
ഇന്ന് നീ
നാളെയും നീ
അന്ത്യശസ്ത്രക്രിയാവേളയിൽ
വൈദ്യനും നീ
രോഗിയും നീ
മരുന്നും നീ
ഞാൻ അരങ്ങിലേയില്ല
ഇനി ഉണ്ടെങ്കിൽത്തന്നെ
അദൃശ്യനാമൊരു മൂകസാക്ഷി!
സഭാകമ്പത്തിന്റെ രക്തസാക്ഷി!!
2
ആദ്യവും
അന്ത്യവും
ആശുപത്രിയിൽ;
പാപത്തിന്റെ
ബില്ലടക്കാൻ
അപൂർണ്ണമായൊരു ജീവിതം
മാംസം വളച്ചു കെട്ടിയ
ഒരിടക്കാലവീട്ടിൽ!
3
അന്ത്യശസ്ത്രക്രിയ
വിജയകരമാകുമെന്നും
ശരീരം ഇല്ലാതാകുമെന്നും
ആത്മാവിനു വിടുതൽ കിട്ടുമെന്നും
കേൾക്കുന്നു.
എവിടെയാണ് അഞ്ചരയടി
ശരീരത്തിന്റെ അതിര്?
എവിടെയാണ് ആത്മാവിന്റെ
പുതിയ കാരാഗൃഹം?,
അറിവിന്റെ പാതി,
സിലബസ്സിലില്ലാത്ത ചോദ്യം;
മറുപാതിയുത്തരം!
അപരന്റെ ഉത്തരത്തിൽ കെട്ടി
മരണത്തെ സ്വയം വരിക്കുന്നവർക്ക്
നിത്യജീവൻ വെറുമൊരു കെട്ടുകഥ.
ശരണാഗതിയിലൂടെ വീരമൃത്യു
കൈവരിക്കുന്നവന്റെ മനോദശയൊ
അവർക്കജ്ഞേയം.
4
ബോധം ഭിഷഗ്വരദല്ലാളിനെ
അപ്രസക്തമാക്കുന്ന
സ്വയം ശസ്ത്രക്രിയ;
ഉപജീവനത്തിൽ നിന്ന്
മരണത്തിന്റെ തുരങ്കത്തിലൂടെ
ജീവനിലേക്കുള്ള അവിരാമശുഭയാത്ര!!
യാത്രയ്ക്കിടെ ജീവനിൽ
സരളമായി മരണത്തെ ധ്യാനിക്കാം.
ആനന്ദത്തിന്റെ അമൃത് കവിയുന്ന
ഒരു നിറകുംഭമാകട്ടെ
ആയുസ്സിന്റെ അവശേഷിക്കും
ദിനങ്ങളെങ്കിലും!
5
ശവപ്പെട്ടിയുടെ മാതൃകയിലാണ്
ശരീരത്തിന്റെ രൂപകൽപ്പന;
പെട്ടിയുടെ മൂടി തുറന്നുള്ള
അന്ത്യപരിശോധനക്ക് മരണദേവനെത്തുമ്പോൾ
തൂവലും ചിറകും കിളിർത്തവർ മാത്രം
ദേവന്റെ കണ്ണ് വെട്ടിച്ച്
നിത്യതയുടെ ആകാശങ്ങളിലേക്കുയരും!
അന്തിമസംസ്കാരം അവർക്ക്
അനാവശ്യമായ ഒരാഡംബരമത്രെ!!