Image

ജോൺ ഇളമത എഴുതിയ ചരിത്ര നോവൽ 'സൂഫികളും സുൽത്താന്മാരും' (പുസ്തക പരിചയം: എ.സി.ജോർജ്)

Published on 29 August, 2026
ജോൺ ഇളമത എഴുതിയ ചരിത്ര നോവൽ 'സൂഫികളും സുൽത്താന്മാരും' (പുസ്തക പരിചയം: എ.സി.ജോർജ്)

ശ്രീ ജോൺ ഇളമത പത്തനംതിട്ട  ജില്ലയിലെ കടപ്ര മാന്നാറിൽ നിന്ന്, 1973ൽ  ജർമ്മനിയിലേക്ക് കുടിയേറി. 1984 മുതൽ അദ്ദേഹം ക്യാനഡയിൽ അധിവസിക്കുകയാണ്. ഇതിനകം അദ്ദേഹം ശ്രദ്ധേയങ്ങളായ അനേകം മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻറെ സാഹിത്യ ഭാഷ രചനകൾ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജോൺ ഇളമത എഴുതിയ ഏറ്റവും പുതിയ ചരിത്ര നോവൽ " സൂഫികളും സുൽത്താന്മാരും" ഇതിനകം അനേകം വായനക്കാരുടെയും അനുവാചകരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ജോൺ ഇളമത തന്നെ എഴുതിയ മാർക്കോപോളോ എന്ന ചരിത്ര സഞ്ചാര നോവൽ വായനക്കാരെ ഇതിനുമുൻപ് ഹഠാദാകർഷിച്ചിരുന്നു. ഏതാണ്ട് അതേ ചുവടു പിടിച്ചു തന്നെയാണ് വളരെ ലളിതമായ ശൈലിയിൽ ഇബ്‌നു  ബത്തൂത്തയുടെ യാത്രക്കുറുപ്പുകളെ ആധാരമാക്കി സൂഫികളും സുൽത്താൻമാരും എന്ന പേരിൽ ഈ ചരിത്ര സഞ്ചാര നോവൽ രചിച്ചിരിക്കുന്നത്.

പക്ഷേ മാർക്കോപോളോക്ക് ശേഷം ഏതാണ്ട് അമ്പതിൽപരം വർഷങ്ങൾ കഴിഞ്ഞാണ് ഇബ്‌നു ബത്തൂത്ത  യാത്ര ആരംഭിക്കുന്നത്. മാർക്കോപോളോ 15000 മൈൽ  സഞ്ചരിച്ചുവെങ്കിൽ  അതിൻറെ 5 ഇരട്ടി ഏതാണ്ട് 75000 മൈൽ  ഇബ്‌നു ബത്തൂത്ത സഞ്ചരിച്ചു. 1325 മുതൽ 1354 വരെ 29 വർഷക്കാലം ഭൂമി പരന്നതെന്നും ജെറുസലം ഭൂമിയുടെ മധ്യഭാഗത്താണെന്നും കരുതിയിരുന്ന മധ്യകാലഘട്ടത്തിലെ യാത്ര അതീവ ഗുരുതരവും ദുർഘടം പിടിച്ചതും ആയിരുന്നു. അങ്ങനെയൊരു അനച്ഛിതത്വവും ആപൽകരവുമായ കാലഘട്ടത്തിൽ ജീവൻ പണയം വെച്ച് ഭൂമിയുടെ മറുപുറം തേടിയുള്ള യാത്രക്കു ഒരു തിരിച്ചുവരവ് നിശ്ചയം ഉണ്ടായിരുന്നില്ല.

വെനീസുകാരനായ മാർക്കോപോളോ മുഖ്യമായി വ്യാപാരത്തിനു വേണ്ടിയാണ് സഞ്ചാരങ്ങൾ നടത്തി ചൈനയിൽ എത്തിയത്. എന്നാൽ മൊറോക്കോകാരൻ ഇബ്‌നു ബത്തൂത്ത സൂഫികളെയും സുൽത്താന്മാരെയും തേടിയും ഇസ്ലാം സംസ്കാരം കൂടുതലായി പഠിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടിയാണ് ദീർഘ യാത്രക്കു  പുറപ്പെട്ടത്. മൊറോക്കോയിൽ അദ്ദേഹം ഒരു ഇസ്ലാം മതപണ്ഡിതനും, ഇസ്ലാം ജഡ്‌ജി  കൂടെ ആയിരുന്നു. ആ നിലയിൽ ഇസ്ലാമിക് ലോകരാജ്യങ്ങളിൽ അദ്ദേഹം കൂടുതൽ സ്വീകാര്യനായിരുന്നു. ഇന്നത്തേത് പോലെ യാതൊരു തരത്തിലുള്ള വാർത്താ സാങ്കേതിക മികവുകൾ ഇല്ലാതിരുന്ന ആ കാലഘട്ടത്തിലെ ജീവിതങ്ങളും, അനുഭവ കഥകളും, യാത്രകളും, അധികവും ഭാവനകളിൽ നിന്ന് മിനഞ്ഞെടുത്തു  കൂട്ടിച്ചേർത്തവയാണ്. അത് ഇക്കാലത്തെ ഏതൊരു എഴുത്തുകാരൻ ആണെങ്കിലും അത് അങ്ങനെ തന്നെ മാത്രമേ സാധിക്കുകയുള്ളൂ. എങ്കിലും ഒരു ചരിത്രാന്വേഷി എന്ന നിലയിൽ ശ്രീ ജോൺ ഇളമത ആകാവുന്നത്ര റിസർച്ചും  നിരീക്ഷണങ്ങളും നടത്തിത്തന്നെ, ഈ ചരിത്ര നോവൽ പൂർത്തിയാക്കിയിരിക്കുന്നു.

അതിസാഹസികമായ ഈ യാത്രക്കുശേഷം ഒരു മടങ്ങിവരവ് ഉണ്ടാകില്ല എന്ന് തന്നെ ഇബ്‌നു ബത്തൂത്തയുടെ  മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും പൂർണ്ണമായി വിശ്വസിച്ചിരുന്നതിനാൽ അവർ കണ്ണുനീരോടെയാണ്     ബത്തൂത്തയെ യാത്രയാക്കിയത്. അറ്റ്ലാൻഡിക് കടൽ, മെഡിറ്ററേനിയൻ കടൽ, ജിബ്രാൾട്ടർ കടലിടുക്ക്, പസഫിക് സമുദ്രം, ഇന്ത്യ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, ഇതെല്ലാം ഓരോ യാത്രയ്ക്കിടയിൽ സമയോചിതമായി കടക്കേ  തായിട്ടുണ്ടായിരുന്നു. അന്നു ഉള്ളത് പായ്ക്കപ്പലുകൾ മാത്രം. അത് മുങ്ങിപ്പോകുവാനും ദിശ മാറി സഞ്ചരിക്കുവാനും സാധ്യതകൾ ഏറെയാണു  താനും. കൊടുങ്കാറ്റ്, കൊടുമുടി ഉയരത്തിൽ അലയടിക്കുന്ന തിരമാലകൾ. കടലിലെ ഹിംസ്രജന്തുക്കൾ. കരയിൽ ആണെങ്കിൽ പലയിടങ്ങളിലും നരഭോജികൾ ആയ മനുഷ്യർ, ആന സിംഹം കടുവ പുലി പെരുമ്പാമ്പുകൾ അതീവ വിഷം വമിക്കുന്ന നിരവധി ഇഴജന്തുക്കൾ. മരം കോച്ചുന്ന  ശീതക്കാറ്റുകൾ പലയിടത്തും, കാലത്തിനും സമയത്തിനും അനുസരിച്ച് ചിലയിടങ്ങളിൽ ഊഷരമായ പൊള്ളുന്ന തൊലി ഉരിയുന്ന കഠിനമായ ചൂട് കാറ്റ്. ഇത്തരം സാഹചര്യങ്ങളെല്ലാം അതിജീവിച്ച് വേണം ഇത്തരം സഞ്ചാരികൾ യാത്ര പൂർത്തീകരിക്കാൻ. യാത്രക്കു  പുറപ്പെടുന്നവരിൽ അവസാനം നൂറിൽ ഒരാൾ മാത്രമേ സാധാരണയായി രക്ഷപ്പെട്ട് തിരിച്ചെത്താറുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഇബ്‌നു ബത്തൂത്ത  അത്തരത്തിൽ വിജയകരമായി യാത്ര പൂർത്തിയാക്കിയ ഒരു വ്യക്തി എന്നുള്ള നിലയിൽതന്നെ ശുഭ പര്യവസായി ആയിട്ട് തന്നെ നോവൽ സമാപിക്കുന്നു.

ഈ സാഹസിക യാത്രക്കാരൻ നേരിടേണ്ടി വന്ന നിരവധി യാത്രാ ജീവിത സംഘർഷങ്ങളെ, അതുപോലെ വളരെ സുഖമുള്ള അനുഭവങ്ങളെ വളരെ വ്യക്തമായി, ഇവിടെ അദ്ദേഹം ചിത്രീകരിക്കുന്നു. വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകൾ വളരെയധികം ആകാംക്ഷ ജനകങ്ങളാണ്. ഇവിടെ കഥയോടും കഥാപാത്രങ്ങളോടും ഒപ്പം മനസ്സിരുത്തി വായിക്കുന്ന വായനക്കാരൻ സഞ്ചരിക്കുകയാണ്.  അന്യോന്യം മനസ്സിലാകാത്ത വൈവിധ്യമേറിയ ഭാഷകൾ സംസാരിക്കുന്ന മനുഷ്യരെയും അവിടത്തെ ഒക്കെ ഭരണകർത്താക്കന്മാരായ സുൽത്താന്മാരുടെയും, മഹാരാജാക്കന്മാരുടെയും, സാധാരണക്കാരായ പ്രജകളുടെയും  സുഖ ദുഃഖങ്ങളും വ്യഥകളും സത്യസന്ധമായി ഈ നോവലിൽ ഉടനീളം മിഴിവോടെ പ്രതിഫലിക്കുന്നു. ആ കാലഘട്ടത്തിൽ അവിടെയുള്ള ജീവിതങ്ങളുടെ അരക്ഷിതാവസ്ഥ. നീതി നിഷേധങ്ങൾ എല്ലാം നോവലിസ്റ്റ് വരച്ചു കാട്ടുന്നു. ഇതിലെ ഗ്രാമീണ ഭാഷകളും വിവരണങ്ങളും ശൈലികളും ഈ കൃതിയെ അത്യധികം ആകർഷകമാക്കുന്നു.

എത്ര കാലം എടുത്താലും വിവിധ മുസ്ലിം പ്രദേശങ്ങളും , അതുപോലെ അറബ് രാജ്യങ്ങളും, ഇന്ത്യയും ചൈനയും, സന്ദർശിക്കണം. ഏറ്റവും മുഖ്യമായി ഹജ്ജിന് വിശുദ്ധ മെക്കയിൽ എത്തി പ്രാർത്ഥിച്ചു പുണ്യം നേടി സ്വന്തം രാജ്യമായ മൊറോക്കോയിൽ തിരിച്ചെത്തണം എന്നതായിരുന്നു സാഹസിക യാത്രികനായ ഇബ്‌നു ബത്തൂത്തയുടെ ഉദ്ദേശവും ലക്ഷ്യവും. ലിബിയ, സുഡാൻ, ട്രിപ്പോളി, അൽജീരിയ, ഈജിപ്ത്, ഇറാൻ, ഇറാഖ്, ടർക്കി, ജോർദാൻ, എത്തിയോപിയാ, സോമാലിയ, അഫ്‍ഗാനിസ്ഥാൻ, മാലിദ്വീപ്, ഇന്ത്യ, ചൈന തുടങ്ങിയ ഇടങ്ങളിലാണ് മുഖ്യമായി സന്ദർശിച്ചത്. ഇവിടങ്ങളിൽ എല്ലാം തന്നെ അക്കാലത്ത് കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ സുൽത്താന്മാരോ രാജാക്കന്മാരോ ആണ് നാടുവാണിരുന്നത്. അവരുടെ രാജ്യത്തെ ജനങ്ങളെ മിക്കവാറും എല്ലാ തരത്തിലും അടിച്ചമർത്തി, അവരിൽനിന്ന് അധിക നികുതി പിരിച്ചാണ് ഇവരെല്ലാം തന്നിഷ്ടം മാതിരി ആർഭാട ജീവിതം നയിച്ചിരുന്നത്. നികുതി ദായകരായ പൊതുജനങ്ങളിൽ അധികപക്ഷവും  മുഴു പട്ടിണിയിലും ദാരിദ്ര്യത്തിലും ചത്തൊടുങ്ങുമ്പോൾ, ചിലർ മണ്ണും പുല്ലും, ഗതിയില്ലാതെ തിന്നുമ്പോൾ വെള്ളത്തിന് പകരം സ്വന്തം മൂത്രം പോലും മുള്ളികുടിച്ചു കൊണ്ടിരുന്നപ്പോൾ പിശാചിൻറെ സ്വഭാവമുള്ള ഈ ഭരണകർത്താക്കൾ തിന്നുകൊഴുത്ത് മദ്യത്തിലും മദിരാക്ഷിയിലും തിമിർത്താടി ജീവിച്ചു. ഇവരിൽ മിക്കവർക്കും നൂറുകണക്കിന് ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിരുന്നു. വെപ്പാട്ടിമാരും ഭാര്യമാരും ഗർഭിണികൾ ആവുകയും, പ്രസവത്തിനു പോവുകയും ചെയ്യുമ്പോൾ ആസ്ഥാനത്ത് പുതിയ പുതിയ ഭാര്യമാരും വെപ്പാട്ടികളും രാജാക്കന്മാരും സുൽത്താൻമാരും സ്വന്തമാക്കിയിരുന്നു. തിരുവായക്ക് ആരെങ്കിലും എതിർ നിൽക്കുന്നു എന്ന് കണ്ടാൽ അവരെ നിഷ്ടൂരമായി ശിക്ഷിച്ചിരുന്നു. അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുക, കൈകാലുകൾ വെട്ടുക, ഹിംസറ മൃഗങ്ങളെ കൊണ്ട് വേട്ടയാടിക്കുക. ജനമധ്യത്തിൽ കൊന്നു  കെട്ടി തൂക്കുക, അവരെ ജീവനോടെ തൊലി 
ഉരിയുക, ജീവനോടെ കുന്തമുനയിൽ പട്ടണത്തിൽ പ്രദർശിപ്പിക്കുക  തുടങ്ങിയ കിരാതമായ ശിക്ഷകളാണ് കൊടുത്തിരുന്നത്. സുൽത്താൻമാർക്കോ, രാജാക്കന്മാർക്കോ  ഏതു പ്രജകളുടെ സുന്ദരിമാരായ ഭാര്യമാരെയോ, പ്രായമാകാത്ത പെൺകുട്ടികളെ പോലും ബലമായി പിടിച്ചു കൊണ്ട് കൊട്ടാരത്തിൽ കൊണ്ടുവന്നു  ബലാൽകാരം   ചെയ്യാനുള്ള അവകാശമുണ്ടായിരുന്നു. അതിനെ എതിർക്കുന്ന ഏതൊരാളെയും പലതരത്തിലുള്ള കിരാത ശിക്ഷകൾ നൽകി കാലപൂരിക്ക് അയക്കുക പതിവായിരുന്നു. സുഖലോലുപതയിൽ മുങ്ങി കുളിച്ചു ഇവർ ജീവിതം മുന്തിരി ചാറ് മാതിരി ആസ്വദിച്ചിരുന്നു. കൊട്ടാര നർത്തകിമാർ അവരുടെ മുമ്പിൽ വിവസ്ത്രയായി ആവശ്യപ്പെടുമ്പോൾ എല്ലാം സ്തനങ്ങളും  ജഘ്നങ്ങളും കുലുക്കി മാദക  നൃത്തം ആടണമായിരുന്നു.

അഫ്ഗാനിസ്ഥാനിലും, ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലെ മലബാറിലും ഈ യാത്രികൻ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയും നാട്ടു  രാജാക്കന്മാരും സുൽത്താന്മാരും ഭരണകർത്താക്കളും ബത്തൂയെ രാജകീയമായി തന്നെ സ്വീകരിച്ചു. അവിടങ്ങളിലെ ഭരണങ്ങളും ഒട്ടുംതന്നെ മെച്ചമായിരുന്നില്ല. ഇവിടെയും സുൽത്താന്മാരും രാജാക്കന്മാരും സ്വന്തം പ്രജകളെ പരമാവധി ദ്രോഹിച്ചിരുന്നു ചൂഷണം ചെയ്തിരുന്നു. ഇന്ത്യയിലെ നാട്ടു  രാജാക്കന്മാരും സുൽത്താന്മാരും ഭരണകർത്താക്കളും സുഖലോലുപതയിൽ തന്നെ ജീവിച്ചിരുന്നു. അനാചാരങ്ങളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകർത്താക്കളുടെ ഇടയിലും ജനങ്ങളുടെ ഇടയിലും ഉണ്ടായിരുന്നു. രജപുത്ര രാജാക്കന്മാരും, മുഹമ്മദ് ബിൻ തുഗ്ലക്കുകളും ഇന്ത്യയെ ഭരിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മധ്യപൂർവ്വ ഏഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരുപറ്റം ജനത പെറ്റുപെരുകി പിൽക്കാലത്ത് അവർ  ഹിന്ദുക്കൾ എന്ന് അറിയപ്പെട്ടു. അവർ ഇന്ത്യയിലെ ആദിവാസികളെ താഴ്ന്ന ജാതിക്കാർ  ആക്കി ഏറ്റവും താഴെത്തട്ടിൽ ഒതുക്കി നിർത്തി. ശരിക്കും ഇന്ത്യ മഹാരാജ്യത്തിന്റെ ഏറ്റവും വലിയ അവകാശികൾ ആ പാവപ്പെട്ട ആദിവാസികൾ തന്നെയാണെന്ന് ഇബ്‌നു ബത്തൂത്ത  രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരിൽ നിന്ന് ഈ സഞ്ചാരി ധാരാളം വിലപിടിപ്പുള്ള സമ്മാനങ്ങളും നേടുകയുണ്ടായി. മലബാറിൽ എത്തിയപ്പോൾ ഭരണകർത്താവ് സാമൂതിരി ചുക്ക് കുരുമുളക് അടയ്ക്ക, തുടങ്ങിയ അനവധി സുഗന്ധദ്രവ്യങ്ങളാണ് സഞ്ചാരിക്ക് സമ്മാനമായി നൽകിയത്.

സർവ്വാധികാരികളായ പല സുൽത്താന്മാരും വിദേശത്തുനിന്ന് എത്തിയ പണ്ഡിതനായ സഞ്ചാരി ഇബ്‌നു ബത്തൂത്തയെ വളരെ രാജകീയമായി തന്നെ അവരുടെ കൊട്ടാരത്തിൽ സ്വീകരിച്ചതായി അദ്ദേഹം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. പല സുൽത്താന്മാരും ധാരാളം അടിമകളെയും, സുന്ദരിമാരായ, സ്ത്രീ രത്നങ്ങളെയും അദ്ദേഹത്തിന് ദാനമായി കൊടുത്തിരുന്നു. അക്കാലത്തെ നാട്ടുമുറയും രീതിയും അനുസരിച്ച് ഇബ്‌നു ബത്തൂത്തയും ആ സൗകര്യങ്ങളെല്ലാം വളരെ നന്നായിട്ട് തന്നെ ആസ്വദിച്ചു വന്നു. കിട്ടിയ പെണ്മണികളെ ഭോഗിച്ചു. ചിലരെല്ലാം ഗർഭിണികൾ പോലും ആയി. അവരിൽ ചിലരെ യാത്രയ്ക്കിടയിൽ ഉപേക്ഷിച്ചു പോകാൻ അദ്ദേഹത്തിനു  മടിയുണ്ടായിരുന്നു. ചിലരെയൊക്കെ ചില യാത്രകളിൽ കൂടെ കൂട്ടിയെങ്കിലും അവസാനം വരെ ആരെയും മടക്കയാത്രയിൽ കൊണ്ടുവന്നില്ല. എല്ലാവരെയും ഉപേക്ഷിക്കേണ്ടിവന്നു. ഇതിനെല്ലാം ഉപരി ധാരാളം സ്വർണ്ണ വെള്ളി നാണയങ്ങളും രത്നങ്ങളും പാരിതോഷികങ്ങളും അടിമ തൊഴിലാളികളും, കഴുതകളും, കുതിരകളും ഒക്കെ സമ്മാനമായി രാജാക്കന്മാരും സുൽത്താന്മാരും അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ നീണ്ട യാത്രയ്ക്കുള്ളിൽ അതിൽ പലതും കൊള്ളക്കാർ കൊള്ളയടിച്ചു കൊണ്ടുപോയി.  പല അവസരത്തിലും ജീവൻ തന്നെ തിരിച്ചു കിട്ടിയത് ഒരു അനുഗ്രഹമായി അദ്ദേഹം കരുതി.  

ഒരു അവസരത്തിൽ നരഭോജികളായ കൊടുംക്രൂര കൊള്ളസംഘത്തിന്റെ പിടിയിൽ പെട്ടതാണ്. അവർ കൊടുവാളും കത്തിയുമായി തന്നെ വെട്ടിനുറുക്കി മാംസ കഷ്ണങ്ങളാക്കി മുളകുപൊടി തേച്ചു  എണ്ണയിലിട്ട് വറുത്തു  തിന്നാൻ പ്ലാനിട്ടു എന്നറിഞ്ഞപ്പോൾ അവരിൽ നിന്ന് വളരെ തന്ത്രപരമായി മിനിറ്റുകൾക്കുള്ളിൽ അല്ലാഹുവിൻറെ സഹായത്താൽ മാത്രമാണ് രക്ഷപ്പെട്ടത് എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. അതുപോലെ ഓരോ സാഹചര്യത്തിലും, മനുഷ്യസഹജമായ ദുർബലതകൾക്കു അടിമപ്പെട്ടു യാത്രയ്ക്കിടയിൽ ചെയ്തുപോയ തെറ്റുകൾക്കും പാപങ്ങൾക്കും ഹൃദയമുരുകിയുള്ള അനുതാപത്തോടെ അല്ലാഹുവിനോട് മാപ്പപേക്ഷിച്ചു. ഇബ്‌നു ബത്തൂത്തയുടെ ഉലകം ചുറ്റിയുള്ള യാത്രയുടെ ഏറ്റവും വലിയ ലക്ഷ്യവും മുഹൂർത്തവും മെക്കയിലെത്തി, ഹജ്ജിൽ സംബന്ധിച്ചു  അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നതായിരുന്നു. അതും സഫലമായി. സ്വദേശമായ മൊറോക്കോയിലേക്കുള്ള മടക്കയാത്രയും അതീവ ദുർഘടവും സാഹസികവും ആയിരുന്നു. സ്വദേശത്ത് മടങ്ങിയെത്തിയ ആ അതിസാഹസിക ലോകയാത്രികനെ വീട്ടുകാരും സ്വന്തക്കാരും അല്ലാഹു അക്ബർ എന്ന പ്രാർത്ഥന മുറവിളികളോടെ സ്വീകരിച്ചു.

കുടുംബത്തിൻറെ അഭീഷ്ടമനുസരിച്ച് അനുയോജ്യയായ ഒരു പെൺകുട്ടിയെ നിക്കാഹ് കഴിച്ച് സ്വസ്ഥം ഗ്രഹ ജീവിതം ആരംഭിച്ചു. അന്നത്തെ, മൊറോക്കോ ഭരണകർത്താവ് സുൽത്താൻ ആവശ്യപ്പെട്ടതനുസരിച്ച് ഈ ലോകയാത്രികൻ ഇബ്‌നു ബത്തൂത്ത സ്വന്തം ലോക യാത്ര കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിച്ചു.

ഹൃദയസ്പർശിയായ, ഈ ചരിത്ര നോവലിനും നോവലിസ്റ്റിനും ഭാവുകങ്ങൾ. കൈരളി ബുക്സ് കണ്ണൂർ  ആണ് ഈ പുസ്തകത്തിൻറെ പ്രസാധകർ.                                                                                      അവരെ ബന്ധപ്പെടേണ്ട നാട്ടിലെ ഫോൺ നമ്പർ: 0497-2761200. Amazon.in യിലും പുസ്തകം ലഭ്യമാണ്.

പുസ്തക രചയിതാവ് ജോൺ ഇളമത  ഈ പുസ്തകത്തെ പറ്റി സംസാരിക്കുന്ന വീഡിയോ ലിങ്ക് താഴെ ചേർക്കുന്നു.
https://www.youtube.com/watch?v=BanYII-5Q30

 

 

Join WhatsApp News
തോമസ് കുര്യൻ 2026-08-29 18:03:21
വളരെ വിശദമായിട്ട് എന്നാൽ വളരെ സിമ്പിൾ ആയിട്ട് രസകരമായി ഈ പുസ്തകം പരിചയപ്പെടുത്തിയിരിക്കുന്നു. . ഇതൊരു വേറിട്ട പുസ്തക പരിചയപ്പെടുത്തൽ തന്നെ. ഇത് വായിച്ചപ്പോൾ എനിക്ക് പുസ്തകം എവിടെ നിന്നെങ്കിലും, ആമസോൺ എങ്കിലും വാങ്ങി വായിക്കണം എന്നൊരു ആഗ്രഹം മനസ്സിൽ . തിര തള്ളുകയാണ്. എന്തെല്ലാം പഴയ ചരിത്രങ്ങളാണ് വളരെ സത്യസന്ധമായി, എന്നാൽ ഭാവന കൂടെ ചേർത്ത് എഴുതിയിരിക്കുന്നത്. നരഭോജികൾ, മനുഷ്യനെ തുണ്ടമായി നുറുക്കി മുളക് ചേർത്ത് പൊരിച്ചു തിന്നുന്നത്. ഏത് വീട്ടിലും കിങ്കരന്മാരെ അയച്ചു, പ്രായപൂർത്തിയാകാത്ത പെൺകൊടികളെ പോലും പിടിച്ചുകൊണ്ടുവന്ന് ബലാത്സംഗം ചെയ്ത് ജീവിതം ആസ്വദിക്കുന്ന സുൽത്താൻമാർ, അടിമ കച്ചവടം, ഇന്ത്യയിലെ മഹാരാജാക്കന്മാരും സുൽത്താൻമാരും വിഭിന്നരായിരുന്നില്ല. അവരും പ്രജകളെ കൊള്ളയടിച്ച് സുഖജീവിതം നയിച്ചിരുന്നു. അവരെ എതിർക്കുന്നവരെ ക്രൂരമായ ശിക്ഷകൾ നൽകിയിരുന്നു. ഇന്ത്യയിൽ ഇപ്പോൾ ആർഎസ്എസ്, ഹിന്ദു ഭൂരിപക്ഷ വർഗീയത വിളമ്പുന്നവർ പോലും ഒരുകാലത്ത് മധ്യപൂർവ്വ ഏഷ്യയിൽ നിന്ന് കുടിയേറിയ വിദേശികളാണ് എന്നുള്ള സത്യങ്ങൾ അടിവരയിട്ട് പറയുന്നു. കൊള്ളാം കൊള്ളാം. ഈ പുസ്തകത്തിൻറെ രചയിതാവ് ജോൺ ഇളമതക്കും, പുസ്തകത്തെ വായനക്കാരായ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ എസി ജോർജിനും, ഈ മലയാളിക്കും, അനുമോദനങ്ങൾ നന്ദി.
ടോം കരുവാറ്റ 2026-08-30 04:34:23
ഇവിടെ റെജിസ് നെടുങ്ങാട പള്ളിയും, J. മാത്യുവും, ജയൻ വർഗീസും എല്ലാം തന്നെ ദൈവം ഉണ്ടോ ദൈവം ഇല്ലയോ, അല്ലെങ്കിൽ ക്രിസ്ത്യാനിയുടെ ദൈവം ഹിന്ദുവി ദൈവമോ മുസ്ലിമിൻറെ ദൈവമോ എന്നതിനെപ്പറ്റിയുള്ള ചില ചർച്ചകളും ചില തർക്കുത്തരങ്ങളും ആണ് കൂടുതലായി കാണുന്നത്. എപ്പോഴും അതുതന്നെ കേട്ടാൽ എപ്പോഴും അതിനെപ്പറ്റി മാത്രം തർക്കിച്ചാൽ അതിൽ വായനക്കാർ ശ്രദ്ധിക്കും അല്ലെങ്കിൽ വായിക്കും എന്ന് തോന്നുന്നില്ല. ഞാൻ അതിനെപ്പറ്റി കേട്ടുകേട്ട് മടുത്തതിനാൽ ഇപ്പോൾ ഇവർ എഴുതുന്ന തർക്കങ്ങൾ ഞാൻ വായിക്കാറില്ല. അതിങ്ങനെ അങ്ങ് വിചാരിച്ചാൽ മതി. ദൈവം ഉള്ളവർക്ക് ഉണ്ട് ഇല്ലാത്തവർക്ക് ഇല്ല. രണ്ട് കൂട്ടരേയും വെറുതെ വിടുക. ഏതു മതത്തിലെ ആണെങ്കിലും അന്ധവിശ്വാസവും അനീതിയും അടിച്ചേൽപ്പിക്കുന്ന പുരോഹിതനെ പ്രത്യേകമായി എടുത്തിട്ട് അമ്മാനമാടുക. പിന്നെ നിങ്ങളെല്ലാം, സാഹിത്യ വിഷയങ്ങൾ ഭാഷാ വിഷയങ്ങൾ, കവിത ലേഖനം പുസ്തക പരിചയം എന്നിവയെ പറ്റിയുള്ള പോരായ്മകളെ പറ്റി എഴുതുക. കാതലായ വിഷയങ്ങളെപ്പറ്റി ചർച്ചകൾ നടക്കട്ടെ. ചിലരുടെ പുസ്തക രചനകൾ, ഒറിജിനൽ അല്ല, അവർ തന്നെ എഴുതിയതല്ല. എഴുതിച്ചതാണ്. അങ്ങനെയുള്ളവരാണ് കൂടുതൽ അവാർഡുകൾ തട്ടിയെടുത്തു കൊണ്ടുപോകുന്നതും. അവർ എഴുതിയതാണെന്ന് പറയുന്ന കൃതികളുടെ കർത്താക്കളോട് ബുദ്ധിപരമായ ചില ചോദ്യങ്ങൾ ചോദിക്കുക. അവർ ഉത്തരം മുട്ടി കിടന്നു തപ്പുന്നതും , ഞങ്ങ കുഞ്ഞാപറയുന്നതും കാണാം. ഈ കൃതിയുടെ അടിയിൽ ഇതുകൊണ്ട് എഴുതി എന്ന് കരുതി ഇതിനു മാത്രമല്ല മറ്റ് എല്ലാ പുസ്തകങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇത് ബാധകമാണ്. ഇവിടെ കൊണ്ടുവന്ന് ഒന്ന് എഴുതി എന്ന് മാത്രം. പ്രതികരണങ്ങളും ചർച്ചകളും കൂടുതൽ പ്രോഡക്റ്റീവ് ആയാൽ കൂടുതൽ ആൾക്കാർ വന്ന് വായിക്കും. മുകളിലത്തെ കൃതിയെ അവലോകനം ചെയ്തുകൊണ്ടും പരിചയപ്പെടുത്തിക്കൊണ്ടും എഴുതിയിരിക്കുന്ന ഒരു പുതിയ നല്ല ശൈലിയിലാണ്. . പക്ഷേ കൃതിയിലെ ആശയപരമായ ഗ്രന്ഥകർത്താവിന്റെ തെറ്റുകുറ്റങ്ങളെ കൂടെ കുറച്ച് കാണിച്ചിരുന്നെങ്കിൽ അത് കൂടുതൽ ഹൃദ്യമാകുമായിരുന്നു. . എന്നാലും മറ്റു പലരുടെ പുസ്തകപരിചയത്തെക്കാൾ ഇത് വേറിട്ട നിൽക്കുന്നു കൂടുതൽ നന്നായിരിക്കുന്നു. ബഹുമാനപ്പെട്ട അഭിപ്രായമെഴുത്തുകാരോട് ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി കൂടുതൽ ചർച്ചയ്ക്ക് തുനിയണം എന്ന് അപേക്ഷിക്കുന്നു.
GP 2026-08-31 18:58:42
ജോൺ ഇളമതയുടെ സൂഫിയും സുൽത്താൻമാരും എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ശ്രീ എ. സി. ജോർജ്ജിന്റെ ലേഖനം അതീവ പ്രചോദനാത്മകവും ആഴത്തിലുള്ള ഉണർവുമുണർത്തുന്നതുമാണ്. പുതിയ ദിശകൾ തേടി തിരിച്ചു വരാനാകില്ലെന്ന് അറിഞ്ഞിട്ടും യാത്ര തിരിച്ച ഇബ്നു ബത്തൂത്തയുടെ അതുല്യ ധൈര്യം ആരെയും വിസ്മയിപ്പിക്കുന്നു. കാറ്റിന്റെ ശക്തിയേ ആശ്രയിച്ച ഒരു കപ്പലിൽ കയറി, ഇത്തരമൊരു സാഹസിക യാത്രയ്ക്ക് പുറപ്പെട്ടത് അദ്ദേഹത്തിന്റെ ഉറച്ച മനോവീര്യത്തെ തെളിയിക്കുന്നു. ഇത് നമ്മുടെ പൂർവ്വികരെ ഓർമ്മിപ്പിക്കുകയും അവരുടെ അത്യന്തം വലിയ ത്യാഗങ്ങളും അപകടസാഹസങ്ങളും നമ്മെ വിനയത്തോടെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. അവർ വഴിയൊരുക്കിയതിനാലാണ് ഇന്ന് നാം അനുഭവിക്കുന്ന വിജയങ്ങൾ സാധ്യമായത്. ഈ അതുല്യമായ കഥയെ പ്രകാശത്തിലേക്ക് കൊണ്ടുവന്ന ജോൺ ഇളമതയേയും എ. സി. ജോർജിനെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
അബു സൂപ്പി 2026-08-31 19:45:15
അതിക്രൂരരായ, വൃത്തികെട്ട, അന്നത്തെ സൂഫികളെയും സുൽത്താന്മാരെയും അക്കാലത്ത് തന്നെ പിടിച്ചു സൂപ്പ ആക്കി വിടേണ്ടതായിരുന്നു. ജനാധിപത്യ ഭരണമാണെന്ന് പറയുന്ന ഇക്കാലത്തും പലയിടത്തും പല ഏകാധിപതികളും, പല സുൽത്താന്മാരും, പല രാജാക്കന്മാരും, മത നേതാക്കളും വിശ്വാസികളെയും പൊതു ജനങ്ങളെയും പലതരത്തിൽ ചൂഷണം ചെയ്ത്, അഴിഞ്ഞാടുന്നവരായിട്ടുണ്ട്. അവരും ഒരുതരത്തിൽ സൂപ്പികളും, സുൽത്താന്മാരും ആണ്. അവരെയും പിടിച്ച് ഒന്ന് സൂപ്പ്ആക്കി വിട്ടാൽ നന്നായിരുന്നു.
Thomas J. Koovalloor 2026-09-02 22:55:58
I Salute Historical Novelist Sri John ELAMATHA for finishing his Historical Novel “Sufi and Sulthan “ distilling 80 years of life into few hundred pages. This is clear proof that “ Imagination does not retire” . In my opinion, Novelist John ELAMATHA’s Novel is one of the top most Historical Novelist in Malayalam Literature, and this will make Novelist John ELAMATHA “ Immortal “. I really Congratulate my friend Anchor A. C. George introducing this precious Novel to the readers of Emalayalee. Com.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക