Image

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രാകൃത നാവാടലിനെതിരെ ശക്തമായ പ്രതിഷേധം (എ.എസ് ശ്രീകുമാര്‍)

Published on 03 September, 2026
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രാകൃത നാവാടലിനെതിരെ ശക്തമായ പ്രതിഷേധം (എ.എസ് ശ്രീകുമാര്‍)

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്നും വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ അടങ്ങി ഒതുങ്ങിക്കഴിയണമെന്നും അവരെ പൊതുവേദികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വികല പരാമര്‍ശങ്ങള്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തോടും ഭരണഘടനാ മൂല്യങ്ങളോടും ജനാധിപത്യ ബോധത്തോടും മാത്രമല്ല, സ്ത്രീകളുടെ ആത്മാഭിമാനത്തോടും അവകാശങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തോട് പതിനാറാം നൂറ്റാണ്ടിന്റെ സാമൂഹിക കാഴ്ചപ്പാട് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാനാവില്ല.

സ്ത്രീകള്‍ പൊതുവേദികളില്‍ ചാടിത്തുള്ളി വരികയോ പുരുഷന്മാരോടൊപ്പം പൊതുസ്ഥലങ്ങളില്‍ പ്രകടമായി ഇടപെടുകയോ ചെയ്യരുതെന്നും, സ്ത്രീകളെ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കരുതെന്നുമാണ് കാന്തപുരം സര്‍ക്കുലറിലൂടെയും പ്രസ്താവനയിലൂടെയും അഭിപ്രായപ്പെട്ടത്. നബിദിന റാലികളിലും മറ്റ് പൊതുപരിപാടികളിലും വലിയ തോതില്‍ മുസ്ലീം സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായതാണ് ഇത്തരം ഒരു നിലപാടെടുക്കാന്‍ ഈ 'പണ്ഡിതനെ' പ്രകോപിപ്പിച്ചത്. ഇത് 19-ാം നൂറ്റാണ്ടിലെ പഴയ ചിന്താഗതിയാണെന്നും പുരോഗമന കേരളത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. നിരവധി രാഷ്ട്രീയ നേതാക്കള്‍ ഈ പ്രസ്താവനയെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇസ്ലാമിക നിയമപ്രകാരമുള്ള മര്യാദകളാണ് അദ്ദേഹം പറഞ്ഞതെന്നും അതില്‍ തെറ്റില്ലെന്നും പറഞ്ഞ് മുസ്ലീം ലീഗ് അനുകൂലിച്ചും രംഗത്തുവന്നു.

അതേസമയം, സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിലും സ്ത്രീ ശാക്തീകരണത്തിലും ഇന്ത്യയ്ക്ക് മാതൃകയായ സംസ്ഥാനമാണ് കേരളം. പതിറ്റാണ്ടുകളായി രൂപപ്പെട്ട സാമൂഹിക നവോത്ഥാനവും വിദ്യാഭ്യാസ പുരോഗതിയും സ്ത്രീകളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. വികസിത സമൂഹങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സ്ത്രീശാക്തീകരണ നേട്ടങ്ങളാണ് കേരളം കൈവരിച്ചതെന്ന് വിവിധ മാനവിക വികസന സൂചികകളും ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സ്ത്രീ സാക്ഷരതയില്‍ കേരളം ഇന്നും ഒന്നാം നിരയിലാണ്. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സാക്ഷരതാ അന്തരം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നും കേരളം തന്നെയാണ്.

വിദ്യാഭ്യാസരംഗത്തെ ഈ മുന്നേറ്റത്തിന്റെ പ്രതിഫലനം കോളജുകളിലും സര്‍വകലാശാലകളിലും വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യം ആണ്‍കുട്ടികളേക്കാള്‍ കൂടുതലായ സാഹചര്യമാണ് കേരളത്തിലുള്ളത്. ജനസംഖ്യാനുപാതത്തിലും സ്ത്രീകള്‍ക്ക് കേരളത്തില്‍ ശ്രദ്ധേയമായ മുന്‍തൂക്കമുണ്ട്. സ്വന്തം ജീവിതത്തിലും കുടുംബകാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കിയ സംസ്ഥാനമെന്ന നിലയിലും കേരളം ശ്രദ്ധേയമാണ്.

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ സ്വയംപര്യാപ്തതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് കുടുംബശ്രീ. 45 ലക്ഷത്തിലധികം സ്ത്രീകളെ കൂട്ടിയിണക്കി അവരുടെ ജീവിതത്തില്‍ ആത്മവിശ്വാസവും വരുമാനശേഷിയും സാമൂഹിക ഇടപെടലിനുള്ള അവസരങ്ങളും സൃഷ്ടിച്ച ഈ കൂട്ടായ്മ ലോകതലത്തില്‍ തന്നെ ശ്രദ്ധ നേടിയ മാതൃകയാണ്. ഇത്രയും ദൂരം മുന്നേറിയ കേരളത്തിലെ സ്ത്രീകളോട് വീണ്ടും പഴയ ചട്ടക്കൂടുകളിലേക്ക് മടങ്ങണമെന്ന സന്ദേശം നല്‍കുന്നതുപോലെയാണ് കാന്തപുരത്തിന്റെ വിവാദ പ്രസ്താവന. സ്ത്രീകളുടെ കഴിവിനെയും സ്വാതന്ത്ര്യത്തെയും അംഗീകരിച്ച് മുന്നോട്ട് പോകേണ്ട കാലത്ത്, അവരുടെ ചുവടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമീപനം ഉയര്‍ന്നുവരുന്നതിനെ മുളയിലേ നുള്ളേണ്ടതുണ്ട്.

സ്ത്രീ വീട്ടില്‍ മാത്രം അടങ്ങി ഒതുങ്ങി കഴിയേണ്ടവളല്ല. അവള്‍ സമൂഹത്തിന്റെ കണ്ണാടിയാണ്. വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും ഭരണത്തിലും ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും കായിക മേഖലയിലും സംരംഭകത്വത്തിലും കലാരംഗത്തും പൊതുപ്രവര്‍ത്തനത്തിലും സ്ത്രീകള്‍ ഇന്ന് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രം തന്നെ സ്ത്രീകളുടെ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ന് മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന പെണ്‍കുട്ടികളുണ്ട്. സര്‍വകലാശാലകളെ നയിക്കുന്ന വനിതകളുണ്ട്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരുമുണ്ട്. സംരംഭകരും ജനപ്രതിനിധികളും ഭരണാധികാരികളുമുണ്ട്. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളില്‍ പോലും സ്ത്രീകള്‍ എത്തിയിട്ടുണ്ട്. എന്തിനേറെ എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയുണ്ടിവിടെ.

അങ്ങനെയൊരു സമൂഹത്തോട് ''സ്ത്രീകള്‍ വീട്ടിനുള്ളിലിരിക്കണം, വഴിയിലിറങ്ങരുത്...'' എന്നൊക്കെ പറയുന്നത് കേവലം ഒരു വ്യക്തിയുടെ അഭിപ്രായമായി തള്ളിക്കളയാവുന്ന നിസ്സാര കാര്യമല്ല. അത് സമൂഹത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവളുടെ തീരുമാനമെടുക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്ന പിന്തിരിപ്പന്‍ മെയില് ഷോവനിസ്റ്റ് ആശയമാണ്. മാത്രമല്ല സ്ത്രീക്കും പുരുഷനും തുല്യത കല്‍പ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനം കൂടിയാണത്.

കാന്തപുരത്തിന്റെ നിലപാട് ഇസ്ലാമിക ചരിത്രത്തോടും പൊരുത്തപ്പെടുന്നില്ല. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ആദ്യ ഭാര്യയായ ഖദീജ ബിന്‍ത് ഖുവൈലിദ് ഒരു സമ്പന്നയും സ്വതന്ത്രമായി വ്യാപാരം നടത്തിയിരുന്ന പ്രമുഖ ബിസിനസുകാരിയുമായിരുന്നു. അവരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും സാമൂഹിക സ്ഥാനവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ ഭാര്യയായ ആയിശ ബിന്‍ത് അബൂബക്കര്‍ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനസ്രോതസ്സുകളിലൊരാളായിരുന്നു. മതപരമായ അറിവിലും സാമൂഹിക വിഷയങ്ങളിലും അവര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന സബാ രാജ്യത്തിന്റെ ഭരണാധികാരിയായ ബില്‍ഖീസ് രാജ്ഞി മറ്റൊരു സുപ്രധാന ഉദാഹരണമാണ്. ഒരു സ്ത്രീ ഭരണാധികാരിയായി ഒരു രാജ്യത്തെ നയിച്ച ചരിത്രമാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്.

ആ നിലയ്ക്ക് സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രം കഴിയണമെന്ന കാന്തപുരത്തിന്റെ ആശയം ഇസ്ലാമിന്റെ അടിസ്ഥാന ചരിത്രത്തില്‍ നിന്നല്ല വന്നത്, അത് കാലഹരണപ്പെട്ട ഒരു സാമൂഹിക ചിന്തയില്‍ നിന്നുണ്ടായതാണ്. സ്ത്രീകളുടെ പൊതുപങ്കാളിത്തത്തെ തന്നെ അപകടമായി ചിത്രീകരിക്കുന്ന സമീപനം ഇസ്ലാമിക ചരിത്രത്തിന്റെ സമ്പന്നമായ സ്ത്രീപങ്കാളിത്ത പാരമ്പര്യത്തോട് പോലും നീതി പുലര്‍ത്തുന്നില്ല. ഒരു സ്ത്രീക്ക് പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും പൊതുരംഗത്ത് പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തില്‍ പങ്കെടുക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഭരണപരമായ ചുമതലകള്‍ വഹിക്കാനും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും അവകാശമുണ്ട്. ആ അവകാശങ്ങളെ മതത്തിന്റെ പേരില്‍ പരിമിതപ്പെടുത്താന്‍ ഒരു മതപണ്ഡിതനും അധികാരമില്ല.

മതവിശ്വാസം വ്യക്തിയുടെ അവകാശമാണ്, എന്നാല്‍ ഭരണഘടനാപരമായ അവകാശം ഓരോ പൗരന്റെയും അവകാശമാണ്. മതപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആ അഭിപ്രായങ്ങള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യതയെ നിഷേധിക്കുന്ന തരത്തിലേക്ക് മാറുമ്പോള്‍ അതിനെ ചോദ്യം ചെയ്യുക സമൂഹത്തിന്റെ ജനാധിപത്യ ഉത്തരവാദിത്വമാണ്. കാന്തപുരം തുപ്പിയ ഈ വിഷം അയാളിലേയ്ക്ക് തന്നെ തിരികെ കയറട്ടെ.
 

Join WhatsApp News
Sudhir Panikkaveetil 2026-09-03 16:08:18
ഈ തമാശ കുറെ ദിവസമായി വായിക്കുന്നു. ഒരു മതപണ്ഡിതൻ അദ്ദേഹത്തിന്റെ മതം അനുശാസിക്കുന്ന നിയമങ്ങൾ പുറപ്പെടുവിക്കുന്നു. ആ മതത്തിലെ സ്ത്രീകളല്ലേ അതേപ്പറ്റി "ബേജാറാകേണ്ടത്" ഹ..ഹാ. മറ്റുള്ളവർ അതിനെപ്പറ്റി സമയം കളയുന്നത് എന്തിനു. ഇന്ത്യ മതേതര രാജ്യമാണെന്ന് കടലാസിലെ ഉള്ളുവെന്ന് എല്ലാവര്ക്കും അറിയാം. നമ്മുടെ മഹാനായ നെഹ്‌റു സോമനാഥ് മന്ദിരം പുതുക്കി പണിയാൻ സർക്കാർ ഖജനാവിൽ നിന്നും പണം എടുക്കരുതെന്ന് ശാസിച്ചു. പക്ഷെ മറ്റു മതങ്ങൾ പഠിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് ഗ്രാന്റ് നൽകുന്നതിൽ മഹാന് വിരോധമില്ല. വന്ദേമാതരത്തിലെ വരികൾ മുസ്‌ലിം സഹോദരർക്ക് വെട്ടി കളഞ്ഞു അവർ കൂടെ നിൽക്കുമെന്ന് അദ്ദേഹം ആശിച്ചു. അവർ പക്ഷെ വരികൾ വെട്ടിയതുപോലെ രാജ്യവും വെട്ടി പോയി. ഇതൊക്കെ ചരിത്രം പറയുന്നത് ഞാൻ എപ്പോഴും പറയുന്നപോലെ ഓരോരുത്തരുടെ അഭിപ്രായം അവർ വായിച്ച പുസ്തകങ്ങളിൽ നിന്നാണ് അതുകൊണ്ട് പണ്ഡിതന്മാർ പുച്ഛിക്കാനോ എതിർക്കാനോ വരേണ്ട കാര്യമില്ല.നിങ്ങളുടെ അറിവിന് നമോവാകം. കാന്തപുരത്തോട് ഞാൻ യോജിക്കുന്നു. മതപുരോഹിതൻ അദ്ദേഹത്തിന്റ കടമ നിർവഹിക്കുന്നു. അതേച്ചൊല്ലി കലഹം ഉണ്ടാകരുത്. സ്ത്രീകൾക്ക് കൃഷിയിടം ആകാനോ മുഴുവൻ മറച്ചുനടക്കാനോ വിരോധമില്ലെങ്കിൽ മറ്റുള്ളവർ അവരുടെ കാര്യത്തിൽ എന്തിനു ഇടപെടണം. യാതൊരു ഐക്യവുമില്ലാത്ത ഹിന്ദുക്കൾക്ക് ഇതിലൊന്നും ഇടപെടാൻ അവകാശമില്ല. ഒരു ആദിവാസി പെൺകുട്ടി പുഴയിൽ കുളിച്ചതിനു അവളെ (വടക്കേ ഇന്തയയിൽ) തല്ലി തണ്ടെല് ഒടിച്ച വരേണ്യ വർഗ്ഗം ഉത്തരേന്തയിൽ ഇപ്പോഴും (2026)ഉണ്ട്. ഓരോ മതക്കാരും അവരുടെ മതപ്രകാരം മറ്റുള്ളവരെ ബഹുമാനിച്ച് അവർക്ക് അലോസരമുണ്ടാക്കാതെ ജീവിക്കട്ടെ അതല്ലേ ആർഷ ഭാരത സംസ്കാരം. ജയ് ഹിന്ദ് !!
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-03 17:13:01
💥🔥ഭരണ ഘടനയ്ക്ക് താഴെ മാത്രമേ സ്ഥാനമുള്ളൂ ഏതു ബൈബിളിനും ,ഏതു ഖുർ ആനും ഏതു താമരശ്ശേരി ബിഷോപ്പിനും ഏതു പൂക്കോയ തങ്ങൾക്കും. പിന്നെയല്ലേ എങ്ങാണ്ട് കിടക്കുന്ന ഒരു മുസലിയാർ. അയാൾ "അവരുടെ" മതക്കാരോട് അല്ലേ പറഞ്ഞത്, അതിന് നിങ്ങൾക്കെന്താ കമ്മ്യൂണിസ്റ്റേ.???? പക്ഷേ ഭാരതം മത രാജ്യം അല്ലല്ലോ.... അങ്ങനെ ഒരു പ്രത്യേക 'അവർ' ഇല്ലാ. എല്ലാവരും തുല്യ പൗരന്മാരാണ്. സ്ത്രീയും പുരുഷനും ട്രാൻസിനും right to Equality. എല്ലാ മതക്കാരും ഒരു സാമാന്തര ഭരണം കൊണ്ടു നടക്കുന്നവരാണ് ഭാരതത്തിൽ. അവർ ഒരു വോട്ട് ബാങ്ക് ആണെന്ന് അവർക്കറിയാം. അതാണ് ഈ തിയോളജിക്കൽ അഹങ്കാരം. അത് അഫ്ഗാനിസ്ഥാനിലും സിറിയയിലും യെമനിലും ഒമാനിലും ഇറാനിലും പറയാം. ഒരു democratic രാജ്യത്ത് നരബലിക്കും സതിക്കും, ചേലാ കർമ്മത്തിനും അപ്പിക്കുപ്പായത്തിനും സ്ഥാനമില്ല. "തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക വർഗ്ഗം" ആണെന്ന് ആരൊക്കെ ധരിച്ചിരിക്കുന്നുവോ അവരെല്ലാം, മനുഷ്യന്റെ ശത്രുക്കൾ തന്നെ ആകുന്നു. അങ്ങനെ ഒരു പന്തിയിൽ randu🔥 വിളമ്പ് പാടില്ല. ഏകീകൃത സിവിൽ code നിർബന്ധമായും നടപ്പാക്കണം. എന്നാലേ ഇവന്റെയൊക്കെ ആറാം നൂറ്റാണ്ടിലെ കൊമ്പ് ഒടിക്കാൻ പറ്റൂ.. ഇസ്ലാം പ്രീണനം എത്രനാൾ കൊണ്ടു നടക്കും.??കൂടെ ഊണും ഉരുള ഊണും അങ്ങ് ബീമാപള്ളിയിൽ പോയി പറഞ്ഞാൽ മതി കാന്തപുരമേ. ഞാൻ ഈ പറയുന്നത് നമ്മുടെ പുന്നാര ക്രിസ്തിയാനികൾ കേൾക്കാൻ വേണ്ടിയൂടെയാ ; പെന്തെകോസ്‌തു കാരും. ✳️റെജീസ് ജോൺ✳️
Jayan varghese 2026-09-03 21:28:26
സൗന്ദര്യം പ്രകൃതിയുടെ വര ദാനമാണ്. ഓരോ ജീവികളും അതതിന്റെ നിലവാരത്തിൽ അത് ആസ്വദിക്കുന്നു. പുരുഷനെ സംബന്ധിച്ച് അവന്റെ സൗന്ദര്യ സങ്കൽപ്പത്തിന്റെ സാക്ഷാൽകാരമാണ് സ്ത്രീ. സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ തിരിച്ചും. ഈ സൗന്ദര്യ ബോധത്തിന്റെ മായിക ആസക്തിയിലാണ് വർഗ്ഗോൽപ്പാദനത്തിന്റെ താക്കോൽ സൂത്രം പ്രകൃതി സൂക്ഷിച്ചു വച്ചിട്ടുള്ളത് എന്നതിനാൽ ആ കാഴ്ച മൂടി വയ്ക്കുന്നത് പ്രകൃതി നിഷേധമാണ്, അതിലൂടെ ദൈവ നിഷേധമാണ്. സാമൂഹ്യ ജീവിയായ മനുഷ്യനിൽ സാഹോദര്യത്തിന്റെ സാധ്യത വളർത്തേണ്ട മതങ്ങൾ മനുഷ്യനെ വളർത്തു മൃഗങ്ങളാക്കി കൂട്ടിലടച്ചു സൂക്ഷിക്കുന്ന നാണം കെട്ട കാടൻ സമ്പ്രദായം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്. ജയൻ വർഗീസ്.
രസികൻ വലിയിടം 2026-09-03 22:03:02
ബഹുമാന്യ ശ്രീ നെടുങ്ങാടപ്പള്ളി - നിങ്ങൾ എഴുതിയത് ബഹുമാനത്തോടെ വായിക്കുന്നു. വിയോജിക്കുന്നു സാർ, ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ്. എന്നാലും.,,, ഭരണഘടനാ ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും മാത്രമാണ്. സ്വാതന്ത്ര്യം കിട്ടിയ അന്നുമുതൽ മുസ്‌ലിം അവരുടെ ശരിയത് നിയമമാണ് അനുസരിക്കുന്നത്. അതിനു നമ്മുടെ 1947 ലെ നേതാക്കൾ സമ്മതിച്ചിരുന്നു. ബഹുഭാര്യത്വം, പർദ്ദ, തട്ടം,തലാഖ് തുടങ്ങിയ നബി വചനങ്ങൾ കണിശമായി പാലിക്കുന്നു. തലാൿ ചെയ്ത ബീവിക്ക് ജീവനാംശം കൊടുക്കുന്നില്ല. ഇതൊക്കെ ഒരു ഭാഗത്തു കൂടെ നടന്നു. കോൺഗ്രസ് അങ്ങനെ വോട്ടു തേടി ഭരിച്ചു ഇപ്പോൾ മോഡി വന്നപ്പോൾ മാറ്റങ്ങൾ വന്നപ്പോൾ മുറവിളി ഇതാ ഹിന്ദു രാഷ്ട്രം വരുന്നു. അതുകൊണ്ടാണ് ജോസഫ് മാഷിന്റെ കൈ വെട്ടാനുള്ള ധൈര്യം അവർക്ക് കിട്ടിയത്. അത് തുടരും സാർ 2047 വരെ. പിന്നെ നമ്മുടെ ഹിന്ദുസ്ഥാൻ അഫ്ഗാനിസ്ഥാൻ ആകും. നിങ്ങൾ ചെറുപ്പമല്ലേ. നിങ്ങൾക്ക് കാണാം. ഞാനൊക്കെ മണ്മറഞ്ഞുപോകും. കാന്തപുരത്തിന് ഒരു ഫത്വവ ഇറക്കാനുള്ള ചങ്കൂറ്റവും നമ്മുടെ നിയമവ്യവസ്ഥയാണ്. ഇപ്പോൾ ആ കൽപ്പനകൾ മുസ്‌ലിം സ്ത്രീകൾക്ക് ഇനി എല്ലാ സ്ത്രീകൾക്കും ആകും. ഇങ്ങനെ സത്യം പറയുന്നവരെ ഇന്ത്യയിലും ഇ- മലയാളി ഹിന്ദു വിരോധികളും സംഘി എന്ന് വിളിക്കുന്നു. ഒരിക്കൽ കണ്ണ് തുറക്കുമ്പോൾ എല്ലാവരുടെയും അറ്റം മുറിഞ്ഞുകാണും. അസ്സലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക