Image

ഹൃദയത്തിൻ്റെ കൈയ്യൊപ്പുകൾ (കവിതാസമാഹാരം) ഉഷാ നായർ (പുസ്തക പരിചയം തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

Published on 31 August, 2026
ഹൃദയത്തിൻ്റെ കൈയ്യൊപ്പുകൾ (കവിതാസമാഹാരം) ഉഷാ നായർ (പുസ്തക പരിചയം തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

ഓരോ കവിതയും ജീവിതാനുഭവങ്ങളെ വാക്കുകളുടെ തീരത്തേക്ക് ആവാഹിക്കുന്ന ഒരു മാന്ത്രികതയാണ്. അത് ഹൃദയത്തിനുള്ളിൽ നിന്ന് ഉയരുന്ന സ്വപ്നം പോലെ, വേദനയുടെ മഴപോലെ, സ്നേഹത്തിൻ്റെ നിലാവായി, സാമൂഹ്യ യാഥാർത്ഥ്യത്തിൻ്റെ കൊടുങ്കാറ്റായും മാറുന്നു. ഹൃദയത്തിൻ്റെ കൈയ്യൊപ്പുകൾ എന്ന ശീർഷകം തന്നെ ഈ സമാഹാരത്തിൻ്റെ ആത്മാവിനെ സൂചിപ്പിക്കുന്നു.

പ്രവാസജീവിതത്തിൻ്റെ മൗനവും ശബ്ദവും തമ്മിലുള്ള യാത്രയിൽ പിറന്നു വീണ വാക്കുകളാണ് കവിതകളോക്കെ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായുള്ള അമേരിക്കൻ ജീവിതയാത്രയിലെ സ്നേഹവും വേദനയും പ്രതീക്ഷകളും ചേർന്ന അനുഭവങ്ങളാണ് ശബ്ദവും മൗനവും സന്ധിക്കുന്ന കവിതകളിലൂടെ ഇവിടെ പുനർജ്ജനിക്കുന്നത്. 

നമ്മുടെ ഭാരതീയ സംസ്കാരത്തിന്റെ കാതലായ സന്ദേശമാണ്  "മാതാ പിതാ  ഗുരു ദൈവം" എന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാതാവിനും പിതാവിനും ഗുരുവിനും ദൈവത്തിനും വിവിധ ധർമ്മങ്ങളുണ്ട്. നമ്മെ ഈ പ്രപഞ്ചത്തിലേയ്ക്ക് കൊണ്ടുവന്ന മാതാവിനാണ് എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത്. ജന്മം നൽകി, ലാളിച്ചു വളർത്തി ആദ്യമായി ഈ ലോകം കാട്ടിത്തന്ന വ്യക്തി. ജനനത്തിന് കാരണഭൂതനായ പിതാവിനെ മാതാവ് കാട്ടിത്തരുന്നു. പിതാവ് സംരക്ഷണവും പിന്തുണയും നൽകി ജീവിതവഴികളിൽ മാർഗ്ഗദീപമാകുന്നു. ക്രമേണ, മാതാവും പിതാവും കൂടി നമ്മുടെ ഗുരുവിനെ കണ്ടെത്തുന്നു. അറിവും സംസ്കാരവും പകർന്നുനൽകി വ്യക്തിയെ ശരിയായ പാതയിലൂടെ നയിക്കുന്ന അധ്യാപകൻ. പിന്നീടങ്ങോട്ട് ജന്മത്തിന്റെ അടുത്ത ഘട്ടമായി, ഗുരുവിൽ നിന്ന് അക്ഷരങ്ങളും അനുഭവങ്ങളും പാഠങ്ങളും ഒക്കെ ഉൾക്കൊണ്ട്, ശരിയായ ജ്ഞാനത്തിലൂടെ ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. എല്ലാറ്റിനും ആധാരമായ ആത്മചൈതന്യം അല്ലെങ്കിൽ പരമമായ സത്യമാണ് ദൈവം.

മാതാ പിതാ ഗുരു ദൈവ വിചാരങ്ങളെ വീണ്ടെടുത്തുകൊണ്ടു തുടക്കത്തിൽ തന്നെ ക്രമമായി ചേർത്തിരിക്കുന്ന അമ്മ, പിതാവിൻ്റെ സ്നേഹം, അദ്ധ്യാപകൻ, പ്രാർത്ഥന എന്നീ നാലു കവിതകൾ അവയുടെ വിഷയ മഹത്വം വികാര വായ്പോടെ വിവരിക്കുന്നതോടൊപ്പം ആ സങ്കല്പങ്ങൾക്ക് ഉണ്ടായിട്ടുള്ള മൂല്യച്യുതിയും ആകുലതയോടെ പങ്കുവെയ്ക്കുന്നു. 
'ഭൂമിയിലെ മാലാഖമാർ' എന്ന കവിതയിൽ ആരോഗ്യ രംഗത്തെ താരകങ്ങളായ നേഴ്സുമാരുടെ പ്രവർത്തികളെ കാണുകയും വായനക്കാർക്ക് കാട്ടിത്തരുകയും നമിക്കുകയും ചെയ്യുന്നു.  കവിയും ഒരു നേഴ്സായതിൽ അഭിമാനിക്കുന്നുണ്ട്.  

തണൽ മരം, പൈങ്കിളി, കുളിർക്കാറ്റ്, ദാഹജലം, പുഴ, വേരുകൾ തുടങ്ങിയ കവിതകൾ പ്രകൃതിയെ നാം കാണേണ്ടതു പോലെ കാണാൻ പ്രേരിപ്പിക്കുന്നു. ഈ കവിതകളിൽ പ്രകൃതിയുടെ നാശവും ഭാവിയുടെ നിരാസവും നോവായി കൊണ്ടുനടക്കുന്ന പ്രകൃതി സ്നേഹിയായ ഒരു കവിയെ കാണാം

അതിഭൗതികതയുടെ മോഹവലയത്തിൽപ്പെട്ടു കാലത്തിൻ്റെ ബന്ധനങ്ങളെ തകർക്കുവാൻ മനുഷ്യൻ നടത്തുന്ന പാഴ്ശ്രമങ്ങളെ 'സമയം' എന്ന കവിത ദാർശനിക ദൃഷ്ടിയിലൂടെ അവതരിപ്പിക്കുകയും ജീവിതത്തിൻ്റെ നിരർത്ഥകതയെ നിർധാരണം ചെയ്യുകയും ചെയ്യുന്നു.

'സ്നേഹത്തിൻ്റെ വില' എന്ന കവിതയിൽ സ്നേഹം എന്ന വാക്കിൻ്റെ മാസ്മര ശക്തി വർണ്ണിച്ചിരിക്കുന്നു. സ്നേഹം നൽകി ഹൃദയങ്ങളിൽ നന്മ പുലരട്ടെയെന്ന് കവിതയിലുടെ ആവശ്യപ്പെടൂന്നു. ഈ കവിതകൾ വെറും വാക്കുകളുടെ കൂട്ടം മാത്രമല്ല, മറിച്ച് ഹൃദയത്തിൻ്റെ സ്പന്ദനങ്ങൾ, മനസ്സിൻ്റെ വ്യഥകൾ, സ്വപ്നങ്ങകളുടെ നിറങ്ങൾ ഒക്കെയാകുന്നു. 
'സ്ത്രീ ശക്തി' എന്ന കവിതയിൽ വനിതയെന്ന അഭിമാന വിഷയത്തിൻ്റെ പാവനതെ കാട്ടിത്തരുന്നു. ഈ കവിത മാത്രമല്ല എല്ലാ കവിതകളും സ്ത്രീയുടെ അനുഭവങ്ങളെ ആഴത്തിൽ ആവിഷ്‌ക്കരിക്കുന്നതിലൂടെ ഒരു സ്ത്രീ കേന്ദ്രീകൃത ദൃഷ്ടിയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

ഓണത്തെക്കുറിച്ചും വിഷുവിനെക്കുറിച്ചും, മനുഷ്യനെ അടുത്തിടെ പിടിച്ചുലച്ച കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ചു കവിതകളുണ്ട്. 'ഹൃദയത്തിൻ്റെ തേങ്ങൽ' എന്ന ഈ സമാഹാരത്തിലെ അവസാന കവിത വരും തലമുറയ്‌ക്കുന്ന ഉപദേശമാണ്. കവിതകൾ വ്യക്തിഗത അനുഭവത്തിൽ നിന്ന് സാമൂഹ്യമാനങ്ങളിലേക്ക് ഉയരുമ്പോൾ കവിതകൾ കൂടുതൽ അർത്ഥവത്താകുന്നു. 
ആശയങ്ങൾ കൊണ്ട് ആസ്വാദ്യമാകുന്നതോടൊപ്പം ശ്രവണ സുഖവും ഭാവ മാധുര്യവും ഉള്ളവയാണ് ഈ കവിതകൾ. കവിതന്നെ ഈ കവിതകൾ ഈണത്തിൽ മനോഹരമായി ചെല്ലുന്നത് പല വേദികളിലും കേട്ടിട്ടുണ്ട്.

മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണൂക്കരയൂടെ പ്രസാധകക്കുറിപ്പ് ആമുഖമായി ചേർത്തിട്ടുണ്ട്. ഹൂസ്റ്റണിൽ നിന്നുള്ള സുരേന്ദ്രൻ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്. 26 കവിതകളുടെ ഈ സമാഹാരം മലപ്പുറത്തുള്ള മുഖം ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 56 പേജുകളുള്ള പുസ്ത്കത്തിൻ്റെ വില 120 രൂപയാണ്.

ഉഷാ നായർ

കോട്ടയം ജില്ലയിലെ അയർക്കുന്നത്ത് നാരായണൻ നായരുടെയും സുമതി അമ്മയുടെയും ഇളയ മകളായി ജനനം.കോളേജ് വിദ്യാഭ്യാസത്തിനു ശേഷം, ഡൽഹിയിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി. ഡൽഹിയിലും സൗദി അറേബ്യയിലും നേഴ്സായി ജോലി ചെയ്തു. തുടർന്ന് അമേരിക്കയിലെത്തി. ജോലി ആദ്യം ന്യൂയോർക്കിലും പിന്നീട് ടെക്സ്സസിലെ ഡാലസിലും. 
ചെറുപ്പം മുതലെ കലയിലും സാഹിത്യത്തിലും താത്പര്യം ഉണ്ട്. ആനുകാലികങ്ങളിൽ കഥ, കവിത തൂടങ്ങിയവ എഴുതുന്നു. പലതവണയായി എഴുതിയതും ചില പ്രസിദ്ധീകരങ്ങളിൽ അച്ചടിച്ചു വന്നതുമായ കവിതകൾ ചേർന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ആദ്യ പുസ്തകമാണിത്.

ഡാലസ് കേരള ലിറ്റററി സൊസൈറ്റി, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന), ഡാലസ് കേരള അസോസിയേഷൻ തൂടങ്ങിയ സാഹിത്യ സാംസ്‌കാരിക സംഘടനകളിൽ സജീവമാണ്.  
കുടുംബസമേതം ഡാലസിൽ താമസിക്കുന്നു. ഭർത്താവ് :- രാജേന്ദ്രൻ, മക്കൾ :- ആദർശ്, അഖിൽ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക