
മനുഷ്യ പുരോഗതിക്ക് വഴിമരുന്നിട്ടു എന്നവകാശപ്പെടുന്ന ശാസ്ത്രം അവന്റെ കയ്യിൽ പിടിപ്പിച്ചു കൊടുത്തമാരക ശേഷിയുള്ള നശീകരണ ആയുധമാണ് ആറ്റം ബോംബുകൾ. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1945 ആഗസ്റ്റ് ആറ് / ഒൻപത് തീയതികളിൽ ജപ്പാൻ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും ചരിത്രത്തിൽആദ്യമായി അത് പ്രയോഗിക്കപ്പെട്ടു. ദൈവ തുല്യനായ തങ്ങളുടെ ചക്രവർത്തിക്ക് വേണ്ടി സമർപ്പിതരായചാവേറുകളെപ്പോലെ പോരാട്ട വീര്യത്തിൽ തലയുയർത്തി നിന്ന ജപ്പാനെ പരാജയപ്പെടുത്താൻ അത് വേണ്ടിവന്നുഎന്ന് ആശ്വസിക്കുന്നവർ ഉണ്ടാവാമെങ്കിലും ആ രണ്ടു നഗരങ്ങളിലായി അസ്ഥികളിൽ നിന്ന് മാംസം ഊർന്ന് പോയി അവസാനിച്ച നിരപരാധികളായ ലക്ഷക്കണക്കായ ഹതഭാഗ്യരുടെ നഷ്ട സ്വപ്‌നങ്ങൾ മനുഷ്യവർഗ്ഗത്തിന്മേലുള്ള തീരാക്കളങ്കത്തിന്റെ കരി നിഴലായി ഇന്നും ചൂഴ്ന്നു നിൽക്കുന്നുണ്ടാവണം ?
ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. എല്ലാ ജീവിത മേഖലകളിലും എന്ന പോലെ ആയുധ നിർമ്മാണ മേഖലയിലുംവമ്പൻ പുരോഗതി കൈവരിച്ചതോടെ
അന്നത്തെ ആ കൊച്ചു ബോംബുകളെക്കാൾ അനേകായിരം മടങ്ങു പ്രഹര ശേഷിയുള്ള ബോംബുകളുടെനിർമ്മാണത്തിലും സംഭരണത്തിലും മത്സര ബുദ്ധിയോടെ ലോക രാജ്യങ്ങൾ രംഗത്തു വന്നു കഴിഞ്ഞു.
ഗ്രഹാന്തര യാത്രകൾക്ക് എന്ന മേലെഴുത്തോടെ വികസിപ്പിച്ചെടുത്ത കൂറ്റൻ റോക്കറ്റ് ടെക്‌നോളജി ഏതെങ്കിലും ദരിദ്രവാസിയുടെ അപ്പച്ചട്ടിയിൽ ഒരു കഷണമെങ്കിലും കൂടുതൽ വീഴ്ത്തിയതായി അറിവില്ലെങ്കിലും, ആഗോള സൈനിക താവളങ്ങളുടെ രഹസ്യ സങ്കേതങ്ങളിൽ ഭൂഖണ്ഡാന്തര മിസൈൽ ഭീമന്മാരായി പുനർജ്ജനിച്ചുകഴിഞ്ഞു എന്ന സത്യം യാതൊരു മാധ്യമങ്ങളും നമ്മളെ അറിയിച്ചതേയില്ല. അതി സൂക്ഷ്മമായി പ്രോഗ്രാംചെയ്തു വച്ച ആണവത്തലപ്പുകളുമായി അവർ കുതിക്കാൻ കാത്തു നിൽക്കുകയാണ് എന്റെയും നിങ്ങളുടെയും മാത്രമല്ലാ, നമ്മുടെ സന്തതി പരമ്പരകളുടെയും വംശനാശം ഉറപ്പാക്കുന്നതിനുള്ള
സമാധാനത്തിന്റെ ശാന്തി മന്ത്രങ്ങളുമായി ?
ലോകത്താകമാനമുള്ള ഭരണകൂട യജമാനന്മാർ തങ്ങളുടെ കസേര ഉറപ്പിച്ചു നിർത്തുന്നതിനായി ചെയ്തു വച്ച ഈ മഹാ പാതകം അവർക്കു പോലും വിനയായി ഭവിച്ചതിന്റെ ആശങ്കയിലാണ് ഇന്ന് അവരുള്ളത് എന്നതാണ്സത്യം. മിസൈൽ ടെക്‌നോളജിയുടെ വൻ വളർച്ച ലോകത്തുള്ള ആരുടെ തലയിലും കൃത്യമായി ബോംബ് വീഴിക്കാം എന്ന നിലയിലേക്ക് എത്തിയതോടെ ശത്രുവിന്റെ മിസൈൽ തന്റെ തലയിലാവുമോ ആദ്യം വീഴുകഎന്ന ആശങ്കയിൽ സ്വന്തം മിസ്സൈലുകൾക്ക് വെറുതേ കാവലിരിക്കുക എന്നത് മാത്രമായി മിക്ക വീര ശൂര പരാക്രമികളുടെയും ഇന്നത്തെ അവസ്ഥ.
ലോകത്തെ ഏതൊരു രഹസ്യ താവളത്തിൽ നിന്നും അണ്വായുധവുമായി ഏതെങ്കിലും മിസൈൽ കുതിച്ചുയർന്നാൽ അപ്പോൾത്തന്നെ അത് റീഡ് ചെയ്യുന്നതിxxനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. വേണ്ടി വന്നാൽ നിങ്ങളുടെ കുളിമുറിയിൽ നിങ്ങൾ വസ്ത്രം മാറുന്നതും നോക്കി കാത്തു നിൽക്കുകയാണ് ശൂന്യാകാശ ഭ്രമണ പഥങ്ങളിൽ വിന്യസിച്ചിട്ടുള്ള അത്യാധുനിക സാറ്റലൈറ്റ് ക്യാമറാ ഭീമന്മാർ - അതി സൂക്ഷ്മങ്ങളായ നിരീക്ഷണക്കണ്ണുകളുമായി.
എല്ലാം ഓട്ടോമാറ്റിക്കായി സംഭവിക്കും. വരുന്ന മിസൈലിനെ നേരിടുന്നതിനും അയച്ച രാജ്യത്തെ തകർക്കുന്നതിനുമായി അപ്പോൾത്തന്നെ മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നും ആകാശത്തു നിന്നും മാത്രമല്ലാ, ശൂന്യാകാശ നിഗൂഢതകളിൽ നിന്നുമായി പ്രത്യാക്രമണ മിസൈലുകൾ കുതിച്ചുയരും. പിന്നെ ഒരു പൊടുപൊടാപ്പൊട്ടൽ ! നീലയും ചുവന്നതുമായ തീനാളങ്ങൾ നാലുപാടും ചീറിപ്പായും. സർവ്വ സംഹാരിയായ അഗ്നികൊടുങ്കാറ്റ് ഏറ്റുവാങ്ങി ഭൂമി മത്തനെപ്പോലെ ആടും. ആകാശത്തോളം ഉയരുന്ന കടൽത്തിരമാലകൾ തിളച്ചു വറ്റുന്നതിനിടയിൽ ജലാശയങ്ങളിലൂടെ കരയിലേക്ക് കയറി വരും. രാസ മാലിന്യങ്ങൾ ഏറ്റു വാങ്ങുന്ന മഴ മേഘങ്ങൾ വിഷമഴയായി പെയ്തൊഴിയും.
അയച്ചവനും അവന്റെ രാജ്യവും തീരും, സ്വീകരിച്ചവനും അവന്റെ രാജ്യവും തീരും. ഇതെഴുതുന്ന ഞാനും, ഇത് വായിക്കുന്ന നിങ്ങളും മാത്രമല്ലാ, നമ്മുടെ സ്വപ്നങ്ങളുടെ ആൾരൂപങ്ങളായ നമ്മുടെ കുഞ്ഞുങ്ങളും പിന്നെയുണ്ടാവില്ല. എല്ലാം ചാരം. നമുക്ക് വസിക്കാനായി ദൈവം കരുതി വച്ച സ്വർഗ്ഗ സമാനമായ ഈ ഭൂമി സസ്യ- ജന്തു സമൃദ്ധിയുടെ അവസാന തരിയും പറിച്ചെറിഞ്ഞ് മനുഷ്യ വാസ യോഗ്യമല്ലാത്ത ശവപ്പറമ്പായി ആർക്കും വേണ്ടാത്ത കരിക്കട്ട പോലെ അടുത്ത അഞ്ഞൂറ് കോടി കൊല്ലങ്ങൾ കൂടി ആകാശ ഗംഗയിലെ സൗരയൂഥത്തിൽഅനാഥമായി അലയും. !
ഓറിയോൺ നക്ഷത്ര രാശിയുടെ മൂന്നാം ശിഖരത്തിലെ സൂപ്പർനോവയിൽ നിന്നുള്ള ന്യൂക്ലിയർ നെബുലകളിൽ നിന്ന് രൂപപ്പെടുകയും മഴവില്ലും മനുഷ്യ മോഹങ്ങളും, സ്വർഗ്ഗസമാനമായി വിരിഞ്ഞിറങ്ങുകയും ചെയ്ത നമ്മുടെ ഈ ഭൂമി അനിവാര്യമായ ഏതെങ്കിലും സൂപ്പർ നോവയിൽ ഉൾപ്പെട്ട് നക്ഷത്ര ധൂളികളായി വേർപിരിഞ്ഞ് പരിണാമ പരമ്പരയിലെ പുത്തൻ നെബുലകളായി വീണ്ടും പ്രപഞ്ച സാഗരത്തിൽ ലയിക്കുമത്രേ ???
ഒന്നും സംഭവിക്കില്ല. വിശ്വ സാഹിത്യ പ്രതിഭയായ പൗലോ കൊയ്‌ലോയുടെ വാക്കുകളിൽ എല്ലാറ്റിന്റെയും പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണത്തെ പ്രപഞ്ചാത്മാവ് എന്ന് തന്നെ അദ്ദേഹം വിളിക്കുന്നു. ( Read : ‘ The Alchemist ‘) മനുഷ്യന്റെ അഹങ്കാരം കൊണ്ട് അവൻ പരസ്പ്പരം കൊന്ന് തീർക്കും എന്ന ഒരു സാഹചര്യം സംജാതം ആയപ്പോളാണ് ഭസ്മാസുരന് കിട്ടിയ വരം പോലെ സ്വന്തം ആയുധങ്ങൾ തന്റെ തന്നെ കൊലയാളിയാവും എന്ന് അവൻ തിരിച്ചറിയുന്നതും, പേടിച്ച് വിറയ്ക്കുന്നതും. പട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങാ പോലെ വെറുതേ അതിന് കാവലിരിക്കുന്നതും ?
ഈയൊരു സാഹചര്യം യാതൊരു ശാസ്ത്രഞ്ജന്റെയും തലയിൽ രൂപം കൊണ്ടതല്ല. ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ വാക്കുകളിൽ പ്രകൃതി നിയമങ്ങൾക്കനുസരിച്ച് തന്നെ സംഭവിച്ചിട്ടുള്ളതാണ്. ഉണ്ടായിട്ടും പ്രയോഗിക്കാൻ കഴിയാത്ത അവസ്ഥ. അവനെ കൊല്ലാൻ വേണ്ടി ഞാൻ എന്നെക്കൊല്ലേണ്ടി വരുന്ന അവസ്ഥ. ഇതിനേക്കാൾ വലിയ ഒരു പരാജയം മനുഷ്യന് മറ്റെന്താണുള്ളത് ?
എത്ര അഭിമാനത്തോടെയാവണം ബഹുമാന്യനായ ശാസ്ത്ര പ്രതിഭ ആൽബർട്ട് ഐൻസ്റ്റൈൻ E = Mc 2 എന്ന തന്റെ ശാസ്ത്ര സമവാക്യം പുറത്ത് വിട്ടതും, ആയതിന്റെ പരിണാമ സൂത്രം എന്ന നിലയിൽ അണുബോംബുകൾ അവതരിച്ചതും !
ഇന്നത് എന്നെക്കൊല്ലാൻ ഞാൻ തന്നെ നിർമ്മിച്ച ബൂമറാംഗ് ആയുധമായി തരം താണ് കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും പട്ടിക്ക് കിട്ടിയ ഈ മുഴുവൻ തേങ്ങകൾ ഉപേക്ഷിക്കൂ. അത് നിർമ്മിച്ച് തന്ന നമ്മുടെ ശാസ്ത്രജ്ഞന്മാരെ തന്നെ വിളിക്കൂ. ആറ്റം സ്പോടനങ്ങളെ നിർവീര്യമാക്കുന്നതിനുള്ള പരീക്ഷണങ്ങളുമായി അവർ ലബോറട്ടറികളിൽ പ്രവേശിക്കട്ടെ. അവരെയും നമ്മളെയും ഒരുപോലെ സംരക്ഷിക്കുന്ന പുത്തൻപ്രൊഡക്ടുകൾ അവർ കണ്ടെത്തുമാറാകട്ടെ - നമുക്കും കാത്തിരിക്കാം.