Image

മാർക്ക് റൊമാനിയോയും ഞാനും തമ്മിൽ (കഥ: ജോർജ്ജ് ഓലിക്കൽ)

Published on 02 September, 2026
മാർക്ക് റൊമാനിയോയും ഞാനും തമ്മിൽ (കഥ: ജോർജ്ജ് ഓലിക്കൽ)

മാർക്കിനെ ആദ്യമായി കാണുന്നത് 1995-ലെ ഒരു ശരത്കാല പുലരിയിലായിരുന്നു .വൃക്ഷലതാദികളുടെ ഇലകളും വള്ളികളും പഴുത്ത് നിറം മാറുന്ന കാലം. പെൻസിൽവേനിയായിയിലെ നഗരങ്ങളും താഴ്വരകളും വർണ്ണരാജികളാൽ വിളങ്ങി വിരാജിച്ച് മെല്ലെ ശിശിരകാലത്തേയ്ക്ക് നീങ്ങാനൊരുങ്ങുന്നു.

അമേരിക്കയെന്ന സ്വപ്‌ന ഭൂമികയിലെത്തിയിട്ട് ഏറെ നാളായിട്ടില്ല ജോലിയന്വേഷണത്തിലും ഇൻ്റർവ്യൂ കൾക്കുമൊടുവിൽ ഫിലാഡൽഫിയ വാട്ടർ ഡിപ്പാർട്ട്മെന്റിലെ ക്വാളിറ്റി കൺട്രോൾ ലാബിൽ അനലറ്റിക്കൽ കെമിസ്റ്റായി നിയമിച്ചു കൊണ്‌ടുള്ള ഉത്തരവ് ലഭിച്ചു. നിയമന ഉത്തരവിൽ പറഞ്ഞിരുന്ന ദിവസം ഫിലാഡൽഫിയ നഗരസഭ കാര്യാലയത്തിലെത്തി പേപ്പർ വർക്ക് കഴിഞ്ഞ് നിയമന ഉത്തരവുമായി ലാബ് സ്ഥിതിചെയ്യുന്ന കാസ്‌ററർ അവന്യ ആൻ്റ് ഹൺടിംങ് പാർക്കിലേക്ക് ട്രെയിനിൽ പുറപ്പെട്ടു.
ഇരുന്നൂറിലധികം വർഷം പഴക്കമുള്ള ലോകത്തിലെ ആദ്യത്തെ ആധുനിക ജല ശുദ്ധികരണ ഫെസിലിറ്റിയാണ് ഫിലാഡൽഫിയ വാട്ടർ ഡിപ്പാർട്ട്മെന്റ്, ഈറി ടോറിസ്ഡൈൽ സ്റ്റേഷനിലിറങ്ങി നടന്നു നിരത്തിലെത്തി.

ട്രെയിൻ സ്റ്റേഷനും ബസ്സ് സ്റ്റേഷനും സന്ധിക്കുന്നിടത്ത് ലോകത്തിലേതു നഗരത്തിലും കാണാവുന്ന അതിപുരാതന ബിസിനസ്സായ വേശ്യാവൃത്തി പൊടിപൊടിക്കുന്ന രംഗങ്ങൾ ദൃശ്യമായിരുന്നു.
കനത്ത മേക്കപ്പും ഇറുകിപ്പിടിച്ച ടോപ്പും, മുട്ടിന് മുകളിലുള്ള ഫ്രോക്കുമണിഞ്ഞ മദാന്മമാരും, ചുരളൻ മുടിയിൽ തിരുപ്പനിട്ട് ചുണ്‌ട് ചുവപ്പിച്ച കറുമ്പിളും, ഇരുനിറക്കാരികളായയ ഹിസ്‌പാനിക്കളും, പുരുഷ വേശ്യകളും ഇവരുടെയെല്ലാ പിമ്പുകളും വഴിയോരകാഴ്‌ചകളായി, അന്തരീഷത്തിൽ പുകയിലയുടെയും കഞ്ചാവിന്റെയും, വിലകുറഞ്ഞ പെർഫ്യൂമിന്റെയും മന:മടിപ്പിക്കുന്ന ഗന്ധം നിറഞ്ഞുനിന്നിരുന്നു, ഇതിനിടയിലൂടെ നടന്നു് ബ്യൂറോ ഓഫ് ലബ്രോട്ടോറി സർവ്വീസസ് (ബി.എൽ.എസ്) എന്നെഴുതിയ കുറ്റൻ ഇഷ്ടിക മേഞ്ഞ സർക്കാർ സ്ഥാപനത്തിൻ്റെ പ്രധാന കവാടത്തിലെത്തി.
പ്രതീക്ഷിച്ചെന്നോണം പ്രധാന കവാടത്തിൽ ആറടിയിൽപ്പരം ഉയരവും അതിന് സമാനമായ ശരീരവുള്ള തടിച്ച ഫെയിമുള്ള കണ്ണട ധരിച്ച ആൾ ഹസ്ത‌ദാനം ചെയ്ത് അകത്തേയ്ക്ക് ക്ഷണിച്ച് സ്വയം പരിചയപ്പെടുത്തി. ഞാൻ മാർക്ക് റൊമാനിയോ, ബി. എൽ. എസി ലേയ്ക്ക് സ്വാഗതം. പേര് കേട്ടപ്പോൾ മനസ്സിലായി ഇറ്റാലിയൻ വംശജനാണെന്ന്, എന്നാൽ സാധരണ ഇറ്റാലിയൻ വംശജരിൽ പ്രകടമാകുന്ന പുഛമോ പത്യേകിച്ച് കളേർഡ് വർഗ്ഗങ്ങളോടുള്ള അവജ്ഞയോ അയാളിൽ കാണാൻ കഴിഞ്ഞില്ല, ളോഹയോ, കുപ്പായമോ ധരിച്ചാൽ ചിത്രങ്ങളിൽ കണ്‌ട് പരിചയിച്ച പോപ്പിൻ്റെ ഛായയും പ്രകൃതവും.

ബ്യൂറോ ഓഫ് ലബ്രോട്ടോറി സർവ്വീസസ് അഥവാ സെൻ്റർ ലാബാണ് ഇതെന്നും താൻ ഓർഗാനിക് ലാബിൽ റിസേർച്ച് സയൻറിസ്റ്റാണ്, ലാബ് മാനേജർ അവധിയിലായതിനാൽ തന്നെയാണ് ഓറിയൻൻ്റേഷൻ നൽകാൻ എല്പിച്ചിരിക്കുന്നതെന്നും പറഞ്ഞു.

ജല ശുദ്ധീകരണ പ്രക്രിയ ഘട്ടങ്ങളിലെ സാമ്പിളുകൾ ശേഖരിച്ച് ഓർഗാനിക്, ഇൻഓർഗാനിക്, മെറ്റൽസ്, ബയോളജി ലാബുകളിൽ ടെസ്റ്റ് ചെയ്ത് കുടിവെള്ളത്തിൻ്റെ ശുദ്ധി ഉറപ്പു വരുത്തുന്ന ജോലികളാണ് നടക്കുന്നതെന്നും അതിലെ ഓർഗാനിക് ലാബിലാണ് ഇന്നു് മുതൽ തൻ്റെ ജോലിയെന്നും പറഞ്ഞ് ഓർഗാനിക് ലാബ് എന്നെഴുതിയ വാതിലിലൂടെ അകത്തേയ്ക്ക് ആനയിച്ചു.
വിശാലമായ ഓർഗാനിക് ലാബിനെക്കുറിച്ച് മാർക്ക് വാചാലനായി, ആ മുഖത്ത് അറിവിന്റെ ജ്വാലകൾ പടരുന്നത് കാണാമായിരുന്നു. ലാബിലെ ഓരോ ബഞ്ചിലും വിവിധ ഉപകരണങ്ങൾ, മാർക്ക് അവ ഓരോന്നും പരിചയപ്പെത്തി ഗ്യാസ് ക്രോമറ്റോഗ്രഫി, മാസ്സ് സ്പെക്ട്രോമീറ്റർ, ലിക്യുട്ട് ക്രോമറ്റോഗ്രഫി, തുടങ്ങിയ അതിസങ്കീർണ്ണമായ ഉപകരങ്ങളെക്കുറിച്ച് ലഘുവിവരണം നൽകി. ജലത്തിലടങ്ങിയ മാലന്യങ്ങളും ആവശ്യമില്ലാത്ത സിന്തറ്റിക് കെമിക്കലുകളും പാർട്‌സ് പേർ ബല്ല്യൺ, പാർട്സ് പേർ ട്രില്ല്യണിലും കണ്‌ടുപിടിക്കാൻ പറ്റുന്ന ആധുനിക ഉപകരണങ്ങളാണ് ഇതെന്നും മാർക്ക് വിശദീകരിച്ചുകൊണ്‌ട് ലാബിലെ സ്റ്റാഫ് ഓഫീസിലെത്തി കെമിസ്റ്റുകളെയും ടെക്‌നീഷനകളെയും പരിചയപ്പെടുത്തി.

ജർമ്മനും, പോളിഷും,ബൾഗേറിയക്കാരിയും, ഫിലിപൈയിനും, തായ്മെന്ററിയും ആഫ്രിക്കൻ അമേരിക്കനും ഉൾക്കൊള്ളുന്നതായിരുന്നു സ്റ്റാഫ്. ലാബ് മാനേജർ പീറ്റർ അവധിയിലാണെന്നും അടുത്ത ദിവസം പരിചയപ്പെടാമെന്നും പറഞ്ഞ് തനിക്കുള്ള ക്യൂബിക്കൾ കാട്ടി അതിലേയ്ക്ക് ക്ഷണിച്ചു, എന്തെങ്കിലും ആവശ്യമെങ്കിൽ ചോദിയ്ക്കാൻ മടിക്കരുത് എന്നു് പറഞ്ഞ് മാർക്ക് പിൻവാങ്ങി.
മാർക്കിന്റെ പെരുമാറ്റവും മറ്റുള്ളവരുമായുള്ള ഇടപെടലുകളും അനുകരണീയ മാതൃകയായി തോന്നി. ഈ കുടിയേറ്റ ഭൂമികയിലെത്തപ്പെട്ട തനിയ്ക്ക് ദീർഘകാലം ജോലിചെയ്യേണ്‌ടുന്ന ഇടമായിരിക്കാം ഇതെന്ന് മനസ്സ് മന്ത്രിച്ചു.

മാർക്കിനെക്കുറിച്ച് കൂടതൽ അറിഞ്ഞ നാളുകൾ, ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മൂന്നാം തലമുറയിൽപ്പെട്ട മാർക്കിൻ്റെ വസതി ഫിലാഡൽഫിയായിലെ ഇറ്റാലിയൻ വംശജർ തിങ്ങിപ്പാർക്കുന്നിടത്താണെന്നറിയാൻ കഴിഞ്ഞു. ഇത് ഒരു കാലത്ത് ഇറ്റാലിയൻ മാഫിയകൾ അടക്കിവാണിരുന്നു പ്രദേശമായിരുന്നു.

ഇരുപതാം നൂറ്റാണ്‌ടിൻ്റെ തുടക്കത്തിൽ ഇറ്റാലിയൻ കുടിയേറ്റക്കാരും ഇറ്റാലിയൻ അമേരിക്കൻ തെരുവു ഗ്യാംഗുകളും ചേർന്ന അധോലോകം ഏഴെട്ട് ദശകങ്ങൾ ഫിലാഡൽഫിയ നഗരം അടക്കി വാണിരുന്നു. തെണ്ണുറുകളുടെ അവസാനത്തിൽ പോലീസിന്റെ നിരന്തരമായ വേട്ടയാടലുകൾ ഇറ്റാലിയൻ മാഫിയ സംഘങ്ങളെ ക്ഷയിപ്പിച്ചെന്ന് മാർക്കിൻ്റെ സംസാരത്തിൽ നിന്ന് വ്യക്തമായി.
വളരെ ചുരങ്ങിയ കാലയളവിൽ മാർക്കുമായിട്ടൊരാത്മ ബന്ധം ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചു. ഒരു ജ്യേഷ്‌ഠ സഹോദരനെപ്പോലെ കണ്ട് ബഹുമാനിക്കത്തക്ക വ്യക്‌തിത്വം, അറിവിലും പെരുമാറ്റത്തിലുമുള്ള എളിമയും പക്വതയും ഏറെ ആകർഷിച്ചു. ഫിസിക്കൽ കെമിസ്ത്രിയിൽ ബിരുദാനന്തര ബിരുദവും പി.എച്.ഡിയുമുള്ളു മാർക്ക് ഒരു വിശ്വവിജ്ഞാനകോശമായിരുന്നു. എത് വിഷയത്തിലും അദ്ദേഹത്തിനുള്ള അറിവ് അപര്യമയമായിരുന്നു എന്നാൽ ഫിലാഡൽഫിയ നഗരം വിട്ട് മാർക്ക് എങ്ങും സഞ്ചരിച്ചിട്ടുമില്ല.

ഫിലാഡൽഫിയായിലെ പ്രശസ്‌ത സർവ്വകലാശാലയായ ടെമ്പിളിൽ പ്രൊഫസറായിരുന്ന മാർക്ക് ആ ഉദ്യോഗം രാജി വച്ചിട്ടാണ് വാട്ടർ ഡിപ്പാർട്ട്മെന്റിൽ റിസേർച്ച് സയിന്റ്സ്റ്റായി ചേർന്നത്.
സിനിമയും, സിറ്റ്കോമും, മ്യൂസിക്കും ഇഷ്ടപ്പെട്ടിരുന്ന മാർക്കിന് തൊണ്ണുറുകളിൽ പ്രശസ്തമായിരുന്ന സൈൻഫെൽട് എന്ന സിറ്റ്കോമിൻ്റെ കടുത്ത ആരാധകനായിരുന്നു. എല്ലാ ചൊവ്വാഴ്‌ച രാത്രി 8:00 മണിക്കുള്ള പുതിയ എപ്പിസോടുകൾ കണ്‌ട് പിറ്റെ ദിവസം അതിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും ചർച്ചകളും കോഫി ബ്രേർക്കിന് സജീവമായിരുന്നു. ലേഡി ഗാഗയുടെ സംഗീതവും ഗാനങ്ങളും മാർക്ക് എറെ ഇഷ്‌ടപ്പെട്ടിരുന്നു.

ജോലിയിടത്തെ ഉയർച്ചയ്ക്ക് അമേരിയ്ക്കൻ വിദ്യാഭ്യാസവും അഡ്വാൻസ് ഡ് ഡിഗ്രിയും അനിവാര്യമായപ്പോൾ ഉപരിപഠനത്തിന് ചേരുവാൻ മാർക്കാണ് പ്രോത്സഹിപ്പിച്ചത്, ഡിഗ്രി പൂർത്തികരണത്തിൻ്റെ ഭാഗമായുള്ള റിസ്സേർച്ച് തീസ്സീസിന് ഒരു ഗൈഡിനെപ്പോലെ നിന്ന് അത് പൂർത്തികരിയ്ക്കാൻ സഹായിച്ചത് മാർക്കാണ്.

മാർക്ക് ഒരിക്കൽപ്പോലും ഡ്രൈവു ചെയ്‌ത്‌ ജോലിക്കെത്തുന്നത് കണ്‌ടിട്ടില്ല എന്നാൽ അറുപതുകളിലെ സെക്‌സി കാറായിരുന്ന ഫോർഡ് മസ്റ്റാങ് തൻ്റെ ഗരേജിലുണ്ടെന്ന കാര്യം ഒരിയ്ക്കൽ പറഞ്ഞു. അതിനെപ്പറ്റി ചേദിച്ചപ്പോൾ മാർക്ക് മൗനിയായി, വീണ്‌ടും ചോദിച്ച് അലോസരപ്പെടുത്തണ്‌ട എന്ന് കരുതി ജോലിയിൽ വ്യാപൃതനായി എന്നാൽ കോഫി ബ്രേക്കിന് തന്നെ അരുകിൽ വിളിച്ച് ആ സത്യം പറഞ്ഞു യുണിവേഴ്‌സിറ്റി പഠനകാലത്ത് തനിയൊരു ഐറീഷ് വംശജയായ ഗേൾഫ്രണ്‌ട് ഉണ്‌ടായിരുന്നെന്നും, പി.എച്.ഡി ഗവേഷണവും ഒരുമിച്ച് പുർത്തിയാക്കി ടെമ്പിൾ യൂണിവേഴ്സ‌ിറ്റിയിലെ കെമിസ്റ്ററി ഫാക്കൽറ്റിയിൽ ജോലി ചെയ്‌തിരുന്ന കാലത്ത് ഡേറ്റിംഗിനായി തൻ്റെ ഫോർഡ് മസ്റ്റാങിൽ പുറത്തു പോയപ്പോഴുണ്‌ടായ ആക്സിഡെന്റിൽ അവൾ മരണപ്പെട്ടെന്നും അതിനുശേഷം താനിതുവരെ ഡ്രൈവു ചെയ്തിട്ടില്ലെന്നും പറഞ്ഞപ്പോൾ മാർക്കിൽ ഒരു നെടുവീർപ്പ് ദൃശ്യമായിരുന്നു. പുറത്ത് തട്ടി ഐ ആം വെരി സോറി എന്നു് പറയാനെ കഴിഞ്ഞൊള്ളു..
ഋതുക്കൾ ഓരോന്നും കൊഴിഞ്ഞു വീണു... മനുഷ്യനിലും പ്രകൃതിയിലും മാറ്റങ്ങൾ അനിവാര്യമാണല്ലോ... ലാബിലെ ഗ്ലാസ് വിൻഡോയിലൂടെ ദൃഷ്ടി പായിച്ചപ്പോൾ ഇരുപത്തിയഞ്ച് വർഷം മുമ്പ് ഇതേ വിൻഡോയിലൂടെ കണ്‌ട ചെറുമരം പടർന്ന് പന്തലിച്ച് വൻന്മരമായി മാറിയിരിക്കുന്നു.. പ്രകൃതി കൃതി വീണ്‌ടുമൊരു ശിശിരകാലത്തിലേയ്ക്കുള്ള തയ്യാറെടുപ്പിലാണ്.. അണ്ണാറക്കണ്ണന്മാർ മരച്ചില്ലകളിലൂടെ ഓടി നടന്ന് മരപ്പൊത്തുകളിൽ ശിശിരകാലം കഴിച്ചുകൂട്ടുന്നതിനുള്ള ഭക്ഷണം ശേഖരിക്കുന്നു..

മരങ്ങളും അതിലെ ഇലകളും അതിൽ കയറിയ വള്ളികളും നിറം മാറി അതിലേയ്ക്ക് പ്രഭാതകിരണങ്ങൾ പതിക്കുമ്പോൾ സ്വർണ്ണവർണ്ണാഭയാൽ പരിലസിക്കുന്നു.

ബി.എൽ.എസിലും, ഓർഗാനിക് ലാബിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്‌ടായി. തന്നെ പ്രോഗ്രാം സയന്റിസ്റ്റ് സ്ഥാനത്തിലേയ്ക്കുയർത്തി. പുതിയ തലമുറയിൽപ്പെട്ട ടെക്നീഷൻസും, കെമിസ്റ്റുകളും, എൻജിനീയർന്മാരും ജലശുദ്ധികരണ പ്രക്രിയ ആധുനികമാക്കാൻ ബി.എൽ.എസിൽ എത്തിച്ചേർന്നുകൊണ്‌ടിരുന്നു. ബി.എൽ.എസിൻ്റെ ഡയറക്‌ടർ പദവി വരെ ഉയർന്ന മാർക്ക് ഇന്നു് റിട്ടയർ ചെയ്ത് പടിയിറങ്ങുകയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾ ഒരു തിരശ്ശീലയിലൂടെന്നപ്പോലെ കടന്നുവന്നു, ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വാഗതം ചെയ്‌ത മാർക്കിനെ താനിന്ന് ഹസ്‌തദാനം ചെയ്ത് യാത്രയയ്ക്കുകയാണ്. മനുഷ്യജീവിതത്തിലെ യാത്രയ്ക്കിടയിലെ കണ്‌ടു മുട്ടുന്ന ജീവിതങ്ങൾ പലതും വിസ്‌മൃതിയിലാകാറുണ്‌ട്, എന്നാൽ മാർക്കെന്ന സഹോദര തുല്യനായ സുഹൃത്ത് ഇന്ന് പിരിയുന്ന് എന്നോർത്തപ്പോൾ മനസ്സിലൊരു വിങ്ങൽ, വീണ്‌ടും കാണാമെന്ന് പറഞ്ഞ് മാർക്ക് റെയിൽ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

സൗത്ത് ഫിലാഡൽഫിയായിലെ അപ്പാർട്ട്മെൻ്റിൽ ഒറ്റയ്ക്ക് കഴിയുന്ന മാർക്കിന് ബന്ധുമിത്രാദികളാരും ജീവിച്ചിരിപ്പുള്ളതായി അറിവില്ല. ഒരിയ്ക്കൽപ്പോലും സിക്ക് വിളിക്കാത്ത, അവധി എടുക്കുന്നതിൽ പിശുക്ക് കാണിച്ചിരുന്ന മാർക്കിൻ്റെ ജീവിതത്തിലെ സുഖദുഖങ്ങളെല്ലാം അനുഭവിയ്ക്കുകയും പങ്കുവെയ്ക്കുകയും ചെയ്തിരുന്നത് ജോലിയിലായിരുന്നു അതിപ്പോൾ അവസാനിച്ചിരിക്കുന്നു.

ഓർഗാനിക്ക് ലാബിൽ മൂന്നു മാസത്തിലൊരിക്കൽ സംഘടിപ്പിച്ചിരുന്ന കോഫി ക്ലബ് പാർട്ടികളിൽ മാർക്ക് പ്രത്യേക ക്ഷണിതാവായിരുന്നു, ബന്ധു വീട്ടിൽ വിരുന്നിന് വരുമ്പോൾ ഗിഫ്റ്റുമായി വരുന്നതുപോലെ ലാബിലുള്ളവർക്ക് ചെറു സമ്മാനപ്പൊതികളുമായാണ് മാർക്ക് വരാറുണ്‌ടായിരുന്നത്, ആരോരുമില്ലാതിരുന്ന മാർക്കിന് ഞങ്ങൾ മക്കളും സഹോദരങ്ങളുമായിരുന്നു. മെല്ലെ ആ വരവിന്റെ ഇടവേളകൾക്ക് ദൈർഘ്യമേറി, എങ്കിലും മാസത്തിലൊരിക്കലെങ്കിലും ക്ഷേമാന്വേഷണം നടത്താറുണ്‌ടായിരുന്നു എന്നാൽ പലപ്പോഴും ഫോൺ എടുക്കാതെയായി, സംസാരത്തിൽ വിമുഖതയും വിരക്തിയും ഉണ്‌ടായതുപോലെ അനുഭവപ്പെട്ടു. മാർക്ക് ഒരു ഡിപ്രഷനിലേയ്ക്ക് നീങ്ങകയാണോ എന്ന് ഭയപ്പെട്ടു. പലപ്പോഴും ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചത് വിഫലമായി, ജോലിത്തിരക്കിനിടയിൽ പിന്നീട് ബന്ധപ്പെടുവാനും കഴിഞ്ഞില്ല.

ഒരു ദിവസം ഓഫീസിലേയ്ക്ക് അപ്രതീക്ഷിതമായി കോൾ വന്നു. മാർക്കിനെ ശുശ്രൂഷിച്ചിരുന്ന ഹോം നേഴ്‌സാണെന്നും, ആഴ്‌ചയിലൊരിക്കൽ അപ്പാർട്ടുമെന്റിലെത്തി മാർക്കിൻ്റെ സുഖ വിവരങ്ങൾ തിരക്കാറുണ്‌ടായിരുന്നെന്നും, പതിവുപോലെ കഴിഞ്ഞ ദിവസം അപ്പാർട്ട്മെൻ്റിലെത്തി കോളിംഗ് ബെൽ അമർത്തി ഏറെ കാത്തിരുന്നിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ പോലീസിനെ വിളിച്ചുവരത്തി വാതിൽ ബലമായി തുറന്നപ്പോൾ ലിവിംഗ് റൂമിലെ സോഫയിൽ ഉറങ്ങുന്ന രീതിയിലിരുന്നിരുന്ന മാർക്കിനെ കണ്ടെന്നും പൾസ് നോക്കിയ എമർജൻസി ആംബുലൻസ് ടീം മാർക്കിൻ്റെ മരണം സ്ഥിരികരിച്ചെന്നും. ഈ വിവരം ആരെയെങ്കിലും ഉടൻ അറിയിക്കാൻ റൂമിലെ ടേബിളിൽ കണ്‌ടെത്തിയ ഡയറിയിൽ പരതിയപ്പോൾ അതിൽ കുറിച്ചിരുന്ന ആദ്യ നമ്പർ നിങ്ങളുടേതായരുന്നെന്നു് ആ ഹോം നേഴ്‌സ് പറഞ്ഞപ്പോൾ ആ വാർത്ത വിശ്വസിക്കാനാവതെ തളർന്നിരുന്നുപോയി.

 

Join WhatsApp News
തമ്പി ചാക്കോ. യൂർ ഓൾഡ് ഫ്രണ്ട്. ഓർമ്മകൾ പുത്ത് ഓലയട്ടെ. 2026-09-02 19:11:10
ഓലിക്കൽ, അതാണ് റിയൽ ഫ്രണ്ട് ഷിപ്. ഊലിക്കേലിന്റെ ഓർമ വരികൾ വളരെ ടച്ചി ആയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക