
മമ്മൂട്ടിയെ നായകനാക്കി യുവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ഒന്‍പതാം ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയാ പേജിലൂടെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രവും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ചിത്രം കൂടിയാണിത് എന്നാണ് സൂചന. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന പിന്നണിദൃശ്യം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ വന്നിരിക്കുന്ന വീഡിയോയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. ഈ ഭാഗമാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
തീയുടെ ഇമോജി കമന്റായി രേഖപ്പെടുത്തിയാണ് ഫോളോവര്‍മാരകും ആരാധകരും ഈ ചിത്രത്തോട് പ്രതികരിച്ചത്. വരുന്നത് മലയാളത്തിന്റെ മൂത്തോനാണ്, ഫസ്റ്റ്‌ലുക്ക് എത്രയും പെട്ടന്ന് ഇറക്കിവിടൂ, തമിഴ് നാട് - കേരള ബോര്‍ഡറിലെ ഒരു ലോക്കല്‍ ഗുണ്ടാ അടി പടം വരുന്നുണ്ട്, തിയേറ്റര്‍ ബ്ലാസ്റ്റ്, തൂക്കി എന്നെല്ലാമാണ് അവയില്‍ ചില പ്രതികരണങ്ങള്‍. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയുന്നുവെന്നാണ് പിന്നണിദൃശ്യം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കമ്പനി കുറിച്ചത്.
സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്‌നാട്ടിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗംഭീര ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍, കോമഡി, മാസ് എന്നിവ കോര്‍ത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാകാന്‍വാസ് ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. 'കളങ്കാവല്‍' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്.