Image

വാഷിംഗ്ടൺ ഡിസി യിൽ ഓണാഘോഷം സെപ്റ്റംബർ പന്ത്രണ്ടിന്

Published on 04 September, 2026
വാഷിംഗ്ടൺ ഡിസി യിൽ ഓണാഘോഷം സെപ്റ്റംബർ പന്ത്രണ്ടിന്

അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലും സമീപപ്രദേശങ്ങളായ വിർജീനിയയിലും മേരിലാന്റിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൺ (KAGW) ന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം “സഹ്യാദ്രി” സെപ്റ്റംബർ 12 ശനിയാഴ്ച്ച മേരിലാൻഡിലെ ഗൈതേർസ്ബർഗ് ഹൈസ്കൂളിൽ വെച്ച് നടത്തുന്നതാണ്.

ഉച്ചക്ക് പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന  ഓണസദ്യയോടുകൂടി ആഘോഷങ്ങൾ ആരംഭിക്കും. രണ്ട് മണിക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ എഴുന്നള്ളിച്ച് കൊണ്ടുള്ള ഘോഷയാത്രയോടെ വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിക്കും. ശ്യാമ ഗിരീഷിന്റെ നേതൃത്വത്തിൽ ഇരുന്നൂറിൽ അധികം കലാകാരന്മാരും കലാകാരികളും കേരളത്തിന്റെ തനത് കലാരൂപങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ തയാറെടുത്ത് കൊണ്ടിരിക്കുകയാണ്.

ഗണേഷ് ഭട്ടിന്റെ  സംവിധാനത്തിൽ അരങ്ങേറുന്ന സഹ്യാദ്രി എന്ന നാടകശില്പം പ്രേക്ഷകർക്ക്  കേരളത്തിന്റെ സംസ്കാരത്തിലേക്കും പാരമ്പര്യങ്ങളിലേക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു യാത്രയായിരിക്കും. കേരളത്തിലെ വിവിധ  ജില്ലകളിലേക്ക്  ഒരു  പിതാവും പുത്രിയും നടത്തുന്ന യാത്രയുടെ കഥ പറയുന്ന സഹ്യാദ്രി അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് കേരളത്തിലെ വിവിധ സ്ഥലങ്ങളെപ്പറ്റിയും, ചരിത്രത്തെപ്പറ്റിയും, വൈവിധ്യമാർന്ന സാംസ്കാരിക  പൈതൃകത്തെപ്പറ്റിയും അറിയാൻ ഉള്ള അവസരം നൽകും.

KAGW ഗോൾഡൻ ജൂബിലി കപ്പിന് വേണ്ടിയുള്ള വടംവലി മത്സരത്തിന്റെ ഫൈനലും ഉറിയടി മത്സരവും ആഘോഷങ്ങൾക്കു ആവേശം പകരും. പ്രസിഡന്റ് Dr. നാരായണൻ വളപ്പിലിന്റെയും, സെക്രട്ടറി റിനോഷ് ഡാന്റിസിന്റെയും നേതൃത്വത്തിൽ വലിയൊരു സംഘം പ്രവർത്തകർ ആഘോഷത്തിന്റെ  ഒരുക്കത്തിൽ ആണ്. സദ്യക്കും കലാപരിപാടികൾക്കും ഉള്ള ടിക്കറ്റ് www.kagw.com  എന്ന വെബ്‌സൈറ്റിൽ നിന്ന് സെപ്തംബര് 8 ചൊവ്വാഴ്ച  വരെ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് secreatary@kagw.com എന്ന വിലാസത്തിൽ   ബന്ധപ്പെടാവുന്നതാണ്.      
 

വാഷിംഗ്ടൺ ഡിസി യിൽ ഓണാഘോഷം സെപ്റ്റംബർ പന്ത്രണ്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക