
തലക്കെട്ടു കണ്ടപ്പോള്‍ കവിത എന്നു തെറ്റിദ്ധരിച്ചു കാണും, കവിത ആണോ എന്നു ചോദിച്ചാല്‍ ആണ് അല്ലേ എന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍ കൃഷി കൊണ്ട് മണ്ണില്‍ കവിത രചിച്ച ഒരാളെപ്പറ്റി എഴുതുകയാണ്. 'Candle ligth' എന്ന റെസ്റ്റോറന്റ് നടത്തിയിരുന്ന നമ്മുടെ ഒക്കെ പ്രിയപ്പെട്ട Candle light Thommachen ന്റെ കൃഷിയെപ്പറ്റിയാണ്.
അദ്ദേഹത്തിന്റെ വീടിനു ചുറ്റും പല തരം ചെടികളും ഫലവൃക്ഷങ്ങളും തഴച്ചു വളരുന്ന മനോഹരമായ കാഴ്ചകള്‍ നമുക്ക് കാണാം. മണ്ണിനെയും മരങ്ങളേയും സ്‌നേഹിക്കുന്ന വ്യക്തി എന്ന നിലയില്‍ തോമാച്ചന്‍ ഒരു ഹരിത വിപ്ലവകാരി തന്നെ. കൃഷി ചെയ്തു ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ അയല്‍ക്കാര്‍ക്കും പരിചയക്കാര്‍ക്കും വിതരണം ചെയ്യുന്നതില്‍ അതീവ സംതൃപ്തനുമാണ്. അദ്ദേഹത്തിന്റെ വസതിയില്‍ എത്തുന്നവര്‍ക്കു മുന്തിരി പന്തലിന്റെ ശീതളഛായയില്‍ വിശ്രമിക്കാം, തണലിലിരുന്ന് സ്വന്തമായി ഉണ്ടാക്കിയ മുന്തിരി വീഞ്ഞ് ആസ്വദിക്കാം.
മീനച്ചിലാറിന്റെ തീരപ്രദേശമായ ആറ്റുമാനൂര്‍ ആണ് സ്വദേശം, കരിമ്പും, തെങ്ങും, നെല്ലും പരമ്പഗാതമായി കൃഷി ചെയ്തിരുന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നു വരുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ ആണ് ജീവിക്കുന്നതെങ്കിലും പൈതൃകമായ കൃഷി കൂടെ കൊണ്ടുവന്നു.
മനുഷ്യര്‍ ഗുഹാവാസിയായിരുന്നപ്പോള്‍ വേട്ടയാടി ജീവിച്ചിരുന്നു, ഒറ്റപ്പെട്ട ജീവിതമായിരുന്നു അത്. എന്നാല്‍ കൃഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍, സ്ഥിരമായി കൂട്ടമായി ജീവിക്കാന്‍ തുടങ്ങി. അവിടെ നിന്നാണ് മാനവ സംസ്‌ക്കാരം ഉടലെടുത്തതും. കൃഷി നമ്മുടെ സംസ്‌ക്കാരമാണ്. നമ്മുടെ നിലനില്‍പു തന്നെ കൃഷിയേയും കൃഷിക്കാരനേയും ആശ്രയിച്ചാണ്. നമ്മുടെ മുന്നില്‍ വരുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ ആരുടെ ഒക്കെയോ പ്രയത്‌നഫലമാണ്.
ഈ വര്‍ഷത്തെ കര്‍ഷക ശ്രീ അവാര്‍ഡ് നേടിയ തോമാച്ചന്‍ എല്ലാ അര്‍ത്ഥത്തിലും അതിന് അര്‍ഹനാണ്. തന്റെ കൃഷി അഭംഗുരം മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍വേശരന്‍ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ എന്നാശംസിച്ചു കൊള്ളുന്നു.
Read More: https://www.emalayalee.com/writer/36