Image

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ 'മലേഷ്യക്കാരനായി' ജീവിക്കുന്നു..? കുറുപ്പിന്റേതായി വന്ന ചിത്രം ദാമോദര മേനോന്റേത് (എ.എസ് ശ്രീകുമാര്‍)

Published on 28 August, 2026
സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ 'മലേഷ്യക്കാരനായി' ജീവിക്കുന്നു..? കുറുപ്പിന്റേതായി വന്ന ചിത്രം ദാമോദര മേനോന്റേത് (എ.എസ് ശ്രീകുമാര്‍)

കേരളത്തെ നടുക്കിയ ഏറ്റവും ദുരൂഹമായ കൊലപാതകക്കേസുകളിലൊന്നിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദത്തിന് കൂടുതല്‍ ശക്തി പകരുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. സ്വന്തം വ്യക്തിത്വവും മുന്‍കാല ജീവിതവും പൂര്‍ണമായി മറച്ചുവച്ച്, ജോണ്‍ മേനോന്‍ എന്ന വ്യാജ പേരില്‍ ബ്രൂണെയില്‍ ഒരു നിര്‍മ്മാണ കമ്പനി നടത്തി വരികയാണെന്നാണ് വിവരം. ഇയാള്‍ താന്‍ മലേഷ്യക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവിടെ കഴിയുന്നതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, 2023-ല്‍ എടുത്തതെന്ന് അവകാശപ്പെട്ട് പുറത്തുവന്ന കുറുപ്പിന്റെ പുതിയ ചിത്രം പക്ഷേ, മറ്റൊരാളുടേതാണ്. സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് ശേഖരിച്ച പാസ്പോര്‍ട്ടിലെ ഫോട്ടോ തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കുടുംബത്തിന്റെ സ്ഥിരീകരണം വന്നത് ഇപ്പോഴാണ്. ദാമോദര മേനോന്റെ സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. പാസ്പോര്‍ട്ടില്‍ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും വര്‍ഷങ്ങളായി മലേഷ്യയില്‍ പ്രവാസിയായ തന്റെ സഹോദരന്റേതാണെന്നും സുരേന്ദ്ര മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് ജോലിക്കായി പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. അവിടെ പൗരത്വമുള്ളയാളാണ് ദാമോദര മേനോന്‍.

നാട്ടിലെ കുടുംബാംഗങ്ങളുമായി ദാമോദര മേനോന്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും, ഒരു മാസം മുമ്പും അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. നിലവില്‍ ഒരു അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ അദ്ദേഹം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടപ്പിലാണെന്നും കുടുംബം വ്യക്തമാക്കി. ദാമോദര മേനോന്റെ ചിത്രം വെച്ച് സുകുമാരക്കുറുപ്പാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെയുള്ള രോഷവും കുടുംബം പ്രകടിപ്പിച്ചു. ഇത് വെറും നുണപ്രചാരണമാണെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും സഹോദരന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഏകദേശം നാല് പതിറ്റാണ്ടായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികൊടുക്കാതെ കഴിയുന്ന കുറുപ്പ്, കാലാകാലങ്ങളില്‍ വ്യത്യസ്ത പേരുകളും തിരിച്ചറിയലുകളും ഉപയോഗിച്ചിരുന്നതായാണ് വിവരം. പ്രേംകുമാര്‍, ഡോക്ടര്‍ ജോഷി തുടങ്ങിയ പേരുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പറയുന്നു. ഗോപാലകൃഷ്ണക്കുറുപ്പ് എന്ന യഥാര്‍ത്ഥ പേര് മാറ്റിയാണ് സുകുമാരക്കുറുപ്പ് എന്ന പേര് സ്വീകരിച്ചതെന്ന വിവരവും പണ്ടേ പുറത്തുവന്നിട്ടുണ്ട്.

ബ്രൂണെയില്‍ മലയാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയാണ് കുറുപ്പ് താമസിക്കുന്നതെന്നാണ് പുതിയ വിവരം. തുടക്കത്തില്‍ തന്റെ ജനനവും വളര്‍ച്ചയും മലേഷ്യയിലാണെന്ന് അവകാശപ്പെട്ട ഇയാള്‍, ഇന്ത്യക്കാരനാണെന്ന സംശയം ഉയര്‍ന്നപ്പോഴും അത് സമ്മതിക്കാന്‍ തയ്യാറായില്ലെന്നാണ് പറയപ്പെടുന്നത്. സ്വന്തം ഭൂതകാലത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തുവിടാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന ഇയാള്‍, തന്റെ പഴയ ബന്ധങ്ങളിലേക്കോ കുടുംബപശ്ചാത്തലത്തിലേക്കോ അന്വേഷണത്തിന് എത്താനുള്ള സാധ്യതകള്‍ പോലും ഒഴിവാക്കിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് വിവരം.

ബ്രൂണെയില്‍ നിന്നുള്ള പുതിയ വിവരങ്ങളും കേസിനെ വീണ്ടും ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. കഴിഞ്ഞ 35 വര്‍ഷത്തോളമായി ബ്രൂണെയില്‍ കുറുപ്പിനെ അറിയാവുന്ന ചുരുക്കം ചിലര്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ തന്നെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നതായി ഇയാള്‍ സംശയിച്ചു തുടങ്ങിയെന്നാണ് സൂചന.

വിവാദ ചിത്രം പുറത്തു വന്നതിന് പിന്നാലെ പതിവായി ഭക്ഷണം കഴിക്കാനെത്തിയിരുന്ന ഒരു റെസ്റ്റോറന്റില്‍ കഴിഞ്ഞ രണ്ട് ദിവസമായി 'കുറുപ്പ്' എത്തിയിട്ടില്ലെന്നും വിവരമുണ്ട്. ആരെങ്കിലും ഫോണില്‍ ബന്ധപ്പെട്ട് കാണാന്‍ ശ്രമിച്ചാലും നേരിട്ട് എത്താതെ വഴിമാറി സഞ്ചരിക്കുകയും ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നും പറയപ്പെടുന്നു. എവിടേക്കാണ് പോകുന്നതെന്നോ ആരെയാണ് കാണുന്നതെന്നോ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കാത്ത ഇയാളുടെ ജീവിതശൈലി അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാളുടെ സഞ്ചാരവും ബന്ധങ്ങളും പിന്തുടരുന്നതിനെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

കുറുപ്പിനെക്കുറിച്ച് ദീര്‍ഘകാലം അന്വേഷണം നടത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ നടത്തിയ വെളിപ്പെടുത്തലുകളും കേസിന്റെ ദുരൂഹത വീണ്ടും വര്‍ധിപ്പിക്കുന്നു. സാങ്കേതികവിദ്യ ഇന്നത്തെ നിലയില്‍ വികസിച്ചിട്ടില്ലാത്ത കാലഘട്ടത്തില്‍ പോലും കുറുപ്പിന് ഉന്നത അധികാരകേന്ദ്രങ്ങളില്‍ നിന്ന് കൃത്യമായ സഹായങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് അലി അക്ബറിന്റെ ആരോപണം. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട അന്വേഷണത്തിനൊടുവില്‍ താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അധികാരികള്‍ പൂഴ്ത്തിവെച്ചതായും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.

ഇപ്പോള്‍ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ആഭ്യന്തരവകുപ്പ് പഴയ അന്വേഷണ ഫയലുകള്‍ വീണ്ടും പരിശോധിക്കാന്‍ തയ്യാറായതെന്നും അലി അക്ബര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുറുപ്പിന് ശക്തമായ രാഷ്ട്രീയ-സാമുദായിക പിന്തുണ ലഭിച്ചിരുന്നുവെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ആരോപണം ശരിയാണെങ്കില്‍, നാല് പതിറ്റാണ്ടായി തുടരുന്ന ഈ ഒളിവുജീവിതത്തിന് പിന്നില്‍ ആരൊക്കെയുണ്ടെന്ന ചോദ്യവും വീണ്ടും ഉയരുകയാണ്. കേസ് അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

1947 മേയ് 23-ന് ചെങ്ങന്നൂരിലെ ചെറിയനാട് താന്നിവേലില്‍ വീട്ടില്‍ ശിവരാമക്കുറുപ്പിന്റെയും ദേവകിയമ്മയുടെയും മകനായാണ് സുകുമാരക്കുറുപ്പ് ജനിച്ചതെന്നാണ് രേഖകള്‍. 1984-ലാണ് സാമ്പത്തിക ലാഭത്തിനായി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ചാക്കോ എന്ന നിരപരാധിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ചാക്കോയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിച്ച് തെളിവ് നശിപ്പിക്കുകയായിരുന്നു കുറുപ്പിന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, ആ പദ്ധതി തകര്‍ത്തത് ഒരു നിര്‍ണായക ശാസ്ത്രീയ തെളിവായിരുന്നു.

ഡോ. ഉമാദത്തന്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മൃതദേഹത്തിന്റെ ശ്വാസകോശത്തില്‍ കരിയുടെയോ പുകയുടെയോ അംശമില്ലെന്ന് കണ്ടെത്തിയത്. ഒരാളെ ജീവനോടെ കത്തിച്ചിരുന്നെങ്കില്‍ പുകയും കരിയും ശ്വാസകോശത്തില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഈ നിര്‍ണായക ശാസ്ത്രീയ കണ്ടെത്തലാണ് ചാക്കോയെ ആദ്യം കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം കാറിലിട്ട് കത്തിച്ചതെന്ന നിഗമനത്തിലേക്ക് അന്വേഷണത്തെ എത്തിച്ചത്. ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അങ്ങനെ ഒരു കൊലപാതകത്തിന്റെ പിന്നിലെ വലിയൊരു ഗൂഢാലോചനയുടെ വാതില്‍ തുറന്നു. പക്ഷേ, ആ വാതില്‍ തുറന്നിട്ടും പ്രതിയിലേക്കുള്ള വഴി ഇന്നും അടഞ്ഞുതന്നെ.

ചാക്കോ കൊലക്കേസിന് പിന്നാലെ സുകുമാരക്കുറുപ്പ് അപ്രത്യക്ഷനായി. വര്‍ഷങ്ങള്‍ കടന്നുപോയി. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി. സാങ്കേതികവിദ്യ വളര്‍ന്നു. അതിര്‍ത്തികള്‍ കടന്നുള്ള അന്വേഷണ സംവിധാനങ്ങള്‍ ശക്തമായി. എന്നാല്‍, കുറുപ്പിന്റെ ഒളിവിന് മാത്രം അവസാനമുണ്ടായില്ല. ഇപ്പോള്‍ ബ്രൂണെയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ശരിയാണെങ്കില്‍, നാല് പതിറ്റാണ്ടായി തുടരുന്ന ഈ ഒളിവുജീവിതത്തിന്റെ അവസാന അധ്യായത്തിലേക്കാണോ കേസ് നീങ്ങുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക