
സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്കെതിരെ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്‌കോണിന് തിയറ്ററുകളില്‍ 250 രൂപയാണ് ഈടാക്കുന്നതെ ന്നും തിയറ്ററില്‍ കയറി ഒരു ചായ കുടിക്കണമെങ്കില്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയാണെന്നും മേയര്‍ പറഞ്ഞു.
വില നിശ്ചയിക്കുന്നത് കോര്‍പ്പറേഷന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇത്തരം ജനകീയ വിഷയങ്ങളില്‍ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
''തിയറ്ററുകളില്‍ ആഹാര സാധനങ്ങള്‍ക്ക് വാങ്ങുന്ന വില വളരെ കൂടുതലാണ്. പുറത്ത് 25- 30 രൂപയ്ക്ക് കിട്ടുന്ന പോപ്കോണിന് തിയറ്ററില്‍ 250- 300 രൂപയാണ്. തിയറ്ററിനകത്ത് അത് കയറിയാല്‍ അത്ഭുത ലോകത്ത് എത്തിയ പോലെയാണ്.
ചായ വാങ്ങിക്കാന്‍ ലോണെടുത്ത് പോകേണ്ട അവസ്ഥയാണ്. കൊച്ചുകുട്ടികളുമായി പോവുമ്പോള്‍, പോപ്കോണ്‍ ഒക്കെ വാങ്ങിക്കണമെങ്കില്‍ ആയിരം രൂപയെങ്കിലും ഇല്ലാതെ പോവാന്‍ കഴിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അത് ആരോഗ്യകരമായ കാര്യമല്ല.
വില നിശ്ചയിക്കുന്നത് ഞങ്ങളുടെ പരിധിയില്‍ അല്ല. പക്ഷേ നിയന്ത്രണം വേണം. ശ്രദ്ധയില്‍പ്പെടുത്തേണ്ട സ്ഥലത്ത് അത് ചെയ്യും. ലീഗല്‍ മെട്രോളജിയൊക്കെ അതില്‍ ഇടപെടണം.
പുറത്തുനിന്ന് ചായ കുടിക്കാന്‍ പത്ത് രൂപയെ ആകുകയുള്ളൂ. എന്നാല്‍ അതിനകത്ത് കയറിയാല്‍ ആ ചായയ്ക്ക് 200 രൂപ. മാത്രമല്ല പുറത്തുനിന്നുള്ള സാധനങ്ങള്‍കൊണ്ട് കയറാനും സമ്മതിക്കില്ല.
അങ്ങനെയൊന്നും ജനാധിപത്യ സംവിധാനത്തില്‍ ഒരു സിസ്റ്റത്തിനു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം, അല്ലെങ്കില്‍ തിരുത്തണം. കൊള്ളയടിക്കുന്ന സമീപനത്തോട് വിയോജിപ്പുണ്ട്.''വി.വി. രാജേഷിന്റെ വാക്കുകള്‍.