Image

ഏഷ്യന്‍ ഗെയിംസ് സെയ്‌ലിങ്ങില്‍ പ്രതീക്ഷയോടെ മധുവിന്റെ ശിഷ്യര്‍ (സനില്‍ പി. തോമസ്)

Published on 01 September, 2026
ഏഷ്യന്‍ ഗെയിംസ് സെയ്‌ലിങ്ങില്‍ പ്രതീക്ഷയോടെ മധുവിന്റെ ശിഷ്യര്‍ (സനില്‍ പി. തോമസ്)

ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ സെയിലിങ്ങില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു. നിംഗ്ബോയില്‍ നടന്ന സെയിലിങ്ങില്‍ ഇന്ത്യക്ക് ഒരു വെള്ളിയും രണ്ടു വെങ്കലവും കിട്ടി.  നേഹ ഠാക്കൂറിന് വെള്ളി, ഈബദ് അലിക്കും വിഷ്ണു ശരവണനും വെങ്കലം. മെഡല്‍ കിട്ടിയില്ലെങ്കിലും മലയാളി താരം അദ്വൈത് മേനോനും ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉണ്ടായിരുന്നു. ടീമിന്റെ പരിശീലകന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പി.മധു പലതവണ ഇന്ത്യ ടീമിന്റെ പരിശീലകനായിട്ടുള്ള മധുവിന് ഏഷ്യന്‍ ഗെയിംസ് ടീമിനെ പരിശീലിപ്പിക്കുവാന്‍ കിട്ടിയ ആദ്യ അവസരമായിരുന്നത്.

ആര്‍മിയില്‍ സുബേദാര്‍ മേജര്‍ ആയി വിരമിച്ച ഈ മുന്‍ ദേശീയ സെയിലിങ് ചാമ്പ്യന്‍ ഇപ്പോള്‍ നാട്ടില്‍ മടങ്ങിയെത്തിരിക്കുമ്പോള്‍ ഈ മാസം ജപ്പാനിലെ ഐച്ചി-നഗോയയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹത്തിൻ്റെ രണ്ടു ശിഷ്യർ മൽസരിക്കുന്നു.  ഇന്ത്യന്‍ സെയിലിങ്ങ് ടീമിലെ മലയാളി താരങ്ങളെ കണ്ടെത്തിയതും ഏറെക്കാലം പരിശീലിപ്പിച്ചതും മധു. പ്രിന്‍സ് നോബിളും മനു ഫ്രാന്‍സിസുമാണ് 2012 ല്‍ ചെറായ്  യില്‍ നിന്നു മധു കണ്ടെത്തി വളര്‍ത്തിയ താരങ്ങള്‍. ഇവര്‍ക്കൊപ്പം 10 അംഗ ഇന്ത്യന്‍ ടീമിലെ ശ്രദ്ധ വര്‍മ്മയും ഹര്‍ഷിത ടോമറും മധുവിന്റെ ശിഷ്യര്‍ ആയിരുന്നു.
ഹൈദരാബാദിലും മുംബൈയിലുമൊക്കെ ആര്‍മിയുടെ സെയിലിങ്ങ് ടീമില്‍ സജീവമായിരുന്ന മധു 2000 ത്തിലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയിലുമായാണ് അരങ്ങേറിയത്. പിന്നെ ആറു വര്‍ഷത്തിനുള്ളില്‍ 18 ദേശീയ മെഡല്‍. ഹൈദരാബാദില്‍ നിന്ന് 2006ല്‍ ഭോപ്പാലില്‍ എത്തിയതാണ് വഴിത്തിരിവായത്. മധ്യപ്രദേശ് സ്‌പോര്‍ട്‌സ് മന്ത്രി യശോദര രാജെ സിന്ധ്യ(മാധവ റാവു സിന്ധ്യയുടെ ഇളയ സഹോദരി) ഭോപ്പാലില്‍ സെയിലിങ് സ്‌ക്കൂള്‍ തുടങ്ങാന്‍ മധുവിന്റെ സഹായം തേടി. അന്ന് ഭോപ്പാലില്‍ ഉള്ളത് ആര്‍മി നല്‍കിയ രണ്ട് പഴയ ബോട്ട് മാത്രം.

ആദിവാസി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് പരിശീലനമായിരുന്നു സ്‌പോര്‍ട്‌സ് മന്ത്രിയുടെ മനസ്സില്‍. ആവശ്യത്തിന് പരിശീലന ഉപകരണങ്ങള്‍ ആവശ്യപ്പെട്ട മധുവിന് രണ്ടു മാസത്തിനകം മന്ത്രി വേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. ഇന്ത്യയിലെ ആദ്യത്തെ സെയിലിങ് സ്‌ക്കൂള്‍-നാഷ്ണല്‍ സെയ്‌ലിങ്ങ് സ്‌ക്കൂള്‍ -ഭോപ്പാലില്‍ തുടങ്ങി. മലയാളി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഈ സ്‌ക്കൂളില്‍ എത്തിച്ചാണ് മധു പരിശീലിപ്പിച്ചത്.

ഹൈദരാബാദില്‍ നാല് സെയ്‌ലിങ് ക്ലബുകള്‍ ഉണ്ട്. മുംബൈയില്‍ ഇ.എം.ഇ.യുടെ സെയ്‌ലിങ്ങ് ക്ലബ് ഉണ്ട്. ഇവിടെയൊക്കെ അത്‌ലിറ്റായും പരിശീലകനായും കൈവരിച്ച അനുഭവ പാഠവുമായാണ് മധു ഭോപ്പാലില്‍ സ്‌ക്കൂളിന്റെ ചുമതലയേറ്റത്. 2006 മുതല്‍ 2011 വരെ ഭോപ്പാലില്‍ പരിശീലനം നല്‍കി. ഇടയ്ക്ക് പാര്‍ലിമെന്റിലേക്കു പോയ യശോദര രാജെ 2015 ല്‍ സംസ്ഥാന മന്ത്രിയായി മടങ്ങിയെത്തിയപ്പോള്‍ മധുവിനെ വീണ്ടും വിളിച്ചു. 2019 വരെ തുടര്‍ന്ന മധു ഭോപ്പാലില്‍ പരിശീലകനായി രണ്ടാം ഊഴം പൂര്‍ത്തിയാക്കി. ഹൈദരാബാദിലേക്കു മടങ്ങിയ മധു 2025 ല്‍ കണ്ണൂരില്‍ താമസമാക്കി.
ഇക്കുറി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്ന മനു വരാപ്പുഴ കുരിശിങ്കല്‍ ഫ്രാന്‍സിസിന്റെയും മിനിയുടെയും പുത്രനാണ്. പ്രിന്‍സ് പള്ളിപ്പുറം കുരിശിങ്കല്‍ നോബിളിന്റെയും ബിന്ദുവിന്റെയും പുത്രന്‍. ഇവര്‍ 49 ഇആര്‍ സ്‌കിഫിലാണു മത്സരിക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച പരിചയം ഇവര്‍ക്കുണ്ട്. തന്റെ ശിഷ്യര്‍ മെഡല്‍ നേടുമെന്നു പ്രതീക്ഷിക്കുമ്പോഴും മധുവിന് താന്‍ പ്രതീക്ഷിച്ചതുപോലൊരു സെയിലിങ് ക്ലബ് കണ്ണൂരില്‍ തുടങ്ങാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ട്. പക്ഷേ, മധു പ്രതീക്ഷ കൈവിട്ടിട്ടില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക