഇന്നത്തെ സ്ത്രീകൾ തങ്ങൾക്കായി കണ്ടെത്തിയ പ്രായോഗീകമായ സമീപനങ്ങൾ  മനസ്സിലാക്കാൻ ഈ പ്രധാന കാര്യങ്ങളിലേക്ക് കൈ ചൂണ്ടുന്നു.........

തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകിയത്. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനും, അവരവരുടെ ജീവിതത്തെക്കുറിച്ചുള്ള ശരിയായ തീരുമാനങ്ങൾ എടുക്കാനും അവർ ആഗ്രഹം അവർ നേടിയെടുത്തു. സാമ്പത്തികഭദ്രത തൊഴിൽമേഖലയിലെ ശക്തീകരണത്തികരണത്തിലൂടെ പുരുഷന്മാർക്ക് തുല്യമായ അവസരങ്ങളും തുല്യവേതനവും അവർ ഇന്ന് ആവശ്യപ്പെടുന്നു.

വിവാഹബന്ധത്തിലും തങ്ങളുടെ പങ്കാളികളുമായുള്ള ജീവിതത്തിൽ പരസ്പരബഹുമാനവും തുല്യതയും ഇന്നത്തെ സ്ത്രീകൾ പ്രതീക്ഷിക്കുന്നു.വീട്ടുജോലികളിലും കുട്ടികളുടെ സംരക്ഷണത്തിലും ഇതെ പങ്കാളിത്വവും സ്നേഹവും അവർ ആഗ്രഹിക്കുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയെ സ്വന്തം വളർച്ചയ്ക്കും ആശയവിനിമയത്തിനും ഫലപ്രദമായി ഉപയോഗിക്കുന്നവരാണ് ഇന്നത്തെ സ്ത്രീകൾ.

മാനസികസമ്മർദ്ദങ്ങൾ: കരിയറും കുടുംബവും ഒന്നുപോലെ കൊണ്ടുപോകുന്നതിൽ പലരും വലിയ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്.അവസ്ഥയെ മനസ്സിലാക്കി അതിന് പിന്തുണ നൽകുന്നതിന്റെ പ്രധാന്യം മനസ്സിലാക്കിപ്രവർത്തിക്കാൻ പലരും സന്നദ്ധതകാണിക്കുന്നു.സ്ത്രീകളെ മനസ്സിലാക്കാൻ ഏറ്റവും മികച്ച മാർഗ്ഗം അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുക,തുല്യമായ അവസരങ്ങൾ നൽകിയും സംസാരിക്കുകയുമാണ്.ലിംഗഭേദമില്ലാത്ത ഒരു സാമൂഹികാന്തരീക്ഷം കെട്ടിപ്പെടുക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന പരിഹാരം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീകൾ സമൂഹത്തിന് നൽകുന്ന പ്രധാനവാഗ്ദാനങ്ങൾ വിദ്യാഭ്യാസം,സാമൂഹികം,സാംബത്തികം,സാംസ്കാരികം എന്നീ മൂല്യങ്ങളിൽ കണ്ടെത്തിയ മാറ്റങ്ങൾ,സമൂഹം അംഗീകരിച്ചുതുടങ്ങി എന്നതാണ്.അതെ, പൊതുവെ നോക്കുമ്പോൾ 21-ആം നൂറ്റാണ്ടിലെ സ്ത്രീകളും പഴയകാലത്തെ സ്ത്രീകളുംതമ്മിൽ പല മേഖലകളിലും വ്യത്യാസങ്ങളുണ്ട്.എന്നാൽ എല്ലാ സ്ത്രീകളെയും ഒരേ രീതിയിൽ പൊതുവായി വിലയിരുത്താനാവില്ല, കാരണം കാലഘട്ടം, സംസ്കാരം, കുടുംബം, വിദ്യാഭ്യാസം, സാമ്പത്തികസാഹചര്യം എന്നിവയും എല്ലാകാലങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു.

പണ്ട് കാലങ്ങളിൽ മാത്രമല്ലേ ‘മലയാളത്തിന്റെ  മഹിളകൾ,വീട്ടമ്മ അഥവാ housewife‘ എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ അത്ര മതിപ്പില്ല. “ആ“നെറ്റി ചുളിച്ച ഒരു സ്വാഗതം ആയിരിക്കും കിട്ടുക. ഇത് ബുദ്ധിഹീനതയല്ലേ?തികച്ചും അഭ്യസ്ത വിദ്യരായ വീട്ടമ്മമാർ ധാരാളമുള്ള ഒരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഇതിനെ ഒരു കാരണമായി ഊന്നിപ്പറയാവുന്നത് വിവാഹംവരെ പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന നമ്മുടെ ചിന്താഗതി തന്നെയാണ്.ഒരു സർവ്വെ കേരളത്തിൽ ഇപ്പോൾ നടത്തിയാൽ 8% ത്തിൽ കൂടുതൽ ബിരുദാനന്തര ബിരുദധാരികളായ സ്ത്രീകളാണെന്നു മനസ്സിലാക്കാൻ സാധിക്കും. ജോലിതേടിയാണ്‍ ഇന്നത്തെ പെൺകുട്ടികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും,പോകുന്നത്. എല്ലാം നല്ലതിനുതന്നെ,കാരണം,സ്ത്രീകൾ അഭ്യസ്തവിദ്യർ അല്ലെങ്കിൽ നമ്മുടെ ഇപ്പോളത്തെ പഞ്ചായത്തുളുടെകാര്യം എന്താകുമായിരുന്നു? പറഞ്ഞു വന്നത്,വീട്ടമ്മമാർ അഭ്യസ്തവിദ്യരെങ്കിലും സമൂഹം അവരെ കാണുന്നത് അങ്ങനെയല്ല.ഈ സ്ഥിതിവിശേഷം മാറണമെങ്കിൽ അഥവാ മാറ്റണമെങ്കിൽ സ്ത്രീകളുടെ വൈവിധ്യമാര്‍ന്ന കലാവിരുതുകളും പാണ്ഡിത്യവും നമ്മൾ അംഗീകരിച്ചാൽമാത്രമേ സാധിക്കൂ, അംഗീകരിക്കണം,അംഗീകരിച്ചേ മതിയാകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക