
മുഖ്യമന്ത്രി വി.ഡി സതീശനെ നടുറോഡില്‍ തടഞ്ഞ് വെല്ലുവിളിച്ച കോണ്‍ഗ്രസുകാരന്‍ ചേന്തി അനിലിനെതിരെ നടപടി ശക്തമാകുന്നതിനിടെ സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയത് അനിലിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ചേന്തി റൗഡി ലിസ്റ്റില്‍ ഉള്ള വ്യക്തിയാണെന്നാണ് സ്ഥിരീകരിക്കപ്പെട്ട വിവരം. ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച് വന്‍ തോതില്‍ പണപ്പിരിവ് നടത്തുന്നത് ചേന്തിയുടെ സ്ഥിരം പരിപാടിയാണ്.
വി.ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഒരാഴ്ച മുന്‍പേ മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരെ അറിയിച്ചിരുന്നുവത്രേ. എന്നാല്‍ ഇതിന് ശേഷവും പരിപാടി വേദിയില്‍ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിച്ചിട്ടും ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത് ബോധപൂര്‍വമാണോയെന്നതും അന്വേഷണ പരിധിയിലുണ്ട്. അതേസമയം, മുഖ്യമന്ത്രിയോട് ചേന്തി അനില്‍ മോശമായി പെരുമാറിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിക്കും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതും തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കവും ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും.
നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ചേന്തി അനിലിനെതിരെ സജീവമായി നിലനില്‍ക്കുന്ന മറ്റ് കേസുകളില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുമ്പയിസുണ്ടായ 2023-ലെ അടിപിടിക്കേസ് ഉള്‍പ്പെടെയുള്ള കേസുകള്‍ കോടതിയില്‍ തീര്‍പ്പായിട്ടുണ്ട്. ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിലുണ്ടായിരുന്ന കേസുകളും ഒത്തുതീര്‍പ്പായതായാണ് വിവരം. എന്നാല്‍ കേസുകള്‍ തീര്‍ന്നതുകൊണ്ട് മാത്രം റൗഡി ലിസ്റ്റില്‍ നിന്ന് പേര് സ്വമേധയാ നീങ്ങില്ല. പത്ത് വര്‍ഷം വരെ റൗഡി ലിസ്റ്റില്‍ തുടരാന്‍ സാധ്യതയുണ്ട്. പേര് നീക്കം ചെയ്യണമെങ്കില്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം.
ചേന്തിയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ചേന്തിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ചെമ്പഴന്തിയിലേക്ക് പോകുന്നതിനിടെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം നിര്‍ത്തിച്ചത്. വാഹനം നിര്‍ത്തിയ ശേഷം ചേന്തി അനില്‍ മുഖ്യമന്ത്രിയോട് രൂക്ഷമായി സംസാരിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ''പരിപാടി ഏറ്റതല്ലേ, എന്താണ് പങ്കെടുക്കാത്തത്..?'' എന്ന രീതിയില്‍ അനില്‍ മുഖ്യമന്ത്രിയോട് ചോദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
മുഖ്യമന്ത്രി എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് ചോദിച്ചപ്പോള്‍ അനില്‍ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം ഇടപെട്ട് അനിലിനെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. ''മര്യാദയ്ക്ക് സംസാരിക്കണം...'' മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് അനിലിന്റെ മറുപടി, ''മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ നീ എന്ത് ചെയ്യും..?'' എന്നായിരുന്നു. ഇത് വീഡിയോയില്‍ വ്യക്തമാണ്. സംഭവം വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയതോടെ സുരക്ഷാസംഘം അനിലിനെ മാറ്റി. ഇതിനിടെ പരിപാടിയുടെ സംഘാടകരും മുഖ്യമന്ത്രിയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ പോലീസ് അനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തല്‍, നിയമവിരുദ്ധമായി തടഞ്ഞുവെക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീകാര്യം പൊലീസ് ചേന്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയെ തടയണമെന്ന ഉദ്ദേശത്തോടെയാണ് അനില്‍ വാഹനം തടഞ്ഞതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത തരത്തില്‍ മാര്‍ഗതടസം സൃഷ്ടിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ചേന്തി അനിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. കെ.പി.സി.സിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം ഡി.സി.സി നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ വ്യക്തമാക്കി. അനില്‍ റൗഡി ലിസ്റ്റിലുണ്ടെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന അനിലിന്റെ ആരോപണവും ശക്തന്‍ തള്ളി. അനിലിനെതിരെ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതെന്നും വിശദീകരണം പരിശോധിച്ച ശേഷമേ തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നാണ് അനിലിന്റെ വാദം. അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറിയതിലുള്ള പ്രതിഷേധമാണ് വാഹനം തടയാന്‍ കാരണമെന്നും അനില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഇതോടെ സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം സംബന്ധിച്ച രാഷ്ട്രീയ വിവാദവും ശക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ യാത്രാമധ്യേ ഉണ്ടായ അപ്രതീക്ഷിത തടയല്‍, രൂക്ഷമായ വാക്കുതര്‍ക്കം, പൊലീസ് കേസ്, റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍, പിന്നാലെ കോണ്‍ഗ്രസിന്റെ പുറത്താക്കല്‍ചേന്തി അനില്‍ വിവാദം ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്.