
വാഷിങ്ടൺ: എഫ്ബിഐയും യുഎസ് നീതിന്യായ വകുപ്പും തന്റെ ഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ചിരുന്നതായി അറിയിച്ചെന്ന് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യം. വിർജീനിയ സ്റ്റേറ്റ് സെനറ്റർ ലൂയി ലൂക്കസുമായുള്ള സംഭാഷണങ്ങളാണ് ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചതെന്നാണ് വിവരം.
സംഭവം വളരെ ആശങ്കാജനകമാണെന്നും അങ്ങേയറ്റം സംശയാസ്പദമാണെന്നും ഡെമോക്രാറ്റായ സുബ്രഹ്മണ്യം പ്രതികരിച്ചു. വിർജീനിയയിലെ പത്താം കോൺഗ്രസ് ജില്ലയെ പ്രതിനിധീകരിക്കുന്ന സുബ്രഹ്മണ്യം വ്യാഴാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിലാണ് ഫോൺ നിരീക്ഷണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിർജീനിയയിലെ മണ്ഡല പുനർനിർണയ ഹിതപരിശോധനയുടെ പ്രചാരണം ശക്തമായിരുന്ന സമയമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഫ്രി എപ്‌സ്റ്റീൻ അന്വേഷണവുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ പാം ബോണ്ടിയോട് കോൺഗ്രസ് മേൽനോട്ട സമിതി വിശദീകരണം ആവശ്യപ്പെട്ടിരുന്ന കാലയളവുമായിരുന്നു ഇതെന്ന് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.
ട്രംപ് ഭരണകൂടം നീതിന്യായ വകുപ്പിനെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, തന്റെ സംഭാഷണങ്ങൾ നിരീക്ഷിച്ചതിന്റെ ലക്ഷ്യം താനായിരുന്നുവെന്ന് സുബ്രഹ്മണ്യത്തിന്റെ പ്രസ്താവനയിൽ പറയുന്നില്ല. സെനറ്റർ ലൂയി ലൂക്കസിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് സംഭാഷണങ്ങൾ നിരീക്ഷിച്ചതെന്നാണ് അദ്ദേഹത്തിന് ലഭിച്ച വിവരം.
തങ്ങളെ ഭയപ്പെടുത്താനും ട്രംപിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനുമാണ് നിരീക്ഷണം നടത്തിയതെങ്കിൽ അത് വിജയിക്കില്ലെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി. ഭരണകൂടത്തിനെതിരായ അന്വേഷണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിൽ ജനിച്ച സുബ്രഹ്മണ്യം അമേരിക്കയിലാണ് വളർന്നത്. 2024ൽ വിർജീനിയയിൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് വിർജീനിയ ജനറൽ അസംബ്ലിയിൽ അംഗമായിരുന്നു.