
ഫൊക്കാനാ കാലഹാരി കണ്‍വെന്‍ഷന്‍ ലോബിയിലെ തിരക്കില്‍, പഴയ സൗഹൃദങ്ങള്‍ പുതുക്കി മുന്നോട്ടു നടന്നു നീങ്ങുമ്പോള്‍, കൈയിലൊരു മൃദു സ്പര്‍ശം.
ആരാണെന്നറിയുവാന്‍ വേണ്ടി തിരഞ്ഞു നോക്കിയപ്പോള്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ.
'ഓര്‍മ്മയുണ്ടോ സാറേ, ഈ മുഖം?'
പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. പഴയ ഓര്‍മ്മകളുടെ ശേഖരത്തിലൊന്നും ആ മുഖം തെളിയുന്നില്ല.
'സത്യം പറഞ്ഞാല്‍ എനിക്കു മനസ്സിലായില്ല-' ഞാന്‍ ഉള്ള സത്യം പറഞ്ഞു.
'പെട്ടെന്നു മനസ്സിലായില്ല എന്നു പറയാതെ ശരിക്കൊന്നു ഓര്‍ത്തു നോക്കിക്കേ! പഴയ പരിചയക്കാരു വല്ലതുമായിരിക്കും.' ആ കമന്റ് എ്‌ന്റെ ഭാര്യയുടെ സംഭാവനയാണ്. അവളുടെ സ്വരത്തില്‍ ഒരു കൊടുങ്കാറ്റിന്റെ ഇരമ്പല്‍!
'സാറേ! ഇതു ഞാനാ-മേഴ്‌സി കുറിയാക്കോസ്- സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്- ചിരിച്ചു കൊണ്ടവര്‍ പറഞ്ഞു.
ഞാനോ?'- എനിക്ക് എന്നെത്തന്െ സംശയം.
'നിങ്ങളിവരെ പഠിപ്പിച്ചിട്ടുണ്ടാവും- അല്ലെങ്കില്‍ അവര്‍ അങ്ങിനെ ഉറപ്പു പറയില്ലല്ലോ!! നിങ്ങളത്ര പുണ്യാളനൊന്നും ചമയണ്ടാ!' ആ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്റെ ഭാര്യയുടെ വകയാണ്.
മേഴ്‌സി കുറിയാക്കോസിന്റെ സമീപം ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ആണൊരുത്തന്‍ നില്‍പുണ്ട്. അയാളുടെ മുഖത്ത് സംശയത്തിന്റെ ഒരു മസിലു പിടുത്തം.
'സാറേ! കൊട്ടാരക്കര 'കിംഗ്‌സ് കോളേജില്‍' സാറായിരുന്നു ഇംഗ്ലീഷ് ലിറ്ററേച്ചറിനു ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തിരുന്നത്!' മേഴ്‌സി സസ്‌പെന്‍സിനു വിരാമമിട്ടു.
ഓര്‍മ്മകള്‍ റീവൈന്‍ഡു ചെയ്തപ്പോള്‍ അങ്ങിനെയും ഒരു കാലഘട്ടം എന്റെ ജീവിതത്തിലുണ്ടായിരുന്നു എ്ന്ന ചിത്രം തെളിഞ്ഞു വന്നു.
'കര്‍ത്താവേ! ഒരു കാലത്ത് ഞാനൊരു അദ്ധ്യാപകന്റെ കുപ്പായം അണിഞ്ഞിരുന്നല്ലോ!'-ഞാനൊന്നു ഞെളിഞ്ഞു.
'വേഷങ്ങള്‍, ജന്മങ്ങള്‍
വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം-'
മനസ്സിന്റെ ഏതോ കോണിലിരുന്നു ദാസേട്ടന്‍ മൂളുന്നു.
ഡിഗ്രി സമ്പാദിച്ച ശേഷം, ഒരു സര്‍ക്കാര്‍ ജോലി തെണ്ടി നടക്കുന്ന ഇടവേളയിലൊരു അഭയകേന്ദ്രമായിരുന്നല്ലോ പഴയകാലത്ത്, പലര്‍ക്കും പാരലല്‍ കോളേജ്.
എന്റെ സഹോദരി ഭര്‍ത്താവ്, രാജന്‍ സാറിനു കൊട്ടാരക്കയില്‍ 'കിംഗ്‌സ് കോളേജ്' എന്ന പേരില്‍ പ്രശസ്തമായ ഒരു അദ്ധ്യാപന സ്ഥാപനം ഉണ്ടായിരുന്നതു കൊണ്ട്, അവിടെ ഒരു സ്റ്റാഫായി ഡയറക്ട്ട് അപ്പോയിന്റുമെന്റ് കിട്ടി.
'Food And accomodation Free' - വീക്കെന്‍ഡില്‍ വീട്ടില്‍ പോയി വരുവാനുള്ള അലവന്‍സും അനുവദിച്ചിരുന്നു.
ബോണസ്സായി, പുലമണ്‍ ജംഗ്ഷനിലെ പ്രശസ്തമായ പോറ്റി ഹോട്ടിലില്‍ നിന്നും കാപ്പികുടി. ആ ഹോട്ടലിലെ ഇഡലി ആയിരുന്നു ഇഡലി. നാവിന്‍ തുമ്പിലലിയുന്ന രുചി, ഇന്നും രമുകുളങ്ങളില്‍ തങ്ങി നില്‍ക്കുന്നു.
ഞാന്‍ 'Fresh off the college' ആയിരുന്നതിനാല്‍ പല വിദ്യാര്‍ത്ഥികളും സമപ്രായക്കാരായിരുന്നു.
'അന്നു സാറിനെ കാണാന്‍ വലിയ തരക്കേടില്ലായിരുന്നു. ഇപ്പോഴെന്തു പറ്റി? ആകപ്പാടെ അങ്ങ് ഓഞ്ഞു പോയല്ലോ!'
അടിമുടി എന്നെ ഒന്നു വീക്ഷിച്ച ശേഷം, ഒരു മേഴ്‌സിയുമില്ലാതെ, മേഴ്‌സി തന്റെ ആകാരഭംഗിയെപ്പറ്റി ഒരു അവലോകനം നടത്തി.
'അതു പിന്നെ അങ്ങേര്‍ക്കു ഇേ്രത പ്രായമില്ലിയോ? ഞാനിങ്ങേരേക്കാള്‍ പത്തു വയസ്സിനു ഇളയതാ'- പ്രായത്തിന്റെ കാര്യത്തില്‍ എന്റെ ഭാര്യ കുറച്ചു സെ്ന്‍സിറ്റീവാണ്.
ആരെങ്കിലും അവളെ, 'ചേച്ചീ, ആന്റീ, അമ്മാമ്മേ,' എന്നൊക്കെ സംബോധന ചെയ്യുമ്പോള്‍ എന്റെ ചങ്കിടിക്കും.
'എനിക്കത്രെ പ്രായമൊന്നുമില്ല. എന്നെ പേരു വിളിച്ചാല്‍ മതി.' എന്നൊരു മുന്നറിയിപ്പ് ചിലപ്പോള്‍ നല്‍കാറുമുണ്ട്.
'ഇങ്ങേരുടെ കൂടെ നടക്കുന്നതു കൊണ്ട്, ഞാനും ഒരു കിളവിയാണെന്നാണു ചിലരുടെ വിചാരം.'
ആ കുറ്റവും അവള്‍ തന്റെ തലയില്‍ കെട്ടിവെച്ചു. സ്‌ക്കൂളില്‍ നേരത്തെ ചേര്‍ക്കുവാന്‍ വേണ്ടി, പ്രായം കൂട്ടിക്കാണിച്ചിരിക്കുകയാണെന്നു പല സ്ത്രീകളും പറയുന്നതു കേട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ ഒരു വയസ്സു പ്രായമുള്ളപ്പോള്‍ തന്നെ പലരും ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നിട്ടുണ്ടാവും.
മേഴ്‌സി ഒരു സംസാരപ്രിയ ആണെന്നു തോന്നുന്നു. അന്നു സാറിനെ ഞങ്ങള്‍ 'ബോറന്‍' എന്നാണു വിളിച്ചിരുന്നത്. അങ്ങിനെ ഒരു അപരനാമം എനിക്കുണ്ടായിരുന്നു എന്നുള്ളത് ഒരു പുതിയ അറിവാണ്. 'അളിയന്‍' എന്നു പിള്ളേരു വിളിച്ചിരുന്നത് ഞാനത്ര കാര്യമാക്കിയിരുന്നില്ല.
സാറു ക്ലാസിലേക്കു വരുമ്പോള്‍ 'ബോറന്‍ വരുന്നുണ്ടെന്നു' പറഞ്ഞു ഞങ്ങള്‍ അടക്കം ചിരിക്കുമായിരുന്നു.
'ഇപ്പോഴും ആളൊരു ബോറനാ-' അതുവഴി കടന്നു പോയ പോള്‍ കറുകപ്പള്ളി ഒരു കാര്യവുമില്ലാതെ ഒരു കമന്റു പാസ്സാക്കി.
'സംശയമുണ്ടെങ്കില്‍ ഇന്നു വൈകീട്ടത്തെ 'ചിരിയരങ്ങു' പരിപാടിയില്‍ കുറച്ചു നേരം ഇരുന്നാല്‍ മതി'-കൂട്ടത്തിലുണ്ടായിരുന്ന കാടാംപുറം ജോസ്, പോളിനെ പിന്താങ്ങി.
അതുകേട്ട്, ഞാനൊഴികെ, എ്‌ന്റെ ഭാര്യ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.
'എന്തിനാ എന്നെ ബോറന്‍ എന്നു വിളിച്ചിരുന്നത്?' ഏതിനും ഒരു കാരണം വേണമല്ലോ!
'Bores' എന്നൊരു Essay -യാണു സാറു ഞങ്ങളെ ആദ്യമായി പഠിപ്പിച്ചത്. സത്യത്തില്‍ സാറിന്റെ ക്ലാസു വെറും ബോറായിരുന്നു. മേഴ്‌സി എന്നോടു ഒരു കരുണയും കാണിച്ച. Bores എന്നൊരു essay ഞാന്‍ പഠിപ്പിച്ചെന്നോ?
ഡിഗ്രി ഉണ്ടായിരുന്നെങ്കിലും ഒരു 'വാഴക്കുല' ലൈനിലായിരുന്നു എന്റെ പഠിത്തം. ഷേക്‌സ്പിയര്‍, ബര്‍ണാഡ്ഷാ, ചാള്‍സ് ഡിക്കന്‍സ് തുടങ്ങിയ ചില പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും, അവരുടെ വിശ്വസാഹിത്യമൊന്നും എന്റെ പിടിയില്‍ ഒതുങ്ങുമായിരുന്നില്ല. എങ്കിലും ഞാനും ഒരു Post Graduate Certificate കരസ്ഥമാക്കി. അത്ഭുതങ്ങള്‍- അതങ്ങു സംഭവിക്കുകയാണല്ലോ!
കണ്‍വന്‍ഷന്‍ കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴേക്കും, ഗിന്നസ് ബുക്കില്‍ ഇടം നേടിയ മടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടമേളവും, മോഹിനിമാരുടെ മോഹിനിയാട്ടവും, 'നന്ദനം' നടി നവ്യാനായരുടെ(അധിക) പ്രസംഗവും എന്റെ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.
'ബോറന്‍' എന്ന പേര് എനിക്കു സമ്മാനിച്ച ആ കാരണഭൂതന്‍ ആരാണെന്നറിയാനുള്ള ആകാംക്ഷ എന്നെ അലട്ടിക്കൊണ്ടിരുന്നു.
'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നാണല്ലോ പ്രമാണം. അന്വേഷിച്ചു കണ്ടെത്തി.
ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രശസ്ത സാഹിത്യകാരനായിരുന്ന E.V.Lucas എഴുതിയ 'Bores' എന്ന Essay യെപ്പറ്റി ആയിരുന്നു മേഴ്‌സിയുടെ പരാമര്‍ശം.
ദൈനംദിന ജീവിതത്തിലെ സാധാരണ വിഷയങ്ങളെക്കുറിച്ച് ലളിതവും, രസകരവുമായ ശൈലിയാണു അദ്ദേഹം എഴുതിയിരുന്നത്. ബോറന്മാരെക്കുറിച്ച് എത്രയോ കാലങ്ങള്‍ക്കും മുമ്പ് എഴുതിയ ലേഖനം ഇന്നും വളരെ പ്രശസ്തമാണ്. ഇക്കൂട്ടത്തില്‍പ്പെട്ട ധാരാളം ആളുകളെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കാണാം.
ബോറന്മാര്‍ മറ്റുള്ളവരുടെ സമയത്തെപ്പറ്റി ഒട്ടും ബോധവാന്മാരല്ല. ഇവര്‍ മറ്റുള്ളവരെ സംസാരിക്കുവാന്‍ അനുവദിക്കാതെ, തങ്ങളുടെ വീരകൃത്യങ്ങള്‍ വിളംബി കൊണ്ടേയിരിക്കും.
തങ്ങളുടെ രോഗങ്ങള്‍, ശസ്ത്രക്രിയകള്‍, കഴിക്കുന്ന മരുന്നുകള്‍, ഭക്ഷണരീതി, വ്യായാമം എന്നിവയെപ്പറ്റി മറ്റുള്ളവരോടു വിശദീകരിച്ചു അവരെ അങ്ങേയറ്റം ബോറടിപ്പിക്കും. ചിലര്‍ തങ്ങളുടെ മൂലക്കുരു സര്‍ജറി നടന്ന ഭാഗം വരെ പ്രദര്‍ശിപ്പിക്കുവാന്‍ മടിയില്ലാത്തവരാണ്.
തങ്ങളുടെ മക്കളുടെ നേട്ടത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന പലരുമുണ്ട്. കൂട്ടത്തില്‍ അവരുടെ ഫോട്ടോയും!
ചിലര്‍ക്കു കുടുംബ പാരമ്പര്യത്തെപ്പറ്റിയുള്ള പൊങ്ങച്ചം പറയുവാനുള്ള താല്‍പര്യം- 'പകലോമറ്റം' വിട്ടൊരു കളിയില്ല.
കേട്ടവര്‍ വീണ്ടും ചിരിക്കണം എന്ന വാശി പിടിച്ചുകൊണ്ട്, ഒരേ തമാശ പലതവണ ആവര്‍ത്തിച്ചു പറയുന്നവരുണ്ട്.(എന്നെപ്പറ്റി അങ്ങിനെ ഒരു അപവാദം ഉള്ളതിനെപ്പറ്റി ഞാന്‍ ബോധവാനാണ്.)
പ്രസംഗിച്ചു മനുഷ്യരെ ബോറടിപ്പിച്ചു വെറുപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ സമൂഹത്തില്‍. എവിടെ മൈക്കു കണ്ടാലും ഏവര്‍ ചാടി വീഴും.
പ്രസംഗത്തിലൂടെ ആളുകളെ മുഷിപ്പിക്കുന്ന ചില പുരോഹിതന്മാരുമുണ്ട്. ആരെങ്കിലും മരിച്ചെന്നറിഞ്ഞാല്‍, ഒരു പത്തു പതിനഞ്ചു പട്ടക്കാരെങ്കിലും സഭാവൈരം മറന്ന്, പരേതനു അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവിടെയെത്തും. നല്ല കാര്യം. പക്ഷേ, ഈ പതിനഞ്ചു പേരും ചരമപ്രസംഗം നടത്തണമെന്നു വാശി പിടിക്കുന്നതു ശരിയല്ല. ഒരേ സന്ദേശമാണ് അവരവരുടെ ശൈലിയില്‍ അവര്‍ ആവര്‍ത്തിക്കുന്നത്.
ഏതെങ്കിലും കുട്ടികള്‍ മരിച്ചാല്‍ 'ഒരു തോട്ടക്കാരന്‍, തന്റെ തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പം നുള്ളിയെടുക്കുന്നതു പോലെ, സ്വര്‍ഗ്ഗീയ ഭവനം അലങ്കരിക്കുവാനായി കര്‍ത്താവ് ആ കുഞ്ഞിനെ നേരത്തെ വിളിച്ചു. അതില്‍ നമുക്കു സന്തോഷിക്കാം.'കുഞ്ഞിന്റെ മരണത്തില്‍ നെഞ്ചുപൊട്ടിയിരിക്കുന്ന, മാതാപിതാക്കളോടാണു കത്തനാര് ഈ കാച്ചു കാച്ചുന്നത്.
'ഞാന്‍ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു- ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.'
ജീവിച്ചിരുന്ന കാലത്ത് പള്ളിയില്‍ കയറാതെ, പട്ടക്കാരെ ചീത്തയും വിളിച്ചു നടന്ന വല്യപ്പനെപ്പറ്റിയാണു പരാമര്‍ശം.
ചില വിവാഹവേളയില്‍ ഉപദേശിമാര്‍ ഇത്തരം കൊലച്ചതി ചെയ്യാറുണ്ട്. ഒരു നല്ല കുടുംബജീവിതം എങ്ങിനെ നയിക്കണമെന്ന് വധുവരന്മാരെ ഉദ്‌ബോധിപ്പിക്കുകയാണ് നീണ്ട അറുബോറന്‍ പ്രസംഗത്തിലൂടെ
ഒന്നു നിര്‍ത്തി പോടേയ്- താനൊന്നു പോയിട്ടു വേണം ഞങ്ങള്‍ക്ക് കുടുംബം ഉണ്ടാക്കുവാനുള്ള ഒരു ശ്രമം നടത്തേണ്ടത്'- എന്നായിരിക്കും വധൂവരന്മാരുടെ മനസ്സില്‍!
*** **** *** ***
വര്‍ഷങ്ങള്‍ക്കു ശേഷം, ഞാന്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥി എന്നെ തിരിച്ചറിഞ്ഞു എന്നു സത്യമാണ്, ഈ ഫൊക്കാനാ കണ്‍വെന്‍ഷനില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
'ബോറന്‍' എന്നു പേര് ഞാന്‍ പോലും അറിയാതെ എനിക്കു ചാര്‍ത്തി തന്ന E.V.Lucas- നോടും എനിക്കു നന്ദിയുണ്ട്.
*** *** ***
മേഴ്‌സി കുറിയാക്കോസിനോട് ഒരു അപേക്ഷയുണ്ട്.
ഗുരുദക്ഷിണയായി എനിക്കൊന്നും വേണ്ടാ-എന്നെ ഇനി എവിടെ വെച്ചെങ്കിലും കാണാനിടയായാല്‍, ദയവു ചെയ്തു ഞാന്‍ മേഴ്‌സിയുടെ അദ്ധ്യാപകനായിരുന്നു എന്ന് ആരോടും പറയരുതേ!
'മാതാ, പിതാ, ഗുരു, ദൈവം'