Image

സ്ത്രീശാക്തീകരണം സഭയുടെ ഉത്തരവാദിത്വം : മലങ്കരസഭാധ്യക്ഷൻ

Published on 05 September, 2026
സ്ത്രീശാക്തീകരണം സഭയുടെ ഉത്തരവാദിത്വം : മലങ്കരസഭാധ്യക്ഷൻ

 

ചിത്രം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കരയിൽ നിർമ്മിച്ച നവജ്യോതി മോംസ് വനിതാ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു.

കൊട്ടാരക്കര : വനിതാ ശാക്തീകരണം സഭയുടെ ഉത്തരവാദിത്വമാണെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കരയിൽ നിർമ്മിച്ച 'നവജ്യോതി മോംസ് വനിതാ വികസന കേന്ദ്ര'ത്തിന്റെ കൂദാശയും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബാവാ. മായംകലർന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വ്യാപകമാകുമ്പോൾ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. സഭയുടെ മറ്റ് ഭദ്രാസനങ്ങളിലും വനിതാ ശാക്തീകരണ കേന്ദ്രങ്ങൾ ഉണ്ടാകണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

കൊട്ടാരക്കര–പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിച്ചു.കേന്ദ്ര ഡയറക്ടർ ഡോ. സിബി തരകൻ, ചീഫ് കോർഡിനേറ്റർ അഡ്വ. ഫാ. കെ. ജോൺകുട്ടി എന്നിവർ പദ്ധതി അവതരണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, നവജ്യോതി മോംസ് വൈസ് പ്രസിഡന്റ് ഫാ.ബോബി പീറ്റർ, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൻ മുളമൂട്ടിൽ, കേന്ദ്ര ട്രഷറർ റീറ്റ വർഗീസ്, വാർഡ് മെമ്പർ മിനി ഷീജോ, സോണൽ സെക്രെട്ടറി ഡോ.അച്ചാമ്മ ജോർജ്, കൺവീനർ തോമസ് പി.ജോൺ എന്നിവർ പ്രസംഗിച്ചു.

മൂന്നു ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കുന്ന വനിതാ വികസന കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തിൽ വനിതകൾ സംഘംചേർന്ന് നിർമ്മിക്കുന്ന ഭക്ഷണവിഭവങ്ങളുടെ ശേഖരണവും വിതരണവുമാണ് നടത്തുന്നത്. അതോടൊപ്പം ആശ്രിതരില്ലാതെ കഴിയുന്ന വയോജനങ്ങൾക്ക് ഭക്ഷണവും സന്നദ്ധ പ്രവർത്തകരുടെ സഹായവും എത്തിക്കും.രണ്ടാം ഘട്ടത്തിൽ വനിതകൾക്കുള്ള പരിശീലന കേന്ദ്രവും മൂന്നാം ഘട്ടത്തിൽ തൊഴിൽചെയ്യുന്ന വനിതകൾക്ക് സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യവുമാണ് നടപ്പിലാക്കുന്നത്.

എം.എൽ.എ മാരായ ജ്യോതികുമാർ ചാമക്കാല, കെ. എൻ. ബാലഗോപാൽ, നിയുക്ത മെത്രാപ്പോലീത്താ വെരി. റവ. തോമസ് പോൾ റമ്പാൻ,എം.ജി.എം സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, കെ.ജി മത്തായിക്കുട്ടി, ഡാനിയേൽ വർഗീസ്‌, സാറാമ്മ കുഞ്ഞുകുഞ്ഞ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക