Image

മൂന്ന് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ടീമുകള്‍ ഇന്ത്യയിലേക്ക് (സനില്‍ പി. തോമസ്)

Published on 04 September, 2026
മൂന്ന് ലാറ്റിന്‍ അമേരിക്കന്‍  ഫുട്‌ബോള്‍ ടീമുകള്‍  ഇന്ത്യയിലേക്ക് (സനില്‍ പി. തോമസ്)

ലിയണല്‍ മെസി നായകനായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ ഇടപാടുകള്‍ അ്‌ന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ന് ആദ്യ യോഗം ചേര്‍ന്നു. എ.ഡി.ജി.പി. പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. കേരളം മേല്‍പറഞ്ഞ തട്ടിപ്പ് ചര്‍ച്ച ചെയ്യുമ്പോള്‍ ദക്ഷിണ അമേരിക്കയില്‍ നിന്ന് മൂന്നു ദേശീയ ടീമുകള്‍ ഇന്ത്യയില്‍ കളിക്കുന്നതാണ് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വാര്‍ത്ത.


ബ്രസീല്‍ ടീം ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ കളിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ സെപ്റ്റംബര്‍ 26 ന് പാനമ  ടീം ബെഗളൂരുവില്‍  കളിക്കുമെന്നും യുറുഗ്വെ ടീം ഒക്ടോബര്‍ ആറിന് കൊല്‍ക്കത്തയില്‍ മത്സരിക്കുമെന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു.


ബ്രസീല്‍ അഞ്ചു തവണ ലോകകപ്പ് നേടിയ രാജ്യമാണ്. യുറുഗ്വെ പ്രഥമ ലോകകപ്പില്‍ ഉള്‍പ്പെടെ രണ്ടു തവണ വിജയികളാണ്. പാനമയും ഇക്കഴിഞ്ഞ ലോകകപ്പില്‍ പങ്കെടുത്ത രാജ്യമാണ്. ഫിഫയുടെ സൗഹൃദ മത്സരങ്ങളുടെ ഒരേ വിന്‍ഡോയില്‍ മൂന്ന് വിദേശ ടീമുകൾ ഇന്ത്യയില്‍ കളിക്കാന്‍ വരു ന്നത് വലിയ നേട്ടമാണ്. അതാകട്ടെ ലോക ഫുട്‌ബോളില്‍ കരുത്തുകാട്ടിയ മൂന്നു ദേശീയ ടീമുകളും.


ദേശീയ കോച്ച് ഖാലിദ് ജമാല്‍ പ്രഖ്യാപിച്ച 26 അംഗ  ഇന്ത്യന്‍ ടീമില്‍ നാലു മലയാളികളുണ്ട്. ബിജോയ് വര്‍ഗീസ്(ഡിഫന്‍ഡര്‍), മുഹമ്മദ് സനാന്‍, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കരുണിയന്‍(മിഡ്ഫീല്‍ഡര്‍മാര്‍) എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ കേരള താരങ്ങള്‍. കഴിഞ്ഞ ഡിസംബറില്‍ ലിയണല്‍ മെസി കൊല്‍ക്കത്തയില്‍ എത്തിയെങ്കിലും ചടങ്ങ് അലങ്കോലപ്പെടുകയും ടിക്കറ്റെടുത്ത 33, 000 പേര്‍ക്ക് മെസിയെ കാണാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. നാലായിരം രൂപ മുതല്‍ 6000 രൂപ വരെ മുടക്കി ടിക്കറ്റെടുത്തവരാണിവര്‍. ഇവര്‍ക്കെല്ലാം ടിക്കറ്റിന്റെ വില മടക്കി നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഓഗസ്റ്റ് 29ന് ദേശീയ കായികദിനം ആഘോഷിച്ചപ്പോള്‍ പറഞ്ഞിരുന്നു. മമതാ ബാനര്‍ജി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. മമതാ ബാനര്‍ജി നേരത്തെ പരസ്യമായി മാപ്പു പറഞ്ഞതാണ്.


കൊല്‍ക്കത്തയില്‍ സ്ഥാപിച്ച മെസിയുടെ 70 അടി ഉയരമുള്ള പ്രതിമ കാറ്റില്‍ ഇളകയതിനെത്തുടര്‍ന്ന് ജനുവരി ആദ്യം ഇളക്കിമാറ്റിയിരുന്നു. ബംഗാളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തിരിച്ചടി നേരിട്ട സംഭവങ്ങള്‍ക്കു പിന്നാലെയാണ് ഇരട്ടനേട്ടം കൈവരുന്നത്. സൗഹൃദ മത്സരങ്ങളില്‍ കളിക്കാന്‍ വേണ്ടി ഇന്ത്യ ആസിയന്‍ കപ്പില്‍ നിന്നു പിന്‍മാറുകയും ചെയ്തു. ഒരു രണ്ടാം നിര ടീമിനെ ഇന്തൊനീഷയില്‍ ആസിയന്‍ കപ്പിന് ഇറക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമിച്ചെങ്കിലും ഫിഫ അനുവദിച്ചില്ല.


 എന്നാല്‍ കേരളത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഓസ്‌ട്രേലിയയെ കളിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഓസ്‌ട്രേലിയയുമായും കരാര്‍ ഒപ്പിട്ടിരുന്നതായി അറിഞ്ഞു. 2011 ല്‍ മെസി ഉള്‍പ്പെടെ അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചപ്പോള്‍ വെനസ്വേല ആയിരുന്നു എതിരാളികള്‍. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ അറിയാത്ത നീക്കങ്ങളാണ് കേരളത്തില്‍ നടന്നതെന്നതാണ് വിചിത്രം. അന്വേഷണം നടക്കട്ടെ. ഫലം വൈകാതിരിക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക