Image

ആന്‍ മേരി മാത്യുവിന്റെ വെയ്ക്ക് 6-ന്; കുടുംബത്തിന് താങ്ങായി ഗോ ഫണ്ട് മീ ധനസമാഹരണം

Published on 04 September, 2026
ആന്‍ മേരി മാത്യുവിന്റെ വെയ്ക്ക് 6-ന്; കുടുംബത്തിന് താങ്ങായി ഗോ ഫണ്ട് മീ ധനസമാഹരണം

കാലിഫോര്‍ണിയ: സുഹൃത്തിനാല്‍ കൊല്ലപ്പെട്ട മലയാളി യുവതി ആന്‍ മേരി മാത്യുവിന്റെ (39) മെമ്മോറിയല്‍ സര്‍വീസ് സെപ്റ്റംബര്‍ 6-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 4 മണിവരെ ലിവര്‍മോറിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. മില്‍പിറ്റസില്‍ നടന്ന സംഭവത്തിലാണ് ആന്‍ മേരി മാത്യു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ അനില ബേബിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആന്‍ മേരിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി വെയ്ക്ക് സര്‍വീസിനായി ഫ്യൂണറല്‍ ഹോമില്‍ എത്തിച്ചു.

തിരുവനന്തപുരം കേശവദാസപുരം മറ്റത്ത് വീട്ടില്‍ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജിജി മാത്യുവിന്റെയും മകളും, കോട്ടയം ചിങ്ങവനം പള്ളത്രയില്‍ ജേക്കബ് ആന്‍ഡ്രൂവിന്റെ (മിഥുന്‍) ഭാര്യയുമാണ് ആന്‍ മേരി മാത്യു. ആന്‍ഡ്രീന (13), അലീസ (5) എന്നിവരാണ് മക്കള്‍. സംസ്‌കാര ശുശ്രൂഷ പിന്നീട് നാട്ടില്‍ കോട്ടയം പള്ളം സെന്റ് ഇഗ്ഗ്‌നേഷ്യസ് ജേക്കബറ്റ് സിറിയന്‍ ചര്‍ച്ചില്‍ (കല്ലൂപ്പറമ്പില്‍ പള്ളി) വച്ച് നടത്തുമെന്നാണ് വിവരം. എന്നാല്‍, ആന്‍ മേരിക്ക് പിന്നാലെ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹത്തിന്റെ നില പരിഗണിച്ച് വെയ്ക്ക് സര്‍വീസ് നടത്താന്‍ സാധ്യത വളരെ കുറവാണെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.

അതേസമയം, ആന്‍ മേരിയുടെ ഭര്‍ത്താവ് ജേക്കബിനും രണ്ട് മക്കള്‍ക്കും പിന്തുണ നല്‍കുന്നതിനായി സുഹൃത്തുക്കള്‍ ഗോ ഫണ്ട് മീ വഴി ധനസമാഹരണം ആരംഭിച്ചു. ഭാര്യയുടെ അപ്രതീക്ഷിതവും ദാരുണവുമായ അക്രമത്തില്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിനൊപ്പം, മക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്വവും ജേക്കബിന് മുന്നിലുണ്ട്.

ആന്‍ മേരിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സംസ്‌കാരച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകളും കുടുംബത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ജീവിതത്തെ ആകെ മാറ്റിമറിച്ച ദുരന്തത്തില്‍ നിന്ന് കരകയറി മക്കളോടൊപ്പം ജീവിതം പുനരാരംഭിക്കാന്‍ കുടുംബത്തിന് സാമ്പത്തിക സഹായം അനിവാര്യമായ സാഹചര്യമാണ്.

സംസ്‌കാരച്ചെലവുകള്‍, കുട്ടികളുടെ ആവശ്യങ്ങള്‍, കുടുംബത്തിന്റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി ലഭിക്കുന്ന സംഭാവനകള്‍ ഉപയോഗിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. നിശ്ചിത സമയപരിധിയില്ലെങ്കിലും, ഇപ്പോള്‍ ലഭിക്കുന്ന ഏത് സഹായവും കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് അവര്‍ പറഞ്ഞു.

ആന്‍ മേരി മാത്യുവിന്റെ വേര്‍പാടില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമൂഹത്തിനും ഒപ്പം ദുഃഖം പങ്കുവെച്ച്, അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കുടുംബത്തിന് ഈ വേദന തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥനകള്‍ ഉയരുകയാണ്.

https://gofund.me/d7e92b160 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക