Image

മെഗാസ്റ്റാറിന്റെ ജന്മദിനം, രക്തദാന ക്യാമ്പയിന്‍ മെഗാഹിറ്റ്; പങ്കാളികളായി പതിനായിരങ്ങള്‍

Published on 02 September, 2026
 മെഗാസ്റ്റാറിന്റെ ജന്മദിനം, രക്തദാന ക്യാമ്പയിന്‍ മെഗാഹിറ്റ്; പങ്കാളികളായി പതിനായിരങ്ങള്‍

 

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രൂപം നല്‍കിയ മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം.

40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം തന്നെ പകുതിയിലധികം ആളുകള്‍ പങ്കാളികളായി.

ക്യാമ്പയിനിന്റെ ഭാഗമായി രമേഷ് പിഷാരടി എംഎല്‍എ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെത്തി രക്തദാനം നടത്തി. സാമൂഹിക രംഗത്തും പൊതുരംഗത്തുമുള്ള നിരവധി പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി.

എംജിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 11 സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 7,500 വിദ്യാര്‍ഥികള്‍ ക്യാമ്പയിന്റെ ഭാഗമാകും. ക്യാമ്പയിനിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സെപ്റ്റംബര്‍ എട്ടിന് തിരുവനന്തപുരത്ത് നിര്‍വഹിക്കും.

കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാര്‍ഥികള്‍ രക്തദാനം നടത്തുക.

ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി വ്യക്തികള്‍ ക്യാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും രക്തദാനത്തില്‍ പങ്കാളികളാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ രക്തദാന ക്യാമ്പയിന്‍ സജീവമായി തുടരുകയാണ്.

പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. ദുബായ്, യുഎഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി പരിപാടികള്‍ നടന്നു. ക്യാമ്പയിന്‍ സെപ്റ്റംബര്‍ 8 വരെ തുടരും.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളെ ഒരു വലിയ സാമൂഹിക സേവന പ്രവര്‍ത്തനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. യുവതലമുറയില്‍ രക്തദാനത്തിന്റെ പ്രാധാന്യം വളര്‍ത്തിയെടുക്കുന്നതിനും ക്യാമ്പയിന്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ജന്മദിനാഘോഷങ്ങള്‍ക്ക് ഒരു സാമൂഹിക മുഖം നല്‍കുന്ന മാതൃകാപരമായ പ്രവര്‍ത്തനമായി ക്യാമ്പയിന്‍ മാറുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക