Image

ഗുരു കൂവള്ളൂര്‍ - നീതിയുടെ ജ്വാല: ബാല്യകാല സ്മരണകള്‍ തുടര്‍ച്ച (ഭാഗം - 10)

Published on 31 August, 2026
ഗുരു കൂവള്ളൂര്‍ - നീതിയുടെ ജ്വാല: ബാല്യകാല സ്മരണകള്‍  തുടര്‍ച്ച (ഭാഗം - 10)

മാതൃദേവോഭവ! പിതൃദേവോ ഭവ!

ആചാര്യദേവോഭവ!

അതിഥിദേവോഭവ!

(തൈത്തിരീയ ഉപനിഷത്ത്)

നാട്ടില്‍നിന്നും മാതാപിതാക്കളുടെ കര്‍ശനമായ ചട്ടക്കൂട്ടില്‍ നിന്നും രക്ഷപ്പെട്ട് കാട്ടില്‍ കയറി മഹര്‍ഷിമാരെ കണ്ടുപിടിച്ച് അവരുടെ കീഴില്‍ യോഗയും വേദാന്തവുമെല്ലാം പഠിച്ച് പേരുകേട്ട ജ്ഞാനികളായി മാറാമെന്ന ലക്ഷ്യത്തോടെയാണ് വീടുവിട്ട് ഒളിച്ചോടി നാടുവിട്ടത് എങ്കിലും കന്യാകുമാരിയില്‍ ചെന്നു പെട്ടതോടെ പുരുഷത്വംപോലും എത്താത്ത ആ കുട്ടികള്‍ക്കുണ്ടായ മാനസിക പരിഭ്രാന്തിയെ ഒന്നുവര്‍ണ്ണിക്കാമോ എന്ന് എഴുത്തുകാരനായ ഞാന്‍ ജി.കെ.യോട് തിരക്കി.

കന്യാകുമാരിയില്‍ എവിടെ നോക്കിയാലും വിവിധ നിറത്തിലുള്ള മണലും, പാറക്കൂട്ടങ്ങളില്‍വന്ന് ആഞ്ഞടിക്കുന്ന തിരമാലകളുടെ ഭീകരശബ്ദവും മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. ഭയാനകമായ ഒരു അന്തരീക്ഷം. പെട്ടെന്നുതന്നെ എന്റെ മനസ്സില്‍ അമ്മയെപ്പറ്റിയുള്ള ചിന്ത ഓടിയെത്തി. അമ്മയെ ഒരിക്കല്‍ക്കൂടി കാണാനുള്ള ഭാഗ്യം ലഭിക്കണമേ എന്ന് ജഗദീശനോടു മനസ്സില്‍ പ്രാര്‍ത്ഥിച്ചു. എന്തെന്നില്ലാത്ത ഒരു ധൈര്യം എനിക്കുണ്ടായി.

ആ സമയംവരെ കൂടെയുണ്ടായിരുന്ന കെ.റ്റി തോമസ് ആണ് പണവും എങ്ങോട്ടു പോകണമെന്നുള്ള കാര്യങ്ങളും തീരുമാനിച്ചിരുന്നത്. അവസാനത്തെ ഒരണകൊണ്ട് പോസ്‌റ്റോഫീസില്‍നിന്നും ഇന്‍ലന്റ് വാങ്ങി കെ.റ്റി തോമസിനെക്കൊണ്ട് അയാളുടെ പിതാവിന് എഴുതിച്ചതും ഞാന്‍ തന്നെ. വന്നവഴിയേ നേരേ നാട്ടിലേക്ക് പോകാനുള്ള ആശയം എന്റേതായിരുന്നു. കൂട്ടുകാരന്‍ ജോസ് അതുശരിവച്ചു. പിന്നെയാത്ര ആരംഭിച്ചു. അതോടൊപ്പം ഭാവിയിലേക്ക് കരുതല്‍ എന്നതുപോലെ ഒരുപുതിയ ആശയവും മനസ്സില്‍ പൊന്തിവന്നു. അതായത് 'വീണ്ടുവിചാരമില്ലാത്തവരോടു കൂട്ടുകൂടിയാല്‍ നാമറിയാതെ അനര്‍ത്ഥങ്ങളില്‍ ചെന്നുചാടും' എന്നുള്ള ഒരുതിരിച്ചറിവ് എനിക്കുണ്ടായി. കൂടാതെ 'വിവേകത്തോടെ ശ്രദ്ധിച്ചാല്‍ പലപ്പോഴും അപകടങ്ങളില്‍പ്പെട്ടാല്‍ പോലും രക്ഷപ്പെടാന്‍ കഴിഞ്ഞെന്നിരിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം നേടേണ്ട കഴിവുകളാണ് ബുദ്ധിയും, വിവേകവും.'

കന്യാകുമാരിയില്‍ നിന്നും നാട്ടിലേക്കുള്ള കാല്‍നടയാത്രയില്‍ പലപ്പോഴും വഴിതെറ്റിയെന്നു തോന്നിയപ്പോഴൊക്കെ ഞാന്‍ വഴിയില്‍ വച്ചുകണ്ട മാന്യരെന്നു തോന്നിയ പ്രായമായവരോട് തിരുവനന്തപുരം ട്രാന്‍പോര്‍ട്ട് ബസ് കിട്ടാനുള്ള വഴിതിരക്കിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ആരും ഞങ്ങളെ സംശയിച്ചില്ല.

A RARE PICTURE OF KULANGARA AND KOOVALLOOR FAMILY RELATIVES WHO CAME TO MEET THEIR 'LOST AND FOUND' FAMILY MEMBER VAVACHEN, NOW KNOWN AS ' GURU KOOVALLOOR', SITTING IN THE SECOND ROW FROM LEFT TO RIGHT THIRD ONE.  THIS PICTURE WAS TAKEN IN THE EARLY 1960'S.

കന്യാകുമാരിയില്‍ നിന്നും ഞങ്ങള്‍ നടന്ന വഴികളില്‍ ചിലത് നാഗര്‍കോവില്‍, തക്കല, മാര്‍ത്താണ്ഡം, കറുംകുറ്റി, നെയ്യാറ്റിന്‍കര, ബാലരാമപുരം, വെള്ളായണി, കഴക്കൂട്ടം, വെഞ്ഞാറമ്മൂട്, ആറാലുംമൂട്, ഇടിച്ചക്കപ്ലാംമൂട്, പാറശ്ശാല എന്നീ ഭൂപ്രദേശങ്ങള്‍ ആണെന്ന് ജി.കെ. ഇപ്പോഴും ഓര്‍ക്കുന്നു. അങ്ങിനെ പലവഴികള്‍ താണ്ടി ഒടുവില്‍ തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന്റെ പരിസരത്തെത്തി. ജി.കെ. ആറാലുംമൂടിന്റെ കാര്യം പറഞ്ഞപ്പോള്‍ എഴുത്തുകാരനായ എന്റെ മനസ്സില്‍ ജീവനോടെ സമാധി ആകാന്‍ ശ്രമിച്ച ഗോപാലസ്വാമിയുടെ വാര്‍ത്തയാണ്. 2025 ല്‍ ഗോപാലസ്വാമിയെ കുടുംബാംഗങ്ങള്‍ ജീവനോടെ കുഴിച്ചിട്ടു എന്ന വാര്‍ത്ത വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒരു സംഭവം ആയിരുന്നല്ലോ. ഒടുവില്‍ അധികാരികള്‍ ഇടപെട്ട് അദ്ദേഹത്തിന്റെ യോഗാസനത്തില്‍ ഇരിക്കുന്ന ശരീരം മാന്തിയെടുത്ത് പരിശോധന നടത്തുകയും ഇന്‍ഡ്യയിലെ സ്വാമിമാരൊന്നടങ്കം ഇളകിയപ്പോള്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയുമാണുണ്ടായത്. ജി.കെ. കന്യാകുമാരിയില്‍ നിന്നും നടന്ന വഴിയില്‍ ബാലരാമപുരത്തിനടുത്തുള്ള പ്രദേശമാണ് ആറാലുംമൂട്. അങ്ങിനെ ജി.കെ. നടന്നുപോയ വഴിയും അറിയപ്പെടാനിടയായി. സമാധിയായി അടക്കം ചെയ്ത ഒരാളുടെ മൃതശരീരം മാന്തി എടുത്തത് നീതിപൂര്‍വ്വം ആയിരുന്നോ എന്ന എന്റെ ചോദ്യത്തിന്, 'ഒരിക്കലും അല്ല' എന്നാണ് ജി.കെ.യുടെ മറുപടി. അങ്ങിനെ ഒരു നിയമം ഇന്‍ഡ്യയില്‍ വന്നാല്‍ പലസ്വാമിമാരുടെയും ജഡം മാന്തി പരിശോധിക്കേണ്ടിവരും. താന്‍ വെറ്റിലപ്പാറ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ താമസിച്ചിരുന്ന പറമ്പിനു തൊട്ടടുത്തു താമസിച്ചിരുന്ന ഒരു സ്വര്‍ണ്ണപ്പണിക്കാരന്റെ ജഡം മറവുചെയ്യാനുള്ള കുഴികുത്തിയത് തൊട്ടയല്‍പ്പക്കംകാരന്‍ ആയിരുന്ന അബൂബക്കര്‍കാക്ക എന്നയാളാണ്. ജി.കെ.യും മറ്റ് അയല്‍വാസികളും കുഴികുത്തുന്നതില്‍ സഹകരിക്കുകയുമുണ്ടായി. ആ സ്വര്‍ണ്ണപ്പണിക്കാരന്റെ ഓലക്കുടിലിനു മുമ്പിലാണ് അന്ന് ജഡം മറവു ചെയ്തത്. ഇന്നാണെങ്കില്‍ ആ പ്രവര്‍ത്തിക്ക് കൂട്ടുനിന്നതിന് താനും പ്രതികൂട്ടില്‍ ആകുമായിരുന്നുവെന്ന് ജി.കെ. പറയുകയുണ്ടായി. നിയമം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വേണ്ടാത്ത നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ സംഘടിച്ചാല്‍ ഏതു നിയമവും മാറ്റി എഴുതാന്‍ കഴിയും എന്ന ഉള്‍ക്കാഴ്ചയും ജി.കെ. എനിക്കു നല്‍കുകയുണ്ടായി.

അങ്ങിനെ തങ്ങള്‍ തിരുവനന്തപുരത്ത് എത്തിയെന്നു മനസ്സിലാക്കിയ ജി.കെയും കൂട്ടുകാരും പല ദിവസങ്ങള്‍ നടന്നാണ് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിനടുത്തെത്തിയത്. പാടങ്ങളും, തോടുകളും, കാടുകളും, മലകളുമെല്ലാം താണ്ടിയാണ് കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരം വരെ എത്തിയത്. നടക്കുന്ന വഴിയരുകില്‍ കണ്ട പല വീടുകളിലും ജി.കെ. കയറി കഞ്ഞിവെള്ളം ചോദിച്ചുവാങ്ങി കുടിച്ചുവത്രേ. പക്ഷേ, തന്റെ അമ്മ വിശക്കുന്നവര്‍ക്കു കൊടുക്കുന്നതുപോലെ വീട്ടില്‍ ഉണ്ടാക്കിയ ആഹാരം വേണോ എന്ന് ആരും ചോദിച്ചില്ല. പട്ടിണിക്കോലം ആയി മാറിയ മൂന്നു പയ്യന്മാര്‍. ഭിക്ഷയാചിക്കാന്‍ കൈയില്‍ ഒരു സഞ്ചി ഉണ്ടായിരുന്നുവെങ്കില്‍ എന്തെങ്കിലും ഭക്ഷണം ചോദിച്ചുവാങ്ങി നടക്കുന്ന വഴിയേ തിന്നാന്‍ കഴിഞ്ഞേനേ. മിക്ക ദിവസങ്ങളിലും വഴിയരുകില്‍ നട്ടുപിടിപ്പിച്ചിരുന്ന വാളന്‍പുളി പറിച്ചു തിന്നും, വഴിയരുകില്‍ വീണുകിടക്കുന്ന കശുമാങ്ങയും, കണ്ണിമാങ്ങ എന്നിവയുമായിരുന്നു ഭക്ഷണം.

ഈശ്വരാനുഗ്രഹത്താല്‍ ഇന്നത്തെപ്പോലെ പിള്ളേരെ പിടുത്തക്കാര്‍ അന്ന് കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്നുള്ളത് ഞങ്ങളുടെ ഭാഗ്യം. ജി.കെ. ആ സംഭവത്തെ ഓര്‍ത്തു പറയുകയുണ്ടായി. ഒരുപക്ഷേ തന്റെ മാതാവിനെപ്പറ്റിയുള്ള ചിന്തയും മാതാവിന്റെ തീഷ്ണമായ പ്രാര്‍ത്ഥനയും പ്രപഞ്ചസൃഷ്ടി കര്‍ത്താവ് കേട്ടിരുന്നിരിക്കണം - ജി.കെ. കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ചയിലധികം ഒന്നും കഴിക്കാതെ ജീവിച്ചാലുണ്ടാകുന്ന കൊച്ചുകുട്ടികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് പലതും പറയാനുണ്ടാവും. ഭക്ഷണത്തിന്റെ അഭാവം മൂലം മലം, മൂത്രം എന്നിവ വരെ പോകാത്ത അവസ്ഥ. സാധാരണ മനുഷ്യര്‍ ദിവസത്തില്‍ ഒന്നും രണ്ടും തവണ മലശോധന നടത്തിയിരിക്കും. അതുപോലെ തന്നെ മൂത്രവും. ഒരുകുട്ടി ജനിച്ചാലുടനെ കുട്ടിയെ നോക്കുന്ന നേഴ്‌സ് ആദ്യം നോക്കുന്നത് കുട്ടിയുടെ മൂത്രം പോകുന്നുണ്ടോ എന്നുള്ളതാണ്. മൂന്നുദിവസമായിട്ടും മൂത്രം പോകുന്നില്ലെങ്കില്‍ കുട്ടിയുടെ നില അപകടത്തിലാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. കുട്ടി ജനിച്ച് 24 മണിക്കൂറിനുള്ളില്‍ മൂത്രം പോയിട്ടുണ്ടോ എന്നു ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പില്‍ക്കാലത്ത് മനുഷ്യശരീരശാസ്ത്രത്തെപ്പറ്റിയും (Human Anatomy), ശരീര ക്രിയാശാസ്ത്രത്തെയും (Human Physiology) പഠിച്ച ജി.കെ. കൂടുതല്‍ ദിവസങ്ങള്‍ പട്ടിണികിടന്നാലുണ്ടാകാവുന്ന കുട്ടികളുടെ തലച്ചോറിനും, അതുപോലെ ആന്തരീക അവയവങ്ങള്‍ക്കുണ്ടാകാവുന്ന തകരാറുകളെപ്പറ്റിയും കൂടുതലായി പഠിക്കുകയുണ്ടായി.

സാധാരണഗതിക്ക് കുട്ടികള്‍ പട്ടിണിക്കിടന്നാല്‍ അവരുടെ പേശികള്‍ വളരെ വേഗം ക്ഷയിക്കുകയും ഹൃദയം, വൃക്ക, കരള്‍, തുടങ്ങിയ ആന്തരിക അവയവങ്ങളിലെ പ്രോട്ടീന്‍പോലും ശരീരം എടുത്ത് ഉപയോഗിക്കുന്നതിനാല്‍ ഹൃദയമിടിപ്പും പള്‍സും വളരെ താഴേയ്ക്കു പോവുകയും ഹൃദയാഘാതം വരെ സംഭവിക്കാവുന്നതാണ്. ചെറിയ തോതിലുള്ള അണുബാധയോ പനിയോ പോലും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നു. തലച്ചോറിന്് ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നതോടെ കുട്ടി ബോധാവസ്ഥയില്‍നിന്ന് അബോധാവസ്ഥയിലേക്ക് വീഴും.

ആധുനിക നിയമപ്രകാരം പട്ടിണികിടക്കുന്ന ഒരു കുട്ടിക്ക് പെട്ടെന്ന് സാധാരണ രീതിയില്‍ വയര്‍ നിറയെ ഭക്ഷണം നല്‍കാനും പാടുള്ളതല്ല. അങ്ങിനെ ചെയ്താല്‍ അതു വഴി രക്തത്തിലെ ഇലക്‌ട്രോലൈറ്റ് സന്തുലിതാവസ്ഥ പെട്ടെന്ന് തകരാറിലാക്കുകയും, ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ച് മരണം വരെ സംഭവിക്കാവുന്നതാണ്. ആധുനിക വൈദ്യശാസ്ത്രപ്രകാരം ഇത്തരത്തില്‍ പട്ടിണികിടക്കുന്ന കുട്ടികള്‍ക്ക് വിദഗ്ധന്മാരുടെ മേല്‍നോട്ടത്തില്‍ ദ്രാവകരൂപത്തിലുള്ള പ്രത്യേക പോഷകങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ നല്‍കിവേണം ഭക്ഷണം പുനരാരംഭിക്കാന്‍. (Refeeding Symdrome) മെഡിക്കല്‍ ശാസ്ത്രത്തില്‍ വലിയൊരു വിഷയമാണ്. ജി.കെ. തന്റെ അറിവുകള്‍ എഴുത്തുകാരനായ എനിക്കു പങ്കുവച്ചു.

ചുരുക്കത്തില്‍ മൂന്നാഴ്ചയിലധികം പട്ടിണിയെ അതിജീവിച്ചവരാണ് ജി.കെ.യും കൂട്ടുകാരും. അവര്‍ ആധുനിക വൈദ്യശാസ്ത്രത്തിനു തന്നെ ഒരുവെല്ലുവിളിയാണ്. മൂന്നുപേരും ഇതെഴുതുമ്പോഴും (2026 ഓഗസ്റ്റ് 27ന്) ജീവിച്ചിരിക്കുന്നു. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍. തങ്ങള്‍ക്കുണ്ടായതുപോലെയുള്ള അനുഭവം മറ്റൊരുകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ എന്നും, സാധിക്കുമെങ്കില്‍ പ്രായപൂര്‍ത്തിയാകുംവരെ മാതാപിതാക്കള്‍ക്കു കീഴ്‌വഴങ്ങി ജീവിക്കാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടതെന്നും അതല്ലെങ്കില്‍ യേശുക്രിസ്തുവിനെ സാത്താന്‍ പരീക്ഷിച്ചതുപോലെ പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നും മിക്കവരും പ്രലോഭനത്തില്‍ ഉള്‍പ്പെട്ടു പോകാനിടയുണ്ട് എന്നും, അതുകൊണ്ടുതന്നെയാണ് യേശുക്രിസ്തു 'പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, ദുഷ്ടാരൂപിയില്‍ നിന്നും രക്ഷിക്കേണമേ' എന്നു പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ഉപദേശിച്ചത് എന്നും ജി.കെ. വീണ്ടും ആവര്‍ത്തിച്ചു പറയുകയുണ്ടായി.

തിരുവനന്തപുരം മോഷണക്കാരുടെയും

കൊലപാതകികളുടെയും ആസ്ഥാനം

അങ്ങിനെ കന്യാകുമാരിയില്‍ നിന്നും നടന്ന് തിരുവനന്തപുരത്തെത്തിയ മൂവരും അന്നുരാത്രി കിടന്നുറങ്ങാന്‍ കണ്ടുപിടിച്ചത് ഗാന്ധി പാര്‍ക്കാണ്. രാത്രിയായിട്ടും ആ പാര്‍ക്കില്‍ ആള്‍ക്കാര്‍ ബഞ്ചുകളില്‍ കിടന്നുറങ്ങുന്നത് ഞങ്ങള്‍ കണ്ടു. ജി.കെ. തിരുവനന്തപുരത്തുവച്ചുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കുകയുണ്ടായി. പാര്‍ക്കിലെ വിജനമായ ഒരു കോണില്‍ മൂന്നുപേരും അടുത്തടുത്ത് മൂന്നു ബഞ്ചുകള്‍ തങ്ങളുടെ കിടക്കയാക്കാന്‍ തീരുമാനിച്ചു. മൂന്നുപേര്‍ക്കും കോട്ടയത്തുനിന്നും വാങ്ങിയ വള്ളിച്ചെരുപ്പുകള്‍ അവിടെ ആ രാത്രി കിടക്കുമ്പോഴും ഉണ്ടായിരുന്നു. രാത്രിയുടെ അന്ത്യയാമത്തില്‍ തന്റെ കാലിലെ ചെരുപ്പുകള്‍ മോഷണം പോയതായി ജി.കെ. തിരിച്ചറിഞ്ഞു. മറ്റു രണ്ടുപേരെയും വിളിച്ചുണര്‍ത്തിയപ്പോള്‍ അവരുടെ ചെരുപ്പുകളും മോഷ്ടിക്കപ്പെട്ടതായി മനസ്സിലായി. ഏതായാലും മോഷണക്കാര്‍ തങ്ങളെ നോട്ടമിട്ടതായി ജി.കെ.ക്കു മനസ്സിലായി. നേരം വെളുത്താല്‍ എത്രയും പെട്ടെന്ന് തിരുവനന്തപുരത്തുനിന്നും രക്ഷപ്പെടണമെന്ന ചിന്ത തന്റെ മനസ്സില്‍ ഉദിച്ചതായി ജി.കെ. പറഞ്ഞു. നേരം വെളുക്കുന്നതിന് മുമ്പേ ചെരുപ്പില്ലാത്ത യാത്രയായി. ഏതായാലും നടന്നുചെന്നത് തമ്പാനൂരിനടുത്തുള്ള പൂജപ്പുര ജയിലിന്റെ സമീപത്താണ്. അവിടെ വച്ച് ദീര്‍ഘനാള്‍ ജയിലില്‍ കിടന്നു പുറത്തുവന്ന ഭീകരനെന്നു തോന്നിക്കുന്ന കരുത്തനായ ഒരു മനുഷ്യന്‍ ഞങ്ങളെ നോട്ടമിട്ട് അടുത്തെത്തി. തുടക്കത്തില്‍ അടുത്തുകൂടി ഞങ്ങളെ മൂന്നുപേരെയും നന്നായി സല്‍ക്കരിക്കാന്‍ ഒരു ഭേദപ്പെട്ട റെസ്‌റ്റോറന്റിലേക്കു കൂട്ടിക്കൊണ്ടുപോയി, വയര്‍നിറയെ ദോശയും ചമ്മന്തിയും, നല്ല ചൂടു ചായയും വാങ്ങിത്തന്നു. ഭക്ഷണം കഴിച്ച് പുറത്തുവന്ന അയാള്‍ ഞങ്ങളോടു വളരെ മാന്യമായി പെരുമാറി. അതുകണ്ടപ്പോള്‍ അയാള്‍ ഞങ്ങളുടെ രക്ഷകന്‍ ആയിരിക്കുമെന്ന് കൂടെയുണ്ടായിരുന്നവര്‍ തെറ്റിദ്ധരിച്ചു. അയാളുടെ കൈയില്‍ ഒരു മടക്കുകത്തിയും ഉണ്ടായിരുന്നു.

വയര്‍ നിറയെ ഭക്ഷണം കിട്ടിയ ഞങ്ങള്‍ മൂവരും ആ റെസ്‌റ്റോറന്റിന്റെ സമീപം ഉച്ചവരെ ചിലവഴിച്ചപ്പോള്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു കാഴ്ച കണ്ടു. ഞങ്ങള്‍ക്കു ഭക്ഷണം വാങ്ങിത്തന്നെ റസ്‌റ്റോറന്റിന്റെ മാലിന്യമിടുന്നതിനടുത്ത് ഒരു പാലത്തിന്റെ കീഴെ തെരുവില്‍കൂടി അലഞ്ഞു നടക്കുന്ന മറ്റൊരു പയ്യനെ ഉപയോഗിച്ച് മുഖാലയ ലൈംഗിക കാര്യങ്ങള്‍ നടത്തുന്നു. വഴിയരുകില്‍ നിന്നിരുന്ന മാന്യനായ ഒരു മനുഷ്യന്‍ ഈ ദൃശ്യം എന്നെ കാണിച്ചുകൊണ്ടു പറഞ്ഞു.'കുട്ടീ, ഇവിടെ നിന്നും രക്ഷപ്പെട്ടുകൊള്ളുക. അയാള്‍ ഒരു കൊലയാളിയാണ്' എന്ന്. ഉടന്‍ തന്നെ ഞാന്‍ കൂട്ടുകാരെ രണ്ടുപേരെയും വിളിച്ച് തിരുവനന്തപുരത്തു നിന്നും എത്രയും വേഗം സ്ഥലം വിടാനുള്ള തീരുമാനം അറിയിച്ചു. പിന്നെ ഒരു ഓട്ടമായിരുന്നു. ഓട്ടത്തിനുള്ള ശക്തി രാവിലെ ആ ജയില്‍ പുള്ളി വാങ്ങിത്തന്നിരുന്ന ദോശയും ചമ്മന്തിയും കഴിച്ചതോടെ ലഭിച്ചിരുന്നു എന്നതാണ് വാസ്തവം.

മുഖാലയ ലൈംഗിക കാര്യങ്ങളെപ്പറ്റി അമേരിക്കയില്‍ എത്തിയശേഷമാണ് ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയതെന്നും അമേരിക്കയിലെ മുന്‍ പ്രസിഡണ്ടായിരുന്ന ബില്‍ ക്ലിന്റണ്‍ താന്‍ പ്രസിഡണ്ടായിരുന്നപ്പോള്‍ മോനിക്കാ ലെവിന്‍സ്‌കി എന്ന ചെറുപ്പക്കാരിയായ ട്രെയിനിയുമായി വൈറ്റ് ഹൗസില്‍ വച്ച് നടത്തിയ സംഭവം വെളിച്ചത്തുവന്നതോടെയാണ്. അമേരിക്കയിലും ലോകമെമ്പാടുമുള്ള പുരുഷന്മാര്‍ തങ്ങളുടെ ലൈംഗിക ആസക്തി ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് വായ്‌ക്കൊണ്ടുള്ള ലൈംഗിക ക്രിയകള്‍.

മനുഷ്യരുടെ ലൈംഗികതയെപ്പറ്റി ഒരു എഴുത്തുകാരനായ ഞാന്‍ ഗുരുവിനോടു തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് സെക്‌സിന് അമിത പ്രാധാന്യം കൊടുത്താല്‍ മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ അധഃപതിച്ചവരായിത്തീരും എന്നാണ്. ഹിന്ദുക്കള്‍ പശുവിനെ ഗോമാതാവായി ആരാധിക്കുന്നു. പശുക്കള്‍ സാധാരണഗതിയില്‍ കുട്ടികളുണ്ടാകേണ്ടതിനു സമയമാകുമ്പോള്‍ മാത്രമേ മൂരിയുടെ മുമ്പില്‍ നിന്നുകൊടുക്കുകയുള്ളൂ. അതുപോലെ പലമൃഗങ്ങള്‍ക്കും സെക്‌സിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങളുണ്ട്.

അമേരിക്കയിലെ കാത്തലിക് സമൂഹത്തിന്റെ അധഃപതനത്തിന് കാരണം വൈദികരും, എന്തിനേറെ ബിഷപ്പുമാര്‍വരെ മുഖാലയ ലൈംഗിക പ്രക്രിയകള്‍ക്ക് തങ്ങളുടെ കീഴിലുള്ള ചെറുപ്പക്കാരെ വിനിയോഗിച്ചതുകൊണ്ട് നിരവധി പള്ളികള്‍ പരാതിക്കാര്‍ കേസുകൊടുത്തതോടെ വില്‍ക്കേണ്ടതായി വന്നു. അതില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ നടന്നത് ന്യൂ യോര്‍ക്കിലെ ആര്‍ച്ചുബിഷപ്പിന്റെ അധീനത്തിലുള്ള പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു എന്നും ജി.കെ. ചൂണ്ടിക്കാട്ടി. കുട്ടികളെ സെക്‌സിന് ഉപയോഗിക്കുന്നത് ഇന്ന് അമേരിക്കയില്‍ വിലക്കിയിരിക്കുകയാണ്. പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കുന്നതായിരിക്കും.

ഏതായാലും തന്റെ കുട്ടിക്കാലത്തെ ഒളിച്ചോട്ടത്തില്‍ നിന്നും നിരവധി പാഠങ്ങള്‍ പഠിക്കാന്‍ തനിക്കു കഴിഞ്ഞതായി ജി.കെ. പറയുകയുണ്ടായി. ലൈംഗീകത എന്നുള്ളത് മനുഷ്യസഹജമായ ഒരുവാസനയാണ്. അതിനെ നിയന്ത്രിക്കുവാനുള്ള പ്രാഥമികമായ അറിവുകള്‍ മാതാപിതാക്കളില്‍ നിന്നുമാണ് ലഭിക്കേണ്ടത്. ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം ദാവീദും സോളമനുമെല്ലാം ലൈംഗികതയുടെ കാര്യത്തില്‍ വീഴ്ചവരുത്തിയിട്ടുള്ളവരാണെന്ന്. ഒരുപക്ഷേ അതുകൊണ്ടുതന്നെയാവണം കത്തോലിക്കാ സഭയ്ക്കും നേരിട്ടിരിക്കുന്ന പ്രശ്‌നമെന്ന് ജി.കെ. വിലയിരുത്തുകയുണ്ടായി. കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിച്ചാല്‍ പല പോപ്പുമാരും വഴിതെറ്റിയ ജീവിതം നയിച്ചിട്ടുള്ളവരായിക്കാണാന്‍ കഴിയും. ഏറ്റവും സമ്പന്നമായ കത്തോലിക്കാ സഭ തെറ്റു ചെയ്യുന്ന മെത്രാന്മാരെയും വൈദികരെയും പണം കൊടുത്ത് രക്ഷപ്പെടുത്തിയിട്ടുള്ള ചരിത്രവും ജി.കെ. ചൂണ്ടിക്കാട്ടി. അവരില്‍ ഒരാളാണ് ബിഷപ്പായിരുന്ന ഫ്രാങ്കോ എന്നയാള്‍. പക്ഷേ സഭയില്‍ ചിലര്‍ അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചിരിക്കുകയാണെന്നത് വളരെ ഖേദകരമാണെന്നാണ് ജി.കെ.യുടെ അഭിപ്രായം.

അങ്ങിനെ ദിവസങ്ങള്‍ ഓരോന്നോരോന്ന് കഴിഞ്ഞുകൊണ്ടിരുന്നു. രാത്രിയും പകലും ഞങ്ങള്‍ യാത്ര തുടര്‍ന്നു. കോട്ടയം തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് പോകുന്നത് എം.സി റോഡിലൂടെയാണെന്നുള്ള തിരിച്ചറിവ് എനിക്കുണ്ടായി. പലതവണ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ കറങ്ങി എങ്കിലും ആള്‍ക്കാരോടു ചോദിച്ച് ഞാന്‍ വഴികണ്ടുപിടിച്ചു. മറ്റുരണ്ടുപേര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചതുപോലെ എനിക്കുതോന്നി. എന്റെ മനസ്സ് അപ്പോഴും അമ്മയെപ്പറ്റിയുള്ള ഓര്‍മ്മയായിരുന്നു. ശരിക്കുപറഞ്ഞാല്‍ ഞങ്ങള്‍ കന്യാകുമാരി വിട്ടശേഷം രണ്ടോമൂന്നോ സ്ഥലങ്ങളില്‍ മാത്രമേ വിസര്‍ജ്ജനം നടത്തിയിട്ടുള്ളൂ. വയറ്റില്‍ എന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ വിസര്‍ജ്ജനം നടത്താന്‍. തോടുകളുടെ കരയാണ് ഇതിനായി ഉപയോഗിച്ചത്. രണ്ടുമൂന്നു തവണ വഴിക്കു കണ്ട തോടുകളില്‍ കുളിച്ച് വസ്ത്രങ്ങള്‍ കഴുകി വെയിലത്തിട്ട് ഉണക്കുകയും ചെയ്തു. അപ്പോഴും തുണിത്തുമ്പില്‍ കെട്ടിയിരുന്ന സ്വര്‍ണ്ണമാല ഭദ്രമായിത്തന്നെ ഇരിപ്പുണ്ടെന്ന് ഉറപ്പുവരുത്തി.

രാത്രികാലങ്ങളില്‍ ചില കടത്തിണ്ണകളിലും ഞങ്ങള്‍ കുറേനേരം കിടന്നുറങ്ങി. ആരും തന്നെ ഞങ്ങളെ ഉപദ്രവിക്കാന്‍ വന്നില്ല. കൊല്ലം, കൊട്ടാരക്കര കഴിഞ്ഞ് ഞങ്ങള്‍ അടൂര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഞങ്ങളെ അന്വേഷിച്ച് കെ.റ്റി. തോമസിന്റെ വൃദ്ധനായ പിതാവ് തൊമ്മന്‍ ചേട്ടനും, കുഴിക്കാട്ട് ജോസിന്റെ ജ്യേഷ്ഠന്‍ തോമ്മാച്ചനും കൂടി കോട്ടയത്തുനിന്നും തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറില്‍ പോകുന്ന വഴി ഞങ്ങള്‍ മൂന്നുപേരെയും കണ്ടു. അവര്‍ ബല്ലടിച്ച് രണ്ട് മൈല്‍ അകലെപോയി വണ്ടി നിര്‍ത്തിച്ച് തിരികെ ഞങ്ങളെ അന്വേഷിച്ച് അടൂരെത്തി. കെ.റ്റി തോമസ് 'എന്റെ പാപ്പോ' എന്നു നിലവിളിച്ച് തന്റെ പിതാവിനെ വട്ടം കെട്ടിപ്പിടിച്ച രംഗം ഇന്നും തന്റെ മനസ്സില്‍ മായാതെ പ്രതിഫലിക്കുന്നതായി ജി.കെ. പറഞ്ഞു. അതേസമയം ജോസിന്റെ ജ്യേഷ്ഠന്‍ തോമ്മാച്ചന്‍ ഞങ്ങളെ രണ്ടുപേരെയും തലോടി സമാശ്വസിപ്പിച്ചു. ഞങ്ങളെ മൂന്നുപേരെയും തോമ്മാച്ചന്‍ എന്ന ചെറുപ്പക്കാരനും പ്രായമായ തൊമ്മന്‍ ചേട്ടനും കൂടി നേരെകൊണ്ടുപോയത് അടുത്തുള്ള ഒരു ചായക്കടയിലേക്കാണ്. ദോശയും ചമ്മന്തിയുമുള്ള ചെറിയൊരു ചായക്കട. വിശപ്പുസഹിക്കാനാവാതെ കെ.റ്റി.തോമസ് അന്നു കഴിക്കുന്ന രംഗം ഇന്ന് ഓര്‍ത്തപ്പോള്‍ പട്ടിണിക്കിടന്ന നായ്ക്കു വയര്‍ നിറയെ ഭക്ഷണം കിട്ടുമ്പോഴുള്ള ആര്‍ത്തിയോടെ ആയിരുന്നു എന്നു പറഞ്ഞാല്‍ വായനക്കാര്‍ക്കു ഊഹിക്കാമല്ലോ. അതേസമയം ഞാനും കുഴിക്കാട്ട് ജോസും ഭക്ഷണത്തിന്റെ കാര്യത്തില്‍ മിതത്വം പാലിച്ചു. ഏതായാലും വയര്‍ നിറയെ ഭക്ഷണം കിട്ടിയപ്പോഴുണ്ടായ അനുഭൂതി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

അങ്ങിനെ ഏറെക്കുറെ സന്ധ്യയോടെ ഞങ്ങള്‍ കടപ്ലാമറ്റത്തെത്തി. ടെലിഫോണ്‍ നാട്ടില്‍ ഇല്ലാത്ത കാലമാണെന്നോര്‍ക്കണം. ഇന്നേയ്ക്ക് 50 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളം.. ഞങ്ങളെ കണ്ടുകിട്ടി എന്ന വാര്‍ത്ത നാടാകെ പരന്നു. കെ.റ്റി തോമസിനെയും കുഴിക്കാട്ട് ജോസിനെയും നാട്ടില്‍ അധികം ആരുംതന്നെ അറിയുകയില്ലെങ്കിലും എന്നെ കാണാന്‍ മരങ്ങാട്ടുപിള്ളി, പാലയ്ക്കാട്ടുമല എന്നിവിടങ്ങളില്‍നിന്നും എന്റെ അമ്മാവന്മാരും, എന്തിനേറെ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ വല്ല്യപ്പനും, മുതുമുത്തച്ഛന്‍വരെ എത്തിയിരുന്നു. അവരോടൊപ്പം എന്റെ വല്ല്യപ്പനും, വല്ല്യമ്മയുമെല്ലാം... ജി.കെ. കഴിഞ്ഞുപോയകാര്യങ്ങള്‍ ഓരോന്നോരോന്നായി ഓര്‍മ്മിച്ചെടുത്തു. കഴിഞ്ഞ അധ്യായത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന 65 വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ജി.കെ.യുടെ മാതൃസഹോദരപുത്രന്‍ മരിച്ചു കിടക്കുന്ന ഫോട്ടോയോടൊപ്പം നില്‍ക്കുന്ന നിരവധിപേര്‍ അന്ന് ഞങ്ങളുടെ നഷ്ടപ്പെട്ടുപോയി എന്നു കരുതിയ വാവച്ചന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ജി.കെ.യെ കാണാന്‍ വന്നവരുടെ ഗണത്തില്‍പ്പെടുന്നു. പ്രസ്തുത ഫോട്ടോയില്‍ പിറകുവശത്ത് ഒരു കുട്ടിയുമായി നില്‍ക്കുന്ന ആളാണ് ജി.കെ.യുടെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂര്‍. അദ്ദേഹത്തിന്റെ കൈയില്‍ ഇരിക്കുന്നത് ജി.കെ.യുടെ ഇളയ സഹോദരി സെലിന്‍ ആണ്. സെലിന്റെ മൂന്നുകുട്ടികളും ഇന്ന് വിദേശത്തു താമസിക്കുന്നു. ജി.കെ.യുടെ പിതാവിന്റെ തൊട്ടടുത്ത് ഒരു കുട്ടിയുമായി നില്‍ക്കുന്നത് ജി.കെ.യുടെ മാതാവിന്റെ പിതാവ് കുളങ്ങര ഔസേപ്പ് ഔസേപ്പ് എന്നയാളും ലോകസഞ്ചാരി എന്നറിയപ്പെടുന്ന സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ മുതുമുത്തച്ഛനുമാണ്. ആ നിരയില്‍ കൈയും കെട്ടിനില്‍ക്കുന്ന ചെറുപ്പക്കാരനാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ പിതാവ് ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളിന്റെ ഉപജ്ഞാതാവും ലേബര്‍ ഇന്‍ഡ്യാ പ്രസ്സിന്റെ ശില്പിയുമായ ജോര്‍ജ്ജ് കുളങ്ങര. മരിച്ചു കിടക്കുന്നത് ജോര്‍ജ്ജ് കുളങ്ങരയുടെ ജ്യേഷ്ഠനും ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട കുട്ടന്‍ ചേട്ടനുമാണ്. ഈ ഫോട്ടോ ഇന്നുള്ള അപൂര്‍വ്വം ചിലതില്‍ ഒന്നാണ് എന്ന് ജി.കെ. പറയുകയുണ്ടായി.

തന്റെ മാതൃസഹോദരപുത്രന്‍ ജോര്‍ജ്ജ് കുളങ്ങര വിവാഹിതനാകുന്നതിന് മുമ്പുള്ള ഒരു അപൂര്‍വ്വചിത്രമാണിത്. ഈ ചിത്രത്തില്‍ ഉണ്ടായിരുന്ന മിക്കപേരും തങ്ങളുടെ പ്രിയപ്പെട്ട വാവച്ചനെ കാണാന്‍ എത്തിയവരില്‍പ്പെടുന്നു എന്ന് ജി.കെ പറയുകയുണ്ടായി.

ഏതായാലും വീടുവിട്ടുപോയ തന്റെ ഓമനപ്പുത്രന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകൊടുക്കാന്‍ ആ പിതാവ് തയ്യാറായില്ല. ഒടുവില്‍ മാതാവിന്റെ പിതാവും, പിതാവിന്റെ പിതാവും ഇടപെട്ടശേഷമേ പിതാവ് മകനെ വീട്ടില്‍ കയറ്റിയുള്ളൂ. ഈ സംഭവത്തിനുശേഷം പിന്നീട് പിതാവ് തന്റെ മൂത്തമകനെ അടിച്ചിട്ടില്ല എന്ന് ജി.കെ. പറയുകയുണ്ടായി. പക്ഷേ, ജി.കെ. പാലാ സെന്റ് തോമസ് കോളജില്‍ നിന്നും ബി.കോം പാസ്സായശേഷം ഇടതുപക്ഷ കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരുമായി ബന്ധപ്പെട്ട് തന്റെ പേരപ്പന്റെ പറമ്പില്‍ കിടന്നിരുന്ന കുടികിടപ്പുകാരെ മാറ്റാന്‍ പേരപ്പന്‍ ശ്രമിച്ചപ്പോള്‍ പിതാവ് വീണ്ടും കര്‍ശനമായ താക്കീതു നല്‍കി. ' ഒരു വീട്ടില്‍ രണ്ടുനായകന്മാര്‍ വേണ്ട, ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍'. അതൊരു ഭീഷ്മരുടെ തീരുമാനം പോലെ ഉറച്ച തീരുമാനം ആയി എന്ന് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ നിന്നും വായനക്കാര്‍ക്കു മനസ്സിലാക്കാന്‍ കഴിയും.

ഈ നാടുവിടലിനുശേഷം ജി.കെ. പഴയകൂട്ടുകെട്ടുകളെല്ലാം വിട്ട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പത്താംക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കുകളോടെ പാസ്സായി. ഒരു കമ്യൂണിസ്റ്റ് വിരോധിയായിരുന്ന കെ.റ്റി. ജോസഫ് കൂവള്ളൂര്‍ തന്റെ മകന്‍ കമ്യൂണിസ്റ്റ് അനുഭാവികളുമായി കൂട്ടുകൂടുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരില്‍ പത്താംക്ലാസില്‍ നല്ല മാര്‍ക്കോടെ ജയിച്ചു എങ്കിലും പിതാവ് ഒരുവര്‍ഷം തന്റെ മകനെ ഉന്നതവിദ്യാഭ്യാസത്തിന് വിടാതെ വീട്ടില്‍ പിടിച്ചുനിര്‍ത്തി. അതോടുകൂടി ജി.കെ. സാവകാശം വിപ്ലവ ചിന്തയിലേക്കു മാറാനും തുടങ്ങി. അക്കാലത്തെ ഇടതുപക്ഷ തീവ്രവാദത്തിന് നേതൃത്വം കൊടുത്ത കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും, ചൈനയ്ക്കുമേല്‍ ചുവപ്പുതാരം, ചെഗുവേരയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ ബുക്കുകള്‍ രഹസ്യമായി വായിക്കാറുണ്ടായിരുന്ന ജി.കെ. കമ്മ്യൂണിസ്റ്റ് തീവ്രവാദികളുമായി രഹസ്യമായി ബന്ധപ്പെട്ട് ഒരു യഥാര്‍ത്ഥ വിപ്ലവകാരിയായി മാറി. പക്ഷേ പുറമെ നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കുമെല്ലാം ജി.കെ. വളരെ പ്രിയപ്പെട്ട കുട്ടിയായിരുന്നു. മനസ്സു നിറയെ വിപ്ലവചിന്തകളും. ജി.കെ.യെപ്പറ്റി അദ്ദേഹത്തെ ഏറ്റവും അടുത്തറിയാവുന്ന വി.ജെ. ജോയി വെട്ടിക്കക്കുഴിയും വി.റ്റി. ജോസ് തപോവനവും ഈ ലേഖകനോടു പറഞ്ഞത് ജി.കെ. സാക്ഷാല്‍ ബുദ്ധിജീവി തന്നെയാണെന്നാണ്. തന്റെ പിതാവിന്റെ ചില ജന്മസിദ്ധമായ കഴിവുകള്‍ മകനും കിട്ടിയിട്ടുണ്ട് എന്നുള്ളതിനു തെളിവാണ് ജി.കെ.യുടെ പിന്നീടുള്ള ചരിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഏതുപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുവാനുള്ള പ്രത്യേക കഴിവ് അത് ജി.കെ.യ്ക്കുമാത്രമുള്ള കഴിവാണ്.

തുടരും...


Read More: https://www.emalayalee.com/writer/114

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക