
മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിച്ച് കലൂര്‍ ജവാഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം നടക്കാതെ വന്നതിനെത്തുടര്‍ന്നുണ്ടായ വിവാദം വഴിത്തിരിവില്‍. കായിക വകുപ്പ് സെക്രട്ടറിക്കു പുറമെ ജി.എസ്.ടി. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നല്‍കിയ റിപ്പോര്‍ട്ട് സ്‌പോണ്‍സറെയും സംസ്ഥാനത്തെയും മുന്‍ കായികമന്ത്രിയെയും കുരുക്കിലാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുവാന്‍ വൈകുന്നതില്‍ ആശങ്ക ഉയരുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതായി അറിയുന്നു.
കായികമന്ത്രി ഫയല്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ട് ദിവസങ്ങള്‍ ആയെങ്കിലും തീരുമാനം ആയിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്ന സൂചനകള്‍ ഏതാനും ദിവസമായി വരുന്നുണ്ട്. മുന്‍ കായിക മന്ത്രിയും പ്രായോജകരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും കേരളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികളെ മുഴുവന്‍ വഞ്ചിച്ചെന്നാണ് പൊതു വികാരം. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനോട് പൊതുവെയും ലിയണല്‍ മെസിയോട് പ്രത്യേകിച്ചും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള ആദരവ് മുതലെടുക്കുകയാണ് മുന്‍ സര്‍ക്കാരും പ്രയോജകരും ചെയ്തത്.
അര്‍ജന്റീനയ്‌ക്കെതിരെ കൊച്ചിയില്‍ കളിക്കുന്നത് ഓസ്‌ട്രേലിയ ആയിരിക്കുമെന്ന് വ്യക്തമായിരുന്നു. ഓസ്‌ട്രേലിയയുമായും കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. ഓസ്‌ട്രേലിയയ്ക്ക് അ്ഡ്വാന്‍സ് ആയി എത്ര തുക കൈമാറിയെന്നും അറിയില്ല. എന്നാല്‍ അര്‍ജന്റീന ടീമിനായി വിദേശത്തേക്ക് അയച്ചുവെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിക് കമ്പനി ഉടമ പറഞ്ഞ 126 കോടി രൂപ(150 ലക്ഷം യു.എസ്. ഡോളര്‍) സംബന്ധിച്ചാണ് ഇ.ഡി. അന്വേഷണം. ഇതില്‍ 'ഫെമ' യുടെ ലംഘനം നടന്നതായി സംശയിക്കുന്നു. പണം അയച്ചതിന്റെ രേഖകള്‍ ഉണ്ടെന്ന് നേരത്തെ സ്‌പോണ്‍സര്‍ വ്യക്തമാക്കിയിരുന്നു. ഇത് ഹാജരാക്കേണ്ടിവരും.
ഇതിനിടെ, 126 കോടി വിദേശത്തേക്ക് അയച്ചപ്പോള്‍ സ്‌പോണ്‍സറുടെ അക്കൗണ്ടില്‍ 206 കോടിയില്‍ അധികം രൂപ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് സ്വകാര്യ ധനയിടപാട് സ്ഥാപനങ്ങളാണ് ഈ തുക നല്‍കിയിരിക്കുന്നത്. 206 കോടി രൂപയുടെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണ്. മാത്രമല്ല, വിദേശത്തേക്ക് അയച്ചതിന്റെ ബാക്കി പണം എവിടേയ്ക്ക് മാറ്റിയെന്ന ചോദ്യവും ഉയരുന്നു.
ഇതിനിടെ, മൂന്നു വിദേശരാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമുകള്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പാനമ ടീം സെപ്റ്റംബര്‍ 26ന് ബെംഗളുരുവിലും ഒക്ടോബര്‍ മൂന്നിനു യുറുഗ്വെയും ഒക്ടോബര്‍ ആറിനു ബ്രസീലും കൊല്‍ക്കത്തയിലും കളിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ ഇതിനു മുമ്പും വിദേശ ടീമുകളും ഇതിഹാസ താരങ്ങളും സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഫിഫയുടെ പ്രദര്‍ശന മത്സര വിന്‍ഡോയില്‍ ഒരേ ഘട്ടത്തില്‍ മൂന്ന് പ്രമുഖ ടീമുകള്‍ ഇന്ത്യയില്‍ കളിക്കുന്നത് വലിയ നേട്ടമാണ്.
ഇക്കാര്യങ്ങളെല്ലാം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വഴി നടക്കുമ്പോള്‍ കേരളത്തില്‍ അര്‍ജന്റീനയും മെസിയും വരുമെന്ന കാര്യം ഫെഡറേഷന്‍ അറിഞ്ഞിട്ടേയില്ല എന്നതാണ് വിരോധാഭാസം. വരില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണു വ്യക്തമാകുന്നത്.