Image

ഏദനിലെ താമസക്കാർ (നോവല്‍-30: ലൈല അലക്‌സ്)

Published on 31 August, 2026
ഏദനിലെ താമസക്കാർ (നോവല്‍-30: ലൈല അലക്‌സ്)

അന്ന് വൈകുന്നേരം വീട്ടിലെത്തിയ എബി അദ്ഭുതപ്പെട്ടു പോയി: ബീന അയാളെക്കാത്ത് സ്വീകരണമുറിയിലുണ്ടായിരുന്നു. അവളുടെ മുഖത്ത് നിറയെ സന്തോഷവും. കുളിച്ച്, നന്നായി അണിഞ്ഞൊരുങ്ങി, അത്ര പ്രസരിപ്പോടെ അവളെ അതിനു മുൻപ് കണ്ടിട്ടില്ല എന്ന് അയാൾക്ക് തോന്നി. അയാൾക്ക് ചായ പകർന്നു കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. 
'ഞാൻ എബി വരാൻ നോക്കിയിരിക്കുകയായിരുന്നു'. ഒന്ന് നിർത്തി ബീന തുടർന്നു: 'ഞാൻ ഡാഡിയെ വിളിച്ചു സംസാരിച്ചു’
'പതിവില്ലാത്തതൊക്കെ ആണല്ലോ ഇന്ന്...' എബി പറഞ്ഞു പോയി. 'ങും, എന്ത് പറ്റി ഡാഡിയെ വിളിക്കാൻ?'
ഒരു വർഷത്തെ ദാമ്പത്യജീവിതത്തിനിടയ്ക്കു ഒരിക്കൽ പോലും ബീന ഡാഡിയെ അങ്ങോട്ട് വിളിക്കുന്നത് എബി കണ്ടിട്ടില്ല. അദ്ദേഹം മുറ തെറ്റാതെ ബീനയെ വിളിക്കുമെങ്കിലും, സംഭാഷണങ്ങൾ ഒന്നോ രണ്ടോ വാചകങ്ങളിൽ ഒതുക്കുകയാണ് ബീനയുടെ പതിവ്.
'ങും പറയാം. ഒരുപാടു പറയാനുണ്ട്...' ബീന പുഞ്ചിരിച്ചു. 
എബിയുടെ ചുണ്ടിലേക്കും ആ പുഞ്ചിരി പകർന്നു. മഴ പെയ്തൊഴിയുമ്പോൾ തെളിഞ്ഞ മാനത്തു വെയിലിൻറെ സ്വർണനാളങ്ങൾ പരക്കുന്നത് പോലെ, എബിയുടെ മനസിൽ സുഖമുള്ള ഇളം ചൂട് പരന്നു.
'നന്നായി. ഡാഡിയുമായുള്ള പിണക്കം തീർന്നല്ലോ.'
'ങും... അതിനുമുൻപ്, സുമചേച്ചി. രാവിലെ മുതൽ കിടപ്പാ… എബി ഒന്ന് ചെന്ന് നോക്ക്...'
'ങാഹാ... എന്ത് പറ്റി?' എബി ചായക്കപ്പ് താഴെ വെച്ചുകൊണ്ട് എഴുന്നേറ്റു.
'വേണ്ട. നീ ചായ കുടിക്ക്... അവൾ ഇത്തിരി നേരം കിടന്നോട്ടെ...'  അവിടേക്കു വന്ന രാജു പറഞ്ഞു. രാജുവിൻറെ ശബ്ദത്തിനു വല്ലാത്ത കനമുണ്ടായിരുന്നു. 
'എന്താണ് കാരണം' എന്ന ചോദ്യം എബിയുടെ കണ്ണിൽ തെളിഞ്ഞു. അയാൾ ബീനയുടെ മുഖത്തേക്ക് നോക്കി.
'അറിയില്ല' എന്ന് നിശബ്ദമായി അവൾ തോൾ ചലിപ്പിച്ചു. 
എബിയുടെയും രാജുവിൻറെയും ശബ്ദങ്ങൾ കേട്ടുകൊണ്ട് റീത്താമ്മ ഇറങ്ങി വന്നു.
'രാവിലെ മുതൽ അവൾ കിടപ്പാ... എന്ത് പറ്റിയോ എന്തോ? ചോദിച്ചിട്ടു ഒന്നും പറയുന്നുമില്ല....' അവർ പറഞ്ഞു
'ഒന്നുമില്ല... അവളെ കുറച്ചു നേരം വെറുതെ വിട്... ' രാജു അമ്മയോട് പറഞ്ഞു.
‘ശോ... നീയെന്താ ഇപ്പറയുന്നത്? ഒരു മിനിറ്റ് അടങ്ങിയിരിക്കുന്ന പെണ്ണല്ല അവൾ. അവൾക്കു ഒരു വല്ലായ്ക വന്നിട്ട് ആരും നോക്കേണ്ട എന്നോ? കാര്യമായി എന്തെങ്കിലും ഇല്ലാതെ അങ്ങനെ കയറി കിടക്കുകയില്ല അവൾ...'
'ഒന്നുമില്ല അമ്മേ. അവളെ ഇപ്പോൾ ശല്യപ്പെടുത്താതെ ഇരുന്നാൽ മതി.' രാജു റീത്താമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു 
'എബി... നീ ഒന്ന് പോയി നോക്കെടാ, വല്ല ആശുപത്രിയിലോ മറ്റോ പോകണോ?' റീത്താമ്മ എബിയോട് പറഞ്ഞു.
'ആശുപത്രിയിൽ പോകണോ? അതും തലവേദനയ്ക്ക്? പിന്നെ ഇവനെ പഠിപ്പിച്ചത് എന്തിനാ?' രാജു ഗൗരവത്തിന് അല്പം അയവു വരുത്തി.
വീണ്ടും എഴുന്നേൽക്കാൻ ഭാവിച്ച എബിയെ തടഞ്ഞുകൊണ്ട് രാജു തുടർന്നു:
'ഒരു തലവേദന ഇത്ര കാര്യമാക്കാൻ ഒന്നുമില്ല. എല്ലാവരുംകൂടി ശല്യപ്പെടുത്താതെ ഇരുന്നാൽ മതി. ചിലപ്പോൾ കുറച്ചുനേരം തനിച്ചിരിക്കുന്നതാ സുഖം. '
'അവൾ വിശ്രമിക്കട്ടെ... പിന്നെ മാറിയില്ലെങ്കിൽ, ഹോസ്പിറ്റലിൽ പോകാം..'
'അതും നേരാ... അവൾ ഇത്തിരിനേരം സ്വസ്ഥമായി തനിച്ചിരിക്കട്ടെ. ആ പാവത്തിന് ഒരു മിനിറ്റ് സ്വന്തമായി കിട്ടുന്നുണ്ടാവില്ല ഇവിടെ' റീത്താമ്മ ശരി വെച്ചു കൊണ്ട് അടുത്ത മുറിയിലേക്ക് പോയി  
'ഇവിടെ ഇപ്പൊ ബീനയുണ്ടല്ലോ...’. രാജു ബീനയെ നോക്കിക്കൊണ്ടു പറഞ്ഞു.
'എനിക്ക് ഒരു കപ്പ് ചായ കൂടി വേണം.' എബി പറഞ്ഞു .
ജഗ്ഗിൽ ചായ തീർന്നെന്നുകണ്ട് ജഗും എടുത്തു ബീന കിച്ചനിലേക്കു നടന്നു.
അവൾ പോയിക്കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയിട്ട് രാജു എബിയോട് പറഞ്ഞു:
'എനിക്ക് നിന്നോട് തന്നെയായി കുറച്ചു സംസാരിക്കാനുണ്ട്. ഇവിടെ വെച്ച് വേണ്ട. ടൗണിലെ പാർക്കിൽ ഞാൻ കാത്തിരിക്കാം. ഞാൻ പോയിക്കഴിഞ്ഞു നീ ഇവിടെ നിന്ന് ഇറങ്ങിയാൽ മതി...'
'എന്താ ഇത്ര വലിയ രഹസ്യം?' എബി ചോദിച്ചു.
'അതെ രഹസ്യം...' രാജുവിൻറെ ശബ്ദത്തിലെ ഗൗരവം എബിയുടെ ജിജ്ഞാസ വർധിപ്പിച്ചു. എന്തോ തക്കതായ കാര്യമുണ്ട്. അല്ലെങ്കിൽ രാജുച്ചായൻ ഇത്ര ഗൗരവം കാണിക്കില്ല.
രാജു പുറത്തേക്കു പോയി. 
ബീന കൊണ്ടുവന്ന ചായ കുടിച്ചെന്ന് വരുത്തി, അയാൾ എഴുന്നേറ്റു. അപ്പോൾ അവിടെ നിന്നും പോകാൻ അയാൾക്ക് ഒട്ടും മനസ്സുണ്ടായിരുന്നില്ല. ബീനയ്ക്ക്  പറയാനുള്ളത് ഒക്കെ കേട്ട് അവളോടൊപ്പം അല്പം സമയം കഴിക്കണമെന്ന് ആയിരുന്നു അയാൾക്ക്.    
'ഞാൻ ഒന്ന് പുറത്തേക്കു പോയി വരാം....'  അയാൾ ബീനയോടു പറഞ്ഞു. 
'ആവട്ടെ...' ബീന തലയാട്ടി.
'ദേ വന്നു... ദാ പോയി...' ജോർജ് കിടക്കുന്ന മുറിയിൽ നിന്ന് ഇറങ്ങി വന്ന  റീത്താമ്മ എബി പുറത്തേക്കു പോകുന്നത് കണ്ടു പറഞ്ഞു.
'എന്നാ പിന്നെ, ഞാനും ദേ പോയി...' റീത്താമ്മ വീണ്ടും ഉള്ളിലേക്ക് പോകാൻ തിരിഞ്ഞു.
ബീന ചിരിച്ചു. മുത്തുമണികൾ ചിതറിയ പോലെ തോന്നി റീത്താമ്മയ്ക്കു. ആദ്യമായിട്ടായിരുന്നു അങ്ങനെ മനസ്സ് തുറന്നു അവൾ ചിരിക്കുന്നത്.  അവരുടെ മനസ്സ് കുളിർന്നു.
എബി തിരിഞ്ഞു നോക്കി. ബീനയുടെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല. ഒരിക്കലും കണ്ടിട്ടില്ലാത്തവണ്ണം ആ മുഖം തിളങ്ങുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
രാജുച്ചായന് എന്താണാവോ പറയാനുള്ളത്?
ടൗണിനടുത്തുള്ള ആ മുനിസിപ്പൽ പാർക്കിൽ അത്ര വലിയ തിരക്കൊന്നും ഇല്ലായിരുന്നു എബി ചെല്ലുമ്പോൾ. വൈകുന്നേരം കൂട്ടുകൂടി അൽപം  നടക്കുകയും, സൊറ പറയുകയും ചെയ്യാൻ ഇറങ്ങിയ കുറച്ചു പ്രായം ചെന്നവർ അല്ലാതെ പറയത്തക്ക ആരും തന്നെ ആ പാർക്കിൽ ഇല്ലായിരുന്നു. ആൾത്തിരക്ക് ഉണ്ടാവുകയില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെയാവണം രാജു ആ സ്ഥലം തെരെഞ്ഞെടുത്തത്. വിജനമായ കോണിലെ ബെഞ്ചിൽ എബിയെ കാത്തിരിക്കുകയായിരുന്നു രാജു. അയാൾ ഇരുന്നതിൻറെ അടുത്തായി തന്നെ കാർ ഒതുക്കിനിർത്തി എബി ഇറങ്ങിച്ചെന്നു.
അൽപ നേരത്തേക്ക് എബി ഒന്നും മിണ്ടിയില്ല. 
'എന്താ രാജുച്ചായാ.... പറയാനുണ്ടെന്ന് പറഞ്ഞിട്ട്?' എബി ചോദിച്ചു.
'നീ വൽസയെ കാണാറുണ്ടോ?' മുഖവുര കൂടാതെ രാജു ചോദിച്ചു.
എബി ഞെട്ടലോടെ രാജുവിൻറെ മുഖത്തേക്ക് നോക്കി. വത്സയുടെ കാര്യം എന്തിനാണ് തന്നോട് ചോദിക്കുന്നത് ?
'ഛെ!'
എബിയ്ക്ക് നന്നേ ദേക്ഷ്യം വന്നു. എന്താണ് ഇവരൊക്കെ തന്നെക്കുറിച്ചു ധരിച്ചിരിക്കുന്നത്.
ശരിയാണ് വൽസയെ ഇഷ്ടപ്പെട്ടിരുന്നു, ഒരുപാട്. വിവാഹം കഴിക്കാൻ ആഗ്രഹിക്കയും ചെയ്തിരുന്നു. രണ്ടു വീട്ടുകാരും ആ മോഹത്തിന് വേണ്ടുവോളം വളം വെച്ചുതരികയും ചെയ്തിരുന്നു. 
പക്ഷേ, അവൾ...  അവൾ തന്നെ വേണ്ടെന്നു വെച്ച് പോയതാണ്. അങ്ങനെ ഒരുവളെ താൻ എന്തിനു കാണണം? എന്താണ് ഈ ചോദ്യത്തിൻറെ  അർഥം?
'നീ മറുപടി പറഞ്ഞില്ല...' രാജുവിൻറെ ശബ്ദം മുറുകി. 
'പറയാൻ എനിക്ക് മനസ്സില്ല...' എബിയും വിട്ടു കൊടുത്തില്ല. 'അച്ചായന് വേറെ എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ പറയ്...'
എബി പോകാനായി എഴുന്നേറ്റു. 
പെട്ടെന്നായിരുന്നു രാജു കൈ വീശി അയാളുടെ കവിളത്തടിച്ചത് . അപ്രതീക്ഷിതമായ ആ പ്രഹരത്തിൽ എബി പകെച്ചു പോയി. 
ആരെങ്കിലും കാണുന്നുണ്ടോ എന്ന് അയാൾ ചുറ്റും നോക്കി.
'വത്സ ഭർത്താവിൻറെ വീട് വിട്ട് സാറാ ആൻറിയുടെ കൂടെ താമസമായി. നിനക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് എനിക്കറിയണം.'
എബി അപ്പോഴാണ് ആ വാർത്ത കേട്ടത്. 
അടിയേറ്റ കവിൾത്തടം പൊത്തിപ്പിടിച്ചുകൊണ്ടു എബി രാജുവിൻറെ മുഖത്തേക്ക് നോക്കി.
'കഴിഞ്ഞില്ല. ഇനിയുമുണ്ട് പറയാൻ... ദിവാകർ എന്നൊരു ആളെ നീ അറിയുമോ? ഇല്ലെങ്കിൽ പറയാം. നിൻറെ അമ്മായിയപ്പൻറെ മാനേജർ. അയാൾ വന്നിട്ടുണ്ട്. ബീനയെ മലേഷ്യയിലേക്ക് കൊണ്ടുപോകാൻ...' 
'എന്താണ് ഇതിൻറെയൊക്കെ അർഥം?'  
എബി അന്ധാളിച്ചു പോയി.
'ബീനയെ മലേഷ്യയിലേക്ക് കൊണ്ടുപോകാനോ? എന്തിന്?'
അയാൾ വിഡ്ഢിയെപ്പോലെ രാജുവിൻറെ നേരെ നോക്കി. 
'അത് തന്നെയാ എനിക്കും അറിയേണ്ടത്. നിങ്ങൾ തമ്മിൽ, വത്സയെചൊല്ലിയോ മറ്റോ...' 
'ഛെ! നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ? എന്നെക്കുറിച്ചു ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്?’
'ആ സോമൻ ഓഫീസിൽ മുഴുവൻ പറഞ്ഞു നടക്കുകയാണ് നിങ്ങൾ തമ്മിൽ അടുപ്പമാണെന്ന്...'
എബി നിസ്സഹായതയോടെ കൈമലർത്തി .
'ഈ ദിവാകർ... അയാളുടെ കാര്യം അച്ചായനോട് ആരാ പറഞ്ഞത്?' എബി ചോദിച്ചു.
'ദിവാകർ മാരിയറ്റിലാണ് താമസിക്കുന്നത്. അവിടുത്തെ റിസപ്ഷനിൽ ജോലി ചെയ്യുന്ന തോമസിനെ നീ അറിയുകയില്ലേ? അവനാ ട്രാവൽ ഏജൻസിയിൽ വിളിച്ചു ബീനയ്ക്കുള്ള ടിക്കറ്റ് ബുക് ചെയ്തത്. അഡ്രസ് കണ്ടപ്പോൾ നിൻറെ ഭാര്യയാണെന്ന് മനസിലായി...'
'ഇതൊന്നും നീ അറിഞ്ഞില്ല?'
'ബീന ഇന്ന് ഡാഡിയെ വിളിച്ചു എന്ന് പറഞ്ഞു. കൂടുതൽ ഒന്നും പറയാൻ സമയം ഉണ്ടായില്ല. ഞാൻ ഇങ്ങോട്ടു പോന്നു.'
'എങ്കിൽ പോ… പോയി ചോദിക്ക് എന്താണ് ഇതിൻറെയൊക്കെ  അർത്ഥമെന്ന്...' 
'അച്ചായനും വാ...' 
എബി കാറിലേക്ക് കയറുമ്പോൾ രാജു പറഞ്ഞു :
'എബി, സോറി...'
'എന്നെ തല്ലിയതിനാണോ? അതിനു, ഇതിപ്പോൾ ആദ്യത്തെ പ്രാവശ്യമൊന്നും അല്ലല്ലോ...' 
എബി നിസ്സാരമായി പറഞ്ഞു. അയാളുടെ മനസ്സിൽ അപ്പോൾ അതിനു യാതൊരു പ്രാധാന്യവും ഇല്ലായിരുന്നു...

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക