Image

വന്ദേമാതരം (രാജു മൈലപ്രാ)

Published on 04 September, 2026
വന്ദേമാതരം (രാജു മൈലപ്രാ)

' നമ്മള്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണ്?' 
'അതെന്തിനാ മാഷേ- ഈ ' നമ്മള്‍ വിദ്യാര്‍്ത്ഥികള്‍' അസ്വസ്ഥരാകുന്നത്?'

' ഉത്തമാ 'നീ മാഷിന്റെ സ്റ്റഡിക്ലാസില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്?'

'എന്നാല്‍ കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മള്‍ അസ്വസ്ഥരാകുന്നത്'-

കോട്ടപ്പള്ളി ദയനീയമായി മാഷിന്റെ മുറത്തേക്ക് നോക്കി. സത്യം പറഞ്ഞാല്‍ മാഷിനുപോലും. മാഷ് പറയുന്നതിന്റെ അര്‍ത്ഥം പലപ്പോഴും പിടികിട്ടുകയില്ല.

'നിങ്ങള്‍ സര്‍ക്കാര്‍ പരിപാടിയില്‍ വേന്ദമാതരം പൂര്‍ണ്ണമായി ചൊല്ലിയതു കേട്ടില്ലേ'

'അതിനു നമ്മള്‍ക്കെന്നാ?' നമ്മളാരും അവിടെ പോയില്ലല്ലോ!'

' നമ്മള്‍ അവിടെ പോയോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത് RSS അജണ്ട നടപ്പാക്കാനുള്ള ഒരു പദ്ധതിയാണ്. ഇതിനെതിരേ നമ്മള്‍ ശക്തമായ സമരം നടത്തണം. സര്‍ക്കാരിനെതിരേ സമരം ചെയ്യുവാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കരുത്'

(സത്യം പറഞ്ഞാല്‍ ഈയുള്ളവനും 'വന്ദേമാതരം' എന്ന ഗാനം പൂര്‍ണ്ണമായി പൊതു പരിപാടികളില്‍ ആലപിക്കുന്നതിനോട് വലിയ യോജിപ്പില്ല. ആദ്യം 'വന്ദേമാതരം' അതിനു പിന്നാലെ 'ജനഗണമന' - സ്റ്റേജില്‍ വടിപോലെ നില്‍ക്കുവാന്‍ ശ്രമിക്കുന്ന പല വന്ദ്യ വയോധികരും തലകറങ്ങി താഴെ പോകുമോ എന്നെനിക്കു തോന്നി.)

' അപ്പോള്‍ നമ്മള്‍ എന്തു ചെയ്യണം എന്നാണ് മാഷ് പറയുന്നത്?'

'ജനജീവിതം സ്തംഭിപ്പിക്കണം. ബസ്സിനു കല്ലെറിയണം, കടകമ്പോളങ്ങള്‍ അടപ്പിക്കണം- പോലീസ് ബാരിക്കേഡിനു മുകളില്‍ കയറി പോലീസുകാരെ 'പട്ടികളെ' എ്ന്നു വിളിക്കണം. അതുകൊണ്ടൊന്നും അവര്‍ പ്രകോപിതരാകുന്നില്ലെങ്കില്‍, ഏതെങ്കിലും സബ് ഇന്‍സ്‌പെക്ടറുടെ കൊങ്ങയ്ക്ക് പിടിക്കണം. അപ്പോള്‍ അവര്‍ ജലപീരങ്കി ചീറ്റും. പുറകെ ലാത്തി വീശും. ആരുടെയെങ്കിലും കൈയില്‍ ചുവന്ന മഷിക്കുപ്പി കരുതണം- ക്യാമറയുടെ കണ്ണില്‍പ്പെടാതെ അതു നിങ്ങളുടെ നേതാവിന്റെ ദേഹത്ത് ഒഴിക്കണം. എന്നിട്ട് അവനേയും പൊക്കിയെടുത്ത് കൊണ്ട് ആശുപത്രിയിലേക്ക് പോകണം. ഒരു വനിതാ നേതാവു കൂടി ഉണ്ടെങ്കില്‍ സംഗതി കൊഴുപ്പിക്കാം'- മാഷ് പറഞ്ഞു നിര്‍ത്തി.

'മാഷേ' ഒരു സംശയം- നിങ്ങളുടെയാരുടേയും മക്കളൊന്നും ഈ സമരത്തില്‍ പങ്കെടുത്ത് തല്ലുകൊള്ളാത്തതെന്താ?'

മാഷ് ഒന്ന് ഇളിച്ചുകാണിച്ചിട്ടു പറഞ്ഞു:
'എടാ! പൊട്ടാ'  അവരൊക്കെ ഭാവിയില്‍ മന്ത്രിമാരാകുവാനു്ള്ളവരാ- അല്ലാതെ നിന്നേപ്പോലെയൊക്കെ തലയ്ക്കടി വാ്ങ്ങിക്കുവാന്‍ നടക്കുന്നവരല്ല.

സമരപദ്ധതി പറഞ്ഞതുപോലെ നടപ്പാക്കി. കുറെയെണ്ണം തല്ലുവാങ്ങിച്ചു. ലോകകപ്പ് ജേതാക്കളെ പോലെ അവരെ 'പോയും പോയും' വിളിച്ച് മേല്‍പ്പോട്ടും കീഴ്‌പ്പോട്ടും എറിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു.

തന്നെ നടക്കാന്‍ വയ്യാത്ത നേതാക്കള്‍ ആശുപത്രിയിലെത്തി തല്ലുകൊണ്ടവരെ സന്ദര്‍ശിച്ച ശേഷം ഒരു പത്രസമ്മേളനം നടത്തി.

' ഇത്തരം കാര്യങ്ങളില്‍ പ്രതിക്ഷേധിക്കുന്നില്ലെങ്കില്‍ പിന്നെ വിദ്യാര്‍ത്ഥിയാണോ?' എന്ന് അദ്ദേഹം ഊന്നി ഊന്നി ചോദിച്ചു.

അതുകേട്ട് താടി നരച്ചുതുടങ്ങിയ വിദ്യാര്‍ത്ഥികള്‍ തല്ലുകൊണ്ട് ഭാഗം  തടവികൊണ്ട്, നാളെയും സമരം ചെയ്യുവാനുള്ള ഊര്‍ജ്ജം സമ്പാദിക്കുവാന്‍ വേണ്ടി ഒളിത്താവളങ്ങളിലേക്ക് മടങ്ങി.

****  ****  ****

അതിനു ശേഷം ഒരു മതപണ്ഢിതന്‍ തന്റെ വിജ്ഞാനം ഒരു പൊതുവേദിയില്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.

' സ്ത്രീകള്‍ പൊതുവേദികളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് വലിയ നാശത്തിനുള്ള കാരണമാകും. സ്ത്രീകള്‍ വീടുകളില്‍ കഴിയുന്നതിനാണ് മുന്‍ഗണന. ഇതു സ്ത്രീകളെ താഴ്ത്തിക്കെട്ടാനല്ല. മറിച്ച്, സ്വര്‍ണ്ണമാല പെട്ടിയില്‍ സൂക്ഷിക്കുന്നതുപോലെ അവരെ ആദരിക്കാനും സംരക്ഷിക്കാനുമാണെന്ന് അദ്ദേഹം ഉദാഹരിച്ചു.

പ്രായമുള്ള പണ്ഡിതനല്ലേ? അദ്ദേഹത്തിന്റെ അറിവിനെ നമ്മള്‍ എന്തിനു ചോദ്യം ചെയ്യണം? ആ സമുദായത്തില്‍പ്പെട്ട എത്രയോ സ്ത്രീകള്‍ പൊതു സമൂഹത്തില്‍ മാന്യമായ രീതിയില്‍ പുരുഷന്മാരോടൊപ്പം പ്രവര്‍ത്തിക്കുന്നു. പണ്ട് കാട്ടിലെ രാജാവായ ഒരു സിംഹം, തന്റെ രാജ്ഞിയായ സിംഹിയോട് പറഞ്ഞതുപോലെ 'വിട്ടുകള'

****  ****  ****

പൊതുവെ വലിയ വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്ത ഒരു സഭയുടെ വൈദീക ട്രസ്റ്റി ഈയിടെ ഒരു കാച്ചുകാച്ചി. വിവാഹത്തിനു മുമ്പ് HIV ടെസ്റ്റ് നടത്തണമെന്നുള്ള ലളിതമായ ഒരു ആവശ്യം. വിവാഹത്തിനായി ഇന്നു കൊണ്ടുവരുന്ന 'ശരീരങ്ങള്‍' ്അത്ര പറ്റിയതല്ലെന്നും, മക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ കുടുംബ സംഗമത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഏതായാലും പെണ്‍കുട്ടികളുടെ ' കന്യാചര്‍മം' പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ! അത്രേം ആശ്വാസം!

(ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പലരുടേയും പേരുകള്‍ കൂടി എഴുതണമെന്നുണ്ടായിരുന്നു. അതിനു ധൈര്യപ്പെടാത്തത് ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ്.

(മുന്‍കൂര്‍ ജാമ്യം: ജിവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആരുമായി ഈ ലേഖനത്തിന് ഒരു ബന്ധവുമില്ല).
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക