Image

ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ഗ്ലെൻവ്യൂവിൽ ഫിറ്റ് ഫോർവേർഡ് 5 കെ ഓട്ടം

ടോണി പൊങ്ങാനാ Published on 29 August, 2026
ജീവിത ശൈലീ രോഗങ്ങൾക്കെതിരെ  ഗ്ലെൻവ്യൂവിൽ ഫിറ്റ് ഫോർവേർഡ് 5 കെ ഓട്ടം

ഷിക്കാഗോ:  സമീകൃത ആഹാരം, ഒരിത്തിരി വ്യായാമം - രണ്ടും കൃത്യമായി ചെയ്താൽ ജീവിത ശൈലീ രോഗങ്ങളെ പടിക്കു പുറത്തു നിർത്താനാവും എന്ന സന്ദേശം ആളുകളിൽ എത്തിക്കാൻ  ഓടുകയാണ് ഒരു കൂട്ടം മലയാളികൾ. സെപ്റ്റംബർ പന്ത്രണ്ടാം തിയതി ഗ്ലെൻവ്യൂവിൽ ആണ് ഫിറ്റ് ഫോർവേർഡ് 5K (FIT FORWARD) എന്ന പേരിൽ 5 കിലോ മീറ്റർ ഓട്ടം നടക്കുക.

ആദ്യം ഓടിയെത്തുന്നവർക്ക് മെഡലുകളും, നടന്നെത്തുന്നവർക്കു ചായയും കടികളും ഒക്കെയായി ഒരുക്കിയിരിക്കുന്ന ഈ പരിപാടിക്ക് മികച്ച പ്രതികരണം ആണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ്, നഴ്സസ്, റീഹാബിലിറ്റേഷൻ പ്രൊഫെഷണൽസ്, റെസ്‌പെരിറ്റോറി തെറാപിസ്റ്റസ്, റേഡിയോഗ്രാഫേഴ്സ് തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫെഷണൽസിന്റെ സംഘടനകൾ ഒന്ന് ചേർന്നാണ് പ്രഥമ മലയാളീ 5K ഒരുക്കുന്നത്.

കേരളാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി മോൻസ് ജോസഫ്, ബിഷപ്പ് ജോയ് ആലപ്പാട്ട് തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സെപ്റ്റംബർ  ആറിന് മുൻപായി ഓൺലൈനിലോ സംഘാടകർ വഴിയോ രജിസ്റ്റർ ചെയ്യന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കു. ഇതു വഴി സമാഹരിക്കുന്ന തുക ഭിന്ന ശേഷിക്കാർക്കായി ആരംഭിക്കുന്ന മലയാളീ സംരംഭമായ ചോസൺ ഫൗണ്ടേഷൻ ഓഫ് ഇല്ലിനോയിസ് എന്ന സംഘടനക്ക് നൽകും.

പ്രായ ഭേദമന്യേ എല്ലാവരെയും ഈ കമ്മ്യൂണിറ്റി ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘടനാ പ്രസിഡന്റുമാരായ ലിൻസൺ കൈതമല (ISWAI) Dr സിമി  ജോസഫ്    (INAI) മജോ ഓട്ടപ്പള്ളി (ARPOKO) ടോം ജോസ് (MARC) സോണി പോൾ (MAR) എന്നിവർ  സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക