
മാധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണും കാതുമാണെന്ന് പറയാറുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും, അധികാരത്തിന്റെ തെറ്റുകൾ ചോദ്യം ചെയ്യുകയും, സാധാരണക്കാരന്റെ ശബ്ദമാകുകയും ചെയ്യേണ്ട വലിയ ഉത്തരവാദിത്വമാണ് മാധ്യമങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തനം ഒരു തൊഴിൽ മാത്രമല്ല, സമൂഹത്തോടുള്ള വലിയൊരു ധർമ്മം കൂടിയാണ്.എന്നാൽ ഇന്ന് ആ ധർമ്മം പലപ്പോഴും മറക്കപ്പെടുന്നുണ്ടോ എന്ന് ചോദിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു.
വാർത്ത ആദ്യം നൽകണം. മറ്റാരേക്കാളും മുമ്പ് വാർത്ത പുറത്ത് വിടണം. സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടണം. ചർച്ചകളുണ്ടാകണം. വീഡിയോ വൈറലാകണം. കാഴ്ചക്കാർ കൂടണം. ഈ മത്സരത്തിനിടയിൽ സത്യം പലപ്പോഴും പിന്നിലേക്ക് തള്ളപ്പെടുകയാണ്. വാർത്തയുടെ വേഗത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ ആ വാർത്ത എത്രത്തോളം ശരിയാണ്, അതിൽ എത്രത്തോളം നീതിയുണ്ട് എന്ന ചോദ്യത്തിന് പലപ്പോഴും മറുപടി കാണുന്നില്ല.
ഒരു വാർത്ത സമൂഹത്തെ ബാധിക്കും. ഒരു തലക്കെട്ട് പോലും ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കും. ഒരു തെറ്റായ വാർത്ത ഒരു സമൂഹത്തിനെതിരെ സംശയം സൃഷ്ടിക്കും. ഒരു വളച്ചൊടിച്ച വാർത്ത ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കും. അതുകൊണ്ടുതന്നെ വാർത്ത നൽകുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ ഉറപ്പാക്കേണ്ടത് മാധ്യമത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്.ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളിൽ ഒന്നാണ് ന്യൂനപക്ഷങ്ങളെയും മതങ്ങളെയും കുറിച്ചുള്ള വാർത്തകളും ചർച്ചകളും. മതത്തെക്കുറിച്ച് യാതൊരു അടിസ്ഥാന പഠനവുമില്ലാതെ, അതിന്റെ ചരിത്രമോ വിശ്വാസമോ ആചാരങ്ങളോ അറിയാതെ ചിലർ വലിയ അഭിപ്രായങ്ങൾ പറയുന്നത് കാണാം. സ്റ്റുഡിയോയിൽ ഇരുന്ന് വായിൽ തോന്നുന്നത് വിളിച്ചുപറയുകയും അതിനെ വിശകലനം എന്ന് വിളിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് വളർന്നുവരുന്നത്.
മതം ഒരു തമാശയുടെ വിഷയമല്ല. വിശ്വാസം ഒരു റീച്ചിനുള്ള ഉപകരണമല്ല. ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അതിന് ആവശ്യമായ പഠനവും അറിവും ഉത്തരവാദിത്വവും ഉണ്ടായിരിക്കണം. അതില്ലാതെ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടാക്കുക.
ഒരു മതവിഭാഗത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ വിശ്വാസത്തെ മനസ്സിലാക്കാനുള്ള ശ്രമം വേണം. അവരുടെ മതപണ്ഡിതരോട് സംസാരിക്കണം. വിഷയത്തെക്കുറിച്ച് പഠിച്ചവരുടെ അഭിപ്രായം കേൾക്കണം. വിവിധ വശങ്ങൾ പരിശോധിക്കണം. അതിനുശേഷമാണ് ഒരു മാധ്യമപ്രവർത്തകൻ തന്റെ റിപ്പോർട്ട് തയ്യാറാക്കേണ്ടത്.എന്നാൽ ഇന്ന് ചിലർക്ക് ഇതൊന്നും ആവശ്യമില്ലാത്ത അവസ്ഥയാണ്. ഒരു സംഭവത്തെ എടുത്ത് അതിൽ ഒരു മതത്തിന്റെ പേര് ചേർക്കുക. ഒരു വ്യക്തിയുടെ തെറ്റിനെ മുഴുവൻ സമൂഹത്തിന്റെയും തെറ്റായി അവതരിപ്പിക്കുക. ഒറ്റപ്പെട്ട ഒരു സംഭവത്തെ വലിയ സാമൂഹിക പ്രശ്നമായി ചിത്രീകരിക്കുക. പിന്നീട് അതിനെ ചർച്ചയാക്കി മാറ്റുക. പ്രതികരണങ്ങൾ ഉണ്ടാക്കുക. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക.
ഇതിലൂടെ ലഭിക്കുന്നത് റീച്ചായിരിക്കാം. പക്ഷേ നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ വിശ്വാസമാണ്.മാധ്യമങ്ങൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമർശിക്കാനുള്ള അവകാശവുമുണ്ട്. മതങ്ങളെയും മതനേതാക്കളെയും ചോദ്യം ചെയ്യാൻ കഴിയണം. തെറ്റുണ്ടെങ്കിൽ അത് തുറന്നുപറയുകയും വേണം. എന്നാൽ വിമർശനത്തിനും അവഹേളനത്തിനും ഇടയിൽ വലിയൊരു വ്യത്യാസമുണ്ട്. ചോദ്യം ചെയ്യലിനും സമൂഹത്തെ അപമാനിക്കുന്നതിനും ഇടയിൽ അതിരുകളുണ്ട്.മാധ്യമപ്രവർത്തനം സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും വിളിച്ചുപറയാനുള്ള ലൈസൻസ് അല്ല. അതുപോലെ തന്നെ ഒരു മതവിഭാഗത്തെക്കുറിച്ച് അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞ് സമൂഹത്തിൽ സംശയവും ഭയവും സൃഷ്ടിക്കുന്നതും മാധ്യമധർമ്മമല്ല.
ഇന്ന് ചില മാധ്യമപ്രവർത്തകർ വാർത്തയേക്കാൾ വലിയ താരങ്ങളാകാൻ ശ്രമിക്കുന്നതായി തോന്നാറുണ്ട്. വാർത്തയുടെ കേന്ദ്രത്തിൽ വിഷയം ആയിരിക്കേണ്ടിടത്ത് മാധ്യമപ്രവർത്തകൻ തന്നെയാണ് കേന്ദ്രമാകുന്നത്. ചോദ്യം ചെയ്യുന്നതിനേക്കാൾ ശബ്ദം ഉയർത്തുന്നതാണ് പ്രധാനമാകുന്നത്. സത്യം കണ്ടെത്തുന്നതിനേക്കാൾ സ്വന്തം അഭിപ്രായം സ്ഥാപിക്കുന്നതിനാണ് ശ്രമം.
ഇവിടെ ഒരു കാര്യം ഓർക്കണം. ശബ്ദം ഉയർത്തുന്നത് ധൈര്യമല്ല. സത്യം പറയുന്നതാണ് ധൈര്യം.വാർത്തയുടെ മുന്നിൽ ക്യാമറയും മൈക്കും മാത്രം മതിയാകില്ല. അതിനൊപ്പം ഉത്തരവാദിത്വബോധവും വേണം. ഒരു വാക്ക് പറയുന്നതിന് മുമ്പ് അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ചിന്തിക്കണം. ഒരു വാർത്ത നൽകുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ പരിശോധിക്കണം. കാരണം മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളെ വിശ്വസിക്കുന്ന വലിയൊരു സമൂഹം ഇപ്പോഴും നമുക്കിടയിലുണ്ട്.
ആ വിശ്വാസം സംരക്ഷിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്.വാർത്ത ഫസ്റ്റ് കൊടുക്കുന്നതിൽ വലിയ കാര്യമില്ല. ഇന്ന് നമ്മളേക്കാൾ മുമ്പ് മറ്റൊരു മാധ്യമം വാർത്ത നൽകുമോ എന്ന മത്സരമാണ് പലപ്പോഴും നടക്കുന്നത്. എന്നാൽ ആദ്യം നൽകുന്ന വാർത്ത തെറ്റാണെങ്കിൽ ആ വേഗത്തിന്റെ പ്രയോജനം എന്താണ്?ആദ്യം എത്തിക്കുന്നതിനെക്കാൾ ശരിയായി എത്തിക്കുന്നതാണ് പ്രധാനം.വേഗതയ്ക്ക് മുമ്പിൽ സത്യത്തെ നഷ്ടപ്പെടുത്തരുത്. റീച്ചിന് വേണ്ടി നീതിയെ മറക്കരുത്. കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി സമൂഹത്തിന്റെ സമാധാനത്തെ അപകടത്തിലാക്കരുത്.
മാധ്യമങ്ങളുടെ ശക്തി സമൂഹത്തെ ഒന്നിപ്പിക്കുന്നതിലാണ്. തെറ്റുകൾ തുറന്നുകാണിക്കുന്നതിലാണ്. അധികാരത്തെ ചോദ്യം ചെയ്യുന്നതിലാണ്. നിസ്സഹായരുടെ ശബ്ദമാകുന്നതിലാണ്. എന്നാൽ അതേ മാധ്യമങ്ങൾ തന്നെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലയിലേക്ക് മാറുമ്പോൾ അത് വളരെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഒരു ചെറിയ പിഴവോ തെറ്റായ അവതരണമോ പോലും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ മതപരമായ വിഷയങ്ങളിൽ കൂടുതൽ പഠനവും സൂക്ഷ്മതയും ആവശ്യമാണ്.
മതത്തെ വിമർശിക്കാം. തെറ്റുകൾ ചോദ്യം ചെയ്യാം. മതത്തിന്റെ പേരിൽ നടക്കുന്ന അനീതികൾക്കെതിരെ ശക്തമായി സംസാരിക്കാം. എന്നാൽ അതിന് അറിവ് വേണം. തെളിവ് വേണം. സത്യസന്ധത വേണം.മാധ്യമപ്രവർത്തകൻ ഒരു ജഡ്ജിയല്ല. അയാൾ വിധി പറയേണ്ട ആളുമല്ല. സത്യങ്ങൾ കണ്ടെത്തി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് മാധ്യമപ്രവർത്തകന്റെ പ്രധാന ഉത്തരവാദിത്വം. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുകയല്ല, ശരിയായ വിവരങ്ങൾ നൽകുകയാണ് മാധ്യമത്തിന്റെ ധർമ്മം.ഇന്ന് മാധ്യമപ്രവർത്തനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന എല്ലാവരും ഈ ചോദ്യമെങ്കിലും സ്വയം ചോദിക്കണം.
ഞാൻ പറയുന്നത് സത്യമാണോ?
ഞാൻ നൽകുന്ന വാർത്ത നീതിയുള്ളതാണോ?
എന്റെ വാക്കുകൾ സമൂഹത്തിൽ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുക?ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയാൻ കഴിയുന്നിടത്താണ് യഥാർത്ഥ മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്.
മാധ്യമങ്ങൾ വിമർശിക്കപ്പെടണം. കാരണം വിമർശനങ്ങളിൽ നിന്നാണ് തിരുത്തലുകൾ ഉണ്ടാകുന്നത്. എന്നാൽ മാധ്യമങ്ങളെ നശിപ്പിക്കണമെന്നല്ല പറയുന്നത്. മറിച്ച് മാധ്യമങ്ങൾ അവരുടെ യഥാർത്ഥ ധർമ്മത്തിലേക്ക് മടങ്ങിവരണം എന്നതാണ് ആവശ്യം.
സത്യത്തിന്റെ പക്ഷത്ത് നിൽക്കുന്ന മാധ്യമങ്ങൾ നമുക്ക് വേണം. നീതിയുടെ ശബ്ദമാകുന്ന മാധ്യമങ്ങൾ വേണം. റീച്ചിന് വേണ്ടി സമൂഹത്തെ വിഭജിക്കാത്ത മാധ്യമങ്ങൾ വേണം. ഒരു വിഭാഗത്തെ ലക്ഷ്യമിട്ട് വാർത്തകൾ സൃഷ്ടിക്കാത്ത മാധ്യമങ്ങൾ വേണം.വാർത്ത ഒരു സാധാരണ വാക്കല്ല. അതിന് ശക്തിയുണ്ട്. അത് സമൂഹത്തെ മാറ്റാൻ കഴിയും. മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയും. ഒരാളെ ഉയർത്താനും തകർക്കാനും കഴിയും.അതുകൊണ്ട് വാർത്ത നൽകുന്ന കൈകൾക്ക് ഉത്തരവാദിത്വം വേണം.
വാർത്ത ആദ്യം നൽകുക എന്നതല്ല മാധ്യമത്തിന്റെ ഏറ്റവും വലിയ വിജയം. നൽകുന്ന വാർത്ത സത്യമായിരിക്കണം. അത് നീതിയുള്ളതായിരിക്കണം. സമൂഹത്തിന് ഗുണകരമായിരിക്കണം.
റീച്ചിനേക്കാൾ വലുതാണ് സത്യം.
വൈറലാകുന്നതിനേക്കാൾ വലുതാണ് നീതി.
വാർത്തയുടെ വേഗത്തേക്കാൾ വലുതാണ് അതിന്റെ വിശ്വാസ്യത.മാധ്യമങ്ങൾ ഇത് മറന്നുപോകുന്ന ദിവസം, സമൂഹത്തിന് നഷ്ടമാകുന്നത് ഒരു വാർത്തയുടെ സത്യസന്ധത മാത്രമല്ല ജനാധിപത്യത്തിന്റെ വിശ്വാസം കൂടിയാണ്.