
ഫിലഡല്‍ഫിയ: ഉത്തരവാദ മാധ്യമപ്രവര്‍ത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയര്‍ത്തി, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ), ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ, 2026-2028 പ്രവര്‍ത്തനവര്‍ഷങ്ങളുടെ, ഉദ്ഘാടനം പ്രൗഢമായി നടന്നു. മാധ്യമ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് പ്രവര്‍ത്തനോദ്ഘാടനം ഗംഭീരമായി.
''ജീര്‍ണ്ണതയ്ക്കും മൂല്യച്യുതിക്കും എതിരായ ജേര്‍ണലിസത്തിന്റെ ജനുസ്സിലാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാനം'' എന്ന ആശയം സമ്മേളനത്തിന്റെ സന്ദേശമായി ഉയര്‍ന്നു. വാര്‍ത്തകളുടെ വേഗത്തിനും മത്സരത്തിനും അപ്പുറം, സത്യസന്ധതയും വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തനമാണ് , ഇന്നിന്റെ ആവശ്യം എന്ന്, പ്രഭാഷകര്‍ ഊന്നിപ്പറഞ്ഞു..
മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ലിജോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫിലഡല്‍ഫിയ സിറ്റി കൗണ്‍സിലര്‍ ഡോ. നീന അഹമ്മദ് മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ പ്രൊഫ. കോശി തലക്കല്‍ വിജ്ഞാനപ്രഭാഷണം നടത്തി. ഐ.പി.സി.എന്‍.എ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും മുന്‍ നാഷണല്‍ പ്രസിഡന്റുമായ സുനില്‍ ട്രൈസ്റ്റാര്‍ ദേശീയ ഐ.പി.സി.എന്‍.എ യുടെ വളര്‍ച്ചയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിച്ചു.
അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ. ജോജി എം. മാത്യു, ഐ.പി.സി.എന്‍.എ മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ഡബ്ല്യു.എം.എഫ് പ്രസിഡന്റ് ഡോ. ആനി ലിബു, സിനിമാ കലാകാരിയും മാധ്യമപ്രവര്‍ത്തകയുമായ സുവര്‍ണ മാത്യു, ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, അരുണ്‍ കോവാട്ട്, അലക്‌സ് തോമസ് (പമ്പ), ബിന്ദു ഏബ്രാഹം (പിയാനോ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സുധ കര്‍ത്ത സ്വാഗതവും ട്രഷറര്‍ റോജിഷ് സാമുവേല്‍ നന്ദിയും പ്രകാശിപ്പിച്ചു. കലാകാരിയും നഴ്‌സ് പ്രാക്ടീഷണറുമായ സിര്‍ലി ജീവന്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി സമ്മേളന നടപടികള്‍ ചിട്ടയോടെ ഏകോപിപ്പിച്ചു. യുവചലച്ചിത്രതാരം റേച്ചല്‍ ഉമ്മന്‍ അമേരിക്കന്‍ ദേശീയഗാനവും ജൈസണ്‍ ഫിലിപ്പ് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.
ഭദ്രദീപം തെളിച്ച് 2026-2028 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായത്.
പുതിയ തലമുറയെ മാധ്യമരംഗത്തേക്ക് ആകര്‍ഷിക്കുകയും മാധ്യമപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ചാപ്റ്റര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ലിജോ ജോര്‍ജ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെ ഒരുമിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഫിലഡല്‍ഫിയ ചാപ്റ്റര്‍ മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്ററില്‍ ആദരവുകള്‍:
ഫിലഡല്‍ഫിയ സിറ്റി കൗണ്‍സിലിന്റെ പ്രശംസാപത്രം (Citation/Commendation) സിറ്റി കൗണ്‍സിലര്‍ ഡോ. നീന അഹമ്മദ് ചാപ്റ്റര്‍ പ്രസിഡന്റ് ലിജോ ജോര്‍ജിന് സമ്മാനിച്ചത് സമ്മേളനത്തിന്റെ ശ്രദ്ധേയ നിമിഷമായി.
പ്രൊഫ. കോശി തലക്കലിനെ, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ അമൂല്യ സംഭാവനകള്‍ മാനിച്ച്, സിറ്റി കൗണ്‍സിലര്‍ ഡോ. നീന അഹമ്മദും , ഇന്ത്യ പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ ട്രൈസ്റ്റാറും ചേര്‍ന്ന്, പൊന്നാട അണിയിച്ച് ആദരിച്ചു.
ഉത്തരവാദ മാധ്യമപ്രവര്‍ത്തനത്തിന് ഐ.പി.സി.എന്‍.എയുടെ കൂട്ടായ്മ: സുനില്‍ ട്രൈസ്റ്റാര്‍
വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ, ഒരു പൊതുവേദിയില്‍ അണിനിരത്തുകയും, മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. ദേശീയതലത്തിലുള്ള സമ്മേളനങ്ങള്‍, മാധ്യമ സെമിനാറുകള്‍, സംവാദങ്ങള്‍, മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന പരിപാടികള്‍, പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രോത്സാഹനം, ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായുള്ള ആശയവിനിമയ വേദികള്‍, എന്നീ പ്രവര്‍ത്തനങ്ങളിലൂടെ സംഘടന സജീവ സാന്നിധ്യം പുലര്‍ത്തിവരുന്നു എന്ന് സുനില്‍ ട്രൈസ്റ്റാര്‍ പ്രസംഗത്തില്‍ പറഞ്ഞു. 2027 ജനുവരി ആദ്യ ആഴ്ച, കേരളത്തില്‍ നടക്കാനിരിക്കുന്ന മാധ്യമശ്രീ അവാര്‍ഡിന്റെ ഒരുക്കങ്ങള്‍ക്കായി കേരളം സന്ദര്‍ശിക്കുന്ന നാഷണല്‍ പ്രസിഡന്റ് രാജു പള്ളത്ത്, നാഷണല്‍ സെക്രട്ടറി അനില്‍കുമാര്‍ ആറന്മുള, നാഷണല്‍ ട്രഷറര്‍ ജയന്‍ ജോസഫ് എന്നിവരെ പ്രതിനിധാനം ചെയ്ത്, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ലിജോ ജോര്‍ജിനും ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും, ഭാവുകാശംസകള്‍, സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു.
ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് ഐ.പി.സി.എന്‍.എ വേദിയൊരുക്കുന്നു
മാധ്യമസ്വാതന്ത്ര്യം, മാധ്യമധാര്‍മ്മികത, വാര്‍ത്തകളുടെ വിശ്വാസ്യത, പുതിയ സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന അവസരങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതിലും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുനാടന്‍ മലയാളികളുടെ നേട്ടങ്ങളും പ്രശ്‌നങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുന്നതിലും, അമേരിക്കന്‍ മലയാളി സമൂഹത്തെയും കേരളത്തെയും ഇന്ത്യയെയും മാധ്യമങ്ങളിലൂടെ കൂടുതല്‍ അടുപ്പത്തോടെ ബന്ധിപ്പിക്കുന്നതിലും, ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക്, നിര്‍ണായക പങ്കുണ്ടെന്ന സന്ദേശവും സമ്മേളനത്തില്‍ ഉയര്‍ന്നു.
മാധ്യമരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പ്രിന്റ്, ടെലിവിഷന്‍, ഓണ്‍ലൈന്‍, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ വിവിധ മാധ്യമമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരുമിപ്പിച്ച് അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കുന്നതും ഐ.പി.സി.എന്‍.എയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമാണ്.
ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പുതിയ പ്രവര്‍ത്തനകാലയളവില്‍; മാധ്യമ സെമിനാറുകള്‍, പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ്, യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രോത്സാഹന പദ്ധതികള്‍, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലെ സംവാദങ്ങള്‍, വിവിധ സംഘടനകളുമായുള്ള സഹകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള പ്രതിബദ്ധതയാണ് പ്രവര്‍ത്തനോദ്ഘാടന സമ്മേളനം മുന്നോട്ടുവച്ചത്.
സംഗീതവിരുന്നും സംഘടനകളുടെ സാന്നിധ്യവും
സാംസണ്‍ (ഹെവന്‍ലി ബീറ്റ്‌സ്), റേച്ചല്‍ ഉമ്മന്‍, ജൈസണ്‍, സുമോധ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനങ്ങള്‍ ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ സമ്മേളനത്തിന് സംഗീത സാന്ദ്രതയേകി. ഫൊക്കാന, ഫോമ, മാപ്പ്, പമ്പ, പിയാനോ, ഐ.ഒ.സി, ട്രൈസ്റ്റേറ്റ് കേരള ഫോറം, കോട്ടയം അസോസിയേഷന്‍, ഓര്‍മ ഇന്റര്‍നാഷണല്‍, പാത്ത് തുടങ്ങി നിരവധി സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി ആശംസകള്‍ നേര്‍ന്നു. വിവിധ സംഘടനകളുടെ സജീവ പങ്കാളിത്തം, ഫിലഡല്‍ഫിയ മലയാളി സമൂഹവും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സഹകരണത്തിന്റെ, തീക്ഷ്ണമായ പ്രതിഫലനമായി.
മാധ്യമപ്രവര്‍ത്തനം വാര്‍ത്തകള്‍ കൈമാറുന്ന പ്രക്രിയ മാത്രമല്ലെന്നും, സമൂഹത്തിന്റെ നന്മയ്ക്കായി, സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുകയും, തെറ്റുകളെയും ജീര്‍ണ്ണതകളെയും ചോദ്യം ചെയ്യുകയും, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന, സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശമാണ്, സമ്മേളനത്തിലുടനീളം പ്രതിധ്വനിച്ചത്.
മാധ്യമപ്രവര്‍ത്തകരെയും സാമൂഹിക-സാംസ്‌കാരിക സംഘടനകളെയും പുതുതലമുറയെയും ഒരേ വേദിയില്‍ അണിനിരത്തിയ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം, ഐ.പി.സി.എന്‍.എയുടെ പുതിയ പ്രവര്‍ത്തനകാലയളവിന് പ്രതീക്ഷാനിര്‍ഭരമായ തുടക്കമായി.
ഫിലഡല്‍ഫിയ മല്ലൂ കഫേ ഒരുക്കിയ സദ്യയോടെയാണ് ഐ.പി.സി.എന്‍.എ ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പ്രൗഢഗംഭീരമായ സമ്മേളനം സമാപിച്ചത്.