Image

ഹേ! കൃഷ്ണ! (ജയശ്രീ പള്ളിക്കൽ)

Published on 04 September, 2026
ഹേ! കൃഷ്ണ! (ജയശ്രീ പള്ളിക്കൽ)

കണ്ണാ! നിനക്കു ഞാൻ
കാളിയനാകുന്നു
എൻ പത്തിമേൽ നൃത്ത
മാടിത്തിമിർക്കുക!
ഞാന്‍ നിറയ്ക്കുന്നെ-
ന്നഹങ്കാരമൊക്കെയും
നാഗഫണത്തി-
ലുടയ്ക്ക! തൃക്കാലിനാൽ
ഉണ്ണീ! നിനക്കു ഞാൻ
പൂതനയാകുന്നു
എൻ വിഷമൊക്കെയു
മൂറ്റിക്കുടിക്കുക
കൂറുഭാവിച്ചേകു-
മീമുലപ്പാലിൽനി -
ന്നൂറുമെൻ കൻമഷ
ക്ഷ്വേളം ഹരിക്കുക!
എന്നിലെശ്ശകടാസുര
കണ്ഠഖണ്ഡനം
നിൻസുദർശത്തിനാ
ലാവട്ടെ! സത്വരം
ധർമം മരിക്കുന്ന
നേരത്തിലൊക്കെ സദ്
ക്കർമപ്പൊരുളായി-
യെന്നിൽ ജ്വലിക്കുക...
******
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക