Image

അരുംകൊലയുടെ ചതി: യുവതികള്‍ കൊല്ലപ്പെട്ട സംഭവം ദുരൂഹം (എ.എസ് ശ്രീകുമാര്‍)

Published on 31 August, 2026
അരുംകൊലയുടെ ചതി:   യുവതികള്‍ കൊല്ലപ്പെട്ട സംഭവം ദുരൂഹം (എ.എസ് ശ്രീകുമാര്‍)

അമേരിക്കന്‍ മലയാളി സമൂഹത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം തേടി കാലിഫോര്‍ണിയ പൊലീസ് അന്വേഷണം ശക്തമാക്കി. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന രണ്ട് മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍, ഇവര്‍ക്കൊപ്പം സൗഹൃദത്തിലായിരുന്ന മറ്റൊരു യുവതി പൊലീസ് കസ്റ്റഡിയിലായതോടെ ദുരൂഹതകള്‍ ഏറുകയാണ്.

കാലിഫോര്‍ണിയയിലെ സാന്‍ ജോസ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തൃശൂര്‍ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വ്യക്തിബന്ധങ്ങളിലുണ്ടായ തര്‍ക്കമോ ജോലി സംബന്ധമായ പ്രശ്‌നങ്ങളോ ഉള്‍പ്പെടെയുള്ള വിവിധ സാധ്യതകള്‍ അന്വേഷണസംഘം പരിശോധിക്കുന്നതായാണ് വിവരം. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ആന്‍ മേരി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലാണ് സംഭവങ്ങളുടെ തുടക്കം. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പള്ളത്ര ജേക്കബ് ഫ്‌ലാറ്റിലെത്തുകയായിരുന്നു.

അവിടെ കണ്ട കാഴ്ചയാണ് ദുരന്തത്തിന്റെ ആദ്യ സൂചനയായത്. കുത്തേറ്റ നിലയില്‍ ആന്‍ മേരി മരിച്ചുകിടക്കുകയായിരുന്നു. ഭാര്യയെ ബന്ധപ്പെടാനാകാത്തതിന്റെ ആശങ്കയില്‍ ഫ്‌ലാറ്റിലെത്തിയ ജേക്കബിന് മുന്നില്‍ തെളിഞ്ഞത് വിശ്വസിക്കാനാകാത്ത ദുരന്തം. മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു സുഹൃത്തും കൊല്ലപ്പെട്ടെന്ന വിവരം കൂടി പുറത്തുവന്നതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിച്ചു. ആനിന്റെ മരണവാര്‍ത്ത പുറത്തുവരുന്നതിന് മുന്‍പോ അതിന് പിന്നാലെയോ, അഞ്ജനയെ വിളിച്ചുവരുത്തി കാര്‍ ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ആ കാര്‍ അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിജീഷ് ഉടന്‍ തന്നെ ഇവരുടെ പൊതുസുഹൃത്തായ ആന്‍ മേരിയുടെ ഭര്‍ത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ജേക്കബ് ഫ്‌ലാറ്റിലെത്തിയപ്പോഴാണ് ആന്‍ മേരി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. ഒരേ സൗഹൃദവലയത്തിലെ രണ്ട് പേരെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, വ്യത്യസ്ത രീതിയില്‍ കൊലപ്പെടുത്തിയെന്ന സംശയമാണ് ഇപ്പോള്‍ അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.

അഞ്ജനയും ആനും അനിലയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ വീട്ടുകാര്‍ പറയുന്നു. അങ്ങനെയൊരു സൗഹൃദബന്ധം എങ്ങനെയാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്ന ചോദ്യത്തിനാണ് അന്വേഷണസംഘം ഇപ്പോള്‍ ഉത്തരം തേടുന്നത്. സംഭവത്തിന്റെ പിന്നിലെ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, വ്യക്തിപരമായ തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സൗഹൃദബന്ധങ്ങളിലെ വിള്ളല്‍ തുടങ്ങിയ സാധ്യതകളും പൊലീസ് പരിശോധിക്കുന്നതായാണ് വിവരം.

രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്തൊക്കെയാണ്..? കൊലപാതകങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ..? അഞ്ജനയെ ഫോണില്‍ വിളിച്ചുവരുത്തിയത് എന്തിനായിരുന്നു..? ആന്‍ മേരിയുടെ ഫ്‌ലാറ്റിലേക്ക് പ്രതി എങ്ങനെ പ്രവേശിച്ചു..? ഇരുവരെയും ലക്ഷ്യമിട്ടത് എന്തുകൊണ്ട്..? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലാണ് കേസിന്റെ യഥാര്‍ഥ ചിത്രം തെളിയുക.

അഞ്ജനയും ഭര്‍ത്താവ് വിജീഷും കഴിഞ്ഞ എട്ടുവര്‍ഷമായി കാലിഫോര്‍ണിയയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തിന്റെ നല്ല ഭാവിക്കായി അമേരിക്കയിലെത്തിയ അഞ്ജനയുടെ ജീവിതം അപ്രതീക്ഷിതമായി അവസാനിക്കുമ്പോള്‍, ഭര്‍ത്താവ് വിജീഷിനും ഏകമകള്‍ വാമികയ്ക്കും മുന്നില്‍ അവശേഷിക്കുന്നത് തീരാനാകാത്ത വേദനയാണ്. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകളാണ് അഞ്ജന. വിലങ്ങന്നൂര്‍ സ്വദേശിയാണ് ഭര്‍ത്താവ് വിജീഷ്. കോട്ടയം ചിങ്ങവനം സ്വദേശിയായ ആന്‍ മേരി മാത്യുവും കുടുംബത്തോടൊപ്പമായിരുന്നു അമേരിക്കയില്‍ താമസിച്ചിരുന്നത്.

അമേരിക്കന്‍ സ്വപ്നം തേടി കടല്‍ കടന്നെത്തിയ രണ്ട് മലയാളി കുടുംബങ്ങളെയാണ് ഒരു ദിവസംകൊണ്ട് ദുരന്തം തകര്‍ത്തത്. സൗഹൃദത്തിന്റെ പേരില്‍ അടുത്തെത്തിയ ഒരാള്‍ തന്നെ മരണത്തിന്റെ കാരണക്കാരിയായെന്ന സംശയം ഉയര്‍ന്നതോടെ സംഭവത്തിന്റെ ആഘാതം ഇനിയും രൂക്ഷമായി. എന്നാല്‍, വികാരങ്ങളും അഭ്യൂഹങ്ങളും മാറ്റിനിര്‍ത്തി തെളിവുകളിലൂടെയാണ് സത്യം പുറത്തുവരേണ്ടത്. ഫോണ്‍ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, വാഹനത്തിന്റെ സഞ്ചാരപാത, സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകള്‍, പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും പരസ്പരബന്ധങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക