
മലയാളി സമൂഹത്തെ ഒന്നാകെ നടുക്കിയ ഒരു വലിയ ദുരന്തത്തിനാണ് ഓഗസ്റ്റ് 28-ന് കാലിഫോർണിയ മിൽപിറ്റാസ് നഗരം സാക്ഷ്യം വഹിച്ചത്. ഇവിടെ തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകള്‍ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടില്‍ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (40) എന്നിവർ കൊല്ലപ്പെടുകയായിരുന്നു.
സിലിക്കൺ വാലി മേഖലയിലെ സൗത്ത് ഏഷ്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ഏറെ പരിചിതമായ ഡിക്സൺ ലാൻഡിംഗ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് ഈ സംഭവം നടന്നത്.
കൊല്ലപ്പെട്ടവരും പ്രതിയും തമ്മിലുള്ള അടുത്ത സൗഹൃദം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
രണ്ട് വ്യത്യസ്ത രീതികളിലാണ് കൊലപാതകങ്ങൾ നടന്നത്. ആദ്യത്തേത് അപ്പാർട്ട്മെന്റിനുള്ളിൽ വെച്ചുള്ള കത്തിക്കുത്തായിരുന്നു. രണ്ടാമത്തേത് പാർക്കിംഗ് ഏരിയയിൽ വെച്ച് കാറിടിപ്പിച്ചുള്ള (ഹിറ്റ് ആൻഡ് റൺ) കൊലപാതകമായിരുന്നു. മിൽപിറ്റാസ് പോലീസ് പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തു. ഇരകളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.
എന്നാൽ, കേസിനു പിന്നിലെ കാരണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അറസ്റ്റിലായ അനില (32) കോട്ടയം ഈരാറ്റുപേട്ട മൂന്നിലവിലെ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ അംഗമാണ്. ശാന്ത സ്വാഭാവിയായി അറിയപ്പെട്ടിരുന്ന അനില എന്തുകൊണ്ട് കസ്റ്റഡിയിലായി എന്നത് സംബന്ധിച്ച ദുരൂഹത നാലുദിവസം കഴിഞ്ഞിട്ടും തുടരുകയാണ്. സോഫ്റ്റ്‌വെയർ എൻജിനീയറായ അനില ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പം നാലുവർഷം മുമ്പാണ് ബംഗളൂരുവിൽ നിന്നും യുഎസ്എലെത്തിയത്.
അടുത്ത കൂട്ടുകാരികളെ കൊലപ്പെടുത്തിയത് വിശ്വസിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല. ഇതിലേക്ക് നയിച്ച കാരണമെന്താണ് പ്രധാന ചോദ്യം.
വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മൂന്നിലവ് തഴച്ചവയല്‍ എന്ന കൊച്ചുഗ്രാമം ഇനിയും മുക്തമായിട്ടില്ല. 'ബേബി ഡോക്ടറുടെയും ജോളി ചേച്ചിയുടെയും മകൾ കൂട്ടുകാരികളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഇപ്പോഴും കഴിയുന്നില്ല.
അത്രയേറെ സല്‍പേരുള്ള മാരാമറ്റം കുടുംബത്തിലെ ശാന്തസ്വഭാവക്കാരിയായിരുന്നു സോഫ്റ്റ്‌വെയർ എൻജിനീയറായ അനില. നാലു വയസ്സുകാരിയുടെ അമ്മയാണ്.
കുറ്റം സമ്മതിച്ചതായാണ് പ്രാഥമിക വിവരങ്ങള്‍. കടുത്ത വിഷാദമാണ് അനിലയെ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൃത്യമായ കാരണം ഇതുവരെയും വ്യക്തമല്ല. അനിലയുടെ മാതാവും പിതാവും അമേരിക്കയിലുണ്ട്. അവർ തിങ്കളാഴ്ച തിരിച്ചു വരാനിരിക്കുകയായിരുന്നു. ഫോറൻസിക് പരിശോധന പൂർത്തിയായ ശേഷം പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നാണ് പ്രതീക്ഷിക്കുന്നത്.