
കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി വി.ഡി. സതീശന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചു. നോര്‍ക്ക ആവശ്യപ്പെട്ടതു പ്രകാരം വീസ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബന്ധുക്കള്‍ കൈമാറി. യുഎസിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയെങ്കിലും എടുത്തേക്കുമെന്നാണു സൂചന.
യുവതികളുടെ മൃതദേഹങ്ങളില്‍ ഫൊറന്‍സിക് പരിശോധന തുടരുകയാണെന്നും പൂര്‍ത്തിയായ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നുമാണു യുഎസിലെ മില്‍പീറ്റസ് പൊലീസിന്റെ നിലപാട്. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് പിടികൂടിയ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനില ബേബിയെ (32) ചോദ്യംചെയ്യുകയാണ്. കൊലയിലേക്ക് നയിച്ച കാരണം ബന്ധുക്കള്‍ക്കും അജ്ഞാതമായി തുടരുന്നു.
സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അനില ഭര്‍ത്താവ് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് കടവൂര്‍ സ്വദേശി ജോബിന്‍ മാത്യുവിനൊപ്പമാണ് 4 വര്‍ഷം മുന്‍പ് യുഎസില്‍ എത്തിയത്. മുന്‍പ് ബെംഗളൂരുവിലായിരുന്നു ജോലി. 4 വയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ പിതാവും മാതാവും ഇപ്പോള്‍ യുഎസിലുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്കു പൊലീസ് കൗണ്‍സലിങ് അടക്കം നിയമസഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒന്നിച്ചു താമസിക്കുന്ന അപ്പാര്‍ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയിലേക്ക് അഞ്ജനയെ വിളിച്ചുവരുത്തി അനില കാറിടിപ്പിച്ചതിനു ദൃക്‌സാക്ഷികളുണ്ട്. ഇതിനു തൊട്ടുമുന്‍പാണ് ഫ്‌ലാറ്റിനുള്ളില്‍ ആന്‍ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. രണ്ടു കൃത്യങ്ങളും നടത്തിയത് അനില തന്നെയെന്നു വ്യക്തമായെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.