Image

ക്രൂസോ, റൂബിയോയോ, വാൻസോ 2028 ലെ ജി ഓ പി പ്രസിഡണ്ട് സ്ഥാനാർഥി ആവുക? (ഏബ്രഹാം തോമസ്)

Published on 29 August, 2026
ക്രൂസോ, റൂബിയോയോ, വാൻസോ 2028 ലെ ജി ഓ പി പ്രസിഡണ്ട് സ്ഥാനാർഥി ആവുക? (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : 2028 ലെ റിപ്പബ്ലിക്കൻ (ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ) പ്രസിഡണ്ട് സ്ഥാനാർഥി ആവാൻ ശ്രമിക്കുന്നവർ ധാരാളം ഉണ്ട്. പ്രത്യക്ഷത്തിൽ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും ആണ് രംഗത്ത് ഉണ്ടായിരുന്നത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ക്ഷണിക്കപ്പെട്ട പത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചോദ്യോത്തര വേളയിൽ ടെക്സാസ് സെനറ്റർ റ്റെഡ് ക്രൂസ് മറ്റൊരു വൈറ്റ് ഹാവ്സ് ശ്രമം നടത്താൻ സാധ്യത ഉണ്ടെന്നു പറഞ്ഞു.
'അയാൾ (റ്റെഡ് ക്രൂസ് ) എന്റെ ഒരു നല്ല സുഹൃത്താണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2028 ലെ പ്രസിഡണ്ട് സ്ഥാനാർഥി ആവാൻ ശ്രമിച്ചേക്കും. വളരെ പ്രതിഭാശാലി ആയ വ്യക്തി ആണ്,' ട്രംപ് തുടർന്ന് പറഞ്ഞു. ട്രംപും ക്രൂസും അടുത്ത മാസം ഡാലസിൽ നടക്കുന്ന പാർട്ടിയുടെ ഇടക്കാല തിരഞ്ഞെടുപ്പു പ്രചാരണ കൺവെൻഷനിൽ വേദി പങ്കിടാൻ സാധ്യതയുണ്ട്.

കൺവെൻഷൻ ഒരു റാലിയും ധനശേഖരണവും ഒന്ന് ചേർന്ന ഒരു സംരംഭം ആയിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഔദ്യോഗിക നയ പരിപാടികൾ ഒന്നും ഉണ്ടാവില്ല എന്നാണ് പറഞ്ഞിട്ടുള്ളത് . ഈ സമ്മേളനം നിരീക്ഷകർ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. കാരണം ട്രംപ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ജി ഓ പി ഏത് ദിശയിൽ നീങ്ങും എന്നറിയാൻ എന്തെങ്കിലുംസൂചനകൾ ലഭിക്കുമോ എന്നാണു ഏവരും ഉറ്റു നോക്കുന്നത്.

2016 ൽ ക്രൂസ് ജി ഓ പി പ്രസിഡണ്ട് നോമിനീയാവാൻ ശ്രമിക്കുകയും ട്രമ്പിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഏറെക്കാലമായി ട്രമ്പുമായി ഒരു ലവ് ഹേറ്റ് ബ്ന്ധമാണ് ക്രൂസിന് ഉള്ളത്. 2016 ലെ ജി ഓ പി കൺവെൻഷനിൽ പരസ്യമായി ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് ക്രൂസ് വിട്ടു നിന്നിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റി.

അതിനു ശേഷം ഇരുവരും ഒന്ന് ചേർന്നു. സെനറ്റിൽ ട്രംപിന്റെ ഏറ്റവും അടുത്ത സഹയോഗികളിൽ ഒരാളായി ക്രൂസ് മാറുകയും ചെയ്തു. ഫെഡറൽ ഇൻകം ടാക്സിൽ നിന്ന് ടിപ്സ് ഒഴിവാക്കുക തുടങ്ങിയ ട്രംപ് പരിപാടികളിൽ ക്രൂസ് ശക്‌തമായി ചേർന്ന് നിന്നു. വീണ്ടും ഒരു വൈറ്റ് ഹാവ്സ് ശ്രമം നടത്തും എന്നതിന്റെ സൂചനകൾ ക്രൂസ് പരോക്ഷമായി നൽകിയിട്ടുണ്ട്. അയോവയിലേക്കുള്ള ക്രൂസിന്റെ സന്ദർശനങ്ങളും രാഷ്ട്രീയം നിറഞ്ഞു നിൽക്കുന്ന വാഗ്ധോരണികളും ക്രൂസിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വെളിവാക്കുന്നു.

എന്നാൽ 'ഗോയിങ് ഫർദർ: ദി ഇൻകോമ്പാറബിൾ ക്ലാരൻസ് തോമസ് ' എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണം പോലും വളരെ മിതമായി മാത്രം നടത്താൻ ആഗ്രഹിച്ച ക്രൂസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതും വളരെ ഒതുക്കത്തിൽ ആയിരിക്കും എന്ന് ആരാധകർ പറയുന്നു. സുപ്രീം കോടതി ജസ്റ്റിസ് ക്ലാരൻസ് തോമസിന്റെ ജീവിതവും നിയമ പരിപാലന ശ്രമങ്ങളും വിവരിക്കുന്ന പുസ്തകത്തിന് വലിയ പശംസ ലഭിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ വൈറ്റ് ഹവസിലെത്താൻ വീണ്ടും ശ്രമിക്കുമോ എന്ന ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക്കിന്റെ ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയാണ് ക്രൂസ് ചെയ്തത്. എം എസ് ന്യൂസിന് വേണ്ടി അലി വിറ്റലി നടത്തിയ ഇന്റർവ്യൂവിലും ക്രൂസ് ഇതേ നിലപാട് തന്നെ സ്വീകരിച്ചു.

എന്നാൽ തന്റെ പാർട്ടി ജെ ഡി വാൻസിന് പിന്നിൽ അണി നിരന്നു കഴിഞ്ഞു എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി ക്രൂസ് പറഞ്ഞു. 'റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവി തീരുമാനിക്കാൻ വലിയ ചർച്ചകൾ ഉണ്ടാവും. ഞാൻ ഇതിന്റെ ഭാഗമായി ഉണ്ടാവും. കാരണം സാമ്പത്തികമായി ഞാൻ പാർട്ടിയുടെ ഭാവി കാര്യങ്ങളിൽ ശ്രദ്ധാലു ആണ്. ജി ഓ പി ഒരു യാഥാസ്ഥിക പാർട്ടി ആയിരിക്കണം എന്ന് ഞാൻ കരുതുന്നു. നമ്മുടേത് ഒരു ഐസൊല്യൂഷനിസ്റ്റ് പാർട്ടി ആകണമെന്ന് ഞാൻ കരുതുന്നില്ല', ക്രൂസ് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക