Image

ആചാര്യ ദേവോ ഭവ : (സുധീർ പണിക്കവീട്ടിൽ)

Published on 05 September, 2026
ആചാര്യ ദേവോ ഭവ : (സുധീർ പണിക്കവീട്ടിൽ)

അധ്യാപകദിനാശംസകൾ -Sept.5  -“വിജയത്തിലേക്കു കുതിക്കാൻ  പ്രചോദനവും ഊര്‍ജ്ജവും പകര്‍ന്ന എല്ലാ അധ്യാപകര്‍ക്കും ടീച്ചേഴ്‌സ് ഡേ ആശംസകൾ" 

പുരാതന ഭാരതത്തിൽ ഗുരുവിനെ ഈശ്വരനു തുല്യമായി കരുതിയിരുന്നു. പൗരാണിക സാഹിത്യത്തിൽ കാണുന്നത് ആദി ഗുരുവായി കരുതിയിരുന്നത് ശിവനെയെന്നാണ്. എന്നാൽ പണ്ട് പണ്ട് ഹിമാലയസാനുക്കൾക്ക് മുകളിൽ ഒരു യോഗി പ്രത്യക്ഷപ്പെട്ടെന്നും അദ്ദേഹത്തിൽ നിന്നും ജ്ഞാനം ആർജിക്കാൻ കുറെ പേർ അദ്ദേഹത്തിന് ചുറ്റും കൂടിയെന്നും അദ്ദേഹമാണ് ആദി ഗുരുവെന്നു കണക്കാക്കുന്നതെന്നും രേഖകൾ ഉണ്ട്. ശിഷ്യരെന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ടവർക്ക് അദ്ദേഹം ആദ്യം വിദ്യ നൽകിയില്ല. അവർക്ക് അതിനുള്ള യോഗ്യതയായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മനസ്സും ശരീരരവും പാകപ്പെടാൻ അദ്ദേഹം അവരെ ലളിതമായ ശീലങ്ങൾ പഠിപ്പിച്ചു. അങ്ങനെ എണ്പത്തിനാല് വർഷങ്ങൾ കടന്നുപോയി. ശിഷ്യരിൽ  ഏഴ് പേര് അവശേഷിച്ചു.  അവർ  സപ്തർഷികൾ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. അവർ മരീചി, അത്രി, അംഗിരസ്സ്, പുല ഹൻ,  പുലസ്ത്യൻ,  ക്രതു, വസിഷ്ഠൻ. ഭഗവാൻ  ശിവനെയും ആദി ഗുരുവായി കരുതുന്നുണ്ട്.

ഒരു പൗർണമി രാവിൽ അദ്ദേഹം അവർക്ക് വിദ്യ പറഞ്ഞുകൊടുത്തു.  ഈ ദിവസം ഗുരു പൂർണ്ണിമയായി ആഘോഷിക്കുന്നു. ഭാരതീയ സംസ്കാരത്തിൽ പവിത്രമായ ഒരു ഉത്സവമായി ഇത് കൊണ്ടാടുന്നു ഗുരു എന്ന വാക്ക് സംസ്കൃതമാണ്.  ഇതിന്റെ അർഥം അന്ധകാരത്തെ അകറ്റുന്നവൻ എന്നാണു.  അജ്ഞതയുടെ ഇരുട്ടിൽ തപ്പുന്ന ശിഷ്യന് അറിവിന്റെ പ്രകാശം ഗുരു നൽകുന്നു. ആദിഗുരുവായ പരമശിവൻ ആദ്യമായി സപ്തർഷികൾക്ക് യോഗവിദ്യ പകർന്നുനൽകിയ ദിവസമാണ് ഗുരുപൂർണിമ എന്ന് ഇഷ ഫൗണ്ടേഷൻ പോലുള്ള ആത്മീയ പ്രസ്ഥാനങ്ങൾ വിശ്വസിക്കുന്നു. ആഷാഡ മാസത്തിലെ പൗർണമി ദിനമാണ് ഗുരുപൂർണിമ ദിനമായി ആചരിക്കുന്നത്. ഈ ദിവസത്തിന് ആദ്ധ്യാത്മികമായും ശാസ്ത്രീയമായും വളരെയേറെ പ്രത്യേകതകളുണ്ട്. സൂര്യൻ ഉത്തരായനത്തിലേക്ക് കടക്കുന്ന ദിവസം കൂടിയാണ് ഇത്.
ആചാര്യ ദേവോ ഭവ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം "അധ്യാപകൻ ദൈവത്തിന് തുല്യനാണ്" അല്ലെങ്കിൽ "ഗുരുവിനെ ദൈവമായി കാണുക എന്നാണ്.  തൈത്തിരീയ ഉപനിഷത്തിലെ "മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ, അതിഥി ദേവോ ഭവ" എന്ന പ്രശസ്തമായ വേദവചനത്തിൽ നിന്നാണ് ഇത് രൂപംകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ നമ്മുടെ ജീവിതത്തിൽ വെളിച്ചം പ്രദാനം ചെയ്ത ഗുരുക്കന്മാരോടുള്ള ആദരവാണ് ഈ  വാചകം ഓർമ്മിപ്പിക്കുന്നത്. കഠോപനിഷത്തിലെ പ്രശസ്തമായ ഒരു വചനമാണ് . "ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത" - എഴുന്നേൽക്കുക, ഉണരുക, ശ്രേഷ്ഠരായ ഗുരുക്കന്മാരെ സമീപിച്ച് അറിവ് നേടുക എന്നാണ് ഇതിന്റെ പൂർണ്ണമായ അർത്ഥം.ഇതിലും ഒരു ഗുരുവിന്റെ ആവശ്യകത പ്രകടമാണ്.  സ്വാമി വിവേകാനന്ദൻ തന്റെ പ്രഭാഷണങ്ങളിലൂടെ ഈ വചനം ജനങ്ങളിലേക്ക് എത്തിക്കുകയും ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് കർമ്മനിരതരാകാനുള്ള ആഹ്വാനമായി ഇത് ഉപയോഗിക്കുകയും ചെയ്തു. ഭഗവദ്ഗീത 4.34-ൽ ശ്രീകൃഷ്ണൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഒരു ആത്മീയ ഗുരുവിനെ സമീപിച്ച് സത്യം മനസ്സിലാക്കുക. അദ്ദേഹത്തോട് ആദരവോടെ അന്വേഷിക്കുകയും അദ്ദേഹത്തെ സേവിക്കുകയും ചെയ്യുക. സത്യം സാക്ഷാത്കരിച്ച അങ്ങനെയൊരു ജ്ഞാനിക്ക് മാത്രമേ നിനക്ക് ആ ജ്ഞാനം പകർന്നുതരാൻ കഴിയൂ."

ഗുരുബ്രഹ്മ, ഗുരുവിഷ്ണു ഗുരുദേവോ മഹേശ്വേര:ഗുരു സാക്ഷാൽ പരം ബ്രഹ്മം തസ്മയ് ശ്രീ ഗുരുവേ  നമ:സ്കന്ദപുരാണത്തിലെ  ഗുരുഗീത എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. എപ്പോഴും ധ്യാനസ്വഭാവത്തിൽ കാണുന്ന ശിവനോട് അതിന്റെ കാരണം അന്വേഷിക്കുന്നു പാർവതി. അപ്പോൾ ശിവൻ നൽകുന്ന മറുപടിയാണ് പ്രസ്തുത ശ്ലോകം. അർഥം  ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
ഭാരതത്തിൽ നിലനിന്നിരുന്ന 'ഗുരു-ശിഷ്യ ബന്ധത്തിന്റെ' പവിത്രതയെ ഓർമ്മിപ്പിക്കുന്ന ഈ ഉത്സവം ഭാരതീയ സംസ്കാരത്തിന്റെ തുടക്കം മുതൽക്കേ (ആയിരക്കണക്കിന് വർഷങ്ങളായി) അഭംഗുരം തുടർന്നുപോരുന്ന ഒന്നാണ്. പുരാതന ഇന്ത്യയിൽ വേദകാലഘട്ടത്തിലാണ് (ഏകദേശം 3,000 മുതൽ 5,000 വർഷം വരെ പഴക്കമുള്ള) ഗുരു-ശിഷ്യ പരമ്പര ഉത്ഭവിച്ചത്. വാമൊഴിയായുള്ള ഉപദേശങ്ങളിലൂടെയും അടുത്ത വ്യക്തിപരമായ മാർഗനിർദ്ദേശങ്ങളിലൂടെയും ഗുരുവിൽ നിന്ന് ശിഷ്യനിലേക്ക് നേരിട്ട് അറിവ് പകർന്നുനൽകുന്ന രീതിയായിരുന്നു ഇത്. ഗുരുപൂർണിമ പ്രത്യേകമായ ദാർശനികവും മതപരവുമായ വേരുകളുമായി ബന്ധപ്പെട്ട് തുടരുന്നതിനാൽ,  എല്ലാ മതക്കാർക്കുമായി സെപ്തംബര് അഞ്ച് അധ്യാപക ദിനമായി കൊണ്ടാടുന്നു. ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ഒരു ഇന്ത്യൻ ദാർശനികനും പണ്ഡിതനും അധ്യാപകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1952 മുതൽ 1962 വരെ അദ്ദേഹം ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു. പിന്നീട് 1962-ൽ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നു. മതപരവും സാംസ്കാരികവും സ്ഥാപനപരവുമായ അതിർവരമ്പുകൾക്കും അതീതമായി അധ്യാപക ദിനം നിലകൊള്ളുന്നു;

വിദ്യാർത്ഥികൾക്ക് പാഠങ്ങൾ മനസ്സിലാക്കാനും അവരുടെ  സംശയങ്ങൾ ദൂരീകരിക്കാനും സഹായമാകുന്നതിനാൽ     അധ്യാപകർ പ്രധാനപ്പെട്ടവരാണ്. ചോദ്യങ്ങൾ ചോദിക്കാനും തങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കാനും അധ്യാപകർ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. വിദ്യാർത്ഥികളിൽ . ആശയവിനിമയം, ടീം വർക്ക്, പ്രശ്നപരിഹാര ശേഷി എന്നിവ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ ഗണ്യമായ പങ്കു വഹിക്കുന്നു.
ഗുരു എന്നത് ഏതെങ്കിലും ഒരു വ്യക്തി മാത്രമല്ല, അത് അറിവു നേടുന്ന ഒരു പ്രക്രിയയാണ്.. ദൈവങ്ങൾക്കും മഹാന്മാർക്കു പോലും ഗുരുക്കന്മാർ ഉണ്ടായിട്ടുണ്ട്  ശ്രീരാമന്റെ ഗുരു വസിഷ്ഠനായിരുന്നു.  ശ്രീകൃഷ്ണന്റെ സാന്ദീപനി.   ഒരുപാട് ഗുരുക്കന്മാർ നമുക്ക് ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അറിവ് പകർന്നു നൽകുന്ന ഏവരും ഗുരുക്കന്മാരാണ്. അമ്മയാണ് ഒരാളുടെ ആദ്യത്തെ ഗുരു. അതിനാൽ അമ്മയിലും ഗുരു എന്ന സ്ഥാനമുണ്ട്. അച്ഛനും നമുക്ക് ഗുരു തന്നെയാണ്. അതുപോലെ ഒരു ഗുരുവിൽ നമുക്ക് അച്ഛനെയും അമ്മയെയും ഗുരുവിനെയും ദർശിക്കാം.ഭാഗവതപുരാണത്തിൽ ദത്താത്രേയൻ എന്ന മുനി തനിക്ക് ജീവിതത്തിൽ പാഠങ്ങൾ പകർന്നു നൽകിയ 24 ഗുരുക്കന്മാരെ പറ്റി പറയുന്നുണ്ട്. ഇതിൽ ആനയും തേനീച്ചയും പാമ്പും എല്ലാം ഉൾപ്പെടും എന്ന് അദ്ദേഹം യദുവിനോട്  പറയുന്നുണ്ട്.
എന്റെ എല്ലാ ഗുരുക്കന്മാർക്കും ആദരസൂചകമായി ഞാൻ ഈ വരികൾ സമർപ്പിക്കുന്നു.

ശുഭം
 

Join WhatsApp News
സുരേന്ദ്രൻ നായർ 2026-09-05 03:11:10
കാലാതീതമെന്നു കരുതുന്ന ഭാരതീയ സങ്കൽപ്പങ്ങളും സന്ദേശങ്ങളും ഒരു വലിയ സംസ്‌കൃതിയുടെ നിതാന്തമായ ബിംബങ്ങളാണ്. അതിലേക്കു ആഴ്ന്നിറങ്ങുകയും കണ്ടെത്തുന്ന വൈജ്ഞാനിക രഹസ്യങ്ങൾ വർത്തമാന സമൂഹത്തിൽ എത്തിക്കുകയും ചെയ്യുക എന്നത് അനായാസമല്ല. ആ ശ്രമത്തിനു അഭിനന്ദനങ്ങൾ 👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക