
കോംഗേഴ്സ്, ന്യൂയോർക്ക്: അമേരിക്കയുടെ കുടിയേറ്റ സംവിധാനം 'തകർന്ന നിലയിലാണെന്നും' നിയമാനുസൃത കുടിയേറ്റത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം വർഷങ്ങളായി അമേരിക്കയിൽ കഴിയുന്ന, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നേടാൻ അവസരം ഒരുക്കണമെന്നും കോൺഗ്രസ്മാൻ മൈക്ക് ലോലർ.
കോംഗേഴ്സിലെ ഗ്ലോബൽ സെന്ററിൽ നടന്ന ഇലക്ഷൻ പ്രചാരണ പരിപാടിയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ന്യൂയോർക്ക് ഡിസ്ട്രിക്ട് 17-ൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി. ഒട്ടേറെ ഇന്ത്യാക്കാർ പങ്കെടുത്തു.

നിയമവിരുദ്ധമായ പ്രവേശനം തടയുന്നതിനൊപ്പം നിയമാനുസൃത കുടിയേറ്റ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'നിയമപരമായ കുടിയേറ്റം നമുക്ക് ആവശ്യമാണ്. എന്നാൽ അതിന് വ്യക്തമായ ഒരു പ്രക്രിയയും നിയമവാഴ്ചയും വേണം' എന്നായിരുന്നു ലോലറുടെ നിലപാട്. മുൻ ഭരണകൂടത്തിന്റെ കാലത്ത് 11 മില്യണിലധികം ആളുകൾ അതിർത്തി ചാടി അമേരിക്കയിലേക്ക് ഒഴുകിയെത്തിയെന്നും ഇത് സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും വലിയ സമ്മർദമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിർത്തി സുരക്ഷ ശക്തമാക്കിയതോടെ കഴിഞ്ഞ 15 മാസമായി അനധികൃത പ്രവേശനം 'നെറ്റ് സീറോ' നിലയിലെത്തിയതായും ലോലർ അവകാശപ്പെട്ടു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും നേരത്തെ നാടുകടത്തൽ ഉത്തരവ് ലഭിച്ചവർക്കും നിയമപ്രകാരം മുൻഗണന നൽകി രാജ്യത്തിന് പുറത്താക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വർഷങ്ങളായി അമേരിക്കയിൽ കഴിയുകയും നികുതി അടയ്ക്കുകയും സമൂഹത്തിന് സംഭാവന നൽകുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നേടാനുള്ള അവസരം നൽകേണ്ടതുണ്ടെന്ന നിലപാടും ലോലർ മുന്നോട്ടുവച്ചു. 10, 15, 20 വർഷങ്ങളായി രാജ്യത്ത് കഴിയുന്ന പലരുടെയും മക്കളും കൊച്ചുമക്കളും അമേരിക്കൻ പൗരന്മാരാണെന്ന യാഥാർഥ്യം പരിഗണിക്കേണ്ടതുണ്ടെന്നും അവർക്ക് നിയമപരമായൊരു വഴി ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമാനുസൃത കുടിയേറ്റത്തിൽ 'മെറിറ്റ് അടിസ്ഥാനത്തിലുള്ള' സമീപനമാണ് ആവശ്യമെന്നും രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം വിദേശ തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടതെന്നും ലോലർ വ്യക്തമാക്കി. എഞ്ചിനീയർമാർ, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കൊപ്പം കൃഷി, ഹോസ്പിറ്റാലിറ്റി, നിർമാണം തുടങ്ങിയ മേഖലകളിലും അമേരിക്കയ്ക്ക് കൂടുതൽ മനുഷ്യവിഭവശേഷി ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് രാജ്യാടിസ്ഥാനത്തിലുള്ള 'പരിധി' യുക്തിസഹമല്ലെന്ന നിലപാടാണ് ലോലർ സ്വീകരിച്ചത്. ഇന്ത്യയിൽ നിന്നെത്തുന്നവർ അമേരിക്കൻ സമൂഹത്തിനും രാജ്യത്തിനും സംഭാവന ചെയ്യുന്നവരാണെങ്കിൽ അവരുടെ വരവിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഡിസ്ട്രിക്ട് 17-ലെ വിജയം കൊണ്ട് മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്താൻ കഴിയു എന്നും അതിനാൽ ഡമോക്രാറ്റുകൾ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 19 സീറ്റുകളിൽ മാത്രമാണ് ആരു വിജയിക്കുമെന്ന് സംശയമുള്ളൂ. ഇലക്ഷനിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പരിപാടിയിൽ പണപ്പെരുപ്പം, ഊർജവില, ഭവനവില, ആരോഗ്യ ഇൻഷുറൻസ്, നികുതി, സോഷ്യൽ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിലും ലോലർ തന്റെ നിലപാടുകൾ വിശദീകരിച്ചു. ന്യു യോർക്കിൽ വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുകയും ഭവനനിർമാണ മേഖലയിലെ നിയന്ത്രണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ജീവിതച്ചെലവ് കുറയ്ക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. നിർത്തലാക്കിയ ഇന്ത്യൻ പോയിന്റ് അടക്കം ന്യുക്ലിയർ സ്റ്റേഷനുകളെയും അദ്ദേഹം അനുകൂലിച്ചു. വില കൂടുന്നതിന് പ്രധാന കാരണം സ്റ്റേറ്റ് ഗവണ്മെന്റ് നിലപാടുകളാണെന്ന് ആരോപിച്ച അദ്ദേഹം പാലവും റോഡും നിർമ്മിക്കുന്നതിനായി ഫെഡറൽ ഗവണ്മെന്റ് നൽകിയ ബില്യൺ കണക്കിന് തുക ചെലവഴിച്ചിട്ടില്ലെന്നും ആരോപിച്ചു.

റോക്ക്‌ലാൻഡ് കൗണ്ടിയിലെ ശരാശരി വീട്ടുടമയ്ക്ക് ഫെഡറൽ നികുതി ഇളവിലൂടെ ഏകദേശം 4,000 ഡോളറിന്റെ നേട്ടമുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ലോലർ ഉയർത്തിക്കാട്ടി. കടലിൽ എണ്ണഖനനം നടത്തി ആ തുക സോഷ്യൽ സെക്യൂരിറ്റി ഫണ്ടിലേക്ക് നൽകണമെന്ന നിലപാടും അദ്ദേഹം മുന്നോട്ടു വച്ചു.
ലോലരും സ്റ്റേറ്റ് സെനറ്റർ ബിൽ വെബറും പ്രാദേശിക പ്രശ്നങ്ങളും വിശദീകരിച്ചു. കൗണ്ടിയിൽ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് താൽക്കാലികമായി തുറക്കാനുള്ള നടപടികളെപ്പറ്റിയും വിശദീകരിച്ചു. കൗണ്ടി ഹൈവേ സൂപ്പർവൈസർ ആയി മത്സരിക്കുന്ന റോബ് സാംബെസ്‌കിയും പങ്കെടുത്തു.
നോഹ ജോർജ് സ്വാഗതം ആശംസിച്ചു. പോൾ കറുകപ്പള്ളി, അലക്സ് തോമസ്, ജോസ് ജോർജ്, വർഗീസ് ഉലഹന്നാൻ, മത്തായി പി. ദാസ്, ജിൻസ് മാത്യു തുടങ്ങി ഒട്ടേറെ മലയാളികളും പങ്കെടുത്തു.