
ന്യൂയോർക്ക്: പ്രവാസി മലയാളികളുടെ ആഗോള ശൃംഖലയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ലിയു.എം.സി) ഗ്ലോബൽ ഫൗണ്ടർ ജനറൽ സെക്രട്ടറിയും മുൻ ഗ്ലോബൽ പ്രസിഡന്റും പ്രവാസി കോൺക്ലേവ് ട്രസ്റ്റിന്റെ ചെയർമാനുമായ അലക്‌സ് വിളനിലം കോശി ഇന്ന്, ഓഗസ്റ്റ് 28-ന്, തന്റെ 84-ാം ജന്മദിനവും ശതാഭിഷേകവും അമേരിക്കയിൽ കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുന്നു. കുടുംബ പ്രാർത്ഥനയും കേക്ക് മുറിക്കലും ഉൾപ്പെടെയുള്ള ലളിതമായ ചടങ്ങുകളോടെയാണ് ജന്മദിനാഘോഷം.
മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പങ്കുചേരുന്ന ആഘോഷം, ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച് കുടുംബസ്നേഹത്തിന് പ്രാധാന്യം നൽകുന്ന വേളയായി മാറി.
ശതാഭിഷേകത്തിന്റെ ഭാഗമായി കേരളത്തിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും സഹപ്രവർത്തകരും നേരത്തെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എറണാകുളം കടവന്ത്രയിലെ വസതിയിൽ നടന്ന ചടങ്ങിൽ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ശതാഭിഷേക സ്മാരകഫലകം സമർപ്പിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഡബ്ലിയു.എം.സി ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യൂസും ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്ക്കലും ചടങ്ങിൽ പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ സ്വന്തം കാര്യമെന്നു കണ്ട് പരിഹാരമാർഗങ്ങൾ തേടിയ നേതാവാണ് അലക്‌സ് വിളനിലം കോശിയെന്ന് ജോൺ ബ്രിട്ടാസ് അനുസ്മരിച്ചു.
ചെങ്ങന്നൂർ വിളനിലം കുടുംബത്തിൽ ജനിച്ച കോശി മെക്കാനിക്കൽ എഞ്ചിനീയറിംഗും എംബിഎയും പൂർത്തിയാക്കി ഇന്ത്യയിൽ 25 വർഷം ജോലി ചെയ്തശേഷം 1990-ൽ അമേരിക്കയിലെത്തി. പരീക്ഷണങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് 1993-ൽ അമേരിക്കൻ ഗവൺമെന്റ് സെക്ടറിൽ പ്രവേശിച്ച അദ്ദേഹം ന്യൂജേഴ്‌സിയിലെ നെവാർക്കിൽ 24 വർഷം എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. ന്യൂജേഴ്‌സി ഗവർണറുടെ ഡോ. മാർട്ടിൻ ലൂഥർ കിംഗ് ബോർഡിൽ കമ്മീഷണറായി നിയമിതനായതടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
1995-ൽ ന്യൂജേഴ്‌സിയിൽ നടന്ന ആദ്യ ആഗോള കൺവൻഷനിലൂടെ രൂപംകൊണ്ട വേൾഡ് മലയാളി കൗൺസിലിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച കോശി പ്രവാസികളുടെ പൗരാവകാശം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടു. ഒസിഐ കാർഡ് സൗകര്യം ലഭ്യമാക്കുന്നതിനും വിദേശ ഇന്ത്യൻ സംഘടനകളെ ഏകോപിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.

2016-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് കേരളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നില്ല. പ്രവാസി കോൺക്ലേവ് ട്രസ്റ്റിലൂടെ പ്രവാസികൾക്കായി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2019-ൽ യുവാക്കൾക്കായി ആരംഭിച്ച ഫിനിഷിംഗ് സ്‌കൂൾ പദ്ധതിയിലൂടെ ആഗോള വെല്ലുവിളികൾ നേരിടാൻ പ്രാപ്തരായ പ്രൊഫഷണലുകളെ വളർത്തുകയെന്ന ലക്ഷ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
പദവികൾക്കപ്പുറം മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതാണ് യഥാർത്ഥ വിജയമെന്ന നിലപാടാണ് കോശിയുടെ പൊതുപ്രവർത്തനത്തിന്റെ അടിത്തറ. കേരളത്തിലും അമേരിക്കയിലും അദ്ദേഹത്തെ സ്നേഹിക്കുന്നവരും സഹപ്രവർത്തകരും സംഘടിപ്പിച്ച മുൻകൂർ ആഘോഷങ്ങളും ആദരവുകളും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകൾക്ക് ലഭിച്ച അംഗീകാരമായി.
കുടുംബത്തിന്റെ സ്നേഹവും സുഹൃത്തുക്കളുടെ ആശംസകളും ഏറ്റുവാങ്ങി 84-ാം ജന്മദിനം ആഘോഷിക്കുന്ന അലക്‌സ് വിളനിലം കോശിയുടെ ശതാഭിഷേകം, പ്രവാസി മലയാളി സമൂഹവുമായി പതിറ്റാണ്ടുകളായി അദ്ദേഹം പുലർത്തിയ ആത്മബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.