
ന്യൂയോർക്ക്: ഹഡ്സൺ വാലിയിലെ കുടുംബങ്ങൾ നേരിടുന്ന വർധിച്ച ജീവിതച്ചെലവിനും രാഷ്ട്രീയ അഴിമതിക്കുമെതിരെ പോരാടുമെന്ന് കോൺഗ്രസ് സ്ഥാനാർഥി കെയ്റ്റ് കോൺലി. യുഎസ് ആർമിയിൽ 16 വർഷം സേവനമനുഷ്ഠിച്ച കോൺലി, ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിനാണ് രാഷ്ട്രീയ പാർട്ടികളേക്കാൾ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി.
പോസ്റ്റൽ ജീവനക്കാരനും നിർമാണ തൊഴിലാളിയുമായ മാതാപിതാക്കളുടെ മകളായി ഹഡ്സൺ വാലിയിലാണ് കോൺലി വളർന്നത്. വെസ്റ്റ് പോയിന്റിൽ പഠനം പൂർത്തിയാക്കിയ ശേഷം ആർമിയിൽ സൈനിക പൊലീസ് ഓഫീസറായി സേവനം ആരംഭിച്ചു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉൾപ്പെടെ ആറുതവണ വിദേശ വിന്യാസം നടത്തിയ അവർ, സ്പെഷ്യൽ ഓപ്പറേഷൻസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്നതിനിടെ മൂന്ന് ബ്രോൺസ് സ്റ്റാർ മെഡലുകൾ നേടി. പിന്നീട് വൈറ്റ് ഹൗസിൽ ഭീകരവിരുദ്ധ വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചു.
കോൺഗ്രസിലെത്തിയാൽ അംഗങ്ങളുടെ ഓഹരി വ്യാപാരം നിരോധിക്കുക, കാലാവധി നിയന്ത്രണം ഏർപ്പെടുത്തുക, കുത്തക വൈദ്യുതി കമ്പനികളുടെ നിരക്കുകൾ നിയന്ത്രിക്കുക, വൻകിട ഫാർമസ്യൂട്ടിക്കൽ, ഇൻഷുറൻസ് കമ്പനികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുക തുടങ്ങിയ നടപടികൾക്ക് മുൻതൂക്കം നൽകുമെന്ന് അവർ വ്യക്തമാക്കി.
17-ാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ നേതൃത്വത്തിൽ കോൺലിയുടെ പ്രചാരണത്തിനായി ധനസമാഹരണ പരിപാടി സംഘടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഓറഞ്ച്ബർഗിലെ സിതാർ പാലസ് റെസ്റ്റോറന്റിലാണ് പരിപാടി. 38 ഓറഞ്ച്ടൗൺ ഷോപ്പിങ് സെന്റർ, ഓറഞ്ച്ബർഗ്, ന്യൂയോർക്ക് 10962 ആണ് വേദി.
കോൺലിയെയും പ്രചാരണ സംഘത്തെയും നേരിൽ കാണാനും പ്രചാരണത്തിൽ എങ്ങനെ പങ്കാളികളാകാമെന്ന് മനസിലാക്കാനും പരിപാടിയിലൂടെ അവസരമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകുന്ന ഓരോ സംഭാവനയും വോട്ടർമാരിലേക്ക് എത്താനും എതിർപ്രചാരണങ്ങളെ നേരിടാനും സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഡൊണാൾഡ് ട്രംപിനെയും മൈക്ക് ലോലറെയും വിമർശിച്ച കോൺലി, 'കരിയർ രാഷ്ട്രീയക്കാർ' പ്രത്യേക താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനാൽ അതിന്റെ സാമ്പത്തികഭാരം സാധാരണ കുടുംബങ്ങൾ ഏറ്റെടുക്കേണ്ടിവരുന്നതായും ആരോപിച്ചു. നവംബർ 3നാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 24ന് ഏർളി വോട്ടിങ് ആരംഭിക്കും.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഹോസ്റ്റ് കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക: അഭിനീത് ഝാ (201-951-9640), മംത ആര്യ (845-641-9049), അജയ്‌വീർ ചാപോട്ട്കട്ട് (845-536-1910), ആനി പോൾ (845-304-1580), സണ്ണി കല്ലൂപ്പാറ (845-596-0935), വിശ്വനാഥൻ കുഞ്ഞുപിള്ള (914-804-1680), ഷൈമി ജേക്കബ് (845-445-1000), കുരുവിള ചെറിയാൻ (845-642-9059).
രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക :