
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോനെയും സഹയാത്രികരായ ജെസിക്ക മീർ, ജാക്ക് ഹാത്‌വേ എന്നിവരെയും 'മികച്ച അമേരിക്കക്കാർ, മികച്ച ദേശസ്നേഹികൾ, ധീരരായ ആളുകൾ' എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ട്രംപ് സംഘത്തെ അഭിനന്ദിച്ചത്. ഭൂമിയിലേക്ക് തിരിച്ചെത്തിയ ശേഷം ഓവൽ ഓഫീസിൽ സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഹ്യൂസ്റ്റണിലെ നാസ ജോൺസൺ സ്‌പേസ് സെന്ററിൽനിന്ന് വെള്ളിയാഴ്ച നടത്തിയ സംഭാഷണത്തിലാണ് ട്രംപ് ബഹിരാകാശ സഞ്ചാരികളുടെ ധൈര്യത്തെ പ്രശംസിച്ചത്. താൻ ബഹിരാകാശ യാത്ര നടത്താൻ തയ്യാറാകില്ലെന്നും എന്നാൽ ചിലർക്ക് അതിനോട് അതിയായ താൽപര്യമാണെന്നും ട്രംപ് പറഞ്ഞു.
യുഎസ് സ്‌പേസ് ഫോഴ്സിലെ കേണലായ അനിൽ മേനോൻ ബഹിരാകാശത്ത് സേവനം ചെയ്യുന്നതിൽ അഭിമാനിക്കുന്നതായി ട്രംപിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച നടത്തിയ ബഹിരാകാശ നടത്തത്തിനിടെ റോബോട്ടിക് ആമിൽ നിന്ന് ബഹിരാകാശ നിലയത്തെ നേരിട്ട് കാണാനായതും അദ്ദേഹം പങ്കുവച്ചു.
ചന്ദ്രനിലേക്കും ചന്ദ്രനിലെ അടിസ്ഥാനകേന്ദ്രത്തിലേക്കും തുടർന്ന് ചൊവ്വയിലേക്കുമുള്ള അമേരിക്കയുടെ ദൗത്യങ്ങൾക്ക് വഴിയൊരുക്കാൻ കഴിയുന്നതിൽ താൻ 'വളരെ അഭിമാനവും ആവേശവും' അനുഭവിക്കുന്നതായി മേനോൻ പറഞ്ഞു.
അമേരിക്കൻ സൈനിക രംഗത്ത് ബഹിരാകാശ അധിഷ്ഠിത ഇന്റലിജൻസിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ബഹിരാകാശ സഞ്ചാരികളെ 'യഥാർഥ പയനിയർമാർ' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, വെസ്റ്റ് പോയിന്റ്, നേവൽ അക്കാദമി, കോസ്റ്റ് ഗാർഡ് അക്കാദമി, എയർഫോഴ്സ് അക്കാദമി എന്നിവയുടെ നിലവാരത്തിലുള്ള യുഎസ് സ്‌പേസ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിയും ട്രംപ് പരാമർശിച്ചു. രാജ്യത്തെ ഏറ്റവും പ്രയാസമേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിലായിരിക്കണം പുതിയ അക്കാദമിയെന്നും അദ്ദേഹം പറഞ്ഞു.
മേനോന്റെ ഭാര്യ അന്ന മേനോനും നാസയുടെ ബഹിരാകാശ കേന്ദ്രത്തിൽ ട്രംപിനൊപ്പം ഉണ്ടായിരുന്നു. ബഹിരാകാശ നിലയത്തിലുള്ള സംഘത്തെ അഭിവാദ്യം ചെയ്ത് അവർ ആശംസകൾ അറിയിച്ചു.
മിനസോട്ടയിലെ മിനിയാപൊളിസിൽ ഇന്ത്യൻ, യുക്രേനിയൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായാണ് അനിൽ മേനോൻ ജനിച്ചതും വളർന്നതും. സ്പേസ്‌എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും നാസയുടെ ക്രൂ ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ച ശേഷമാണ് 2021-ൽ നാസയുടെ ബഹിരാകാശ സഞ്ചാരി സ്ഥാനാർഥി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിൽ ജൂലൈ 14ന് പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പമാണ് മേനോൻ ബഹിരാകാശ നിലയത്തിലെത്തിയത്. ഏകദേശം എട്ട് മാസം ബഹിരാകാശ നിലയത്തിൽ ഗവേഷണങ്ങളും സാങ്കേതിക പരീക്ഷണങ്ങളും നടത്തിയ ശേഷം 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.