Image

കണ്ണീർ പ്രണാമം ! ( എബ്രഹാം ഇട്ടിച്ചെറിയ അനുസ്മരണം : ലതിക സുഭാഷ് )

Published on 31 August, 2026
കണ്ണീർ പ്രണാമം ! ( എബ്രഹാം ഇട്ടിച്ചെറിയ അനുസ്മരണം : ലതിക സുഭാഷ് )

കണ്ണീർ പ്രണാമം !

കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെയും കോട്ടയത്തിൻ്റെയും നൂറു കണക്കിന് വികസന സ്വപ്നങ്ങൾ ബാക്കിവച്ച്, ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയ യാത്രയായി.

കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ടായി പബ്ലിക്ക് ലൈബ്രറിയെ നയിച്ച അദ്ദേഹം കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു . ഈ മാസം ഒന്നാം തിയതി പബ്ലിക്ക് ലൈബ്രറിയുടെ 144 -ാം വാർഷികാഘോഷങ്ങൾ നടക്കുമ്പോഴും അദ്ധ്യക്ഷനെന്ന നിലയിൽ സംസാരിച്ചതു മുഴുവൻ കോട്ടയത്തിൻ്റെയും കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെയും വളർച്ചയ്ക്കുവേണ്ടിയുള്ള കാര്യങ്ങളാണ്

കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ ഒരു പര്യായം ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയയാണെന്നു പറഞ്ഞാൽ ആരും നിഷേധിക്കില്ല. കുറച്ചു കാലം കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ സെക്രട്ടറിയായും കഴിഞ്ഞ അമ്പതിലേറെ വർഷങ്ങളായി പ്രസിഡന്റുമായിരുന്നു അദ്ദേഹം. കുട്ടികളുടെ ലൈബ്രറിയുടെ ചെയർമാൻ എന്ന നിലയിലും കർമ്മനിരതനായിരുന്നു ശ്രീ. ഇട്ടിച്ചെറിയ .

പബ്ലിക്ക് ലൈബ്രറിയുടെ പ്രവർത്തനങ്ങളിലൂടെ ,അക്ഷര നഗരിയ്ക്കു വേണ്ടി വിലപ്പെട്ട സംഭാവനകൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം നമ്മെ വിട്ടു പോകുന്നത്.

ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയ അടുപ്പമുള്ളവർക്ക് ചക്കാലയിലെ മോൻ ആണ്. കോട്ടയം സി.എം.എസ്. കോളേജിലെ ബിരുദ പഠനത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഡൽഹി യൂണിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തി.

കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ വികസനത്തിലൂടെ കോട്ടയം നഗരത്തിന്റെ വികസനമാണിദ്ദേഹം ലക്ഷ്യമാക്കിയിരുന്നത്. കച്ചവടക്കണ്ണുള്ളവർ കോൺക്രീറ്റ് വനം നിർമ്മിച്ച് നാടിനെയും നഗരത്തെയും വിറ്റ് കാശാക്കുന്ന ഇക്കാലത്താണ് ശ്രീ ഏബ്രഹാം ഇട്ടിച്ചെറിയ കോട്ടയം പബ്ലിക്ക് ലൈബ്രറിയുടെ വിശാലമായ പരിസരത്ത് ശ്രീ. കാനായി കുഞ്ഞിരാമനെ ക്ഷണിച്ചു വരുത്തി, നഗരത്തിൽ താമസിപ്പിച്ച് അക്ഷര ശില്പം യാഥാർത്ഥ്യമാക്കിയത്.

അഞ്ച് വർഷത്തോളം ശില്പിയെ നിരന്തരമായി സമ്മർദ്ദം ചെലുത്തി കോട്ടയത്തേയ്ക്ക് എത്തിച്ചതിന്റെ പിന്നിൽ ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയയുടെ സഹനത്തിനും കഠിനശ്രമത്തിനും വലിയ പങ്കുണ്ട്. രണ്ടര പതിറ്റാണ്ടിനു മുമ്പ് വലിയ പരിചയമില്ലാതിരുന്ന ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയ പിന്നീട് തനിയ്ക്കും സഹധർമ്മിണിക്കും കൂടെപ്പിറപ്പായി മാറിയ സാഹചര്യത്തെക്കുറിച്ച് ശ്രീ. കാനായി തന്നെ ഒന്നിലധികം വേദികളിൽ പറഞ്ഞു കേട്ടിട്ടുണ്ട്.

ലൈബ്രറി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം, കെ.പി.എസ്. മേനോൻഹാളിന്റെയും ,കുട്ടികളുടെ ലൈബ്രറിയുടെയും നവീകരണം, കുട്ടികളുടെ പാർക്ക് , ഓപ്പൺ സ്റ്റേജ്, ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മറ്റ് അക്ഷര പൂജകൾ. ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയയുടെ നേതൃത്വം പബ്ലിക്ക് ലൈബ്രറി വഴി മറ്റൊരു സമ്മാനം കൂടി കോട്ടയത്തിനും കേരളത്തിനും നൽകിയിട്ടുണ്ട്. നമ്മെ വിട്ടു പോയ ചിത്രകാരൻ കൂടിയായ ശ്രീ കെ. എ. ഫ്രാൻസിസിന്റെ അവിസ്മരണിയ മേൽനോട്ടത്തിൽ യാഥാർത്ഥ്യമായ ആർട്ട് ഗാലറി. .ശില്പി ശ്രീ. കാനായി കുഞ്ഞിരാമൻ ഈ ആർട്ട് ഗാലറി കലാസ്നേഹികൾക്കായി തുറന്നു കൊടുത്തു.

പബ്ലിക്ക് ലൈബ്രറിയിൽ സൗജന്യ സേവനം ചെയ്ത് അക്ഷരശില്പമുണ്ടാക്കിയ ശ്രീകാനായി കുഞ്ഞിരാമാൻ്റെ. പേര് തന്നെ ഈ ആർട്ട് ഗാലറിക്കിടാൻ നിർദേശം വച്ചതും ആ പേരിടീൽ കർമ്മം നിർവഹിച്ചതും ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയ തന്നെ.

കോട്ടയം പബ്ലിക്ക് ലൈബ്രറിയ്ക്കും കുട്ടികളുടെ ലൈബ്രറിയ്ക്കും ജവഹർ ബാലഭവനുമെല്ലാം നേതൃത്വം നൽകാൻ പറ്റിയ ടീം രൂപീകരിച്ച് , അഭിനന്ദനാർഹമായ പ്രവർത്തനം മാത്രം നടത്തിയിരുന്ന ടീം ക്യാപ്റ്റനാണ് ശ്രീ. ഇട്ടിച്ചെറിയ .

1984-ൽ എം.എ. വിദ്യാർത്ഥിയായിരിക്കുമ്പോൾ പബ്ലിക്ക് ലൈബ്രറിയിൽ അംഗമായ ഞാൻ അക്കാലത്ത് ലൈബ്രറിയുടെ സ്ഥിരം സന്ദർശകയായിരുന്നു .പിന്നീട് തൊണ്ണൂ റുകൾ മുതൽ എന്റെ പൊതുപ്രവർത്തന രംഗത്ത് അച്ചായൻ എന്നും ഒരു പിതാവിന്റെ സ്നേഹവായ്പോടെ പ്രോൽസാഹനം നൽകി വന്നിട്ടുണ്ട് കുറച്ചു കാലമായി പബ്ലിക്ക് ലൈബ്രറിയുടെ മാനേജ്മെന്റ് കമ്മിറ്റിയിൽ അദ്ദേഹത്തോടെപ്പം പ്രവർത്തിച്ചു വരുന്നു. അതുകൊണ്ട് തന്നെ ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയ എന്ന അക്ഷര സ്നേഹിയുടെ വേറിട്ട സ്വഭാവ ഗുണങ്ങൾ അടുത്തറിയാനും കഴിയുന്നു.

കോട്ടയത്തെ ഒന്നാം നിരയിലുള്ള ബിസിനസ് സംരംഭങ്ങളിലൊന്നിന്റെ നായകനായ ശ്രീ. ഇട്ടിച്ചെറിയയ്ക്ക് അക്ഷരത്തോടെന്ന പോലെ നാടകത്തോടും ഫുട്ട്ബോളിനോടും വലിയ താല്പര്യമാണ്.

ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയ കോട്ടയത്ത് മുൻ കാലങ്ങളിൽ നടന്ന ഫുട്ട്ബോൾ മത്സരങ്ങളുടെ സംഘാടനത്തിനും മുൻനിരയിലുണ്ടായിരുന്നു.വൈ.എം .സി.എ പ്രസിഡന്റ്, രാമവർമ്മ യൂണിയൻ ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിലും ശ്രീ. ഏബ്രഹാം ഇട്ടിച്ചെറിയ പ്രവർത്തിച്ചിട്ടുണ്ട്. 'ഓർമ്മയിൽ ഒരു സിന്ദൂരച്ചെപ്പ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അക്ഷര സ്നേഹിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ആനി ലല്ലി യാണ് ശ്രീ. ഇട്ടിച്ചെറിയുടെ ജീവിത പങ്കാളി. അനീറ്റ തോമസ്, ബിനീറ്റ വർഗീസ്, സി.ഐ. ഏബ്രഹാം, ആനി ഏബ്രഹാം എന്നിവരാണ് മക്കൾ.

അക്ഷരങ്ങളുടെ സ്വന്തം കോട്ടയത്തെക്കുറിച്ച് പരിധിയില്ലാത്ത സ്വപ്നങ്ങൾ കണ്ട്, അതിൽ പലതും നടപ്പാക്കി കഴിഞ്ഞ്, വീണ്ടും ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടി, അതെല്ലാം യാഥാർത്ഥ്യമാകും മുമ്പേ യാത്രയായ പ്രിയ അച്ചായന് വിട.!

lathika subhash

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക