Image

ചാര്‍ലി ചാപ്ലിന്റെ ക്ലാസിക് ചിത്രം 'ദി കിഡ്' ഇനി കളറില്‍ കാണാം; പുതിയ പതിപ്പുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

Published on 31 August, 2026
ചാര്‍ലി ചാപ്ലിന്റെ ക്ലാസിക് ചിത്രം 'ദി കിഡ്' ഇനി കളറില്‍ കാണാം; പുതിയ പതിപ്പുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

ചാര്‍ലി ചാപ്ലിന്‍ സംവിധാനം ചെയ്ത് 1921 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ 'ദി കിഡ്' എന്ന കോമഡി ചിത്രത്തിന് പുതിയ കളര്‍ പതിപ്പോരുക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. എച്ച് ഡി നിലവാരത്തോടെയുള്ള പുതിയ പതിപ്പ് ഇപ്പോള്‍ ഡിഷ് ടിവിയുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ വാച്ചോ ഒ. ടി. ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. പുതിയ പശ്ചാത്തല സംഗീതം ഉള്‍പെടുത്തിയിട്ടുണ്ടെന്നുള്ളതും ഈ പതിപ്പിന്റെ പ്രത്യേകതയാണ്.

ചാപ്ലിന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി കിഡ്', നിശ്ശബ്ദ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ചാപ്ലിന്റെ ആദ്യ ഫുള്‍-ലെങ്ത് ഫീച്ചര്‍ ചിത്രമായ ഇതില്‍ ജാക്കി കൂഗന്‍, എഡ്‌ന പര്‍വിയന്‍സ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചാപ്ലിന്റെ പ്രശസ്ത കഥാപാത്രമായ ദി ട്രാംപ്, ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ കണ്ടെത്തുകയും പിന്നീട് അവനെ സംരക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. കാലക്രമേണ ഇരുവരും തമ്മില്‍ ആഴത്തിലുള്ള അച്ഛന്‍-മകന്‍ ബന്ധം രൂപപ്പെടുന്നു. എന്നാല്‍ കുട്ടിയെ അധികൃതര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ബന്ധം വലിയൊരു പരീക്ഷണത്തിലേക്ക് എത്തുന്നു. ഹാസ്യവും വികാരവും നാടകീയതയും സമന്വയിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

1921-ല്‍ പുറത്തിറങ്ങിയ 'ദി കിഡ്', ചാര്‍ലി ചാപ്ലിന്റെ സിനിമാജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായി മാറി. തന്റെ സവിശേഷമായ ശാരീരിക ഹാസ്യവും വൈകാരികമായ കഥപറച്ചിലും ഒരുമിപ്പിച്ച ഈ ചിത്രം ഇന്നും നിശ്ശബ്ദ സിനിമയുടെ ചരിത്രത്തിലെ ഒരു ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ചിത്രം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുമെന്ന് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനായ നിര്‍മല്‍ ബേബി വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

Movie link: https://www.watcho.com/movie/the-kid-z9ps2v
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക