
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കില്ലെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്. പുസ്തകത്തില്‍ വരുത്തണമെന്ന് പ്രസാധകര്‍ ആവശ്യപ്പെട്ട ചില തിരുത്തലുകളും മാറ്റങ്ങളും സോണിയാ ഗാന്ധി നിരസിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
കയ്യെഴുത്തുപ്രതിയുടെ ചില ഭാഗങ്ങളില്‍ എഡിറ്റോറിയല്‍ മാറ്റങ്ങളും ഒഴിവാക്കലുകളും പെന്‍ഗ്വിന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുസ്തകത്തിന്റെ മൂല്യത്തെയും ഉള്ളടക്കത്തെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് തയ്യാറാകാതിരുന്നതോടെയാണ് പെന്‍ഗ്വിന്‍ ഇതില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരങ്ങള്‍.
പെന്‍ഗ്വിന്‍ ഇന്ത്യ പിന്മാറിയതോടെ പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ പ്രസാധനവും വിതരണാവകാശവും സ്വന്തമാക്കാന്‍ രാജ്യത്തെ മറ്റ് മുന്‍നിര പ്രസാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രമുഖ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് കരാര്‍ അന്തിമമാക്കുന്നതിലേക്ക് അടുക്കുകയാണെന്നാണ് സൂചന.